ഡാന്‍ ക്രിസ്റ്റ്യന്‍ ഓസ്ട്രേലിയൻ ടീമിൽ, നോട്ടിംഗാംഷയറിന് കനത്ത് തിരിച്ചടി

ഓസ്ട്രേലിയൻ ടീമിലേക്ക് ഡാന്‍ ക്രിസ്റ്റ്യനെ തിരിച്ചു വിളിച്ചതോടെ നോട്ടിംഗാംഷയറിന് തിരിച്ചടി. ടീമിന് വേണ്ടി ഇപ്പോൾ കൗണ്ടി കളിക്കുന്ന ഡാന്‍ ക്രിസ്റ്റ്യന്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങും. കൗണ്ടി ചാമ്പ്യന്‍ഷിപ്പിന് പുറമെ ടി20 ബ്ലാസ്റ്റും വരാനിരിക്കവേ ഡാന്‍ ക്രിസ്റ്റ്യന്‍ മടങ്ങുന്നത് ടീമിന് കനത്ത തിരിച്ചടിയാണ്. ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് ഡാന്‍ ക്രിസ്റ്റ്യന്‍.

ബെന്‍ മക്ഡര്‍മട്ട് ആണ് കൗണ്ടി കളിക്കുന്ന ഓസ്ട്രേലിയന്‍ ടീമില്‍ ഇടം പിടിച്ച മറ്റൊരു താരം. ഡര്‍ബിഷയറിന് വേണ്ടിയാണ് താരം കളിക്കുന്നത്. ഇരുവര്‍ക്കും ടി20 ബ്ലാസ്റ്റ് ഇതോടെ നഷ്ടമാകും.

ഇരുവരും ഉടന്‍ ഇംഗ്ലണ്ടിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് മടങ്ങുമെന്നാണ് അറിയുന്നത്. ഓസ്ട്രേലിയയിലെത്തിയ ശേഷം ഇരുവരും 14 ദിവസത്തെ ക്വാറന്റീനിലിരുന്ന ശേഷം മാത്രമേ ജൂൺ അവസാനത്തോടെ ഫൈനൽ സ്ക്വാഡിനൊപ്പം യാത്രയാകാനാകൂ.

ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇംഗ്ലണ്ട് താരം

ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് അറിയിച്ച് മുന്‍ ഇംഗ്ലണ്ട് താരം ഹാരി ഗുര്‍ണേ. ഇംഗ്ലണ്ടിന് വേണ്ടി 12 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇടം കൈയ്യന്‍ പേസര്‍ നോട്ടിംഗാഷയര്‍ താരം ആണ്. വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ടി20 ക്രിക്കറ്റില്‍ താരം പങ്കെടുത്തിട്ടുണ്ട്. ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി കളിച്ചിട്ടുള്ള താരം ഈ സീസണില്‍ പരിക്ക് കാരണം കളിച്ചിരുന്നില്ല. വൈറ്റാലിറ്റി ബ്ലാസ്റ്റിലും കളിക്കില്ലെന്ന് താരം നേരത്തെ പ്രഖ്യാപിച്ചുവെങ്കിലും വിരമിക്കല്‍ തീരുമാനം ആരും പ്രതീക്ഷിച്ചിരുന്നില്ല.

ഐപിഎല്‍ കൂടാതെ ബിഗ് ബാഷ്, കരീബിയന്‍ പ്രീമിയര്‍ ലീഗ്, പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് എന്നീ ടൂര്‍ണ്ണമെന്റിലും താരം പങ്കെടുത്തിട്ടുണ്ട്.

നോട്ടിംഗാംഷയറിന് വേണ്ടി കളിക്കുവാന്‍ ഡെയിന്‍ പാറ്റേര്‍സണ്‍ എത്തുന്നു, ടി20 ടീമിനെ നയിക്കാന്‍ ഡാന്‍ ക്രിസ്റ്റ്യന്‍

2021 കൗണ്ടി സീസണ്‍ കളിക്കുവാന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയിന്‍ പാറ്റേര്‍സണ്‍ എത്തുന്നു. നോട്ടിംഗാംഷയറിന് വേണ്ടിയാണ് താരം കളിക്കുന്നത്. ടീമിന്റെ വിദേശ താരമെന്ന നിലയിലാണ് ഡെയിന്‍ എത്തുന്നത്. ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ 354 വിക്കറ്രുകള്‍ നേടിയിട്ടുള്ള താരമാണ് പാറ്റേര്‍സണ്‍.

