സൗരഭ് തിവാരി വിരമിക്കൽ പ്രഖ്യാപിച്ചു

ഇന്ത്യൻ ബാറ്റിംഗ് താരം സൗരഭ് തിവാരി പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയിൽ ഫെബ്രുവരി 15ന് നടക്കുന്ന മത്സരത്തിൽ അവസാനമായി ജാർഖണ്ഡിന്റെ ജേഴ്സിയിൽ സൗരഭ് തിവാരി ഇറങ്ങും. 2008-ൽ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ മലേഷ്യയിൽ നടന്ന അണ്ടർ-19 ലോകകപ്പ് ജയിച്ച ടീമിന്റെ ഭാഗമായിരുന്നു സൗരഭ് തിവാരി.

2010-ൽ മുംബൈ ഇന്ത്യൻസിനു വേണ്ടിയുള്ള ഐ പി എല്ലിലെ പ്രകടനത്തോടെയാണ് ഏവരുടെയും ശ്രദ്ധ സൗരഭ് നേടിയത്. ആ ഐ പി എൽ സീസണിൽ 419 റൺസ് നേടിയിരുന്നു. 2010 ഒക്ടോബരിൽ ഇന്ത്യക്ക് ആയി അരങ്ങേറ്റം നടത്തി. ഇന്ത്യക്ക് ആയി ആകെ 3 ഏകദിനങ്ങൾ കളിച്ചിട്ടുണ്ട്.

17 വർഷം നീണ്ട കരിയറിൽ 115 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ താരം കളിച്ചു. 189 ഇന്നിംഗ്‌സുകളിൽ നിന്ന് 47.51 ശരാശരിയിൽ 8030 റൺസ് നേടിയ അദ്ദേഹം ജാർഖണ്ഡിൻ്റെ ടോപ് സ്‌കോററാണ്. 22 സെഞ്ച്വറിയും 34 അർധസെഞ്ചുറികളും അദ്ദേഹം നേടിയിട്ടുണ്ട്.

ഐ പി എല്ലിൽ ആകെ 28.73 ശരാശരിയിലും 120 സ്‌ട്രൈക്ക് റേറ്റിലും 1494 റൺസ് നേടിയിട്ടുമുണ്ട്.

അടിത്തറ പാകി സൗരഭ് തിവാരി, വിജയമൊരുക്കി ഹാര്‍ദ്ദിക്കും പൊള്ളാര്‍ഡും

യുഎഇയിൽ ഐപിഎലിന്റെ രണ്ടാം പകുതി ആരംഭിച്ച ശേഷമുള്ള തങ്ങളുടെ ആദ്യ വിജയം കൈക്കലാക്കി മുംബൈ ഇന്ത്യന്‍സ്. ഇന്ന് പ‍ഞ്ചാബ് കിംഗ്സിനെതിരെ 136 റൺസ് ലക്ഷ്യം തേടിയിറങ്ങിയ മുംബൈയ്ക്ക് കാര്യങ്ങളത്ര എളുപ്പമല്ലായിരുന്നു.

19 ഓവറിൽ 6 വിക്കറ്റ് വിജയം ആണ് മുംബൈ സ്വന്തമാക്കിയത്. 23 പന്തിൽ 45 റൺസ് കൂട്ടുകെട്ട് നേടിയ ഹാര്‍ദ്ദിക് – പൊള്ളാര്‍ഡ് കൂട്ടുകെട്ടാണ് മുംബൈയുടെ വിജയവഴിയിലേക്കുള്ള കാരണമായി മാറിയത്. ഹാര്‍ദ്ദിക് 30 പന്തിൽ 40 റൺസും പൊള്ളാര്‍ഡ് 7 പന്തിൽ 15 റൺസും നേടിയാണ് പുറത്താകാതെ നിന്ന് ടീമിന്റെ വിജയം ഒരുക്കിയത്.

രവി ബിഷ്ണോയിയുടെ ഓവറിൽ രോഹിത് ശര്‍മ്മയും സൂര്യകുമാര്‍ യാദവും അടുത്തടുത്ത പന്തുകളിൽ പുറത്തായ ശേഷം ക്വിന്റൺ ഡി കോക്ക് – സൗരഭ് തിവാരി കൂട്ടുകെട്ട് 45 റൺസ് നേടിയെങ്കിലും ഡി കോക്കിനെ(27) മടക്കി ഷമി വീണ്ടും മുംബൈയ്ക്ക് തിരിച്ചടി നല്‍കി.

