ഡിക്കോക്കിനു കഴിവ് തെളിയിക്കുവാനുള്ള അവസരം: ഗിബ്സണ്‍

ഫാഫ് ഡു പ്ലെസിയുടെ അഭാവത്തില്‍ കഴിവ് തെളിയിക്കുവാനുള്ള മികച്ച അവസരമാണ് ക്വിന്റണ്‍ ഡിക്കോക്കിനു ലഭിച്ചിരിക്കുന്നതെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ കോച്ച് ഓട്ടിസ് ഗിബ്സണ്‍. ശ്രീലങ്കയില്‍ ശേഷിക്കുന്ന ഏകദിന മത്സരങ്ങളില്‍ ഫാഫ് ഡു പ്ലെസിയ്ക്ക് പകരം ക്വിന്റണ്‍ ഡിക്കോക്കിനെയാണ് നായകനായി നിയമിച്ചിരിക്കുന്നത്. ഡിക്കോക്കിനു നായകനാകാനുള്ള ഗുണമുണ്ടെന്ന് പറഞ്ഞ ഗിബ്സണ്‍ താരത്തിനു മികച്ച ക്രിക്കറ്റ് ബ്രെയിനുണ്ടെന്ന് പറഞ്ഞു. ഫാഫിന്റെ പരിക്ക് ഡിക്കോക്കിനുള്ള മികച്ച അവസരമായി വേണം കണക്കാക്കുവാനെന്ന് ഗിബ്സണ്‍ അഭിപ്രായപ്പെട്ടു.

നിരന്തരമായി ക്യാപ്റ്റനെ സഹായിക്കുന്നൊരു താരമാണ് ക്വിന്റണ്‍. ഇന്ത്യയില്‍ പകരം ക്യാപ്റ്റനായി എത്തിയ എയ്ഡന്‍ മാര്‍ക്രം ഇപ്പോള്‍ മികച്ച ഫോമില്ലല്ല കളിക്കുന്നത്. മൂന്നാം ഏകദിനത്തില്‍ താരത്തിനു ഇലവനിലും സ്ഥാനം ലഭിച്ചിരുന്നില്ല. ഇതിനാലാണ് ക്വിന്റണ്‍ ഡിക്കോക്കിനു പുതിയ ദൗത്യം ഏല്പിക്കുവാന്‍ മാനേജ്മെന്റ് തീരുമാനിച്ചത്.

2012ല്‍ U-19 ടീമിനെ നയിച്ച ശേഷം ഡിക്കോക്കിന്റെ ആദ്യ നായക സ്ഥാനമാണ് ഇപ്പോള്‍ വരാനിരിക്കുന്നത്. ശ്രീലങ്കന്‍ ടൂറില്‍ മോശം ഫോമിലാണെന്നുള്ളതാണ് എയ്ഡന്‍ മാര്‍ക്രത്തിനു ക്യാപ്റ്റന്‍സി സ്ഥാനം നല്‍കാത്തതെന്നും ദക്ഷിണാഫ്രിക്കന്‍ കോച്ച് അഭിപ്രായപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ശ്രീലങ്കയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഇനി രണ്ട് നായകന്മാര്‍, ക്വിന്റണ്‍ ഡിക്കോക്കും ജെപി ഡുമിനിയും

പരിക്കേറ്റ് ഫാഫ് ഡു പ്ലെസി ശേഷിക്കുന്ന പരമ്പരയില്‍ കളിക്കില്ലെന്ന് ഉറപ്പായതോടെ പുതിയ നായകന്മാരെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. ഏകദിന പരമ്പരയിലെ രണ്ട് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയെ ക്വിന്റണ്‍ ഡിക്കോക്ക് നയിക്കുമ്പോള്‍ ഏക ടി20 മത്സരത്തില്‍ ജെപി ഡുമിനിയാവും ടീമിന്റെ നായകന്‍. ആദ്യ മൂന്ന് ഏകദിന മത്സരങ്ങള്‍ ജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പര നേരത്തെ തന്നെ സ്വന്തമാക്കി കഴിഞ്ഞിരുന്നു.