കൗണ്ടിയുടെ ടി20 ടീമിനെ നയിക്കുവാന്‍ ഡാന്‍ ക്രിസ്റ്റ്യന്‍ തിരികെ എത്തുമെന്നും ക്ലബ് അറിയിച്ചു.

2023 വരെ നോട്ടിംഗാംഷയറില്‍ തുടരുവാന്‍ തീരുമാനിച്ച് ബെന്‍ ഡക്കറ്റ്

നോട്ടിംഗാംഷയറുമായുള്ള തന്റെ കരാര്‍ 2023 വരെ നീട്ടി ബെന്‍ ഡക്കറ്റ്. നാല് വര്‍ഷത്തിന് ശേഷം ടീമിനെ തങ്ങളുടെ രണ്ടാം വൈറ്റാലിറ്റി ബ്ലാസ്റ്റ് കിരീടത്തിലേക്ക് എത്തിക്കുന്നതില്‍ പ്രധാനിയായിരുന്നു ബെന്‍ ഡക്കറ്റ്. 11 മത്സരങ്ങളില്‍ നിന്ന് 340 റണ്‍സാണ് താരം കഴിഞ്ഞ സീസണില്‍ നേടിയത്.

സറേയ്ക്കെതിരെയുള്ള ഫൈനലില്‍ താരം അര്‍ദ്ധ ശതകവും നേടിയിരുന്നു. ബോബ് വില്ലിസ് ട്രോഫിയില്‍ താരം 394 റണ്‍സ് നേടുകയും ചെയ്തിരുന്നു. രണ്ട് ശതകങ്ങളും താരം ടൂര്‍ണ്ണമെന്റില്‍ നേടി. ഡക്കറ്റ് തന്റെ കരാര്‍ ദീര്‍ഘിപ്പിച്ചതില്‍ മുഖ്യ കോച്ച് പീറ്റര്‍ മൂര്‍സ് സന്തോഷം പ്രകടിപ്പിച്ചു.

കഴിഞ്ഞ ഒരു വര്‍ഷമായി താരം വലിയ മികവ് പുലര്‍ത്തുകയാണെന്നും 2019ലെ മോശം സീസണിന് ശേഷം താരത്തിന്റെ ശക്തമായ തിരിച്ചുവരവാണ് കണ്ടതെന്നും പീറ്റര്‍ മൂര്‍സ് പറഞ്ഞു.

മുഹമ്മദ് അബ്ബാസിന്റെ കൗണ്ടി കരാര്‍ റദ്ദാക്കി നോട്ടിംഗാംഷയര്‍

പാക്കിസ്ഥാന്‍ താരം മുഹമ്മദ് അബ്ബാസിന്റെ 2020ലെ കൗണ്ടി കരാര്‍ റദ്ദാക്കി നോട്ടിംഗാംഷയര്‍. കൊറോണ കാരണം ഒട്ടനവധി താരങ്ങളുടെ കരാര്‍ കൗണ്ടി ക്ലബ്ബുകള്‍ റദ്ദാക്കിയിട്ടുണ്ട്, ആ പട്ടികയിലേക്കുള്ള പുതിയ ആളാണ് മുഹമ്മദ് അബ്ബാസ്. ഭാവിയില്‍ താരവുമായി സഹകരിക്കുവാനുള്ള ശ്രമം തുടരുമെന്നും കൗണ്ടി വ്യക്തമാക്കി.

ഓഗസ്റ്റ് 1 വരെ കൗണ്ടി ക്രിക്കറ്റ് ആരംഭിക്കില്ലെന്ന് ഇംഗ്ലണ്ട് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ജൂലൈയില്‍ വിന്‍ഡീസ് പരമ്പരയും പിന്നീട് പാക്കിസ്ഥാന്‍ പരമ്പരയുമാണ് ഇംഗ്ലണ്ടില്‍ അരങ്ങേറുവാന്‍ പോകുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍.