സൗരഭ് തിവാരിയും ഹാര്‍ദ്ദിക് പാണ്ഡ്യയും 31 റൺസ് കൂടി നാലാം വിക്കറ്റിൽ നേടിയ ശേഷം 45 റൺസ് നേടിയ തിവാരിയുടെ വിക്കറ്റും മുംബൈയ്ക്ക് നഷ്ടമായി. നഥാന്‍ എല്ലിസിനായിരുന്നു വിക്കറ്റ്.

അവസാന നാലോവറിൽ 40 റൺസ് വിജയത്തിനായി വേണ്ടിയിരുന്ന മുംബൈയ്ക്ക് വേണ്ടി ഷമിയുടെ ഓവറിൽ ഒരു സിക്സും ഒരു ഫോറും നേടി ഹാര്‍ദ്ദിക് ലക്ഷ്യം 18 പന്തിൽ 29 റൺസെന്ന നിലയിലേക്ക് എത്തിച്ചു. 18ാം ഓവര്‍ എറിഞ്ഞ അര്‍ഷ്ദീപിനെ ഒരു സിക്സറും ഫോറും അടിച്ച് പൊള്ളാര്‍ഡ് ഓവറിൽ നിന്ന് 13 റൺസ് നേടിയപ്പോള്‍ മുംബൈയുടെ ലക്ഷ്യം 12 പന്തിൽ 16 ആയി.

19ാം ഓവര്‍ എറിഞ്ഞ ഷമിയെ ഓവറിൽ 17 റൺസ് നേടി ഹാര്‍ദ്ദിക് ടീമിന്റെ വിജയം സാധ്യമാക്കുകയായിരുന്നു. അവസാന രണ്ട് പന്തിൽ മോശം ഫീല്‍ഡിംഗ് കൂടി പഞ്ചാബ് പുറത്തെടുത്തപ്പോള്‍ മുംബൈയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി.

 

ബൗളര്‍മാര്‍ക്ക് മികച്ച പിന്തുണയുമായി ഫീല്‍ഡര്‍മാര്‍, മുംബൈയെ പിടിച്ചു കെട്ടി ചെന്നൈ സൂപ്പര്‍ കിംഗ്സ്

കൂറ്റന്‍ സ്കോറിലേക്ക് കുതിയ്ക്കുകയായിരുന്നു ഐപിഎല്‍ ചാമ്പ്യന്‍മാരെ പിടിച്ചുകെട്ടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഒരു ഘട്ടത്തില്‍ 46/0 എന്ന നിലയില്‍ 200നടുത്തുള്ള സ്കോറിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച മുംബൈയെ 20 ഓവറില്‍ 162 റണ്‍സില്‍ ഒതുക്കി നിര്‍ത്തുവാന്‍ ചെന്നൈയ്ക്ക് ആയിരുന്നു. 9 വിക്കറ്റാണ് മുംബൈയ്ക്ക് നഷ്ടമായത്.

ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്കും(33) രോഹിത് ശര്‍മ്മയും മികച്ച തുടക്കം നല്‍കിയെങ്കിലും പവര്‍പ്ലേയിലെ അവസാന ഓവറുകളില്‍ ഇരുവരും പുറത്തായത് ആണ് ടീമിന് തിരിച്ചടിയായത്. 46/0 എന്ന നിലയില്‍ നിന്ന് 48/2 എന്ന നിലയിലേക്ക് വീണ മുംബൈയെ പിന്നീട് മുന്നോട്ട് നയിച്ചത് സൂര്യകുമാര്‍ യാദവ്-സൗരഭ് തിവാരി കൂട്ടുകെട്ടായിരുന്നു.

