ബാംഗ്ലൂര്‍ സ്പിന്നര്‍മാരുടെ സമ്മര്‍ദ്ദം അതിജീവിച്ച് മുംബൈ, വിജയ ശില്പിയായി ഹാര്‍ദ്ദിക് പാണ്ഡ്യ, ബാംഗ്ലൂരിനു ഏഴാം തോല്‍വി

ബാംഗ്ലൂര്‍ സ്പിന്നര്‍മാര്‍ ചെലുത്തിയ സമ്മര്‍ദ്ദത്തെ അതിജീവിച്ച് മുംബൈ ഇന്ത്യന്‍സ്. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ 19ാം ഓവറിലെ വെടിക്കെട്ടാണ് മത്സരം മുംബൈയ്ക്ക് അനുകൂലമാക്കി മാറ്റിയത്. 16 പന്തില്‍ നിന്ന് 37 റണ്‍സുമായി താരം പുറത്താകാതെ നിന്നപ്പോള്‍ ജയം മുംബൈയ്ക്ക് സ്വന്തമാക്കി. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിനു ശേഷം ശക്തമായ തിരിച്ചുവരവാണ് ബാംഗ്ലൂര്‍ നേടിയത്. പവര്‍പ്ലേയില്‍ 65 റണ്‍സാണ് മുംബൈ നേടിയത്. രണ്ടോവറില്‍ 22 റണ്‍സ് നേടേണ്ടിയിരുന്നപ്പോള്‍ പവന്‍ നേഗിയെറിഞ്ഞ ഓവറില്‍ തന്നെ ലക്ഷ്യം നേടുകയായിരുന്നു മുംബൈ.

പേസര്‍മാരെ അടിച്ച് തകര്‍ത്ത് മുംബൈ ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്കും-രോഹിത് ശര്‍മ്മയും ചേര്‍ന്ന് 7 ഓവറില്‍ 70 റണ്‍സ് നേടിയപ്പോള്‍ ഉമേഷ് യാദവും നവ്ദീപ് സൈനിയും മുഹമ്മദ് സിറാജുമെല്ലാം കണക്കറ്റ് പ്രഹരം വാങ്ങിക്കുകയായിരുന്നു. ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ക്വിന്റണ്‍ ഡി കോക്ക് കൂടുതല്‍ അപകടകാരിയായപ്പോള്‍ മികച്ച ഷോട്ടുകളുമായി രോഹിത് ശര്‍മ്മയും ടീമിനു മികച്ച തുടക്കമാണ് നല്‍കിയത്.

മോയിന്‍ അലി എറിഞ്ഞ എട്ടാമത്തെ ഓവറിന്റെ ആദ്യ പന്തില്‍ രോഹിത് ശര്‍മ്മയെ ക്ലീന്‍ ബൗള്‍ഡാക്കി ബാംഗ്ലൂര്‍ മത്സരത്തിലെ ആദ്യ വിക്കറ്റ് നേടി. അതേ ഓവറില്‍ തന്നെ മോയിന്‍ അലി ക്വിന്റണ്‍ ഡി കോക്കിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയപ്പോള്‍ മുംബൈ പ്രതിരോധത്തിലായി. 26 പന്തില്‍ നിന്ന് 40 റണ്‍സാണ് ഡി കോക്ക് നേടിയത്.

ഇരുവശത്ത് നിന്നും സ്പിന്നര്‍മാരെ ഇറക്കി ആക്രമിക്കുവാനുള്ള വിരാട് കോഹ്‍ലിയുടെ തന്ത്രത്തിനു മറുപടി നല്‍കുവാന്‍ ഇഷാന്‍ കിഷന്‍ സ്പിന്നര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു. 9 പന്തില്‍ നിന്ന് 21 റണ്‍സ് നേടിയ ഇഷാന്‍ കിഷന്‍ എന്നാല്‍ ചഹാലിനു വിക്കറ്റ് നല്‍കി. 104/3 എന്ന നിലയിലായ മുംബൈയെ സൂര്യകുമാര്‍ യാദവും ക്രുണാല്‍ പാണ്ഡ്യയും കരുതലോടെ സ്പിന്നര്‍മാര്‍ക്കെതിരെ അധികം റിസ്ക് എടുക്കാതെ സ്കോര്‍ 127 റണ്‍സിലേക്ക് 15 ഓവര്‍ അവസാനിച്ചപ്പോള്‍ എത്തിച്ചു.