2020 കൗണ്ടി ചാമ്പ്യന്‍ഷിപ്പിന് മുഹമ്മദ് അബ്ബാസും, കളിക്കുക നോട്ടിംഗാംഷയറിന് വേണ്ടി

2020 കൗണ്ടി ചാമ്പ്യന്‍ഷിപ്പിനായി പാക് പേസര്‍ മുഹമ്മദ് അബ്ബാസിന്റെ സേവനം ഉറപ്പാക്കി നോട്ടിംഗാംഷയര്‍. സീസണിലെ ആദ്യത്തെ 9 മത്സരങ്ങളില്‍ താരം കൗണ്ടിയ്ക്കായി കളിക്കും. അതിന് ശേഷം ഇംഗ്ലണ്ടില്‍ പാക്കിസ്ഥാന്റെ ടെസ്റ്റ് സ്ക്വാഡിനൊപ്പം താരം ചേരും. മുമ്പ് ലെസ്റ്റര്‍ഷയറിന് വേണ്ടി ചാമ്പ്യന്‍ഷിപ്പില്‍ കളിച്ച താരം 19 മത്സരങ്ങളില്‍ നിന്ന് 79 വിക്കറ്റുകളാണ് വീഴ്ത്തിയത്.

പാക്കിസ്താനായി 15 ടെസ്റ്റുകളില്‍ അബ്ബാസ് കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്ന് 66 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റിലേക്ക് വൈകിയെത്തിയ താരമാണെങ്കിലും ഉടനടി പ്രഭാവമുണ്ടാക്കുവാന്‍ അബ്ബാസിന് സാധിച്ചുവെന്നാണ് നോട്ടിംഗാംഷയര്‍ മുഖ്യ കോച്ച് പീറ്റര്‍ മൂര്‍സ് പറയുന്നത്. ലെസ്റ്റര്‍ഷയറില്‍ കളിച്ചപ്പോള്‍ ഇംഗ്ലീഷ് സാഹചര്യങ്ങളുമായി മികച്ച രീതിയിലാണ് താരം ഇഴുകി ചേര്‍ന്നതെന്നും പീറ്റര്‍ മൂര്‍സ് വ്യക്തമാക്കി. ഇത് ടീമിന് ഗുണം ചെയ്യുമെന്നും മൂര്‍സ് അഭിപ്രായപ്പെട്ടു.

2021 വരെ കരാര്‍ നീട്ടി അലെക്സ് ഹെയല്‍സ്

നോട്ടിംഗാംഷയറുമായുള്ള തന്റെ വൈറ്റ്-ബോള്‍ കരാര്‍ 2021 വരെ നീട്ടി അലെക്സ് ഹെയല്‍സ്. 2008ലാണ് ഹെയല്‍സ് കൗണ്ടിയിലേക്ക് എത്തിയത്. തനിക്ക് വീട് പോലെയാണ് നോട്സ് എന്ന് അലെക്സ് ഹെയില്‍സ് പറഞ്ഞു. ട്രെന്റ് ബ്രിഡ്ജ് തന്റെ ഹോം ഗ്രൗണ്ടെന്ന് സംബോധന ചെയ്യാനാകുന്നത് തന്നെ തന്റെ വലിയ ഭാഗ്യമാണെന്ന് അലെക്സ് ഹെയല്‍സ് പറഞ്ഞു.

ഇംഗ്ലണ്ടിന്റെ ടീമില്‍ നിന്ന് താരത്തെ ഡ്രഗ് ടെസ്റ്റ് പരാജയപ്പെട്ടതോടെ പുറത്താക്കിയിരുന്നു. ലോകകപ്പ് സ്ക്വാഡില്‍ നിന്ന് വരെ താരം പുറത്താകുകയായിരുന്നു. താരത്തിന്റെ ക്ലബ്ബിനോടുള്ള പ്രതിബദ്ധതയും ആത്മാര്‍ത്ഥതയുമാണ് താരത്തിന് കരാര്‍ പുതുക്കി നല്‍കുവാന്‍ കാരണമെന്ന് കൗണ്ടിയുടെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് മിക്ക് ന്യൂവെല്‍ പറഞ്ഞത്.

