ഫിഫ ലോകകപ്പ് 2022; ഗ്രൂപ്പ് H, അവസാന ഗ്രൂപ്പിലെ റൊണാൾഡോയുടെ അവസാന ചാൻസ് | Exclusive

2022 ഖത്തർ ഫിഫ ലോകകപ്പ് ടൂർണമെന്റ് എട്ടാമത്തെയും, അവസാനത്തെയും ഗ്രൂപ്പായ H ഗ്രൂപ്പിൻ്റെ അത്ര വൈവിധ്യമുള്ള ഒരു ഗ്രൂപ്പ് വേറെയില്ല. ഇതിലെ ടീമുകളുടെ പേരുകൾ നോക്കൂ, യൂറോപ്പിൽ നിന്ന് പോർച്ചുഗൽ, ആഫ്രിക്കയിൽ നിന്ന് ഘാന, ഏഷ്യയിൽ നിന്ന് ദക്ഷിണ കൊറിയ, സൗത്ത് അമേരിക്കയിൽ നിന്ന് യുറുഗ്വേ. അതെ സമയം ഈ ഗ്രൂപ്പിൽ നിന്ന് ഒരു ടീം പോലും അവസാന 8ൽ എത്തും എന്ന പ്രതീക്ഷ ആർക്കുമില്ല!

ക്രിസ്ത്യാനോ റൊണാൾഡോ അംഗമായുള്ള പോർച്ചുഗൽ ടീം ആ ഗ്രൂപ്പിൽ ടോപ് ചെയ്യും എന്നല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ട. 37 വയസ്സായ റൊണാൾഡോയുടെ തോളത്തു കയറി വേൾഡ് കപ്പ് നേടാമെന്ന ആഗ്രഹം ഉണ്ടെങ്കിൽ അത് മാറ്റി വച്ചേക്കൂ. പോർച്ചുഗൽ ടീമിലെ ഒട്ടനവധി അംഗങ്ങൾ കളിക്കുന്ന പ്രീമിയർ ലീഗിലെ വോൾവർഹാംപ്ടൺ അഥവാ വുൾവ്‌സിൻ്റെ സ്ഥിതി ഒന്ന് കണ്ടു നോക്കൂ, നിങ്ങൾക്ക് കാര്യങ്ങളുടെ കിടപ്പ് വശം മനസ്സിലാകും.

പക്ഷെ നാല് പോർച്ചുഗീസ് കളിക്കാർ ബാലൺ ഡി ഓർ പട്ടികയിൽ പെട്ടിരുന്നു എന്ന കാര്യം മറക്കരുത്. കാര്യം റൊണാൾഡോ 100 മീറ്റർ സെക്കൻഡുകൾക്കുള്ളിൽ ഓടുമായിരിക്കും, മറ്റാരേക്കാളും ഉയരത്തിൽ ചാടുമായിരിക്കും, പക്ഷെ ഇത്ര പ്രതിഭകളുള്ള ടീമിന് ഒരു കളിക്കാരനിൽ മാത്രം ആശ്രയിക്കേണ്ട കാര്യമില്ല. എങ്കിലും ഒരു ടീം എന്ന നിലക്ക് അവർ ക്ലിക്ക് ആയിട്ടില്ല.

ഖത്തറിലേക്ക് വിമാനം കയറാനുള്ള സാധ്യത തെളിഞ്ഞത് തന്നെ അത്ര എളുപ്പത്തിലല്ല എന്ന് ഓർക്കണം. കുഴപ്പം കോച്ച് സാന്റോസിൻ്റെ തന്ത്രങ്ങൾക്കാണ് എന്ന് പറയുന്നവരുണ്ട്. ഇംഗ്ലണ്ടിലെ ബെറ്റിങ് സൈറ്റുകളിൽ ഒന്ന് പോലും പോർച്ചുഗലിന് സാധ്യത പറയുന്നില്ല. അത് കൊണ്ട് തന്നെ റൊണാൾഡോയുടെ വേൾഡ് കപ്പ് കളിക്കാനുള്ള അവസാന ചാൻസ് ആയി മാത്രം ഈ വേൾഡ് കപ്പിനെ പോർച്ചുഗീസ് കണ്ടാൽ മതി.

മുൻകാല പ്രഭാവത്തിൽ ഇന്നും ലോക ഫുട്ബാളിൽ ആദരവോടെ പറഞ്ഞു കേൾക്കുന്ന പേരാണ് യുറുഗ്വേ. പക്ഷെ അവരും ഇന്ന് പേരിൽ മാത്രം ഒതുങ്ങുന്ന കാഴ്ചയാണ് കാണുന്നത്. അവസാന വേൾഡ് കപ്പ് കളിക്കുന്ന കവാനിയും, സുവാരസും അടങ്ങിയ ടീമിന് ഗ്രൂപ്പ് ജേതാക്കൾ ആകാൻ കഴിഞ്ഞേക്കും. ആക്രമിച്ചു കളിച്ചു ലോക നിലവാരമുള്ള ഫുട്ബാൾ ടീമുകളെ തോൽപ്പിക്കാൻ കഴിവുള്ള കളിക്കാർ യുറുഗ്വേ നിരയിൽ ഇല്ല.

അവരുടെ ഡിഫൻസീവ് കളി കൊണ്ട് റൗണ്ട് ഓഫ് 16 അപ്പുറം കടക്കാൻ സാധിക്കും എന്ന് തോന്നുന്നില്ല. ഫുട്ബോൾ വിദഗ്ധർ വേൾഡ് കപ്പ് ഉയർത്താൻ സാധ്യതയുള്ള ടീമുകളുടെ പട്ടികയിൽ ഈ ടീമിനെ ഉൾപ്പെടുത്താൻ മടിക്കുകയാണ്.

ഫിഫ ലോകകപ്പ് ടൂർണമെന്റിലെ 1986 മുതൽ ഇങ്ങോട്ടുള്ള എല്ലാ വേൾഡ് കപ്പിലും കളിച്ചിട്ടുള്ള ദക്ഷിണ കൊറിയ ഗ്രൂപ്പ് സ്റ്റേജ് കടക്കുക എന്ന ചെറിയ ആഗ്രഹവുമായാണ് എത്തുന്നത്. അതിനപ്പുറത്തേക്ക് അവർക്കു സാധ്യതയുമില്ല.

ഘാനയുടെ കാര്യവും ഏതാണ്ട് ഇത് പോലെ തന്നെ. വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലാതെ, അടുപ്പിച്ചു മൂന്ന് തവണ ഫിഫ ലോകകപ്പ് ടൂർണമെന്റിൽ കളിച്ച ശേഷം കഴിഞ്ഞ തവണ ക്വാളിഫൈ ചെയ്യാതിരുന്ന ഘാന, അടുത്ത റൗണ്ടിലേക്ക് കടക്കാൻ കിണഞ്ഞു ശ്രമിക്കും. 2010ലെ വേൾഡ് കപ്പ് മാച്ചിൽ സുവാരസിൻ്റെ ഹാൻഡ്ബാൾ ഗോളിന് പകരം ചോദിയ്ക്കാൻ ഉള്ള അവസരമായി കൂടി ഘാനയിൽ പലരും ഈ വേൾഡ് കപ്പിനെ കാണുന്നുണ്ട്.

ഉത്തേജിപ്പിക്കുന്ന കളി പുറത്തെടുക്കാൻ മിടുക്കരാണ് ഈ ആഫ്രിക്കൻ ടീം. ടീമിൽ അവസാന നിമിഷം പല മാറ്റങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. യൂറോപ്പിലെ പ്രകടനത്തിൻ്റെ ബലത്തിൽ മുൻ ഘാന കളിക്കാരൻ ജെഫ്രി ഷാൽപ്പ്സ് പിന്നെ എൻകെതിയ, ഒഡോയ് എന്നിവർ വരും എന്ന് കേൾക്കുന്നു. ഒരു ഭൂഖണ്ഡത്തിൻ്റെ മുഴുവൻ പിന്തുണ ഇവർക്കുണ്ടാകും, പക്ഷെ അത് കൊണ്ട് മാത്രം കാര്യമായില്ലല്ലോ.