മൂന്നാം ഏകദിനത്തിനിടെ ക്യാച്ചിനു ശ്രമിച്ചപ്പോളേറ്റ പരിക്കാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസിയ്ക്ക് വിനയായത്. കാന്‍ഡിയിലും കൊളംബോയിലുമാണ് ഇനി അവശേഷിക്കുന്ന ഏകദിന മത്സരങ്ങള്‍. ഏക ടി20 മത്സരം കൊളംബോയില്‍ അരങ്ങേറും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

രണ്ടാം ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക, ഡിക്കോക്കിന്റെ ബാറ്റിംഗ് മികവില്‍ 4 വിക്കറ്റ് ജയം

ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡിക്കോക്ക്, ഹാഷിം അംല എന്നിവര്‍ക്കൊപ്പം ഫാഫ് ഡു പ്ലെസിയും ബാറ്റിംഗ് ഫോം കണ്ടെത്തിയ മത്സരത്തില്‍ ശ്രീലങ്കയെ 4 വിക്കറ്റിനു പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക. ശ്രീലങ്കയുടെ സ്കോറായ 244 റണ്‍സ് 42.5 ഓവറിലാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. ഒന്നാം വിക്കറ്റില്‍ 91 റണ്‍സ് അടിത്തറയാണ് ഓപ്പണര്‍മാര്‍ ദക്ഷിണാഫ്രിക്കയ്ക്കായി നല്‍കിയത്.

43 റണ്‍സ് നേടിയ ഹാഷിം അംലയെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം നഷ്ടമായത്. എയ്ഡന്‍ മാര്‍ക്രം രണ്ടാം മത്സരത്തിലും പരാജയപ്പെട്ടപ്പോള്‍ ആദ്യ രണ്ട് വിക്കറ്റുകളും അകില ധനന്‍ജയ സ്വന്തമാക്കി. തുടര്‍ന്ന് ഡിക്കോക്കും ഫാഫ് ഡു പ്ലെസിയും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. വ്യക്തിഗത സ്കോര്‍ 87 റണ്‍സില്‍ നില്‍ക്കെ കസുന്‍ രജിത തന്റെ അരങ്ങേറ്റ വിക്കറ്റായി ഡിക്കോക്കിനെ പുറത്താക്കി.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഫാഫ് ഡു പ്ലെസിയ്ക്ക് അര്‍ദ്ധ ശതകം നഷ്ടമായി. അകില ധനന്‍ജയയ്ക്കായിരുന്നു ഡു പ്ലെസിയുടെയും വിക്കറ്റ്. ഇന്നിംഗ്സിലെ തന്റെ മൂന്നാമത്തെ വിക്കറ്റ് നേട്ടമായിരുന്നു അകില ധനന്‍ജയയ്ക്ക് ഇത്. ഡേവിഡ് മില്ലര്‍(3) വേഗത്തില്‍ പുറത്തായെങ്കിലും 32 റണ്‍സുമായി ജീന്‍ പോള്‍ ഡുമിനി ടീമിനെ വിജയത്തിനു 14 റണ്‍സ് അകലെ എത്തിച്ച് പുറത്തായി.

വില്യം മുല്‍ഡറും(19*) ആന്‍ഡിലേ ഫെഹ്ലുക്വായോയും(7*) ചേര്‍ന്നാണ് ടീമിന്റെ വിജയം ഉറപ്പിക്കുന്നത്. ധനന്‍ജയയ്ക്ക് പുറമേ സുരംഗ ലക്മല്‍, കസുന്‍ രജിത, തിസാര പെരേര എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

5 വിക്കറ്റ് ജയം നേടി ദക്ഷിണാഫ്രിക്ക, ബാറ്റിംഗില്‍ തിളങ്ങി ഡുമിനി, ഡിക്കോക്ക്, ഡു പ്ലെസി

ശ്രീലങ്കയ്ക്കെതിരെ അനായാസ ജയം നേടി ദക്ഷിണാഫ്രിക്ക. ജെപി ഡുമിനുയടെ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ 194 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ടീം 31 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. അകില ധനന്‍ജയയുടെ മൂന്ന് വിക്കറ്റ് നേട്ടം മാത്രമാണ് ശ്രീലങ്കന്‍ ബൗളര്‍മാരില്‍ നിന്നുള്ള മെച്ചപ്പെട്ട പ്രകടനം. തുടരെയുള്ള പന്തുകളില്‍ ഹാഷിം അംല, എയ്ഡന്‍ മാര്‍ക്രം എന്നിവരെ പുറത്താക്കിയ അകില ധനന്‍ജയ തുടക്കത്തില്‍ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചുവെങ്കിലും മൂന്നാം വിക്കറ്റില്‍ 86 റണ്‍സ് നേടി ക്വിന്റണ്‍ ഡിക്കോക്ക്-ഫാഫ് ഡു പ്ലെസി കൂട്ടുകെട്ട് ടീമിനെ വിജയത്തിനോട് അടുത്തെത്തിച്ചു.

ഡിക്കോക്കിനെയും ധനന്‍ജയ തന്നെയാണ് പുറത്താക്കിയത്. 47 റണ്‍സാണ് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ഓപ്പണര്‍ നേടിയത്. ഏതാനും ഓവറുകള്‍ക്ക് ശേഷം ഫാഫ് ഡു പ്ലെസിയെയും(47) ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. എന്നാല്‍ ജീന്‍ പോള്‍ ഡുമിനി ശ്രീലങ്കന്‍ ബൗളര്‍മാരെ കടന്നാക്രമിച്ചപ്പോള്‍ സമ്മര്‍ദ്ദത്തിനുള്ള ടീമിന്റെ ശ്രമങ്ങള്‍ ഫലം കാണാതെ പോയി.