മത്സരം അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ 45 റണ്‍സായിരുന്നു മുംബൈയുടെ വിജയലക്ഷ്യം. ചഹാലിന്റെ അവസാന ഓവറില്‍ വലിയ ഷോട്ടിനു മുതിര്‍ന്ന് 29 റണ്‍സ് നേടിയ സൂര്യകുമാര്‍ പുറത്തായതോടെ മത്സരത്തില്‍ മുംബൈ വീണ്ടും പ്രതിരോധത്തിലായി. ഓവറില്‍ നിന്ന് വെറും നാല് റണ്‍സാണ് മുംബൈയ്ക്ക് നേടാനായത്.

24 പന്തില്‍ നിന്ന് 41 റണ്‍സെന്ന ലക്ഷ്യം ചെറുക്കുവാന്‍ കോഹ്‍ലി പിന്നെ പോകേണ്ടത് പേസര്‍മാരുടെ അടുത്തായിരുന്നു. ഓവറിന്റെ ആദ്യ പന്തില്‍ സൈനിയെ ഹാര്‍ദ്ദിക് പാണ്ഡ്യ ബൗണ്ടറി നേടിയെങ്കിലും അടുത്ത നാല് പന്തില്‍ നിന്ന് വെറും രണ്ട് റണ്‍സാണ് സൈനി വഴങ്ങിയത്. എന്നാല്‍ ഓവറിലെ അവസാന പന്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നല്‍കിയ അവസരം ടിം സൗത്തി കൈവിടുകയും പന്ത് ബൗണ്ടറി പോകുകയും ചെയ്തതോടെ ലക്ഷ്യം മൂന്നോവറില്‍ 31 റണ്‍സായി മാറി.

മുഹമ്മദ് സിറാജ് എറിഞ്ഞ 18ാം ഓവറില്‍ ക്രുണാല്‍ പാണ്ഡ്യയെ പുറത്താക്കി ബാംഗ്ലൂര്‍ മത്സരം കൂടുതല്‍ ആവേശകരമാക്കി. 21 പന്തില്‍ നിന്ന് 11 റണ്‍സാണ് ക്രുണാല്‍ പാണ്ഡ്യ നേടിയത്. ഓവറില്‍ നിന്ന് 9 റണ്‍സ് മാത്രം വഴങ്ങിയെങ്കിലും ക്രുണാല്‍ പാണ്ഡ്യയയുടെ വിക്കറ്റ് നേടിയത് ബാംഗ്ലൂരിനു മികച്ചതായി. 12 പന്തില്‍ നിന്ന് 22 റണ്‍സായിരുന്നു മുംബൈയുടെ വിജയ ലക്ഷ്യം. 19ാം ഓവര്‍ എറിഞ്ഞ പവന്‍ നേഗിയുടെ ആദ്യ പന്തില്‍ റണ്‍ നേടാനായില്ലെങ്കിലും അടുത്ത നാല് പന്തില്‍ രണ്ട് സിക്സും രണ്ട് ഫോറും നേടി ഹാര്‍ദ്ദിക് മത്സരം മാറ്റി മറിയ്ക്കുകയായിരുന്നു.

ബാംഗ്ലൂര്‍ നിരയില്‍ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തത് മോയിന്‍ അലിയായിരുന്നു. 18 റണ്‍സ് മാത്രമാണ് രണ്ട് വിക്കറ്റ് നേടുവാന്‍ മോയിന്‍ അലി വിട്ട് നല്‍കിയത്. ചഹാറും തന്റെ നാലോവറില്‍ 27 റണ്‍സ് നല്‍കി 2 വിക്കറ്റ് നേടി.

മുംബൈയ്ക്ക് മികച്ച തുടക്കം നല്‍കി ഡി കോക്കും രോഹിത്തും, ജോഫ്ര ആര്‍ച്ചറിലൂടെ തിരിച്ചടിച്ച് രാജസ്ഥാന്‍

ക്വിന്റണ്‍ ഡി കോക്കും രോഹിത്ത് ശര്‍മ്മയും തുടക്കത്തില്‍ നല്‍കിയ വെടിക്കെട്ട് പ്രകടനത്തിനു ശേഷം മുംബൈയെ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി സമ്മര്‍ദ്ദത്തിലാക്കുവാന്‍ രാജസ്ഥാനു സാധിച്ചുവെങ്കിലും 20 ഓവറില്‍ നിന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് മുംബൈ നേടി. ഒരു ഘട്ടത്തില്‍ 200നു മുകളില്‍ സ്കോര്‍ ചെയ്യാനാകുമെന്ന് മുംബൈ കരുതിയെങ്കിലും ഇന്നിംഗ്സിന്റെ അവസാനത്തോടെ വിക്കറ്റുകള്‍ തുടരെ വീണതാണ് ടീമിനു തിരിച്ചടിയായത്.