സാധാരണയായുള്ള ഫുട്ബോൾ കലണ്ടറിൽ പൊതുവെ കളിക്കാർ ഒരു ബ്രേക് എടുക്കുന്ന സമയത്താണ് ഇത്തവണ കളി വച്ചിരിക്കുന്നത്. ക്ലബ്ബ് ഫുട്ബോൾ ഷെഡ്യൂളിന്റെ മധ്യത്തിൽ വച്ചാകുന്നത് കൊണ്ട് കളിക്കാർ എല്ലാവരും തന്നെ നല്ല ഫോമിൽ ആകും കളത്തിൽ ഇറങ്ങുക.

മാത്രമല്ല വിന്റർ ട്രാൻസ്ഫർ സാധ്യതയുള്ളത് കൊണ്ട് മികച്ച പ്രകടനം നടത്താൻ കളിക്കാർ ശ്രമിക്കും. എങ്കിലും ഈ ഗ്രൂപ്പിൽ നിന്ന് ആരെങ്കിലും വേൾഡ് കപ്പ് ഉയർത്തും എന്ന സ്വപ്നം കാണുന്നതിൽ കാര്യമില്ല, എങ്കിലും ഈ ഗ്രൂപ്പിലെ കളികൾക്ക് ആവേശം ഒട്ടും കുറയാനും വഴിയില്ല.

ബി ഫോർ ‘ബൊളിറ്റിക്‌സ്’; ഫിഫ ലോകകപ്പിലെ രാഷ്ട്രീയ ഗ്രൂപ്പ്

2022 ഖത്തർ ഫിഫ വേൾഡ് കപ്പിനായുള്ള ഗ്രൂപ്പുകൾ തീരുമാനമായപ്പോൾ, ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ച ഒരു ഗ്രൂപ്പാണ് B ഗ്രൂപ്പ്. ഇതിലെ ടീമുകളുടെ പേരുകൾ അറിയുമ്പോൾ ആരായാലും ഒന്ന് ചിരിച്ചു പോകും. ഇംഗ്ലണ്ട്, യുഎസ്, ഇറാൻ, വെയിൽസ് എന്നീ ടീമുകളാണ് B ഗ്രൂപ്പിൽ ഉള്ളത്.

ഒറ്റ നോട്ടത്തിൽ തന്നെ ഈ ഗ്രൂപ്പിലെ രാഷ്ട്രീയം ആളുകൾ ശ്രദ്ധിക്കുമെങ്കിലും, കാണാപ്പുറത്തുള്ള ചില കണക്കുകളും ഇതിലെ ടീമുകൾ തമ്മിലുണ്ട്.

ഇറാൻ-യുഎസ് രാഷ്ട്രീയമാണ് തെളിഞ്ഞു കാണുന്നത് എന്നത് കൊണ്ട് തന്നെ ഇവർ തമ്മിൽ നവംബർ 30ന് നടക്കുന്ന കളി ആഗോള തലത്തിൽ ആളുകൾ ശ്രദ്ധിക്കും. ഖത്തറിൽ വച്ചു നടക്കുന്നത് കൊണ്ട് സ്വാഭാവികമായും ക്രൗഡ് സപ്പോർട്ട് ഇറാനായിരിക്കും. പക്ഷെ, സ്റ്റേഡിയം നിറയ്ക്കാനായി അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും വരുന്ന കാണികൾ യുഎസിനൊപ്പമാകും. ഇതിന് മുമ്പ് 98ലെ ഫ്രാൻസ് ഫിഫ ലോകകപ്പിൽ ഈ ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയം ഇറാനായിരുന്നു.

യുഎസ് ടീം അന്നത്തേതിൽ നിന്നൊക്കെ ഒരു പാട് മെച്ചപ്പെട്ടിട്ടുണ്ട്, അതിനാൽ കളി പൂരമാകും എന്ന കാര്യത്തിൽ സംശയം വേണ്ട. 2020ൽ ഇരു ടീമുകൾ തമ്മിൽ നടന്ന ഫ്രൻഡ്ലി മാച്ച് സമനിലയിലാണ് കലാശിച്ചത്. ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് മത്സരങ്ങളിൽ ഏറ്റവും ആവേശകരമായ കളിയാകും ഇത്. ഫുട്ബാളിനെക്കാൾ, ഗ്രൗണ്ടിന് പുറത്തെ രാഷ്ട്രീയമാകും കൂടുതൽ ശ്രദ്ധിക്കപ്പെടുക. അതിനാൽ തന്നെ ഈ കളിയിൽ ഒരു തോൽവി ഇരു രാജ്യങ്ങൾക്കും ചിന്തിക്കാൻ പോലും സാധിക്കില്ല.

ഇറാനും മറ്റ് രണ്ട് ടീമുകളും തമ്മിലും ഏതാണ്ട് ഇതേ രീതിയിലാകും കളി നടക്കുക. പാശ്ചാത്യ രാജ്യങ്ങളും ഇറാനും തമ്മിലുളള ചരിത്രം അത്ര നിസ്സാരമല്ലല്ലോ.

ഇതിനിടയിൽ ആരും അധികം ശ്രദ്ധിക്കാതെ പോകുന്ന മറ്റൊരു പോരാണ് വെയിൽസും ഇംഗ്ലണ്ടും തമ്മിൽ. അടുത്ത കാലത്ത് തമ്മിൽ കളിച്ചപ്പോഴെല്ലാം മുൻകൈ 3 ലയൺസിനായിരുന്നെങ്കിലും, വെയിൽസ് അത്ര മോശമൊന്നുമല്ല. ഇംഗ്ലണ്ടിനെ അവർ നല്ല രീതിയിൽ തന്നെ മുട്ടുകുത്തിച്ച ചരിത്രം ഉണ്ട്. അവർ തമ്മിൽ ക്രിക്കറ്റിലെ ഇംഗ്ലണ്ട് ഓസ്‌ട്രേലിയ മത്സരം പോലെ ഒരു മത്സര അന്തർധാരയുണ്ട്.

അയൽക്കാരായ, ചരിത്രവും, സംസ്കാരവും, ഭാഷയും ഒന്നായ ഈ രാജ്യങ്ങൾ തമ്മിലുള്ള മത്സരവും കടുക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. ഇവർ തമ്മിലുള്ള ഫുട്ബോൾ ചരിത്രവും, രാഷ്ട്രീയവും അറിയിന്നവർക്ക് അതിൽ അത്ഭുതം തോന്നില്ല.

യുഎസ് ഇംഗ്ലണ്ട് മത്സരവും ആവേശകരമാകും. പിതാവും, പുത്രനും, ഫുട്ബോളും ലൈനിലാകും ഇവർ തമ്മിലുള്ള കളികൾ. ഇംഗ്ലണ്ടിനെ തോൽപ്പിക്കാൻ യുഎസ് എല്ലാ അടവുകളും പുറത്തെടുക്കും, അവർക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. അതേ സമയം ഒരു തോൽവി ഇംഗ്ലണ്ടിനെ സംബന്ധിച്ചു ദേശീയ ദുരന്തത്തിൽ കുറഞ്ഞ ഒന്നാകില്ല.

രാഷ്ട്രീയ ശ്രദ്ധ നേടുന്ന ഈ കളികൾ ഫുട്‌ബോളിന് ഗുണകരമായി ഭവിക്കട്ടെ എന്നു നമുക്ക് ആശിക്കാം. ഈ ഗ്രൂപ്പിൽ നിന്ന് അടുത്ത റൗണ്ടിലേക്ക് ഇംഗ്ലണ്ട് കടക്കും എന്ന് വിദഗ്ധർ തറപ്പിച്ചു പറയുമ്പോഴും, രണ്ടാമത്തെ ടീം ഏതാകും എന്ന കാര്യത്തിൽ ഒരു പ്രവചനം നടത്താൻ ആരും തയ്യാറല്ല!

