ഡര്‍ബനില്‍ തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക

ശ്രീലങ്കയ്ക്കെതിരെ ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ക്വിന്റണ്‍ ഡിക്കോക്ക് 80 റണ്‍സ് നേടി പിടിച്ച് നിന്നതിന്റെ ബലത്തില് ദക്ഷിണാഫ്രിക്ക 235 റണ്‍സ് നേടുകയായിരുന്നു. ടെംബ ബാവുമ(47), ഫാഫ് ഡു പ്ലെസി(35), കേശവ് മഹാരാജ്(29) എന്നിവരാണ് പൊരുതി നോക്കിയ മറ്റു താരങ്ങള്‍. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി സമ്മര്‍ദ്ദം സൃഷ്ടിച്ചാണ് ശ്രീലങ്കന്‍ ബൗളര്‍മാര്‍ മത്സരത്തില്‍ പിടിമുറുക്കിയത്.

ശ്രീലങ്കയ്ക്കായി വിശ്വ ഫെര്‍ണാണ്ടോ 4 വിക്കറ്റും കസുന്‍ രജിത മൂന്നും വിക്കറ്റ് വീഴ്ത്തി. ക്വിന്റണ്‍ ഡിക്കോക്ക് അവസാന വിക്കറ്റായാണ് വീണത്.

ടി20 പരമ്പരയില്‍ ക്വിന്റണ്‍ ഡി കോക്ക് ഇല്ല, പകരക്കാരനെ വിളിച്ച് ദക്ഷിണാഫ്രിക്ക

പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പരയില്‍ നിന്ന് ഒഴിവായി ക്വിന്റണ്‍ ഡി കോക്ക്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന താരത്തിനു പരമ്പര പൂര്‍ണ്ണമായും നഷ്ടമാകുമെന്നും പകരം താരത്തെ ടീമില്‍ ദക്ഷിണാഫ്രിക്ക ഉള്‍പ്പെടുത്തുകയും ചെയ്തു. ജാന്നെമാന്‍ മലനെയാണ് ഡി കോക്കിനു പകരം ടീമിലെത്തിച്ചിരിക്കുന്നത്.

പാക്കിസ്ഥാനെതിരെ അഞ്ചാം ഏകദിനത്തിനിടെയാണ് ഡി കോക്കിനു പരിക്കേറ്റത്. ടി20 ആദ്യ മത്സരത്തില്‍ താരം കളിക്കാതിരുന്നപ്പോളാണ് പരിക്ക് അല്പം ഗുരുതരമാണെന്ന് വ്യക്തമാകുന്നത്. താരം ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ടീമിലേക്ക് തിരികെ എത്തുമെന്നാണ് ദക്ഷിണാഫ്രിക്ക ടീം അധികൃതര്‍ വിശ്വാസം പ്രകടിപ്പിച്ചത്.

ഏഴ് വിക്കറ്റ് ജയവും പരമ്പരയും സ്വന്തമാക്കി ദക്ഷിണാഫ്രിക്ക, ക്വിന്റണ്‍ ഡി കോക്ക് വെടിക്കെട്ടില്‍ പാക്കിസ്ഥാന്‍ നിഷ്പ്രഭം

പാക്കിസ്ഥാനെതിരെ നിര്‍ണ്ണായകമായ അഞ്ചാം ഏകദിനത്തില്‍ വിജയം കുറിച്ച് ദക്ഷിണാഫ്രിക്ക. ഏഴ് വിക്കറ്റ് ജയത്തോടെ ദക്ഷിണാഫ്രിക്ക 3-2നു പരമ്പര സ്വന്തമാക്കി. ഇന്ന് ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 50 ഓവറില്‍ 240/8 എന്ന നിലയില്‍ പാക്കിസ്ഥാനെ ഒതുക്കിയ ടീം 40 ഓവറില്‍ നിന്ന് 3 വിക്കറ്റ് നഷ്ടത്തില്‍ വിജയം കുറിച്ചു.