ഒന്നാം വിക്കറ്റില്‍ ക്വിന്റണ്‍ ഡി കോക്കും രോഹിത് ശര്‍മ്മയും മുംബൈയ്ക്കായി 10.5 ഓവറില്‍ 96 റണ്‍സാണ് നേടിയത്. തങ്ങള്‍ ചെയ്യുന്നതൊന്നും ശരിയാകാതെ പതറുന്ന സമയത്താണ് ജോഫ്ര ആര്‍ച്ചര്‍ രോഹിത് ശര്‍മ്മയെ പുറത്താക്കി രാജസ്ഥാന് ആദ്യ വിക്കറ്റ് നേടിക്കൊടുത്തത്. 32 പന്തില്‍ നിന്ന് 47 റണ്‍സാണ് രോഹിത് ശര്‍മ്മ നേടിയത്. 6 ഫോറും 1 സിക്സുമായിരുന്നു രോഹിത്തിന്റെ നേട്ടം.

രോഹിത് പുറത്തായ ശേഷം സൂര്യകുമാറിനെയും(16) മുംബൈയ്ക്ക് നഷ്ടമായി. സ്കോര്‍ ബോര്‍ഡില്‍ 13.1 ഓവറില്‍ 117 റണ്‍സെന്നായിരുന്നു മുംബൈ അപ്പോള്‍. മത്സരം അവസാന ഓവറുകളിലേക്കെത്തിയപ്പോള്‍ വലിയ ഷോട്ടുകളുതിര്‍ക്കുവാന്‍ കഴിയാതെ പൊള്ളാര്‍ഡും പുറത്തായി. 12 പന്തില്‍ നിന്ന് 6 റണ്‍സാണ് താരം നേടിയത്. ജോഫ്ര തന്നെയാണ് രാജസ്ഥാന് വേണ്ടി വിക്കറ്റ് നേടിയത്.

19ാം ഓവറില്‍ മികച്ചൊരു ക്യാച്ചിലൂടെ ജോസ് ബട്‍ലര്‍ ക്വിന്റണ്‍ ഡി കോക്കിനെ പുറത്താക്കിയപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് മത്സരത്തിലെ മൂന്നാമത്തെ വിക്കറ്റ് ലഭിച്ചു. 52 പന്തില്‍ നിന്ന് 81 റണ്‍സ് നേടി മടങ്ങുമ്പോള്‍ ഡി കോക്ക് 4 സിക്സും 6 ബൗണ്ടറിയം നേടി. 11 പന്തില്‍ നിന്ന് 28 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഹിറ്റിംഗാണ് 187 റണ്‍സിലേക്ക് മുംബൈയെ എത്തിച്ചത്. 3 സിക്സാണ് ഹാര്‍ദ്ദിക് പാണ്ഡ്യ നേടിയത്.

രാജസ്ഥാന്‍ നിരയില്‍ മൂന്ന് വിക്കറ്റ് നേടിയ ജോഫ്ര ആര്‍ച്ചറിനു പുറമേ ജയ്ദേവ് ഉനഡ്കടും ധവാല്‍ കുല്‍ക്കര്‍ണ്ണിയും ഓരോ വിക്കറ്റ് നേടി. അതേ സമയം ശ്രേയസ്സ് ഗോപാല്‍ 4 ഓവറില്‍ 21 റണ്‍സ് മാത്രമാണ് വിട്ട് നല്‍കിയത്.

മികച്ച തുടക്കത്തിനു ശേഷം മുംബൈ ഇന്ത്യന്‍സിനെ വരുതിയിലാക്കി കിംഗ്സ് ഇലവന്‍ പഞ്ചാബ്

ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ക്വിന്റണ്‍ ഡി കോക്കും നല്‍കിയ സ്വപ്ന തുടക്കത്തിനു ശേഷം മുംബൈ ഇന്ത്യന്‍സിന്റെ റണ്ണൊഴുക്കിനു തടയിട്ട് കിംഗ്സ് ഇലവന്‍ പഞ്ചാബ്. മത്സരത്തില്‍ ടോസ് നേടിയ കിംഗ്സ് ഇലവന്‍ പഞ്ചാബ് മുംബൈയെ ബാറ്റിംഗിനയയ്ച്ചു. തുടര്‍ന്ന് പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ 50 റണ്‍സ് മുംബൈ കടക്കുകയായിരുന്നു. 19 പന്തില്‍ നിന്ന് 32 റണ്‍സ് നേടിയ രോഹിത്തിനെയാണ് മുംബൈയ്ക്ക് ആദ്യം നഷ്ടമായത്. താരത്തിനെ ഹാര്‍ഡസ് വില്‍ജോയന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. എന്നാല്‍ രോഹിത് തീരുമാനം റിവ്യൂ ചെയ്യാതിരുന്നത് മത്സരത്തിലെ ടേണിംഗ് പോയിന്റായി മാറി. റിവ്യൂ പ്രകാരം അത് ഔട്ട് ആവില്ലായിരുന്നുവെന്നാണ് റിപ്ലേകള്‍ കാണിച്ചത്.