2022 ഫിഫ ലോകകപ്പ്: ഫേവറിറ്റ് ആയി ടീം ബ്രസീൽ? | Exclusive Article

ഫിഫ ലോകകപ്പ്, ബ്രസീലിലേക്ക് പോകുമോ?

2022 ഫിഫ ലോകകപ്പ് ടൂർണമെന്റ് നവംബർ 20ന് തുടങ്ങാനിരിക്കെ, ഡിസംബർ 18ന് നടക്കുന്ന ഫൈനൽ മത്സരത്തിനുള്ള ടിക്കറ്റുകൾക്കായി കൂടുതൽ അന്വേഷണം ബ്രസീലിൽ നിന്നാണത്രേ.

ഇതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല, ഇക്കൊല്ലം ബ്രസീൽ തന്നെ കപ്പടിക്കും എന്നാണ് പൊതുവെ കരുതപ്പെടുന്നത്. മിക്ക ബെറ്റിങ് സൈറ്റുകളും ഈ നിലക്കാണ് ബെറ്റുകൾ സ്വീകരിച്ചു തുടങ്ങിയിട്ടുള്ളത്.

വലിയ വെല്ലുവിളി ഉണ്ടാകും എന്ന് കരുതപ്പെടാത്ത ഗ്രൂപ്പ് Gയിലാണ് ബ്രസീൽ ഉള്ളത്. അവരെ കൂടാതെ സ്വിസ്, കാമറൂൺ, സെർബിയ എന്നീ ടീമുകളും. ഈ നിലക്ക് ഗ്രൂപ്പ് മത്സരങ്ങൾ ബ്രസീലിനെ അധികം വ്യാകുലപ്പെടുത്തില്ല. അവരുടെ യഥാർത്ഥ കളി തുടങ്ങുക ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 16 മുതലാകും.

ബ്രസീൽ നിര കേമൻമാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. അതിൽ തന്നെ മുന്നിൽ നെയ്‌മർ, വിനിഷ്യസ് ജൂനിയർ പിന്നെ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരായ അലിസണും എഡേഴ്സണും. കസെമിരോ, ഫബിനോ, മാർക്കിനോസ്, ഗബ്രിയേൽ ജീസസ് തുടങ്ങിയവരും ടിറ്റെയുടെ ടീമിൽ ഉണ്ടാകും.

ഇത്തവണ ടീമുകൾക്ക് 26 കളിക്കാരെ കൊണ്ടു വരാം എന്ന് ഫിഫ പറഞ്ഞ സ്ഥിതിക്ക് 39കാരനായ ഡാനി ആൽവേസും ഇടം പിടിച്ചേക്കും. ഒക്ടോബർ ആദ്യ വാരത്തിൽ ടീം ലിസ്റ്റ് ഫിഫക്ക് കൊടുക്കണം, അതു വരെ ലിസ്റ്റ് വെട്ടിയും തിരുത്തിയും ടിറ്റെ കൊണ്ടു നടക്കും. ഏതാണ്ട് 90% കളിക്കാരുടെ പേരുകൾ ഇപ്പോൾ തന്നെ കോച്ച് ഉറപ്പിച്ചിട്ടുണ്ടാകും, ബാക്കി പത്തിന് സമയമുണ്ട്.

ആരാധകരുടെ കാര്യത്തിൽ ബ്രസീൽ ടീമിന് സ്വന്തം രാജ്യം കഴിഞ്ഞാൽ കൂടുതൽ പേർ ഇന്ത്യയിൽ നിന്നാകും. അതിൽ കൂടുതലും നമ്മുടെ കൊച്ചു കേരളത്തിലും. അവർ എല്ലാവരും വലിയ ആവേശത്തിലാണ്. 2002ന് ശേഷം ഫൈനൽ കണ്ടിട്ടില്ലാത്ത തങ്ങളുടെ ടീം ഇത്തവണ കപ്പടിക്കും എന്നുറപ്പിച്ചാണ് ആരാധകർ നടക്കുന്നത്.

കേരളത്തിലെ ബ്രസീൽ ഫ്ലെക്സുകൾ അടുത്ത മാസത്തോടെ ഉയർന്ന് തുടങ്ങും, ടീം ലൈനപ്പിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് അവർ.

2022 വേൾഡ് കപ്പും, കേരളത്തിൽ ഉയരുന്ന ഖത്തർ ഫ്ലെക്സുകളും | Report

2022 വേൾഡ് കപ്പും, കേരളത്തിൽ ഉയരുന്ന ഖത്തർ ഫ്ലെക്സുകളും

 

2022 ഖത്തർ ഫിഫ വേൾഡ് കപ്പിന് ഇനി കഷ്ടിച്ച് മൂന്ന് മാസം മാത്രം. കിക്കോഫ് ഒരു ദിവസം നേരത്തെ ആക്കി എന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഫിഫയുടെ അറിയിപ്പ് വന്നിരിന്നു. നവംബർ 20ന് ഖത്തർ-ഇക്വഡോർ കളിയാകും ഈ വേൾഡ് കപ്പിലെ ആദ്യത്തേത്.

ആതിഥേയരായിട്ടാണ് ഖത്തർ വേൾഡ് കപ്പിലേക്ക് എത്തുന്നതെങ്കിലും, ഏഷ്യയിലെ വളർന്ന് വരുന്ന ഫുട്ബോൾ ശക്തി എന്ന നിലക്ക് ചെറുതായി കണ്ടു കൂട. 2019ലെ ഏഷ്യ കപ്പ് ചാമ്പ്യന്മാരായ ഖത്തർ സ്പാനിഷ് കോച്ചായ ഫെലിക്‌സ് സാഞ്ചെസിന് കീഴിലാണ് പരിശീലനം നടത്തുന്നത്.

ബാഴ്സലോണ യൂത്ത് ടീമിന്റെ കോച്ചായിരുന്ന സാഞ്ചെസ്, 2006ലാണ് ഖത്തറിൽ എത്തുന്നത്. ഖത്തർ യൂത്ത് ടീമിന്റെയും, U 19, U23 ടീമിന്റെയും കോച്ചായി പ്രവർത്തിച്ച സാഞ്ചെസ് 2017 മുതൽ ഖത്തർ ടീമിന്റെ കോച്ചാണ്. ഒരു നാഷണൽ ടീമിനെ വാർത്തെടുക്കാൻ ഇത്രയധികം നാൾ തലപ്പത്തിരുന്ന മറ്റൊരു കോച്ചിനെ കാണാൻ കഴിയില്ല. അതായത്, ഇന്ന് ടീമിൽ ഉള്ള പലരേയും ചെറുപ്പം മുതൽ കോച്ച് ചെയ്തു വളർത്തിയെടുക്കുന്നതിൽ സാഞ്ചെസ് വഹിച്ച പങ്ക് വളരെ വലുതാണ്.

1970ൽ ഫിഫയിൽ ചേർന്ന ഖത്തർ, ആദ്യ കാലഘട്ടത്തിൽ ഒരു ഫുട്ബാൾ ടീം എന്ന നിലയിൽ വളരെ മോശമായിരുന്നു. ഈ നൂറ്റാണ്ടിന്റെ തുടക്കം മുതലാണ് അന്താരാഷ്ട്ര വേദികളിൽ, അത് അറബ് ഏഷ്യൻ തലത്തിൽ ആണെങ്കിൽ പോലും, ഖത്തർ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പക്ഷെ ഇതിനൊരു മറുവശം കൂടിയുണ്ടായിരിന്നു. ഫിഫ പല തവണ ഖത്തറിന്റെ നടപടികളെ ഈ കാലത്ത് ചോദ്യം ചെയ്തിട്ടുണ്ട്.