58 പന്തില്‍ നിന്ന് 83 റണ്‍സ് നേടി ക്വിന്റണ്‍ ഡി കോക്കിനു പിന്തുണയായി ഫാഫ് ഡു പ്ലെസിയും(50*) റാസി വാന്‍ ഡെര്‍ ഡൂസെന്നും(50*) തിളങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ വിജയം അനായാസമായി മാറുകയായിരുന്നു. 95 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കായി നേടിയത്. റീസ ഹെന്‍ഡ്രിക്സ് 34 റണ്‍സ് നേടി ടീമിനായി നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു.

നേരത്തെ ഫകര്‍ സമന്റെ അര്‍ദ്ധ ശതകം മാത്രമാണ് പാക്കിസ്ഥാന്‍ നിരയിലെ എടുത്ത് പറയാവുന്ന പ്രകടനം. ഇമാദ് വസീം 47 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ഷൊയ്ബ് മാലിക് 31 റണ്‍സ് നേടി. ബാബര്‍ അസം 24 റണ്‍സും നേടി. ഇമാദ് വസീമിന്റെ അവസാന ഓവര്‍ വെടിക്കെട്ടാണ് പാക്കിസ്ഥാനെ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സിലേക്ക് നയിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി ഡ്വെയിന്‍ പ്രിട്ടോറിയസും ആന്‍ഡിലെ ഫെഹ്ലക്വായോയും രണ്ട് വീതം വിക്കറ്റ് നേടി.

ഇനി കളിയല്പം കാര്യം, സ്റ്റെയിനിനെയും ക്വിന്റണ്‍ ഡിക്കോക്കിനെയും തിരികെ വിളിച്ച് ദക്ഷിണാഫ്രിക്ക

ആദ്യ രണ്ട് ഏകദിനങ്ങളില്‍ നിന്ന് വിശ്രമം അനുവദിച്ച ക്വിന്റണ്‍ ഡിക്കോക്കിനെയും ഡെയില്‍ സ്റ്റെയിനിനെയും മടക്കി വിളിച്ച് ദക്ഷിണാഫ്രിക്ക. പരമ്പരയിലെ ആദ്യ ഏകദിനം കൈവിട്ട ശേഷം പാക്കിസ്ഥാനെ രണ്ടാം മത്സരത്തില്‍ പരാജയപ്പെടുത്തുവാന്‍ സാധിച്ചുവെങ്കിലും ടീമിന്റെ പ്രകടനം അത്ര എടുത്ത് പറയത്തക്ക മികച്ചതല്ലായിരുന്നു. അഞ്ച് വിക്കറ്റുകളോളം കൈവിട്ട ശേഷമാണ് മത്സരത്തിലേക്ക് ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക് എത്തിയത്. ടോപ് ഓര്‍ഡറിന്റെ പരാജയത്തിനു പരിഹാരമെന്ന നിലയിലാണ് ക്വിന്റണ്‍ ഡിക്കോക്കിനെ മടക്കി വിളിച്ചത്.

ടി20യില്‍ കളിച്ചിട്ടുള്ള താരം ബ്യൂറന്‍ ഹെന്‍ഡ്രിക്സിനെയും ആദ്യമായി ഏകദിന ടീമിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡുവാന്നെ ഒളിവിയര്‍, ഡെയിന്‍ പാറ്റേര്‍സണ്‍, ഹെയിന്‍റിച്ച് ക്ലാസ്സെന്‍ എന്നീ താരങ്ങളെയാണ് ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. ഡുവാന്നെയ്ക്ക് ആനിവാര്യമായ വിശ്രമം നല്‍കുന്നതിന്റെ ഭാഗമായാണ് ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന് വേണം മനസ്സിലാക്കുവാന്‍. ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുവാനിരിക്കെയാണ് താരത്തിനു വിശ്രമം നല്‍കുവാന്‍ ടീം തീരുമാനിച്ചിരിക്കുന്നത്.