രോഹിത് മടങ്ങി അടുത്ത ഓവറില്‍ മുംബൈയ്ക്ക് സൂര്യകുമാര്‍ യാദവിനെ(11) നഷ്ടമായി. മുരുഗന്‍ അശ്വിനായിരുന്നു വിക്കറ്റ്. അതേ സമയം തന്റെ വേഗതയേറിയ ഇന്നിംഗ്സ് തുടര്‍ന്ന ക്വിന്റണ്‍ ഡി കോക്ക് തന്റെ അര്‍ദ്ധ ശതകം തികച്ചു. 39 പന്തില്‍ നിന്ന് 60 റണ്‍സ് നേടിയ ഡി കോക്കിനെ മുഹമ്മദ് ഷമി പുറത്താക്കിയപ്പോള്‍ 18 റണ്‍സ് നേടിയ യുവരാജ് സിംഗിനെ പുറത്താക്കി മുരുഗന്‍ അശ്വിന്‍ തന്റെ രണ്ടാം വിക്കറ്റ് നേടി. 4 ഓവറില്‍ വെറും 25 റണ്‍സിനാണ് മുരുഗന്‍ അശ്വിന്‍ തന്റെ രണ്ട് വിക്കറ്റുകള്‍ നേടിയത്.

19 പന്തില്‍ 31 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയും അവസാന ഓവറില്‍ പുറത്തായപ്പോള്‍ മുംബൈയുടെ ഇന്നിംഗ്സ് 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സില്‍ അവസാനിച്ചു. മുരുഗന്‍ അശ്വിനു പുറമെ മുഹമ്മദ് ഷമി, ഹാര്‍ഡസ് വില്‍ജോയന്‍ എന്നിവരും രണ്ട് വീതം വിക്കറ്റ് നേടി. ആന്‍ഡ്രൂ ടൈയ്ക്ക് ഒരു വിക്കറ്റും ലഭിച്ചു.

ആദ്യ മത്സരത്തില്‍ ബുംറ ഫോംഔട്ട് ആയത് ഒറ്റപ്പെട്ട സംഭവം, എബിയെ വേഗത്തില്‍ പുറത്താക്കിയാല്‍ ജയം ഉറപ്പ്

ജസ്പ്രീത് ബുംറ ആദ്യ മത്സരത്തില്‍ തല്ല് വാങ്ങിക്കൂട്ടിയത് ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് ക്വിന്റണ്‍ ഡി കോക്ക്. കഴിഞ്ഞ വര്‍ഷം ബാംഗ്ലൂരിനു വേണ്ടി കളിച്ചപ്പോള്‍ താരത്തിനെതിരെ കളിച്ച അനുഭവത്തില്‍ ബുംറ ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണെന്നും അത് താരം തെളിയിച്ചിട്ടുള്ളതാണെന്നും പിന്നീട് മുംബൈയിലെത്തിയ ക്വിന്റണ്‍ ഡി കോക്ക് വ്യക്തമാക്കി. അത്തരം വലിയ താരങ്ങള്‍ക്കും ചില ദിവസങ്ങളില്‍ മോശം ഫോം പിടിപെട്ടേക്കാം. അതില്‍ വലിയ കാര്യമില്ലെന്നും അത് ഒറ്റപ്പെട്ട സംഭവമാണെന്നും ക്വിന്റണ്‍ ഡി കോക്ക് വ്യക്തമാക്കി.

ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടുവെങ്കിലും തങ്ങള്‍ ശക്തമായിതന്നെ രണ്ടാം മത്സരത്തില്‍ തിരിച്ചുവരുമെന്നും ക്വിന്റണ്‍ വ്യക്തമാക്കി. എബി ഡി വില്ലയേഴ്സിന്റെ വിക്കറ്റ് എത്ര പെട്ടെന്ന് നേടുന്നുവോ അത്രയും പെട്ടെന്ന് മത്സരത്തില്‍ മുംബൈ സുരക്ഷിത സ്ഥാനത്തെത്തിയെന്നതാണ് സത്യാവസ്ഥയെന്ന് ക്വിന്റണ്‍ വ്യക്തമാക്കി. താരത്തെ പുറത്താക്കുവാനുള്ള പദ്ധതി തങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട് അല്ലേല്‍ താരത്തിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും പിശകുണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും ഡി കോക്ക് ആശിച്ചു.