32 പന്തില്‍ നിന്ന് 53 റണ്‍സുമായി ഡുമിനിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഒപ്പം വില്യം മുള്‍ഡര്‍ 14റണ്‍സ് നേടി നിന്നു. ശ്രീലങ്കയ്ക്കായി അകില ധനന്‍ജയ നേടിയ മൂന്ന് വിക്കറ്റുകള്‍ക്ക് പുറമേ സുരംഗ ലക്മല്‍ , ലക്ഷന്‍ സണ്ടകന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ദക്ഷിണാഫ്രിക്കയ്ക്ക് കൂടുതല്‍ പ്രതിസന്ധി, ഡിക്കോക്കും പുറത്ത്, പകരം ക്ലാസ്സന്‍ ടീമില്‍

പരിക്കേറ്റ് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡിക്കോക്കും ഏകദിന പരമ്പരയില്‍ നിന്ന് പുറത്ത്. ഏകദിന പരമ്പരയ്ക്ക് പുറമേ ടി20 പരമ്പരയിലും ക്വിന്റണിനു പങ്കെടുക്കാനാകില്ല. 2-4 ആഴ്ച വരെ വിശ്രമം വേണ്ടിവരുമെന്നാണ് ദക്ഷിണാഫ്രിക്കയുടെ മെഡിക്കല്‍ ബോര്‍ഡിന്റെ അഭിപ്രായം. താരത്തിനു പകരം ഹെയന്‍റിച്ച് ക്ലാസ്സന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേപ് ടൗണിലെ മൂന്നാം ഏകദിനത്തില്‍ ക്ലാസ്സന്‍ തന്റെ അരങ്ങേറ്റം നടത്തുവാനും ഏറെ സാധ്യതയുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഈ മൂന്ന് താരങ്ങളില്‍ ആരെ നിലനിര്‍ത്തണമെന്ന് ആരാധകരോട് ചോദിച്ച് ഡെയര്‍ ഡെവിള്‍സ്

ഇന്ത്യന്‍ യുവ രക്തങ്ങളെയും ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെയുമാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് തങ്ങളുടെ നിലനിര്‍ത്തല്‍ അവകാശം വിനിയോഗിച്ച് ടീമില്‍ എടുത്തത്. ഇനി രണ്ട് റൈറ്റ് ടു മാച്ച് കാര്‍ഡ് കൈവശമുള്ള ടീം ആരെ നിലനിര്‍ത്തണമെന്ന് ആരാധകരോട് ആവശ്യപ്പെടുകയാണ്. മൂന്ന് താരങ്ങളില്‍ നിന്ന് നിങ്ങള്‍ ആരെ നില നിര്‍ത്തുമെന്നാണ് ഡെയര്‍ ഡെവിള്‍സിന്റെ ചോദ്യം. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ കാഗിസോ റബാഡ, ക്വിന്റണ്‍ ഡിക്കോക്ക്, ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി എന്നിവരെയാണ് ടീം നിലനിര്‍ത്തല്‍ സാധ്യതകളായി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ആരാധകരുടെ താല്പര്യം ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ നിലനിര്‍ത്തണമെന്നതാണ്. ഓപ്പണിംഗ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാവുന്ന ക്വിന്റണ്‍ ഡിക്കോക്കും ടെസ്റ്റില്‍ ഒന്നാം നമ്പര്‍ ബൗളിംഗ് സ്ഥാനം അലങ്കരിച്ച കാഗിസോ റബാഡയും തങ്ങളുടെ ടീമിലേക്ക് എത്തണമെന്നാണ് ആരാധകരുടെ ആവശ്യം. ആരാധകര്‍ എന്ത് തന്നെ ചിന്തിച്ചാലും ആരെ നിലനിര്‍ത്തണമെന്ന് വ്യക്തമായ അറിവ് മാനേജ്മെന്റിനു നിലവില്‍ തന്നെയുണ്ടെന്നിരിക്കേ തങ്ങളുടെ ആരാധകരുമായി ഇടപഴകി ബന്ധം പുനസ്ഥാപിക്കുവാനുള്ള ഒരു തന്ത്രമായാണ് ഇതിനെ വിലയിരുത്തുന്നത്.

നേരത്തെ ഐപിഎല്‍ നിലനിര്‍ത്തല്‍ നയത്തില്‍ ഡല്‍ഹി ശ്രേയസ്സ് അയ്യര്‍, ഋഷഭ് പന്ത്, ക്രിസ് മോറിസ് എന്നിവരെ നിലനിര്‍ത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version