പരമ്പരയില്‍ ഇരു ടീമുകളും 1-1നു തുല്യത പാലിക്കുമ്പോള്‍ ഇനി അവശേഷിക്കുന്നത് മൂന്ന് മത്സരങ്ങളാണ്. വെള്ളിയാഴ്ച സെഞ്ചൂറിയണിലാണ് പരമ്പരയിലെ മൂന്നാം മത്സരം. ജോഹാന്നസ്ബര്‍ഗ്, കേപ് ടൗണ്‍ എന്നീ വേദികളില്‍ യഥാക്രം ജനുവരി 27, ജനുവരി 30 എന്നീ ദിവസകങ്ങളില്‍ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും നടക്കും.

ആദ്യ രണ്ട് ഏകദിനങ്ങളില്‍ സ്റ്റെയിനിനും ഡി കോക്കിനും വിശ്രമം

പാക്കിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരിയെത്തുന്ന ദക്ഷിണാഫ്രിക്ക ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ രണ്ട് മാറ്റങ്ങളുമായി ദക്ഷിണാഫ്രിക്ക. ഡെയില്‍ സ്റ്റെയിനിനും ക്വിന്റണ്‍ ഡി കോക്കിനും വിശ്രമം നല്‍കിയപ്പോള്‍ പകരം ഡുവാനെ ഒളിവിയറിനെയും എയ്ഡന്‍ മാര്‍ക്രത്തെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ശനിയാഴ്ച് പോര്‍ട്ട് എലിസബത്തില്‍ ആരംഭിക്കുന്ന പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണുള്ളത്. രണ്ടാം ഏകദിനം ഡര്‍ബനില്‍ അരങ്ങേറും. അവസാന മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമിനെ ദക്ഷിണാഫ്രിക്ക പിന്നീട് മാത്രമേ പ്രഖ്യാപിക്കുകയുള്ളു.

ജനുവരി 10നാണ് ദക്ഷിണാഫ്രിക്ക ടീം പ്രഖ്യാപനം നടത്തിയത്. അതില്‍ രണ്ട് മാറ്റങ്ങളാണ് ഇപ്പോള്‍ വരുത്തിയത്.

സ്ക്വാഡ്: ഫാഫ് ഡു പ്ലെസി, ഹാഷിം അംല, എയ്ഡന്‍ മാര്‍ക്രം, റീസ ഹെന്‍ഡ്രിക്സ്, ഇമ്രാന്‍ താഹിര്‍, ഹെയിന്‍റിച്ച് ക്ലാസ്സെന്‍, ഡേവിഡ് മില്ലര്‍, ഡെയിന്‍ പാറ്റേര്‍സണ്‍, ആന്‍ഡിലേ ഫെഹ്ലുക്വായോ, ഡ്വെയിന്‍ പ്രിട്ടോറിയസ്, കാഗിസോ റബാഡ, തബ്രൈസ് ഷംസി, ഡുവാനെ ഒളിവിയര്‍, റാസി വാന്‍ ഡെര്‍ ഡൂസ്സെന്‍

ഡി കോക്കിനു ശതകം, രണ്ടാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനവുമായി പാക്കിസ്ഥാന്‍

പാക്കിസ്ഥാനെതിരെ രണ്ടാം ഇന്നിംഗ്സില്‍ 303 റണ്‍സിനു ഓള്‍ഔട്ട് ആയെങ്കിലും 381 റണ്‍സിന്റെ ശ്രമകരമായ വിജയ ലക്ഷ്യമാണ് പാക്കിസ്ഥാനു മുന്നില്‍ ആതിഥേയര്‍ നല്‍കിയത്. ക്വിന്റണ്‍ ഡി കോക്ക് നേടിയ ശതകത്തിന്റെ ബലത്തില്‍ 135/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സ് 303 റണ്‍സ് വരെ എത്തിയ്ക്കുകയായിരുന്നു. ഡി കോക്ക് 138 പന്തില്‍ നിന്ന് 129 റണ്‍സ് നേടിയപ്പോള്‍ 380 റണ്‍സിന്റെ ലീഡാണ് ദക്ഷിണാഫ്രിക്ക നേടിയത്. ഷദബ് ഖാനും ഫഹീം അഷ്റഫും മൂന്ന് വീതം വിക്കറ്റും മുഹമ്മദ് അമീര്‍ രണ്ടും വിക്കറ്റാണ് സന്ദര്‍ശകര്‍ക്കായി നേടിയത്.