85 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഉസ്മാന്‍ ഖവാജ

തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച റാങ്കിലേക്ക് ഏകദിനത്തില്‍ എത്തി ഓസ്ട്രേലിയയുടെ ഉസ്മാന്‍ ഖവാജ. 383 റണ്‍സ് നേടി തന്റെ കന്നി ശതകം ഉള്‍പ്പെടെ രണ്ട് ശതകങ്ങളാണ് താരം ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയില്‍ നേടിയത്. 85 സ്ഥാനങ്ങളാണ് തന്റെ ഈ മാസ്മരിക ഇന്നിംഗ്സ് പ്രകടനങ്ങളിലൂടെ ഖവാജ മെച്ചപ്പെടുത്തിയത്. 25ാം റാങ്കിലേക്കാണ് താരം ഇപ്പോള്‍ എത്തിയത്.

അതേ സമയം ശ്രീലങ്കയ്ക്കെതിരെ ശതകവും മൂന്ന് അര്‍ദ്ധ ശതകങ്ങളും നേടിയ ക്വിന്റണ്‍ ഡി കോക്ക് ഏകദിന റാങ്കിംഗില്‍ നാലാം സ്ഥാനത്തേക്ക് കുതിച്ചു. ഫാഫ് ഡു പ്ലെസിയും ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്ത് നിലകൊള്ളുന്നു. ഏകദിനത്തിലേക്ക് തിരിച്ചു വന്ന് ഇംഗ്ലണ്ടിനെതിരെ അതിമാരകമായ ഫോം പ്രകടിപ്പിച്ച ക്രിസ് ഗെയില്‍ 35 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 41ാം റാങ്കിലേക്ക് ഉയര്‍ന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ രണ്ട് ശതകങ്ങള്‍ ഉള്‍പ്പെടെ 424 റണ്‍സാണ് ഗെയില്‍ അടിച്ചെടുത്തത്.

വിരാട് കോഹ്‍ലി തന്നെയാണ് റാങ്കിംഗില്‍ ഒന്നാമത്. രോഹിത് ശര്‍മ്മ രണ്ടാം സ്ഥാനത്തും തുടരുന്നു.

ഡികോക്ക് വെടിക്കെട്ടിനു ശേഷം മഴ, 24 ഓവറായി ചുരുക്കിയ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് തോല്‍വി

ഡര്‍ബനിലെ കിംഗ്സ്മെയിഡ് സ്റ്റേഡിയത്തില്‍ ക്വിന്റണ്‍ ഡി കോക്കിന്റെ വെടിക്കെട്ട് പ്രകടനത്തിനു ശേഷം വില്ലനായി മഴയെത്തിയപ്പോള്‍ 24 ഓവറായി ചുരുക്കിയ മത്സരത്തില്‍ ലങ്കയ്ക്ക് തോല്‍വി. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് ശ്രീലങ്ക മൂന്നാം ഏകദിനവും പരാജയപ്പെട്ടതോടെ പരമ്പര കൈവിടുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 331/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ശ്രീലങ്കയുടെ ബാറ്റിംഗ് തുടങ്ങി മഴ വില്ലനായി എത്തുകയായിരുന്നു. പിന്നീട് 24 ഓവറില്‍ 193 റണ്‍സായി ലക്ഷ്യം പുനര്‍നിശ്ചയിച്ചുവെങ്കിലും ലങ്കയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സേ നേടാനായുള്ളു. 71 റണ്‍സിന്റെ ജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്.

108 പന്തില്‍ നിന്ന് 121 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കിനൊപ്പം റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍(50), ഡേവിഡ് മില്ലര്‍(41*), ഡ്വെയിന്‍ പ്രിട്ടോറിയസ്(31), ആന്‍ഡിലെ ഫെഹ്ലുക്വായോ(15 പന്തില്‍ 38*) എന്നിവരുടെ കസറിയപ്പോള്‍ ദക്ഷിണാഫ്രിക്ക 331 റണ്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടി. ലങ്കയ്ക്കായി ഇസ്രു ഉഡാന രണ്ട് വിക്കറ്റ് നേടി.

മഴയ്ക്ക് ശേഷം ലങ്കയ്ക്ക് 8 ഓവറില്‍ നിന്ന് വിജയിക്കുവാന്‍ 118 എന്ന ശ്രമകരമായ ദൗത്യമായിരുന്നു ഉണ്ടായിരുന്നത്. 16 ഓവറുകള്‍ പിന്നിട്ടപ്പോള്‍ 75/2 എന്ന നിലയിലായിരുന്നു ലങ്ക. 25 റണ്‍സുമായി ഒഷാഡ ഫെര്‍ണാണ്ടോയും 19 റണ്‍സുമായി കുശല്‍ മെന്‍ഡിസുമായിരുന്നു ക്രീസില്‍. പിന്നീട് കളി പുനരാരംഭിച്ച് ആദ്യ പന്തില്‍ തന്നെ തബ്രൈസ് ഷംസി ഒഷാഡയെ പുറത്താക്കി. കുശല്‍ മെന്‍ഡിസ് 31 പന്തില്‍ നിന്ന് 41 റണ്‍സ് നേടി താഹിറിനു വിക്കറ്റ് നല്‍കി മടങ്ങിയതോടെ ലങ്കയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു.