നാഷണൽ ടീമിൽ രാജ്യത്തിന് പുറത്ത് നിന്നുള്ളവരെ പൗരത്വം കൊടുത്ത് ചേർത്തതാണ് പ്രശ്നമായത്. ലോക കായിക ചരിത്രത്തിൽ ഇത് ആദ്യമായിട്ടൊന്നുമല്ല. പക്ഷെ സമ്പന്ന രാജ്യങ്ങൾ ആഫ്രിക്കൻ കളിക്കാരെ വിലക്ക് വാങ്ങുന്നു എന്ന തരത്തിലായി ആരോപണങ്ങൾ. ഈ തർക്കങ്ങൾക്ക് തുടക്കം കുറിക്കാനുള്ള പ്രധാന കാരണം 2004ൽ 3 ബ്രസീലിയൻ കളിക്കാരെ ഖത്തർ ഏറ്റെടുക്കാൻ താൽപ്പര്യം കാണിച്ചതാണ്.

രാജ്യം മാറി കളിക്കാനുള്ള നടപടികൾ ഫിഫ കർശനമാക്കിയത് ഇതിന് ശേഷമാണ്. ഒരു സമയം പൗരത്വം മാറി വന്ന 6 കളിക്കാർ ഖത്തർ ടീമിൽ ഉണ്ടായിരുന്നു. ഖത്തർ പ്രാദേശിക ലീഗിലും വിദേശ താരങ്ങൾ കളിക്കുന്നുണ്ട്.

ഇതിന് ശേഷം രാജ്യത്ത് ഫുട്ബോൾ വളർത്താൻ ഖത്തർ ആസ്പയർ അക്കാദമി സ്ഥാപിച്ചു. കായിക രംഗത്തു മികവ് തെളിയിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള സ്‌കൂൾ ആണിത്. ലോകത്തിന്റെ പല ഭാഗത്ത് നിന്നും കുട്ടികൾ ഇവിടെത്തി, കൂട്ടത്തിൽ ഖത്തർ കുട്ടികളും.

ഇത് അത്ലറ്റിക്സിലും ഖത്തറിന് ഗുണം ചെയ്തു. രാജ്യത്തിന് ഒളിമ്പിക് ഗോൾഡ്‌ മെഡൽ നേടി കൊടുത്ത മുർത്താസ് ബർഷിം ആസ്പയർ അക്കാദമി പ്രോഡക്ട് ആണ്. ഇതിനെതിരെയും പ്രതിഷേധം ഉയർന്നു. പാവപ്പെട്ട ആഫ്രിക്കൻ രാജ്യങ്ങളെ ഖത്തർ ചൂഷണം ചെയ്യുന്നു എന്നായിരുന്നു ഇവിടെയും പരാതി.

ഇന്ന് ഖത്തർ ടീമിൽ പൗരത്വം മാറിയ രണ്ട് പേർ മാത്രമാണ് കളിക്കുന്നത്. ഇവർക്കെതിരെ ഏഷ്യ കപ്പ് സമയത്തു യുഎഇ പരാതി കൊടുത്തെങ്കിലും എഎഫ്സി അത് തള്ളിക്കളഞ്ഞിരിന്നു.

ഖത്തർ, വേൾഡ് കപ്പിൽ കളിക്കാൻ ഇറങ്ങുന്നത് നെതർലൻഡ്‌സ്‌, ഇക്വഡോർ, സെനഗൽ എന്നീ ടീമുകൾക്കൊപ്പം എ ഗ്രൂപ്പിലാണ്. കടുകട്ടി ഗ്രൂപ്പാണ് എന്ന കാര്യത്തിൽ സംശയമില്ല. എങ്കിലും വലിയ അവകാശവാദങ്ങൾ ഇല്ലാതെ, ഗ്രൂപ്പ്‌ മത്സരങ്ങൾ കടക്കാൻ ഉറച്ചാണ് സാഞ്ചെസും കുട്ടികളും എത്തുന്നത്. അങ്ങനെ നടന്നാൽ തന്നെ ഖത്തറിനെ സംബന്ധിച്ചു അത് ചരിത്ര സംഭവമാകും.

163 കളികളുടെ പരിചയ സമ്പത്തുള്ള ക്യാപ്റ്റൻ ഹസ്സൻ അൽ ഹയദോസ് നയിക്കുന്ന ഈ ടീമിന് അത്ഭുതങ്ങൾ കാണിക്കാൻ സാധിക്കട്ടെ എന്ന് കരുതാം.

വേൾഡ് കപ്പ് കാലത്ത് ഫ്ലെക്സുകൾ കൊണ്ട് നിറയാറുള്ള കേരളത്തിലെ ഗ്രാമവീഥികളിൽ ഇത്തവണ ഒരു പുതിയ ഫാൻ ഗ്രൂപ്പ് ഉണ്ടാകും എന്ന കാര്യത്തിൽ സംശയം വേണ്ട. അർജന്റീന, ബ്രസിൽ, ജർമനി, ഫ്രാൻസ്, പോർച്ചുഗൽ എന്നിവയ്ക്കൊപ്പം ഖത്തറിന്റെ ഫ്ലെക്സുകളും ഉണ്ടാകും.

ഖത്തർ രാജ്യത്ത് ജോലി ചെയ്യുന്ന നാലര ലക്ഷത്തോളം മലയാളികൾക്ക് അതിൽ വലിയ പങ്കുണ്ടാകും. ഈ ഫ്ലെക്സുകൾ കേരളത്തിൽ ഉയർന്ന് നിൽക്കുന്നതിന്റെ ചിത്രങ്ങൾ അങ്ങു ദോഹയിൽ വയറലാകും എന്നും ഉറപ്പാണ്. അങ്ങനെ, 60 വർഷം മുമ്പ് തുടങ്ങിയ മലയാളി-ഖത്തരി ബന്ധം കൂടുതൽ ഊഷ്മളമാകാൻ ഈ ഫുട്ബോൾ വേൾഡ് കപ്പ് കാരണമാകട്ടെ എന്നു പ്രത്യാശിക്കാം.

പി എസ് ജി താരങ്ങൾ ഇനി കൊക്കോ കോളയും ഐസ് ടീയും കുടിക്കരുത് | Report

ഖത്തർ ലോകകപ്പ് തുടക്കം നേരത്തെ ആകും, തീയതി മാറ്റുന്നു

ഖത്തർ ലോകകപ്പിലെ ഉദ്ഘാടന മത്സരം നേരത്തെയാക്കും. ലോകകപ്പ് ആരംഭിക്കുന്നത് ഒരു ദിവസം നേരത്തെ ആക്കാൻ ആണ് തീരുമാനം ആകുന്നത്. ഇതിനായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. നിലവിൽ നവംബർ 21 തിങ്കളാഴ്ച ഷെഡ്യൂൾ ചെയ്തിരിക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടനം ഒരു ദിവസം മുന്നോട്ട് നീക്കി നവംബർ 20 ഞായറാഴ്ചയിലേക്ക് മാറ്റാൻ ആണ് ഫിഫ ആലോചിക്കുന്നത്. ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരം ആകും നവംബർ 20ലേക്ക് മാറ്റുന്നത്.

ഉദ്ഘാടന മത്സരമായി കണക്കാകുന്ന ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരം ഇപ്പോൾ നവംബർ 21ന് അർധ രാത്രി നടക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ആ മത്സരം നടക്കും മുമ്പ് രണ്ട് മത്സരങ്ങൾ കഴിയും എന്നത് ഉദ്ഘാടന ചടങ്ങുകളുടെ പ്രാധാന്യത്തെ ബാധിക്കും എന്ന് ഖത്തറും ഫിഫയും കരുതുന്നു. ഇതാണ് ഒരു ദിവസം മുന്നെ ഈ ഉദ്ഘാടന മത്സരം നടത്താൻ തീരുമാനിക്കുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിൽ വരും.