റിക്കി വെസല്‍സ് വോര്‍സ്റ്റര്‍ഷയറിലേക്ക്

നോട്ടിംഗാംഷയറില്‍ നിന്ന് വിട ചൊല്ലി റിക്കി വെസല്‍സ്. മൂന്ന് വര്‍ഷത്തേക്കാണ് വെസല്‍സ് വോര്‍സ്റ്റര്‍ഷയറുമായി പുതിയ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 2018ല്‍ മോശം ഫോമില്‍ തുടരുകയായിരുന്ന വെസല്‍സിനു കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കി നോട്ടിംഗാംഷയര്‍ പുതിയ ബാറ്റ്സ്മാന്മാരെ ടീമിലെത്തിച്ചിരുന്നു. ബെന്‍ ഡക്കറ്റ്, ബെന്‍ സ്ലേറ്റര്‍, ജോ ക്ലാര്‍ക്ക് എന്നിവരെ അടുത്തിടെ ടീമിലെത്തിച്ചതിനെത്തുടര്‍ന്ന് റിക്കി വെസല്‍സിനുള്ള അവസരം കുറയുമെന്ന് ഏറെക്കുറെ ഉറപ്പാവുകയായിരുന്നു.

താരത്തിനു പുതിയ കൗണ്ടി തേടുന്നതിനായി നോട്ടിംഗാംഷയര്‍ താരത്തെ കരാറില്‍ നിന്ന് നേരത്തെ വിട ചൊല്ലുവാനും അനുവദിച്ചിരുന്നു. രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെട്ട വോര്‍സ്റ്റര്‍ഷയറിനു താരത്തിനെ ടീമിലെത്തിക്കാനായത് ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്.

യോര്‍ക്ക്ഷയറുമായി പുതിയ കരാറിലെത്തി മുന്‍ നോട്ടിംഗാംഷയര്‍ താരം

ഇക്കഴിഞ്ഞ കൗണ്ടി സീസണില്‍ നോട്ടിംഗാംഷയറിനു വേണ്ടി കളിച്ച ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്‍ വില്‍ ഫ്രെയിന്‍ പുതിയ കൗണ്ടി കരാറിലെത്തി. മൂന്ന് വര്‍ഷത്തേക്ക് യോര്‍ക്ക്ഷയറുമായാണ് താരം കരാറിലെത്തിയിരിക്കുന്നത്. 22 വയസ്സുകാരന്‍ താരം ഡര്‍ഹത്തിനായി കഴിഞ്ഞ വര്‍ഷമാണ് ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തിയത്. താരവുമായി കരാര്‍ പുതുക്കുവാന്‍ നോട്ടിംഗാംഷയര്‍ തയ്യാറായിരുന്നുവെങ്കിലും താന്‍ ചെറുപ്പത്തില്‍ കളിച്ച ടീമിനൊപ്പം ചേരുവാന്‍ വില്‍ ഫ്രെയിന്‍ തീരുമാനിക്കുകയായിരുന്നു.

അഞ്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള താരം ഇതുവരെ അര്‍ദ്ധ ശതകം നേടിയിട്ടില്ല. ഏഴ് ടി20യിലും മൂന്ന് ലിസ്റ്റ് എ മത്സരങ്ങളിലും വില്‍ ഫ്രെയിന്‍ കളിച്ചിട്ടുണ്ട്.

നോട്ടിംഗാംഷയറുമായി നാല് വര്‍ഷത്തെ കരാര്‍ ഒപ്പുവെച്ച് ജോ ക്ലാര്‍ക്ക്

വോര്‍സെസ്റ്റര്‍ഷയര്‍ താരം ജോ ക്ലാര്‍ക്ക് പുതിയ കൗണ്ടിയുമായി കരാറില്‍ ഏര്‍പ്പെട്ടു. ഇംഗ്ലണ്ടിലെ ഈ സീസണ്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പ് അവസാനിക്കുമ്പോള്‍ താരത്തിന്റെ വോര്‍സെസ്റ്റര്‍ഷയര്‍ കരാര്‍ അവസാനിക്കുവാനിരിക്കെയാണ് 22 വയസ്സുകാരന്‍ താരം നോട്ടിംഗാംഷയറുമായി പുതിയ കരാറിലെത്തുന്നത്. നാല് വര്‍ഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്. ക്ലബ്ബ് ഇതുവരെ ബെന്‍ ഡക്കറ്റ്, സാക്ക് ചാപ്പല്‍, ബെന്‍ സ്ലേറ്റര്‍ എന്നിവരെ ടീമിലെത്തിച്ചിട്ടുണ്ട്.