24 ഓവറുകള്‍ പിന്നിട്ടപ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സില്‍ ലങ്കയുടെ ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ 71 റണ്‍സ് വിജയം ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ഇമ്രാന്‍ താഹിര്‍ തന്റെ 5 ഓവറില്‍ 19 റണ്‍സ് വിട്ട് നല്‍കി 2 വിക്കറ്റ് വീഴ്ത്തി.

ഡികോക്കിനു ശതകം നഷ്ടം, ഫാഫ് ഡു പ്ലെസിയുടെ അര്‍ദ്ധ ശതകത്തിനു ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി ലങ്ക

220/4 എന്ന നിലയില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ 251 റണ്‍സിനു ഓള്‍ഔട്ട് ആക്കി മികച്ച തിരിച്ചുവരവ് നടത്തി ശ്രീലങ്ക. ക്വിന്റണ്‍ ഡികോക്കിനു ശതകം നഷ്ടമായ മത്സരത്തില്‍ അര്‍ദ്ധ ശതകം നേടിയ ഫാഫ് ഡു പ്ലെസി പുറത്തായതോടെയാണ് ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ച തുടങ്ങിയത്. ഒന്നാം വിക്കറ്റില്‍ 91 റണ്‍സ് നേടിയ ഡികോക്ക്-റീസ ഹെന്‍ഡ്രിക്സ് കൂട്ടുകെട്ടിനെ മലിംഗ തകര്‍ത്തപ്പോള്‍ ഹെന്‍ഡ്രിക്സ് നേടിയത് 29 റണ്‍സായിരുന്നു.

അധികം വൈകാതെ തിസാര പെരേര ഡികോക്കിനെയും(94) റാസ്സി വാന്‍ ഡെര്‍ ഡൂസ്സനെയും(2) പുറത്താക്കിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ച ആരംഭിച്ചു. 57 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിയും പുറത്തായ ശേഷം 31 റണ്‍സ് കൂടി നേടുന്നതിനിടയില്‍ ദക്ഷിണാഫ്രിക്കയുടെ ആറ് വിക്കറ്റുകള്‍ നിലം പതിച്ചു. 45.1 ഓവറിലാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് അവസാനിച്ചത്.

ലങ്കയ്ക്കായി തിസാര പെരരേ മൂന്നും ലസിത് മലിംഗ, വിശ്വ ഫെര്‍ണാണ്ടോ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടുകയായിരുന്നു.

ദക്ഷിണാഫ്രിക്കയില്‍ നിന്ന് മാത്രം 2000 ഏകദിന റണ്‍സ് തികച്ച് ക്വിന്റണ്‍ ഡി കോക്ക്, വേഗതയില്‍ ഡെസ്മണ്ട് ഹെയിന്‍സിനു പിന്നില്‍ രണ്ടാമത്

ഏകദിനത്തില്‍ ഒരു രാജ്യത്ത് കളിച്ച് 2000 റണ്‍സ് പൂര്‍ത്തിയാക്കി ക്വിന്റണ്‍ ഡികോക്ക്. ഇന്ന് ശ്രീലങ്കയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി മുന്നേറുന്നതിനിടയിലാണ് ഈ നേട്ടം ഡികോക്ക് സ്വന്തമാക്കിയത്. വിന്‍ഡീസിന്റെ ഡെസ്മണ്ട് ഹെയിന്‍സ് വിന്‍ഡീസില്‍ 36 ഏകദിനത്തില്‍ നിന്ന് രണ്ടായിരം റണ്‍സ് പൂര്‍ത്തിയാക്കിയപ്പോള്‍ 37 ഇന്നിംഗ്സില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കി ഡികോക്ക് രണ്ടാം സ്ഥാനത്തെത്തുകയായിരുന്നു.

ഹാഷിം അംല 38 ഇന്നിംഗ്സുകളിലും വിവ് റിച്ചാര്‍ഡ്സും രോഹിത് ശര്‍മ്മയും 42 ഇന്നിംഗ്സുകളില്‍ നിന്നും ഈ നേട്ടം കരസ്ഥമാക്കിയ താരങ്ങളാണ്. അംലയും രോഹിതും തങ്ങളുടെ രാജ്യമായ ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും ആണ് ഈ നേട്ടം സ്വന്തമാക്കിയതെങ്കില്‍ വിവ് റിച്ചാര്‍ഡ്സ് ഓസ്ട്രേലിയന്‍ മണ്ണിലാണ് നിന്നാണ് ഈ നേട്ടം തികച്ചത്.