Story Highlight: FIFA are set to move the start date of the 2022 World Cup to 𝟮𝟬𝘁𝗵 𝗡𝗼𝘃𝗲𝗺𝗯𝗲𝗿

ബ്രസീൽ ഖത്തർ ലോകകപ്പിനായുള്ള ജേഴ്സി പുറത്തിറക്കി

ഖത്തർ ലോകകപ്പിനായി ഒരുങ്ങുന്ന ബ്രസീൽ അവരുടെ ജേഴ്സികൾ പുറത്തിറക്കി. അവരുടെ ക്ലാസിക് നിറമായ മഞ്ഞയിൽ ആണ് ഹോം ജേഴ്സി, നീല നിറത്തിൽ ഉള്ള എവേ ജേഴ്സിയും ബ്രസീൽ പുറത്തുറക്കി. പ്രമുഖ സ്പോർട്സ് വിയർ ബ്രാന്റായ നൈകി ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 15 മുതൽ ജേഴ്സി നൈക് സ്റ്റോറുകൾ വഴി ആരാധകർക്ക് വാങ്ങാൻ ആകും. അടുത്ത ലോകകപ്പിലെ ഫേവറിറ്റുകളിൽ പ്രധാനികളാണ് ബ്രസീൽ. ലാറ്റിനമേരിക്ക യോഗ്യത പോരാട്ടങ്ങളിൽ ആദ്യ സ്ഥാനം നേടിക്കൊണ്ട് ആയിരുന്നു ബ്രസീൽ ലോകകപ്പ് യോഗ്യത നേടിയത്.

Story Highlight: Nike have revealed Brazil’s kits for the World Cup.

ഇക്വഡോർ തന്നെ ലോകകപ്പ് കളിക്കും, ചിലിയുടെ പരാതി ഫിഫ തള്ളി

ലോകകപ്പിലേക്ക് ഇറ്റലി എത്തുമോ? ചിലി എത്തുമോ എന്നുള്ള ചോദ്യങ്ങൾക്ക് ഒക്കെ അവസാനം. ഇക്വഡോറിന് എതിരായ പരാതി ഫിഫ തള്ളിയിരിക്കുകയാണ്. ഇതോടെ ഖത്തർ ലോകകപ്പിൽ ഇക്വഡോർ തന്നെ കളിക്കും എന്ന് ഉറപ്പായി. ഇക്വഡോർ ലോകകപ്പ് യോഗ്യത നേടി എങ്കിലും അവരുടെ ഒരു താരത്തെ അനധികൃതമായാണ് ഇക്വഡോർ കളിപ്പിച്ചത് എന്ന ചിലിയുടെ പരാതി ആയിരുന്നു പ്രശ്നമായി നിന്നത്.

ഇക്വഡോറിലാണ് ജനിച്ചതെന്ന് വരുത്തിത്തീർക്കാൻ ഇക്വഡോർ താരം ബൈറൺ കാസ്റ്റിലോ എന്ന കളിക്കാരന്റെ ജനന സർട്ടിഫിക്കറ്റിലും പാസ്‌പോർട്ടിലും കൃത്രിമം കാട്ടിയെന്നായിരുന്നു പരാതി. കാസ്റ്റില്ലോ യഥാർത്ഥത്തിൽ കൊളംബിയയിലാണ് ജനിച്ചതെന്നും ഇക്വഡോർ പൗരത്വത്തിന് അവകാശമില്ലെന്നും ചിലി പറഞ്ഞു. ഫിഫ ഈ പരാതിയിൽ ഇന്ന് അന്തിമ വിധി പറഞ്ഞതോടെ ചിലിയുടെയും ഇറ്റലിയുടെയുമൊക്കെ ആ കുഞ്ഞു പ്രതീക്ഷയും അവസാനിച്ചു.

ആതിഥേയരായ ഖത്തർ, നെതർലൻഡ്‌സ്, സെനഗൽ എന്നിവരുള്ള ഗ്രൂപ്പ് എയിലാണ് ഇക്വഡോർ ലോകകപ്പിൽ ഉള്ളത്.

ഇക്വഡോർ ലോകകപ്പിൽ നിന്ന് പുറത്താകാൻ സാധ്യത, പകരം ആര് ലോകകപ്പിൽ എത്തും?

ലോകകപ്പിലേക്ക് ഇറ്റലി എത്തുമോ? ഇതാണ് ഇപ്പോൾ ഫുട്ബോൾ പ്രേമികൾക്ക് ഇടയിൽ ഉള്ള ചർച്ച. ലോകകപ്പിന് യോഗ്യത നേടാൻ ആകാതിരുന്ന ഇറ്റലി ലോകകപ്പിലേക്ക് എത്തും എന്ന അഭ്യൂഹങ്ങൾക്ക് കാരണം ഇക്വഡോർ ആണ്‌. ഇക്വഡോർ ലോകകപ്പ് യോഗ്യത നേടി എങ്കിലും അവരുടെ ഒരു താരത്തെ അനധികൃതമായാണ് ഇക്വഡോർ കളിപ്പിച്ചത് എന്ന പരാതി ആണ് പ്രശ്നമായിരിക്കുന്നത്.

ഒരു കളിക്കാരന്റെ പാസ്‌പോർട്ടിൽ കൃത്രിമം കാണിച്ചതിന് ഇക്വഡോർ 2022 ലോകകപ്പിൽ നിന്ന് പുറത്താക്കപ്പെടും എന്നാണ് സൂചനകൾ. ഇക്വഡോറിലാണ് ജനിച്ചതെന്ന് വരുത്തിത്തീർക്കാൻ ബൈറൺ കാസ്റ്റിലോ എന്ന കളിക്കാരന്റെ ജനന സർട്ടിഫിക്കറ്റിലും പാസ്‌പോർട്ടിലും കൃത്രിമം കാട്ടിയെന്നാണ് പരാതി. കാസ്റ്റില്ലോ യഥാർത്ഥത്തിൽ കൊളംബിയയിലാണ് ജനിച്ചതെന്നും ഇക്വഡോർ പൗരത്വത്തിന് അവകാശമില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

നാളെയാണ് ഇത് സംബന്ധിച്ച് ഫിഫ അന്തിമ തീരുമാനം എടുക്കുന്നത്. എന്നാൽ ഇക്വഡോർ പുറത്തായാൽ ഇറ്റലിയേക്കാൾ സാധ്യത ചിലിക്ക് ആകും. ഫിഫ ലോക റാങ്കിംഗിൽ ഏറ്റവും ഉയർന്ന ടീമായ ഇറ്റലിയെ ലോകകപ്പിലേക്ക് എടുക്കുന്നതാണ് സ്വാഭാവിക നിയമം. എന്നാൽ വിവാദത്തിലയ്യ കാസ്റ്റിലോ കളിച്ച യോഗ്യതാ മത്സരങ്ങളിൽ ഇക്വഡോർ ചിലിക്ക് എതിരെ പോയിന്റ് നേടിയിരുന്നു. അതുകൊണ്ട് അദ്ദേഹം കളിച്ച ലോകകപ്പ് യോഗ്യത മത്സരങ്ങൾ ഉപേക്ഷിച്ച് എതിരാളികൾക്ക് 3 പോയിന്റ് നൽകുക ആകും ഫിഫ ചെയ്യുക. അങ്ങനെ എങ്കിൽ ചിലി ലാറ്റിനമേരിക്കയിൽ നിന്ന് യോഗ്യത നേടും. ലോകകപ്പിൽ ദക്ഷിണ അമേരിക്കൻ ടീമുകളുടെ ബാലൻസ് നിലനിർത്തും എന്നതും ഫിഫ ഇത്തരം ഒരു തീരുമാനം എടുക്കാൻ കാരണമാകും.

ആതിഥേയരായ ഖത്തർ, നെതർലൻഡ്‌സ്, സെനഗൽ എന്നിവരുള്ള ഗ്രൂപ്പ് എയിലായിരുന്നു ഇക്വഡോർ ലോകകപ്പിൽ ഉള്ളത്.