44 റണ്‍സ് നാലാം വിക്കറ്റില്‍ നേടി ശക്തമായ സ്കോറിലേക്ക് മുംബൈ എത്തുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് 17 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിനെ ദീപക് ചഹാര്‍ പുറത്താക്കിയത്. 29 റണ്‍സ് നേടിയ തിവാരി-ഹാര്‍ദ്ദിക് കൂട്ടുകെട്ട് വീണ്ടും ചെന്നൈയ്ക്ക് ഭീഷണിയാവുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ചെന്നൈ ബൗളര്‍മാരെ ഫീല്‍ഡര്‍മാര്‍ പിന്തുണച്ചപ്പോള്‍ ചെന്നൈ വീണ്ടും മത്സരത്തിലേക്ക് ശക്തമായ നിലയില്‍ തിരിച്ചെത്തി.

ഫാഫ് ഡു പ്ലെസി ബൗണ്ടറി ലൈനില്‍ നടത്തിയ തകര്‍പ്പന്‍ ക്യാച്ചുകളിലൂടെ 15ാം ഓവറില്‍ ചെന്നൈയ്ക്ക് രണ്ട് വിക്കറ്റ് ലഭിയ്ക്കുകയായിരുന്നു. സൗരഭ് തിവാരിയെ ആദ്യ പന്തിലും അഞ്ചാം പന്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും പുറത്താകുകയായിരുന്നു. 31 പന്തില്‍ നിന്ന് 42 റണ്‍സാണ് സൗരഭ് തിവാരി നേടിയത്. സമാനമായ രീതിയില്‍ അടുത്ത ക്യാച്ചില്‍ ഹാര്‍ദ്ദിക്കിനെയും ഫാഫ് പിടിച്ചു പുറത്താക്കി. ഹാര്‍ദ്ദിക് 14 റണ്‍സാണ് നേടിയത്.

അപകടകാരിയായ കീറണ്‍ പൊള്ളാര്‍ഡിനെയുള്‍പ്പെടെ(18) ഇന്നിംഗ്സിന്റെ അവസാനത്തോടെ മൂന്ന് വിക്കറ്റ് നേടി ലുംഗിസാനി ഗിഡിയും മികവ് പുലര്‍ത്തിയപ്പോള്‍ അവസാന ഓവറുകളില്‍ റണ്‍സ് കണ്ടെത്തുവാന്‍ മുംബൈ പ്രയാസപ്പെട്ടു. താന്‍ എറിഞ്ഞ ആദ്യ ഓവറില്‍ 18 റണ്‍സ് വഴങ്ങിയ ലുംഗിസാനിയുടെ തുടക്കം മോശമായെങ്കിലും ശേഷിക്കുന്ന മൂന്ന് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ട് നല്‍കി താരം 3 വിക്കറ്റ് നേടി.

ചെന്നൈയ്ക്ക് വേണ്ടി ലുംഗിസാനി ഗിഡി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ രവീന്ദ്ര ജഡേജ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടും സാം കറന്‍, പിയൂഷ് ചൗള എന്നിവര്‍ ഓരോ വിക്കറ്റും നേടി.

അടിസ്ഥാന വിലയ്ക്ക് കില്ലര്‍ മില്ലറിനെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്, സൗരഭ് തിവാരി മുംബൈയിലേക്ക്

അടിസ്ഥാന വിലയ്ക്ക് മുന്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് താരം ഡേവിഡ് മില്ലറിനെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. താരത്തിന്റെ അടിസ്ഥാന വിലയായ 75 ലക്ഷം രൂപ നല്‍കിയാണ് രാജസ്ഥാന്‍ മില്ലറെ ടീമിലേക്ക് എത്തിച്ചത്. സൗരഭ് തിവാരിയെ 50 ലക്ഷത്തിന്റെ അടിസ്ഥാന വിലയ്ക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി.

അതേ സമയം ബംഗാള്‍ താരം മനോജ് തിവാരിയ്ക്ക് ആവശ്യക്കാരില്ലായിരുന്നു.

