അടിത്തറ പാകി സൗരഭ് തിവാരി, വിജയമൊരുക്കി ഹാര്‍ദ്ദിക്കും പൊള്ളാര്‍ഡും

യുഎഇയിൽ ഐപിഎലിന്റെ രണ്ടാം പകുതി ആരംഭിച്ച ശേഷമുള്ള തങ്ങളുടെ ആദ്യ വിജയം കൈക്കലാക്കി മുംബൈ ഇന്ത്യന്‍സ്. ഇന്ന് പ‍ഞ്ചാബ് കിംഗ്സിനെതിരെ 136 റൺസ് ലക്ഷ്യം തേടിയിറങ്ങിയ മുംബൈയ്ക്ക് കാര്യങ്ങളത്ര എളുപ്പമല്ലായിരുന്നു.

19 ഓവറിൽ 6 വിക്കറ്റ് വിജയം ആണ് മുംബൈ സ്വന്തമാക്കിയത്. 23 പന്തിൽ 45 റൺസ് കൂട്ടുകെട്ട് നേടിയ ഹാര്‍ദ്ദിക് – പൊള്ളാര്‍ഡ് കൂട്ടുകെട്ടാണ് മുംബൈയുടെ വിജയവഴിയിലേക്കുള്ള കാരണമായി മാറിയത്. ഹാര്‍ദ്ദിക് 30 പന്തിൽ 40 റൺസും പൊള്ളാര്‍ഡ് 7 പന്തിൽ 15 റൺസും നേടിയാണ് പുറത്താകാതെ നിന്ന് ടീമിന്റെ വിജയം ഒരുക്കിയത്.

രവി ബിഷ്ണോയിയുടെ ഓവറിൽ രോഹിത് ശര്‍മ്മയും സൂര്യകുമാര്‍ യാദവും അടുത്തടുത്ത പന്തുകളിൽ പുറത്തായ ശേഷം ക്വിന്റൺ ഡി കോക്ക് – സൗരഭ് തിവാരി കൂട്ടുകെട്ട് 45 റൺസ് നേടിയെങ്കിലും ഡി കോക്കിനെ(27) മടക്കി ഷമി വീണ്ടും മുംബൈയ്ക്ക് തിരിച്ചടി നല്‍കി.

Dekocksourabh

സൗരഭ് തിവാരിയും ഹാര്‍ദ്ദിക് പാണ്ഡ്യയും 31 റൺസ് കൂടി നാലാം വിക്കറ്റിൽ നേടിയ ശേഷം 45 റൺസ് നേടിയ തിവാരിയുടെ വിക്കറ്റും മുംബൈയ്ക്ക് നഷ്ടമായി. നഥാന്‍ എല്ലിസിനായിരുന്നു വിക്കറ്റ്.

അവസാന നാലോവറിൽ 40 റൺസ് വിജയത്തിനായി വേണ്ടിയിരുന്ന മുംബൈയ്ക്ക് വേണ്ടി ഷമിയുടെ ഓവറിൽ ഒരു സിക്സും ഒരു ഫോറും നേടി ഹാര്‍ദ്ദിക് ലക്ഷ്യം 18 പന്തിൽ 29 റൺസെന്ന നിലയിലേക്ക് എത്തിച്ചു. 18ാം ഓവര്‍ എറിഞ്ഞ അര്‍ഷ്ദീപിനെ ഒരു സിക്സറും ഫോറും അടിച്ച് പൊള്ളാര്‍ഡ് ഓവറിൽ നിന്ന് 13 റൺസ് നേടിയപ്പോള്‍ മുംബൈയുടെ ലക്ഷ്യം 12 പന്തിൽ 16 ആയി.

19ാം ഓവര്‍ എറിഞ്ഞ ഷമിയെ ഓവറിൽ 17 റൺസ് നേടി ഹാര്‍ദ്ദിക് ടീമിന്റെ വിജയം സാധ്യമാക്കുകയായിരുന്നു. അവസാന രണ്ട് പന്തിൽ മോശം ഫീല്‍ഡിംഗ് കൂടി പഞ്ചാബ് പുറത്തെടുത്തപ്പോള്‍ മുംബൈയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി.

 

Exit mobile version