ആദ്യ ഇന്നിംഗ്സിനെ അപേക്ഷിച്ച് ഭേദപ്പെട്ട തുടക്കമാണ് പാക്കിസ്ഥാനു ലഭിച്ചത്. എന്നാല്‍ പതിവു പോലെ ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് മാറ്റാനാകാതെ പോയത് ടീമിനു തിരിച്ചടിയാകുമോ എന്നതാണ് ഇനി കാത്തിരുന്നു കാണേണ്ടത്. ഓപ്പണര്‍മാരായ ഇമാം ഉള്‍ ഹക്കിനെയും(35) ഷാന്‍ മക്സൂദിനെയും(37) ഡെയില്‍ സ്റ്റെയിന്‍ പുറത്താക്കിയപ്പോള്‍ അസ്ഹര്‍ അലിയെ(15) ഡുവാനെ ഒളിവിയര്‍ മടക്കി.

49 റണ്‍സ് കൂട്ടുകെട്ടുമായി നാലാം വിക്കറ്റില്‍ അസാദ് ഷഫീക്ക്-ബാബര്‍ അസം കൂട്ടുകെട്ട് മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാനെ 153/3 എന്ന നിലയില്‍ എത്തിച്ചിട്ടുണ്ട്. വിജയത്തിനായി ഏഴ് വിക്കറ്റുകള്‍ കൈവശം ഇരിക്കെ 228 റണ്‍സ് കൂടി പാക്കിസ്ഥാന്‍ നേടേണ്ടതുണ്ട്. ശ്രമകരമായ ദൗത്യമാണെങ്കിലും അസാദ് ഷഫീക്ക്-ബാബര്‍ അസം കൂട്ടുകെട്ട് ക്രീസില്‍ നില്‍ക്കുന്നിടത്തോളം കാലം പാക്കിസ്ഥാന്‍ ക്യാമ്പില്‍ പ്രതീക്ഷയുണ്ടാകും. ഷഫീക്ക് 4 റണ്‍സും ബാബര്‍ അസം 17 റണ്‍സുമായാണ് ക്രീസില്‍ നില്‍ക്കുന്നത്.

വിക്കറ്റ് കൊയ്ത്ത് തുടര്‍ന്ന് ബൗളര്‍മാര്‍, രണ്ടാം ദിവസം വീണത് 13 വിക്കറ്റുകള്‍

ആദ്യ ദിവസം 12 വിക്കറ്റുകള്‍ വീണ ശേഷം രണ്ടാം ദിവസവും വിക്കറ്റ് കൊയ്ത്ത് നടത്തി ബൗളര്‍മാര്‍. രണ്ടാം ദിവസം ദക്ഷിണാഫ്രിക്ക പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ ചേര്‍ന്ന് 13 വിക്കറ്റുകളാണ് വീഴ്ത്തിയത്. ആദ്യ ഇന്നിംഗ്സില്‍ 262 റണ്‍സിനു പുറത്തായ ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനെ 185 റണ്‍സിനു പുറത്താക്കി 77 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ ടീം 135/5 എന്ന നിലയിലാണ് രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍.