ആടാരാകും! ഖത്തറിൽ കാത്തിരിക്കുന്നത് മെസ്സിയുടെയും റൊണാൾഡോയുടെയും ലാസ്റ്റ് ഡാൻസ്

ആട് 2 ജയസൂര്യയുടെ സിനിമയുടെ പേരാണ്. പക്ഷെ ഈ കൊല്ലം ഇതിനു മറ്റൊരു അർത്ഥം കൈ വരും. ഖത്തറിൽ ഇക്കൊല്ലം നടക്കുന്ന ഫിഫ വേൾഡ് കപ്പ് മത്സര പശ്ചാത്തലത്തിൽ വേണം ഇതിനെ നോക്കി കാണാൻ. റൊണാൾഡോയും മെസ്സിയും തങ്ങളുടെ അഞ്ചാമത്തെയും മിക്കവാറും അവസാനത്തെയും വേൾഡ് കപ്പിന് തയ്യാറെടുക്കുമ്പോൾ, എക്കാലത്തും ഉത്തരമില്ലാതെ തുടർന്ന ചോദ്യം വീണ്ടും ഉയരുകയാണ്. ആരാണ് കളിയിലെ കേമൻ?

കേരളത്തിലെ ഫ്ലെക്സ് ബോർഡുകളിൽ തുടങ്ങി, ആഫ്രിക്കൻ, യൂറോപ്യൻ, അമേരിക്കൻ വൻകരകളിൽ കൂടാതെ ഖത്തറിലെ സൂക്കുകളിലെ ബക്കാലകളിൽ വരെ ഇന്ന് ചൂടേറിയ ചർച്ചയുടെ വിഷയമാണ് ഇത്. കഴിഞ്ഞ നാല് ഫിഫ കപ്പുകളുടെ കണക്കെടുത്താൽ രണ്ടു പേരും ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്. മെസ്സി 19 കളികളിൽ നിന്ന് 6 ഗോളുകൾ നേടിയപ്പോൾ, ക്രിസ്ത്യാനോ 17 കളികളിൽ നിന്ന് 7 ഗോളുകൾ നേടിയിട്ടുണ്ട്.

എന്നാൽ ടീമെന്ന നിലയിൽ കഴിഞ്ഞ നാലു വേൾഡ് കപ്പിൽ അർജന്റീന രണ്ട് തവണ ക്വാർട്ടറും ഒരു തവണ ഫൈനൽസിലും കളിച്ചപ്പോൾ, റൊണാൾഡോ ടീമിൽ വന്ന ശേഷം ഒരു തവണ സെമി കളിച്ചു എന്നതൊഴിച്ചാൽ കാര്യമായ മുന്നേറ്റം പോർച്ചുഗലിന് നേടാൻ സാധിച്ചിട്ടില്ല. പക്ഷെ റൊണാൾഡോ കളിക്കുന്നതിനു മുൻപ് ലോക കപ്പ് ചരിത്രത്തിൽ 3 തവണ മാത്രമേ ടീം ക്വാളിഫൈ ചെയ്തിട്ടുള്ളൂ എന്നത് ഓർക്കേണ്ടതുണ്ട്.

കഴിഞ്ഞ കുറച്ചു കൊല്ലങ്ങളായി ക്ലബ് ഫുട്ബാളിൽ ഇവർ തമ്മിൽ മുഖത്തോടു മുഖം വരാൻ സാദ്ധ്യതകൾ ഇല്ലാതിരുന്നതു കൊണ്ട് രണ്ട് പേരുടെയും കളിക്കളത്തിലെ പ്രകടനങ്ങൾ താരതമ്യം ചെയ്യുക പ്രായാസമായിരിന്നു. അത് കൊണ്ട് തന്നെ അതിനു സാധ്യതയുള്ള ഖത്തർ വേൾഡ് കപ്പ് വേദി ഇവരുടെ ആരാധകർ ആകാംക്ഷയോടെയാണ് നോക്കി കാണുന്നത്. ഒരു വശത്ത്, ഏത് ടീമാകും മരുഭൂമിയിൽ വച്ച് നടക്കുന്ന ആദ്യ വേൾഡ് കപ്പിൽ കപ്പുയർത്തി ആറാടുക എന്ന് ചർച്ച ചെയ്യുമ്പോൾ, മറു വശത്ത് ആടാരാകും എന്നാണു തർക്കം!

ടീമുകളുടെ ബലാബലം വച്ച് നോക്കുമ്പോൾ, അർജന്റീന എന്നും ഒരു പവർ ഹൗസ് ടീമായിരുന്നപ്പോൾ, പോർച്ചുഗൽ വേൾഡ് കപ്പിന് വന്നിരുന്നത് തന്നെ റൊണാൾഡോയുടെ ചുമലിലേറിയാണ്. അത് കൊണ്ട് തന്നെ മെസ്സിയെക്കാൾ എന്നും റൊണാൾഡോക്ക് കൂടുതൽ പരിശ്രമിക്കേണ്ടി വന്നിട്ടുണ്ട്. നല്ലൊരു ടീം ആയിട്ട് കൂടി, മെസ്സിയെ പോലൊരു കളിക്കാരൻ നയിച്ചിട്ടു കൂടി കപ്പുയർത്താൻ സാധിച്ചിട്ടില്ല എന്നത് അർജന്റീനക്ക് നാണക്കേട് തന്നെയാണ്. ഇത്തവണ ടീമുകളുടെ ലൈൻ അപ്പ് വച്ച് നോക്കുമ്പോൾ കൂടുതൽ ശക്തർ പോർച്ചുഗൽ ആണെന്ന് നിസ്സംശയം പറയാം. അർജന്റീന മെസ്സിയുടെ ബലത്തിലാണ് ഖത്തറിലേക്ക് വരുന്നത്. യുറോപിയൻ ലീഗിലെ അനുഭവ സമ്പത്തുമായി വരുന്ന പോർച്ചുഗൽ എന്ത് കൊണ്ടും ഒരു പടി മുന്നിലാണ് എന്നത് റൊണാൾഡോക്ക് അനുകൂല ഘടകമാണ്.

പക്ഷെ 2022 ഫിഫ കപ്പിനുള്ള ഗ്രൂപ്പുകൾ തിരിച്ചപ്പോൾ അർജന്റീന താരതമ്യേന എളുപ്പമുള്ള സി ഗ്രൂപ്പിലാണ് ഉൾപ്പെട്ടിട്ടുള്ളത്. എന്നാൽ പോർച്ചുഗൽ H ഗ്രൂപ്പിൽ നിന്ന് അടുത്ത റൗണ്ടിൽ കടക്കാൻ പരിശ്രമിക്കേണ്ടി വരും. ആദ്യ റൗണ്ടുകളിൽ ഇവരുടെ രണ്ട് പേരുടെയും ബൂട്ടുകൾ പല തവണ വല ചലിപ്പിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ മിക്കവാറും അടുത്ത റൗണ്ടിലെ പ്രകടനം തീരുമാനിക്കും ആരാണ് ആട്, ആരാണ് കപ്പ് ഉയർത്തുക എന്ന്. മുൻപ് പറഞ്ഞ പോലെ കപ്പിൽ മുത്തമിടാൻ കിട്ടുന്ന അവസാന അവസരം എന്ന നിലക്ക് രണ്ട് പേരും ഇനിയൊരു കളിയില്ല എന്ന മട്ടിലാകും പന്ത് തട്ടുക. ഇവർ തമ്മിലുള്ള ഈ അനൗദ്യോഗിക മത്സരം ഖത്തർ വേൾഡ് കപ്പ് കാണികൾക്കു നല്ലൊരു വിരുന്നാകും എന്ന കാര്യത്തിൽ സംശയം വേണ്ട.

പപ്പുവേട്ടൻ പണ്ട് പറഞ്ഞത് പോലെ, ആട് ആരെന്നു നിങ്ങൾ എന്നോട് ചോദിച്ചാൽ ഞാൻ പറയും, കളിക്കളത്തിലെ കളി കാണിക്കും ആരാടാകുമെന്നു..!