ടെസ്റ്റിലെ തോല്‍വി മറക്കാനാകില്ലെങ്കിലും ഏകദിനത്തില്‍ ജയിച്ച് തുടങ്ങി ദക്ഷിണാഫ്രിക്ക

ശ്രീലങ്കയോടെ ടെസ്റ്റ് പരമ്പര കൈവിട്ട നാണക്കേടില്‍ നിന്ന് അല്പം ആശ്വാസമായി ഏകദിനത്തില്‍ വിജയിച്ച് തുടങ്ങി ദക്ഷിണാഫ്രിക്ക. ഇന്ന് ജോഹാന്നസ്ബര്‍ഗിലെ വാന്‍ഡറേഴ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 231 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. പരിക്കില്‍ നിന്ന് മുക്തനായി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ലുംഗിസാനി ഗിഡിയ്ക്കൊപ്പം കണിശതയോടെ പന്തെറിഞ്ഞ ഇമ്രാന്‍ താഹിറും 3 വിക്കറ്റ് നേടിയ മത്സരത്തില്‍ 47 ഓവറില്‍ ശ്രീലങ്കയുടെ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു.

49 റണ്‍സ് നേടിയ ഒഷാഡ ഫെര്‍ണാണ്ടോയും 60 റണ്‍സ് നേടിയ കുശല്‍ മെന്‍ഡിസും തിളങ്ങിയ മത്സരത്തില്‍ കുശല്‍ പെരേര(33), ധനന്‍ജയ ഡിസില്‍വ(39) എന്നിവരും തിളങ്ങിയെങ്കിലും ബൗളര്‍മാര്‍ക്ക് ആവശ്യത്തിനുള്ള സ്കോര്‍ നല്‍കുവാന്‍ ലങ്കയ്ക്കായിരുന്നില്ല. താഹിര്‍ തന്റെ പത്തോവറില്‍ വെറും 26 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് മൂന്ന് വിക്കറ്റ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി 112 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിയും 81 റണ്‍സ് നേടിയ ക്വിന്റണ്‍ ഡിക്കോക്കുമാണ് വിജയ ശില്പികള്‍. രണ്ടാം ഓവറില്‍ റീസ ഹെന്‍ഡ്രിക്സിനെ നഷ്ടമായെങ്കിലും ഡികോക്ക്-ഡുപ്ലെസി കൂട്ടുകെട്ട് 136 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടിയാണ് ചെറിയ സ്കോര്‍ അനായാസം മറികടക്കുവാനുള്ള അടിത്തറ ആതിഥേയര്‍ക്ക് നല്‍കിയത്. ഡികോക്ക് പുറത്തായ ശേഷം റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍ 32 റണ്‍സുമായി പുറത്താകാതെ ഫാഫ് ഡു പ്ലെസിയ്ക്കൊപ്പം വിജയം കുറിയ്ക്കുവാന്‍ ദക്ഷിണാഫ്രിക്കയെ സഹായിച്ചു. 2 വിക്കറ്റുകളുടെ നഷ്ടത്തില്‍ 38.5 ഓവറിലാണ് ടീമിന്റെ വിജയം. ഫാഫ് ഡു പ്ലെസിയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ഇത് ദക്ഷിണാഫ്രിക്കയുടെ ഹോം സിരീസോ, പോര്‍ട്ട് എലിസബത്തിലും നാണംകെട്ട് ആതിഥേയര്‍, നാല് ബാറ്റ്സ്മാന്മാര്‍ പൂജ്യത്തിനു പുറത്ത്

ഡര്‍ബനിലേതിനു പിന്നാലെ പോര്‍ട്ട് എലിസബത്തിലും ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ദക്ഷിണാഫ്രിക്ക. ഇന്ന് രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം 61.2 ഓവറില്‍ 222 റണ്‍സിനു ടീം ഓള്‍ഔട്ട് ആവുകയായിരുന്നു. 15/3 എന്ന നിലയില്‍ നിന്ന് കരകയറിയെങ്കിലും വലിയൊരു സ്കോര്‍ നേടുവാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചില്ല. ക്വിന്റണ്‍ ഡി കോക്ക് 86 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ എയ്ഡന്‍ മാര്‍ക്രം 60 റണ്‍സ് നേടി.