സര്‍ഫ്രാസ് അഹമ്മദ്(50), ബാബര്‍ അസം(49), ഇമാം ഉള്‍ ഹക്ക്(43) എന്നിവരുടെ ചെറുത്ത്നില്പുണ്ടായെങ്കിലും പാക്കിസ്ഥാന്റെ അവസാന 5 വിക്കറ്റ് 16 റണ്‍സിനു വീഴ്ത്തിയാണ് നിര്‍ണ്ണായകമായ 77 റണ്‍സ് ലീഡ് ദക്ഷിണാഫ്രിക്ക കരസ്ഥമാക്കിയത്. ഡുവാനെ ഒളിവിയര്‍ 5 വിക്കറ്റ് നേടിയപ്പോള്‍ വെറോണ്‍ ഫിലാന്‍ഡര്‍ മൂന്നും കാഗിസോ റബാഡ രണ്ടും വിക്കറ്റ് നേടി.

രണ്ടാം ഇന്നിംഗ്സില്‍ 93/5 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കയെ ഹാഷിം അംലയും ക്വിന്റണ്‍ ഡിക്കോക്കും ചേര്‍ന്നാണ് തിരികെ മത്സരത്തിലേക്ക് കൊണ്ടുവന്നത്. 42 റണ്‍സാണ് ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയിട്ടുള്ളത്. അംല 42 റണ്‍സും ഡി കോക്ക് 34 റണ്‍സും നേടി ബാറ്റ് ചെയ്യുന്നു. ഒരു ഘട്ടത്തില്‍ 45/4 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കയെ ടെംബ ബാവുമ(23)യുമായി ചേര്‍ന്ന് അംലയാണ് രക്ഷപ്പെടുത്തി എടുത്തത്. അഞ്ചാം വിക്കറ്റില്‍ 48 റണ്‍സാണ് ഇരുവരും നേടിയത്.

പാക്കിസ്ഥാനായി ഫഹീം അഷ്റഫ് രണ്ടും ഷദബ് ഖാന്‍, മുഹമ്മദ് അമീര്‍, മുഹമ്മദ് അബ്ബാസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. 212 റണ്‍സിന്റെ ലീഡാണ് ദക്ഷിണാഫ്രിക്കയ്ക്ക് നിലവില്‍ സ്വന്തമാക്കാനായിട്ടുള്ളത്.

നാല് വീതം വിക്കറ്റുമായി അമീറും ഷഹീനും, 431 റണ്‍സിനു ഓള്‍ഔട്ട് ആയി ദക്ഷിണാഫ്രിക്ക

കേപ് ടൗണ്‍ ടെസ്റ്റില്‍ 431 റണ്‍സിനു ഓള്‍ഔട്ട് ആയി ദക്ഷിണാഫ്രിക്ക. 382/6 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയുടെ ശേഷിച്ച വിക്കറ്റുകള്‍ 49 റണ്‍സിനു വീഴുകയായിരുന്നു. മുഹമ്മദ് അമീര്‍ ആയിരുന്നു മൂന്നാം ദിവസം ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞത്. അമീര്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ ഷഹീന്‍ അഫ്രീദിയും 4 വിക്കറ്റുമായി മികച്ച പിന്തുണ നല്‍കി.

ക്വിന്റണ്‍ ഡിക്കോക്കിന്റെ(59) വിക്കറ്റ് ആണ് മൂന്നാം ദിവസം ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം നഷ്ടമായത്. വെറോണ്‍ ഫിലാന്‍ഡറെയും(16), കാഗിസോ റബാഡയെയും(11) അമീര്‍ പുറത്താക്കിയപ്പോള്‍ ഡെയില്‍ സ്റ്റെയിനിനെ(13) ഷഹീന്‍ അഫ്രീദിയാണ് മടക്കിയയച്ചത്. 10 റണ്‍സുമായി ഡുവാനെ ഒളിവിയര്‍ പുറത്താകാതെ നിന്നു.