2022 വേൾഡ് കപ്പ് അഥവാ മലയാളി കപ്പ്

ഒരിക്കൽ ഖത്തർ അംബാസ്സഡറുടെ വീട്ടിലെ വിരുന്നിൽ നാട്ടിൽ നിന്നുള്ള പെട്രോളിയം ഉദ്യോഗസ്ഥരോടൊപ്പം ഔദ്യോഗിക ചുമതലയുടെ ഭാഗമായി പങ്കെടുക്കാൻ അവസരമുണ്ടായി. പല തവണ സ്ഥാനപതിയുടെ വീട്ടിൽ പോയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഖത്തറിലെ പെട്രോളിയം മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമുള്ള ഒരു വിരുന്നിൽ പങ്കെടുത്തത്. വിരുന്നു മേശക്കു ചുറ്റും ഇരുന്നപ്പോൾ സംസാരം വളരെ സരസമായിരിന്നു. അന്നത്തെ നമ്മുടെ അംബാസ്സഡർ, ഡോ ജോർജ് ജോസഫ്, മലയാളിയായതു കൊണ്ട് കേരളത്തെക്കുറിച്ചും സംസാരമുണ്ടായി. കൂട്ടത്തിലുള്ള ഒരു യുവ ഖത്തറി ഉദ്യോഗസ്ഥൻ രസകരമായ ഒരു കഥ പറയുകയുണ്ടായി. അറബ് നാടുകളിൽ മഴക്കു വേണ്ടിയുള്ള പ്രാർത്ഥനകൾ നടത്താറുണ്ട്. സർക്കാർ പറയുന്ന ദിവസം സ്വദേശികളും വിദേശികളും ആ പ്രാർത്ഥനകളിൽ പങ്കെടുക്കും. അങ്ങനെ ഒരിക്കൽ മഴയ്ക്ക് വേണ്ടി രാജ്യം പ്രാർത്ഥിച്ചു, അതിന്റെ അടുത്ത ദിവസം കേരളത്തിൽ നല്ല മഴ ലഭിച്ചു എന്നാണ് കഥ. ഖത്തറിൽ തദ്ദേശീയരെക്കാൾ മലയാളികളാണ് കൂടുതൽ എന്ന് പ്രത്യേകം പറയേണ്ടല്ലോ!

2022 ഫിഫ വേൾഡ് കപ്പ് ഈ വർഷം നവംബറിൽ ഖത്തറിൽ തുടങ്ങുമ്പോഴും ഏറ്റവും അധികം സന്തോഷിക്കുക മലയാളികളാകും. ഖത്തറിൽ ഉള്ള മലയാളികളും നാട്ടിൽ ഉള്ളവരും. ഇപ്പോൾ തന്നെ ടിക്കറ്റ് വാങ്ങി കൂട്ടിയ ആളുകളിൽ ഖത്തറിൽ താമസിക്കുന്ന മലയാളികളാണ് കൂടുതൽ എന്ന് ശ്രുതിയുണ്ട്. സ്വന്തം നാട്ടിൽ വേൾഡ് കപ്പ് നടക്കുന്ന ഉത്സാഹത്തോടെയാണ് അവിടുള്ളവർ ടിക്കറ്റിനായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇത് കൂടാതെ നാട്ടിൽ നിന്നുള്ളവരും 4 മണിക്കൂർ യാത്ര ചെയ്തു വേൾഡ് കപ്പ് മത്സരങ്ങൾ കാണാനുള്ള തയ്യാറെടുപ്പിലാണ്. താമസിക്കാൻ സുഹൃത്തുക്കളുടെയും കുടുംബക്കാരുടെയും വീടുകൾ ഉണ്ട് എന്നതാണ് നാട്ടിൽ ഉള്ളവർക്ക് സന്തോഷം നൽകുന്നത്. അടുപ്പക്കാരുടെ വീടുകളിൽ തങ്ങി കളി കാണുക അത്ര എളുപ്പമായിരിക്കില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെങ്കിൽ കൂടി, ചിലവ് കുറച്ചു കളി കാണാൻ സാധിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിൽ മറ്റ് ഏത് സംസ്ഥാനത്തേക്കാളും ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരു ദേശം എന്ന നിലക്ക്, നമ്മൾ മലയാളികൾക്ക് ഇതിലും അടുത്തായി വേൾഡ് കപ്പ് എത്തിപ്പെടും എന്ന് കരുതാൻ പറ്റില്ല. അത് കൊണ്ട് തന്നെ ഇത് ഒരു സുവർണ്ണാവസരമായി കണക്കാക്കി കളിയെ സ്നേഹിക്കുന്നവർ മറ്റ് എപ്പോഴത്തേക്കാളും കൂടുതലായി നാട്ടിൽ നിന്ന് ഖത്തർ ലക്ഷ്യമാക്കി പറക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.

ഒരു പരസ്യത്തിൽ ബഹിരാകാശ റോക്കറ്റ് കാണുമ്പോൾ, ഇതിനെത്ര മൈലേജ് കിട്ടും എന്ന് ചോദിക്കുന്ന മലയാളിയെ കണ്ടത് ഓർത്തു പോകുന്നു. ഒരൊറ്റ യാത്രയിൽ ഒന്നിൽ കൂടുതൽ കളി കാണാൻ സാധിക്കും എന്നതും മലയാളികളെ സംബന്ധിച്ചിടത്തോളം ആഹ്ലാദകരമായ കാര്യമാണ്. കഴിഞ്ഞ തവണ റഷ്യയിൽ വേൾഡ് കപ്പ് നടന്നപ്പോൾ, സ്റ്റേഡിയങ്ങൾ തമ്മിൽ ആയിരക്കണക്കിന് കിലോമീറ്ററുകൾ ദൂരമുണ്ടായിരുന്നു. എന്നാൽ നൂറ്റിച്ചില്ലാൻ കിലോമീറ്റർ തെക്കു വടക്കും, അതിലും കുറവ് ദൂരം കിഴക്ക് പടിഞ്ഞാറും വിസ്തീർണ്ണമുള്ള ഖത്തറിൽ വേൾഡ് കപ്പിനായി ഒരുക്കിയിട്ടുള്ള 8 സ്റ്റേഡിയങ്ങൾ തമ്മിൽ കൂടി വന്നാൽ 40 കിലോമീറ്റർ മാത്രമേ ദൂരമുള്ളു. ഈ വേദികൾ എല്ലാം തന്നെ മെട്രോ വഴി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ യാത്രയും വളരെ എളുപ്പമാകും.

ഇന്ത്യയിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ഭക്ഷണം ബിരിയാണിയാണ് എന്ന് ഒരു റിപ്പോർട് നമ്മൾ കണ്ടിരുന്നു. ഖത്തറിനെ സംബന്ധിച്ചും ഇത് എല്ലാ അർത്ഥത്തിലും ശരിയാണ്. മൊത്തത്തിലുള്ള റെസ്റ്റോറന്റുകളുടെ എണ്ണമെടുത്താൽ കൂടുതലും ഇന്ത്യൻ റെസ്റ്റോറന്റുകളാകും. അതിൽ തന്നെയും 90 ശതമാനവും കേരള ഹോട്ടലുകളാകും. രാവിലെ തന്നെ പുട്ടും കടലയും, ദോശയും, അപ്പവും കിട്ടിയാൽ മലയാളിക്ക് അതില്പരം ആനന്ദം മറ്റൊന്നില്ല. അതായത്, ഭക്ഷണ കാര്യത്തിലും ഒട്ടും പേടിക്കേണ്ട എന്ന്.

മറുനാട്ടിൽ വച്ച് വഴി ചോദിക്കാൻ ഭാഷ ഒരു പ്രശ്നമാണ് എന്ന് ഖത്തറിൽ വരുന്ന മലയാളി കാണികൾ ഉത്കണ്ഠപ്പെടേണ്ട. അറബി വേഷം ധരിക്കാത്ത ആരോട് വേണമെങ്കിലും ധൈര്യമായിട്ടു “നാട്ടിൽ എവിടെയാ..?” എന്ന് ചോദിക്കാം. നാട്ടിലെ പോലെ ഭാഷ അടിച്ചേൽപ്പിക്കുന്ന പദ്ധതി ഒന്നുമില്ലെങ്കിലും, ഉത്തരേന്ത്യനും, ശ്രീലങ്കനും കൂടാതെ പാകിസ്ഥാനിക്ക് പോലും മലയാളം അറിയാം! കൂടാതെ വേൾഡ് കപ്പ് വേദികളിലും മറ്റ് പ്രധാനയിടങ്ങളിലും സന്ദർശകരെ സഹായിക്കാൻ വേണ്ടി തയ്യാറെടുക്കുന്ന വോളന്റിയർമാരിൽ ബഹുഭൂരിപക്ഷവും ഇന്ത്യക്കാരാണ്.