ഈ സീസണില്‍ മികച്ച ഫോമില്‍ കളിക്കുന്ന ജോ ക്ലാര്‍ക്ക് 1500ലധികം റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. ജോ ക്ലാര്‍ക്കിനെ ടീമിലെത്തിക്കുവാനായതില്‍ ഏറെ സന്തോഷമുണ്ടെ്നന് നോട്ടിംഗാംഷയര്‍ ക്രിക്കറ്റ് ഡയറക്ടര്‍ മിക് നെവെല്‍ അഭിപ്രായപ്പെട്ടു.

അഞ്ച് മത്സരങ്ങള്‍ക്കായി വിന്‍ഡീസ് താരം നോട്ടിംഗാംഷയറിലേക്ക്

2018 കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ നോട്ടിംഗാംഷയറിന്റെ ശേഷിക്കുന്ന അഞ്ച് മത്സരങ്ങള്‍ക്കായി വിന്‍ഡീസ് താരം ക്രെയിഗ് ബ്രാത്‍വൈറ്റ് കരാര്‍ ഒപ്പിട്ടു. ഹാംഷയറിനെതിരെ ഓഗസ്റ്റ് 19 ഞായറാഴ്ച നടക്കുന്ന അടുത്ത മത്സരം മുതല്‍ താരം ടീമിനൊപ്പമുണ്ടാകുമെന്നാണ് അറിയുവാന്‍ കഴിയുന്നത്. സറേ, യോര്‍ക്ക്ഷയര്‍,എസ്സെക്സ്, സോമെര്‍സെറ്റ് എന്നിവരാണ് ടീമിന്റെ മറ്റു എതിരാളികള്‍.

50നടുത്ത് ടെസ്റ്റ് മത്സരങ്ങളില്‍ പരിചയമുള്ള ക്രെയിഗിന്റെ അനുഭവസമ്പത്ത് ടീമിനു ഏറെ ഗുണം ചെയ്യുമെന്നാണ് നോട്ടിംഗാംഷയര്‍ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് മിക്ക് നെവെല്‍ അഭിപ്രായപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡിന്റെ ആവശ്യം, നോട്ടിംഗ്ഹാംഷയര്‍ കരാര്‍ റദ്ദാക്കി ഡിക്കോക്ക്

ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡിന്റെ ആവശ്യപ്രകാരം ഡിക്കോക്ക്-നോട്ടിംഗ്ഹാംഷയര്‍ എന്നിവര്‍ തമ്മിലുള്ള കരാര്‍ റദ്ദ് ചെയ്യപ്പെട്ടു. ബോര്‍ഡിന്റെ ആവശ്യപ്രകാരം താരം കരാറില്‍ നിന്ന് പിന്മാറുകയായിരുന്നു. നാല് മത്സരങ്ങളില്‍ കൗണ്ടിയ്ക്ക് വേണ്ടി ക്വിന്റണ്‍ ഡിക്കോക്ക് കളിക്കുവാന്‍ കരാറിലേര്‍പ്പെട്ടിരുന്നുവെങ്കിലും പിന്നീട് ബോര്‍ഡ് താരത്തോട് അതില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടു.

ദക്ഷിണാഫ്രിക്കയുട കേന്ദ്ര കരാറുള്ള താരമാണ് ഡിക്കോക്കെന്നും അതിനാല്‍ തന്നെ ഇതുപോലുള്ള സാഹചര്യങ്ങള്‍ മുന്‍കൂട്ടി കൗണ്ടി കണ്ടിരുന്നുവെന്നുമാണ് കൗണ്ടിയുടെ ആദ്യ പ്രതികരണം. താരത്തിന്റെ സേവനം ലഭ്യമാകാത്തതില്‍ ഏറെ സങ്കടമുണ്ടെന്നും നോട്ടിംഗ്ഹാംഷയര്‍ ക്രിക്കറ്റ് ഡയറക്ടര്‍ മിക്ക് നെവേല്‍ അഭിപ്രായപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version