കാഗിസോ റബാഡ(22), ഫാഫ് ഡു പ്ലെസി(25) എന്നിവരൊഴികെ ആര്‍ക്കും രണ്ടക്കം പോലും നേടാനായില്ല. ശ്രീലങ്കയ്ക്കായി വിശ്വ ഫെര്‍ണാണ്ടോയും കസുന്‍ രജിതയും മൂന്ന് വീതം വിക്കറ്റും ധനന്‍ജയ ഡിസില്‍വ രണ്ട് വിക്കറ്റും നേടി. ഇന്നിംഗ്സില്‍ ഡി കോക്ക്-മാര്‍ക്രം കൂട്ടുകെട്ട് നേടിയ 67 റണ്‍സ് ആണ് ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സിലെ ഏറ്റവും ഉയര്‍ന്ന ബാറ്റിംഗ് പാര്‍ട്ണര്‍ഷിപ്പ്.

മാസ്മരിക ഇന്നിംഗ്സ്, 58 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കുശല്‍ പെരേര

ടീമിനെ ചരിത്ര വിജയത്തിലേക്ക് നയിച്ച കുശല്‍ പെരേരയ്ക്ക് ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗില്‍ മികച്ച നേട്ടം. 153 റണ്‍സ് നേടി പുറത്താകാതെ നിന്ന താരം 58 സ്ഥാനങ്ങള്‍ മെച്ചപ്പെടടുത്തി കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗ് ആയ 40ലേക്ക് എത്തുകയായിരുന്നു. ഡര്‍ബനിലെ ആദ്യ ഇന്നിംഗ്സിലും 51 റണ്‍സ് നേടുവാന്‍ പെരേരയ്ക്ക് സാധിച്ചിരുന്നു.

ഫാഫ് ഡു പ്ലെസി ആദ്യമായി ആദ്യ പത്ത് സ്ഥാനത്തിനുള്ളിലേക്ക് എത്തിയിട്ടുണ്ട്. ഡര്‍ബനില്‍ 35, 90 എന്നിങ്ങനെ സ്കോറുകള്‍ നേടിയ ഫാഫ് 7 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് 10ാം സ്ഥാനത്തേക്കുയര്‍ന്നത്. ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണാരത്നയൊടൊപ്പമാണ് ഫാഫ് പത്താം സ്ഥാനം പങ്കുവയ്ക്കുന്നത്. ക്വിന്റണ്‍ ഡിക്കോക്ക് നാല് സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട്.

259 റണ്‍സിനു പുറത്തായി ദക്ഷിണാഫ്രിക്ക, ശ്രീലങ്കയ്ക്ക് 304 റണ്‍സ് വിജയലക്ഷ്യം, 3 വിക്കറ്റ് നഷ്ടം

ശ്രീലങ്കയ്ക്ക് ഡര്‍ബനില്‍ 304 റണ്‍സ് വിജയ ലക്ഷ്യം. ലസിത് എംബുല്‍ദെനിയയും വിശ്വ ഫെര്‍ണാണ്ടോയും മികവ് പുലര്‍ത്തിയപ്പോള്‍ 259 റണ്‍സിനു ഓള്‍ഔട്ട് ആയി ദക്ഷിണാഫ്രിക്ക. 126/4 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ആതിഥേയര്‍ക്ക് 133 റണ്‍സ് കൂടിയാണ് മത്സരത്തിന്റെ മൂന്നാം ദിവസം നേടാനായത്. 90 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിയും 55 റണ്‍സുമായി ഡി കോക്കും ടീമിനെ മുന്നോട്ട് നയിച്ചുവെങ്കിലും ഡികോക്കും ഫാഫും പുറത്തായ ശേഷം ദക്ഷിണാഫ്രിക്ക ചീട്ട് കൊട്ടാരം പോലെ തകരുകയായിരുന്നു. 251/5 എന്ന നിലയില്‍ നിന്ന് 259 റണ്‍സിനു ഓള്‍ഔട്ട് ആവുമ്പോള്‍ എട്ട് റണ്‍സിനാണ് ടീമിനു ശേഷിക്കുന്ന 5 വിക്കറ്റ് നഷ്ടമായത്. ലസിത് എംബുല്‍ദെനിയ അഞ്ചും വിശ്വ ഫെര്‍ണാണ്ടോ 4 വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 83/3 എന്ന നിലയിലാണ്. 20 റണ്‍സ് നേടിയ ദിമുത് കരുണാരത്നേയും ലഹിരു തിരിമന്നേ(21), കുശല്‍ മെന്‍ഡിസ്(0) എന്നിവരെ ടീമിനു നഷ്ടമായപ്പോള്‍ ഒഷാഡ ഫെര്‍ണാണ്ടോയും(28*) കുശല്‍ പെരേരയുമാണ്(12*) ക്രീസില്‍ നില്‍ക്കുന്നത്. വിജയത്തിനായി ഏഴ് വിക്കറ്റ് അവശേഷിക്കെ 221 റണ്‍സാണ് ലങ്ക നേടേണ്ടത്.

മൂന്നാം ദിവസത്തെ കളി മഴ മൂലം നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.

Exit mobile version