ഓസ്ട്രേലിയയുടെ ക്രിക്കറ്റിംഗ് ദുരിതം അവസാനിക്കുന്നില്ല, ദക്ഷിണാഫ്രിക്കയുടെ ജയം 20ലധികം ഓവറര്‍ ബാക്കി നില്‍ക്കെ

ഓസ്ട്രേലിയയെ 152 റണ്‍സിനു പുറത്താക്കി ലക്ഷ്യം 29.2 ഓവറില്‍ മറികടന്ന് ആദ്യ ഏകദിനത്തില്‍ 6 വിക്കറ്റ് ജയവുമായി ദക്ഷിണാഫ്രിക്ക.  47 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കും 44 റണ്‍സ് നേടിയ റീസ ഹെന്‍ഡ്രിക്സും  തിളങ്ങിയ മത്സരത്തില്‍ 4 വിക്കറ്റ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. എയ്ഡന്‍ മാര്‍ക്രം 36 റണ്‍സ് നേടി പുറത്തായി. ഓസ്ട്രേലിയയ്ക്കായി മാര്‍ക്കസ് സ്റ്റോയിനിസ് മൂന്നും നഥാന്‍ കോള്‍ട്ടര്‍-നൈലും ഒരു വിക്കറ്റും നേടി.

ഒന്നാം വിക്കറ്റില്‍ ഡി കോക്ക്-റീസ കൂട്ടുകെട്ട് നേടിയ 94 റണ്‍സാണ് ടീമിന്റെ അടിത്തറയായത്. ഡി കോക്ക് വേഗത്തിലുള്ള സ്കോറിംഗുമായി ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിച്ചപ്പോള് റീസ ഹെന്‍ഡ്രിക്സ് നങ്കുരമിടുകയായിരുന്നു.

പെര്‍ത്തില്‍ നടന്ന ഏകദിനത്തില്‍ നഥാന്‍ കോള്‍ട്ടര്‍-നൈല്‍(34), അലക്സ് കാറെ(33) എന്നിവരാണ് ടീമിനെ 152 റണ്‍സിലേക്ക് നയിച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് മികവ് പുലര്‍ത്താന്‍ കഴിഞ്ഞ വിക്കറ്റില്‍ യാതൊരു തരത്തിലുള്ള പ്രഭാവവും ഓസ്ട്രേലിയയ്ക്ക് നേടാനായില്ല.

ഡുമിനിയ്ക്ക് പകരം ക്വിന്റണ്‍ ഡിക്കോക്ക് മാര്‍ക്കീ താരം

പ്രഥമ ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗ് ആയ സാന്‍സി സൂപ്പര്‍ ലീഗിലെ ഫ്രാഞ്ചൈസികളെയും മാര്‍ക്കീ താരങ്ങളെയും പ്രഖ്യാപിച്ചു. കേപ് ടൗണ്‍ ബ്ലിറ്റ്സ് ആദ്യം ജെപി ഡുമിനിയെയാണ് മാര്‍ക്കീ താരമായി പ്രഖ്യാപിച്ചതെങ്കിലും താരം പരിക്കേറ്റ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത് സംശയത്തിലായതോടെ ക്വിന്റണ്‍ ഡിക്കോക്കിനെ പകരം മാര്‍ക്കീ താരമായി പ്രഖ്യാപിച്ചു.

ഡര്‍ബന്‍ ഹീറ്റ് ഹാഷിം അംലയെ മാര്‍ക്കീ താരവും ഗ്രാന്റ് മോര്‍ഗനെ കോച്ചായും പ്രഖ്യാപിച്ചു. ഫാഫ് ഡു പ്ലെസി, എബി ഡി വില്ലിയേഴ്സ്, ഹാഷിം അംല, കാഗിസോ റബാഡ, ഇമ്രാന്‍ താഹിര്‍ എന്നിവരോടൊപ്പം ഇംഗ്ലണ്ടില്‍ നിന്ന് ഓയിന്‍ മോര്‍ഗന്‍, ജേസണ്‍ റോയ്, ദാവീദ് മലന്‍, വിന്‍ഡീസില്‍ നിന്ന് ക്രിസ് ഗെയില്‍, ഡ്വെയിന്‍ ബ്രാവോ എന്നിവരും അഫ്ഗാനിസ്ഥാനില്‍ നിന്ന് റഷീദ് ഖാനുമാണ് അന്താരാഷ്ട്ര മാര്‍ക്കീ താരങ്ങള്‍.

ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡിന്റെ ആവശ്യം, നോട്ടിംഗ്ഹാംഷയര്‍ കരാര്‍ റദ്ദാക്കി ഡിക്കോക്ക്

ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡിന്റെ ആവശ്യപ്രകാരം ഡിക്കോക്ക്-നോട്ടിംഗ്ഹാംഷയര്‍ എന്നിവര്‍ തമ്മിലുള്ള കരാര്‍ റദ്ദ് ചെയ്യപ്പെട്ടു. ബോര്‍ഡിന്റെ ആവശ്യപ്രകാരം താരം കരാറില്‍ നിന്ന് പിന്മാറുകയായിരുന്നു. നാല് മത്സരങ്ങളില്‍ കൗണ്ടിയ്ക്ക് വേണ്ടി ക്വിന്റണ്‍ ഡിക്കോക്ക് കളിക്കുവാന്‍ കരാറിലേര്‍പ്പെട്ടിരുന്നുവെങ്കിലും പിന്നീട് ബോര്‍ഡ് താരത്തോട് അതില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടു.

ദക്ഷിണാഫ്രിക്കയുട കേന്ദ്ര കരാറുള്ള താരമാണ് ഡിക്കോക്കെന്നും അതിനാല്‍ തന്നെ ഇതുപോലുള്ള സാഹചര്യങ്ങള്‍ മുന്‍കൂട്ടി കൗണ്ടി കണ്ടിരുന്നുവെന്നുമാണ് കൗണ്ടിയുടെ ആദ്യ പ്രതികരണം. താരത്തിന്റെ സേവനം ലഭ്യമാകാത്തതില്‍ ഏറെ സങ്കടമുണ്ടെന്നും നോട്ടിംഗ്ഹാംഷയര്‍ ക്രിക്കറ്റ് ഡയറക്ടര്‍ മിക്ക് നെവേല്‍ അഭിപ്രായപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

4000 ഏകദിന റണ്‍സ് തികച്ച് ക്വിന്റണ്‍ ഡിക്കോക്ക്

ക്യാപ്റ്റനായി തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ മറ്റൊരു ചരിത്ര നേട്ടം കൂടി നേടി ക്വിന്റണ്‍ ഡിക്കോക്ക്. ഏകദിന ക്രിക്കറ്റില്‍ നാലായിരം റണ്‍സ് തികയ്ക്കുകയെന്ന അഭിമാന മുഹൂര്‍ത്തം താരം ഇന്നലെ ശ്രീലങ്കയ്ക്കെതിരെ നടന്ന പരമ്പരയിലെ നാലാം മത്സരത്തില്‍ സ്വന്തമാക്കി. മഴ പലപ്പോഴും രസംകൊല്ലിയായ മത്സരത്തില്‍ അരങ്ങേറ്റം വിജയത്തോടെയാക്കുവാന്‍ സാധിച്ചില്ലെങ്കിലും 4000 റണ്‍സെന്ന അഭിമാന നേട്ടം താരം സ്വന്തമാക്കി.

ജയത്തിനരികെ എത്തിയ ശേഷമാണ് ദക്ഷിണാഫ്രിക്ക മത്സരം കൈവിട്ടത്. മൂന്ന് റണ്‍സിന്റെ ജയമാണ് ശ്രീലങ്ക ഇന്നലെ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ തുടര്‍ച്ചയായ 11 തോല്‍വികള്‍ക്ക് ശേഷമാണ് ശ്രീലങ്കയുടെ ഈ വിജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version