ഇതെല്ലാം കൊണ്ട് തന്നെ ഇത്തവണത്തെ ഫിഫ വേൾഡ് കപ്പ് മലയാളികൾക്ക് ഒരു സ്വന്തം ടൂർണമെന്റ് ആകാനാണ് സാധ്യത. ഗാലറിയിൽ ഇത്തവണ ഉയരുന്ന മുദ്രാവാക്യങ്ങളിൽ കൂടുതലും മലയാളത്തിലേക്കും! നിറയാൻ കാത്തിരിക്കുന്ന അത്ഭുത സ്റ്റേഡിയങ്ങൾ, അറബ് ആതിഥേയത്വം, മാസ്മരിക കളികൾ എല്ലാം ഒരു സ്വപ്ന തുല്യമായ അനുഭൂതിയാകും നൽകുക. കളി നടക്കുന്ന 30 ദിവസത്തേക്ക് ഖത്തറാകും ഗോഡ്സ് ഓൺ കൺട്രി!

ഉറുഗ്വേയും ഇക്വഡോറും ഖത്തർ ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചു

വ്യാഴാഴ്ച പുലർച്ചെ പെറുവിനെതിരായ മത്സരത്തിൽ ഏക ഗോളിന് വിജയിച്ചതോടെ ഉറുഗ്വേ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു. ജോർജിയൻ ഡി അരാസ്കേറ്റ ആണ് ഉറുഗ്വേയുടെ വിജയ ഗോൾ നേടിയത്‌. ബ്രസീലിന്റെയും ചിലിയുടെയും സഹായ ഹസ്തത്തിൽ ഇക്വഡോറിന്റെ ലോകകപ്പ് യോഗ്യതയും ഉറപ്പായി. ഇക്വഡോർ ഇന്ന് പരാഗ്വേയിൽ 3-1ന് തോറ്റെങ്കിലും അവർ ലോകകപ്പ് യോഗ്യത നേടി. നാലാം തവണയാണ് ഇക്വഡോർ ലോകകപ്പിന് യോഗ്യത നേടുന്നത്. ഇതിനകം യോഗ്യത നേടിയ ബ്രസീലിന്റെ ചിലിക്കെതിരായ 4-0 വിജയമാണ് ഇക്വഡോറിന് തുണയായത്.

ഈ വർഷം അവസാനം ഖത്തറിൽ നടക്കുന്ന ഫൈനലിലേക്ക് 19 ടീമുകൾ ഇതുവ്രെ യോഗ്യത നേടി, 13 സ്ഥാനങ്ങൾ ഇപ്പോഴും ബാക്കിയുണ്ട്. പെറുവും ചിലിയും ഇപ്പോൾ ദക്ഷിണ അമേരിക്കൻ യോഗ്യതാ ഗ്രൂപ്പിൽ നിന്ന് അഞ്ചാം സ്ഥാനത്തിനുള്ള ഇന്റർകോണ്ടിനെന്റൽ പ്ലേ ഓഫ് സ്ഥാനത്തിനായി കൊളംബിയയ്‌ക്കൊപ്പം പോരാടുകയാണ്.

കഴിഞ്ഞ വർഷാവസാനം തുടർച്ചയായി നാല് മത്സരങ്ങൾ തോറ്റ് ലോകകപ്പ് യോഗ്യതക്ക് അകലെയാണെന്ന് തോന്നിപ്പിച്ച ഉറുഗ്വേ വലിയ തിരിച്ചുവരവാണ് നടത്തിയത്. ഓസ്കർ തെബാരസ് കോച്ചിങ് സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ എത്തിയ ഡിയേഗോ അലോൺസോ തുടർച്ചയായ മൂന്ന് വിജയങ്ങളോടെ യോഗ്യത ഉറപ്പിക്കുക ആയിരുന്നു‌

പ്ലേ ഓഫ് ഫൈനലിന് പോർച്ചുഗൽ ഉണ്ടാകും, കഷ്ടപ്പെട്ടു എങ്കിലും തുർക്കിയെ മറികടന്ന് പറങ്കിപ്പട

ലോകകപ്പ് യോഗ്യതയ്ക്കായുള്ള പ്ലേ ഓഫ്‌‌‌‌‌‌ഫൈനലിന് പോർച്ചുഗൽ യോഗ്യത നേടി. ഇന്ന് പ്ലേ ഓസ് സെമി ഫൈനലിൽ തുർക്കിയെ നേരിട്ട പോർച്ചുഗൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ന് തുടക്കത്തിൽ പോർച്ചുഗലിന്റെ ആധിപത്യം ആണ് കാണാൻ കഴിഞ്ഞത്. തുടക്കത്തിൽ തന്നെ നല്ല അവസരങ്ങൾ സൃഷ്ടിച്ച പോർച്ചുഗൽ 14ആം മിനുട്ടിൽ തന്നെ ലീഡ് എടുത്തു. ഒടാവിയ ആണ് ഗോൾ നേടിയത്. താരത്തിന്റെ പോർച്ചുഗലിനായുള്ള ആദ്യ കോമ്പിറ്റിറ്റീവ് ഗോളായിരുന്നു ഇത്. ബെർണാഡോ സിൽവയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങവെ ആയിരുന്നു ഒടോവിയ ഗോൾ നേടിയത്.

ഈ ഗോളിന് ശേഷം തുർക്കി അറ്റാക്ക് ചെയ്യാൻ ശ്രമിച്ചു. എങ്കിലും രണ്ടാം ഗോളും പോർച്ചുഗൽ ആണ് നേടിയത്. ആദ്യ പകുതിയുടെ അവസാനം ജോടയുടെ ഹെഡർ ആണ് ലീഡ് ഇരട്ടിയാക്കിയത്‌.

രണ്ടാം പകുതിയിൽ തുർക്കി അവസരങ്ങൾക്കായി കാത്തു നിന്നു. 65ആം മിനുട്ടിൽ യിൽമാസിലൂടെ തുർക്കി ഒരു ഗോൾ മടക്കി. പിന്നീട് പോർച്ചുഗൽ സമ്മർദ്ദത്തിൽ ആകുന്നത് ആണ് കാണാൻ ആയത്. ഈ സമ്മർദ്ദങ്ങൾ 83ആം മിനുട്ടിൽ പോർച്ചുഗൽ ഒരു പെനാൾട്ടി വഴങ്ങാൻ കാരണമായി. പോർച്ചുഗൽ ലോകകപ്പ് സ്വപ്നങ്ങൾ മങ്ങുകയാണ് എന്ന് തോന്നിപ്പിച്ച നിമിഷങ്ങൾ. പക്ഷെ ആ പെനാൾട്ടി എടുത്ത യിൽമാസിന് പിഴച്ചു. ഗോൾ പോസ്റ്റിന് മുകളിലൂടെ പെനാൾട്ടി കിക്ക് ആകാശത്തേക്ക് പോയി.

ഇതിനു ശേഷവും തുർക്കി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും സമനില ഗോൾ പിന്നീട് വന്നില്ല.അവസാന നിമിഷം നുനസ് കൂടെ ഗോൾ നേടിയതോടെ പോർച്ചുഗീസ് ജയം ഉറപ്പായി.

ഈ വിജയത്തോടെ പോർച്ചുഗൽ പ്ലേ ഓഫ് ഫൈനലിൽ എത്തി. മാസിഡോണിയയെ ആകും പോർച്ചുഗൽ ഇനി നേരിടുക.

Exit mobile version