ബാംഗ്ലൂരിന്റെ നടുവൊടിച്ച് ബ്രാര്‍, തോല്‍വിയേറ്റ് വാങ്ങി കോഹ്‍ലി പട

ഐപിഎലില്‍ വീണ്ടും വിജയ വഴിയിലെത്തി പഞ്ചാബ് കിംഗ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ഹര്‍പ്രീത് ബ്രാര്‍ ഒറ്റയ്ക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പതനം ഉറപ്പാക്കുകയായിരുന്നു. 8 വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി 145 റണ്‍സ് മാത്രം നേടിയപ്പോള്‍ 34 റണ്‍സിന്റെ വിജയം പഞ്ചാബ് കിംഗ്സ് നേടി.

ഏഴ് പന്തിന്റെ വ്യത്യാസത്തില്‍ മൂന്ന് പ്രധാന ആര്‍സിബി വിക്കറ്റുകള്‍ നേടിയാണ് ബ്രാര്‍ ബാംഗ്ലൂരിന് തിരിച്ചടി നല്‍കിയത്. ദേവദത്ത് പടിക്കലിന്റെ വിക്കറ്റ് നഷ്ടമായ ശേഷം വിരാട് കോഹ്‍ലിയും രജത് പടിദാറും വളരെ പതിഞ്ഞ രീതിയിലാണ് ബാംഗ്ലൂര്‍ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത്.

പതിനൊന്നാം ഓവറിന്റെ ആദ്യ പന്തില്‍ വിരാട് കോഹ്‍ലിയെ വീഴ്ത്തിയ ഹര്‍പ്രീത് ബാര്‍ അടുത്ത പന്തില്‍ ഗ്ലെന്‍ മാക്സ്വെല്ലിനെ തകര്‍പ്പനൊരു പന്തില്‍ പുറത്താക്കുകയായിരുന്നു. ആ ഓവറില്‍ എബിഡിയെ നിര്‍ത്തി നാല് ഡോട്ട് ബോള്‍ എറിഞ്ഞ ബ്രാര്‍ തന്റെ അടുത്ത ഓവറിലെ ആദ്യ പന്തില്‍ മിസ്റ്റര്‍ 360യെയും പുറത്താക്കി. 4 ഓവറില്‍ 19 റണ്‍സിനാണ് മൂന്ന് വിക്കറ്റ് ബ്രാര്‍ നേടിയത്. കോഹ്‍ലി 35 റണ്‍സ് നേടിയാണ് പുറത്തായത്.

രജത് പടിദാര്‍ സ്കോറിംഗ് റേറ്റ് ഉയര്‍ത്തുവാന്‍ ശ്രമിച്ചുവെങ്കിലും താരം 31 റണ്‍സ് നേടി പുറത്താകുകയായിരുന്നു. രവി ബിഷ്ണോയിയും 4 ഓവറില്‍ 17 റണ്‍സിന് 2 വിക്കറ്റ് നേടിയപ്പോള്‍ ബാംഗ്ലൂരിന്റെ റണ്‍സ് വറ്റി വരളുകയായിരുന്നു. അവസാന ഓവറുകളില്‍ 13 പന്തില്‍ 31 റണ്‍സ് നേടി തോല്‍വിയുടെ ആഘാതം കുറയ്ക്കുകയായിരുന്നു.

Exit mobile version