കേരളത്തിനു രണ്ടാം തോല്‍വിയോടെ പുറത്തേക്കുള്ള വഴി, ജാര്‍ഖണ്ഡിനെ അഞ്ച് വിക്കറ്റ് ജയത്തിലേക്ക് നയിച്ച് സൗരഭ് തിവാരി

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനു രണ്ടാമത്തെ തോല്‍വി. ആനന്ദ് സിംഗും വിരാട് സിംഗും മികവ് പുലര്‍ത്തിയ മത്സരത്തില്‍ സൗരഭ് തിവാരിയാണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്. തോല്‍വിയോടെ കേരളം സൂപ്പര്‍ ലീഗിലേക്ക് യോഗ്യത നേടാനാകാതെ പുറത്താകുകയായിരുന്നു. ഡല്‍ഹിയും ജാര്‍ഖണ്ഡും ഗ്രൂപ്പില്‍ നിന്ന് അടുത്ത റൗണ്ടിലേക്ക് കടന്നു. ഡല്‍ഹിയ്ക്കും ജാര്‍ഖണ്ഡിനും അഞ്ച് വിജയത്തോടെ 20 പോയിന്റ് നേടാനായപ്പോള്‍ കേരളത്തിനു 16 പോയിന്റാണ് നാല് മത്സരത്തില്‍ നിന്ന് നേടാനായത്. യോഗ്യത നേടിയ മറ്റു രണ്ട് ടീമുകളെക്കാള്‍ മികച്ച റണ്‍ റേറ്റ് കേരളത്തിനു സ്വന്തമാക്കാനായിരുന്നുവെങ്കിലും നിര്‍ണ്ണായക മത്സരത്തില്‍ ജയം കൈവിട്ടത് ടീമിനു തിരിച്ചടിയായി.

47 പന്തില്‍ നിന്ന് 72 റണ്‍സ് നേടിയ ആനന്ദ് സിംഗാണ് കേരളത്തിന്റെ 176 റണ്‍സ് എന്ന സ്കോറിനെ മറികടക്കുവാനുള്ള ജാര്‍ഖണ്ഡിന്റെ അടിത്തറ പാകിയത്. ഇഷാന്‍ കിഷനെ വേഗത്തില്‍ നഷ്ടമായെങ്കിലും വിരാട് സിംഗുമായി ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയ 71 റണ്‍സാണ് ജാര്‍ഖണ്ഡിനു ജയം ഒരുക്കിയത്.

വിരാട് സിംബ് 29 പന്തില്‍ 46 റണ്‍സ് നേടിയപ്പോള്‍ ആനന്ദ് സിംഗ് ബാറ്റിംഗ് സൗരഭ് തിവാരിയുമായി ചേര്‍ന്ന് ബാറ്റിംഗ് തുടര്‍ന്നു. മൂന്നാം വിക്കറ്റില്‍ 43 റണ്‍സ് കൂടി നേടിയ ശേഷം താരം പുറത്താകുമ്പോള്‍ അവസാന അഞ്ചോവറില്‍ ജാര്‍ഖണ്ഡിനു ജയിക്കുവാന്‍ 44 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. അടുത്ത ഓവറില്‍ ഇഷാന്‍ ജഗ്ഗിയെയും അതിനടുത്ത ഓവറില്‍ കുമാര്‍ ദിയോബ്രതിനെയും ജാര്‍ഖണ്ഡിനു നഷ്ടമായെങ്കിലും സൗരഭ് തിവാരി ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. തിവാരി 24 പന്തില്‍ നിന്ന് 50 റണ്‍സ് നേടി അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ സിക്സര്‍ നേടി ജാര്‍ഖണ്ഡിന്റെ ജയം ഉറപ്പാക്കുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളത്തിനായി 36 റണ്‍സ് നേടിയ സച്ചിന്‍ ബേബി ടോപ് സ്കോറര്‍ ആവുകയായിരുന്നു. രോഹന്‍ എസ് കുന്നുമ്മല്‍ 34 റണ്‍സും വിഷ്ണു വിനോദ്(27), വിനൂപ് ഷീല മനോഹരന്‍(31) എന്നിവര്‍ക്കാര്‍ക്കും തന്നെ തങ്ങള്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റുവാന്‍ സാധിച്ചിരുന്നില്ല. സല്‍മാന്‍ നിസാര്‍ 8 പന്തില്‍ നിന്ന് പുറത്താകാതെ 21 റണ്‍സ് നേടിയാണ് കേരളത്തിനെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 എന്ന സ്കോറിലേക്ക് എത്തിച്ചത്.

Exit mobile version