ബ്രസീൽ ലോകകപ്പ് സ്ക്വാഡ് നാളെ പ്രഖ്യാപിക്കും, ഖത്തറിലേക്ക് ആരൊക്കെ എന്ന് നാളെ അറിയാം

ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ അന്താരാഷ്ട്ര ടീമുകൾ അവരുടെ ലോകകപ്പ് സ്ക്വാഡുകൾ പ്രഖ്യാപിച്ചു തുടങ്ങുകയാണ്. ലോകകപ്പിലെ ഫേവറിറ്റ് ടീമുകളിൽ ഒന്നായ ബ്രസീൽ നാളെ ഖത്തർ ലോകകപ്പിനായുള്ള 26 അംഗ സ്ക്വാഡ് പ്രഖ്യാപിക്കും. കോച്ച് ടിറ്റെ നാളെ ബ്രസീൽ സമയം ഉച്ചക്ക് 1 മണിക്ക് ആകും സ്ക്വാഡ് പ്രഖ്യാപിക്കുക. ബ്രസീലിന്റെ സൂപ്പ താരനിരയിൽ ആരൊക്കെ ബ്രസീലിലേക്ക് വിമാനം കയറും എന്ന് നാളെ അറിയാൻ ആകും.

നെയ്മർ, വിനീഷ്യസ് ജൂനിയർ, കസമെറോ, ഫർമീനോ, റഫീഞ്ഞ, തിയാഗോ സിൽവ, മാർക്കിനോസ്, അലിസൺ, എഡേഴ്സൺ എന്ന് തുടങ്ങി പ്രമുഖ താരങ്ങൾ എല്ലാം ബ്രസീൽ ടീമിൽ ഉണ്ടാകും. ആഴ്സണൽ താരം മാർട്ടിനെല്ലി, മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണി, റയൽ മാഡ്രിഡിന്റെ റോഡ്രിഗോ തുടങ്ങിയ യുവതാരങ്ങളും ബ്രസീലിന്റെ അവസാന മാച്ച് സ്ക്വാഡിൽ എത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഗ്രൂപ്പ് ജിയിൽ സെർബിയ, സ്വിറ്റ്സർലാന്റ്, കാമറൂൺ എന്നിവർക്ക് ഒപ്പം ആണ് ബ്രസീൽ ഉള്ളത്. നവംബർ 25ആം തീയതി സെർബിയക്ക് എതിരെ ആണ് ബ്രസീലിന്റെ ആദ്യ മത്സരം.

‘ഏതാനും നിമിഷത്തെ ഫുട്‌ബോളിന് 15,000 മനുഷ്യരുടെ ജീവന്റെ വില’ ഖത്തർ ലോകകപ്പിന് എതിരെ പ്രതിഷേധം അറിയിച്ചു ജർമ്മൻ ആരാധകർ

ലോകകപ്പ് യാഥാർത്ഥ്യം ആക്കാൻ ആയി ഖത്തർ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങൾക്ക് എതിരെ ശക്തമായി പ്രതിഷേധം അറിയിച്ചു ജർമ്മൻ ബുണ്ടസ് ലീഗ ക്ലബുകളുടെ ആരാധകർ. ബയേൺ മ്യൂണിക്, ബൊറൂസിയ ഡോർട്ട്മുണ്ട് അടക്കം ജർമ്മനിയിലെ ഏതാണ്ട് എല്ലാ ക്ലബുകളുടെ ആരാധകരും തങ്ങളുടെ വിയോജിപ്പ് പരസ്യമാക്കി. നേരത്തെ തന്നെ ഖത്തറിലെ മനുഷ്യാവകാശ ലംഘനങ്ങൾക്ക് എതിരെ വലിയ പ്രതിഷേധം പല കോണിൽ നിന്നും ഉയർന്നിരുന്നു.

‘5,760 മിനിറ്റുകളുടെ ഫുട്‌ബോളിനു ആയി 15,000 ജീവനുകൾ നഷ്ടമാക്കി, shame on you’ എന്നിങ്ങനെ അടക്കം എഴുതിയ വലിയ ബാനറുകളുമായി ആണ് ആരാധകർ മത്സരം കാണാൻ ജർമ്മനിയിൽ എത്തിയത്. വലിയ വിഭാഗം കുടിയേറ്റ തൊഴിലാളികൾ ഖത്തറിൽ ലോകകപ്പ് സ്റ്റേഡിയം പണിയിൽ അടക്കം ഏർപ്പെട്ടപ്പോൾ മരിച്ചത് ആയി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ കണക്കുകൾ പെരുപ്പിച്ചു കാണിക്കുന്നത് ആണ് എന്നു മറുപടി പറയുന്ന ഖത്തർ ആരോപണങ്ങൾ നിഷേധിക്കുന്നുണ്ട്. ഖത്തറിന്റെയും ഫിഫയുടെയും ഇത്തരം പ്രവർത്തികളിൽ പ്രതിഷേധിച്ച് ലോകകപ്പ് കിരീടം നേടിയ ജർമ്മൻ ക്യാപ്റ്റൻ ഫിലിപ്പ് ലാം അടക്കം പലരും തങ്ങൾ ഖത്തറിലേക്ക് ഇല്ല എന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ലോകകപ്പ് അരികിൽ! കാനഡക്ക് ആശങ്കയായി അൽഫോൺസോ ഡേവിസിന്റെ പരിക്ക്

36 വർഷങ്ങൾക്ക് ശേഷം ഫിഫ ലോകകപ്പ് കളിക്കാൻ യോഗ്യത നേടിയ കാനഡക്ക് വലിയ ആശങ്കയായി ലെഫ്റ്റ് ബാക്ക് അൽഫോൺസോ ഡേവിസിന്റെ പരിക്ക്. ബയേൺ മ്യൂണിക്കിന്റെ ഹെർത്ത ബെർലിന് എതിരായ വിജയത്തിന് ഇടയിൽ വിജയത്തിന് നിറം കെടുത്തിയാണ് താരത്തിന്റെ പരിക്ക് എത്തിയത്.

രണ്ടാം പകുതിയിൽ ഹാംസ്ട്രിങ് പരിക്ക് കാരണം താരം കളം വിടുക ആയിരുന്നു. ലോകകപ്പ് ആരംഭിക്കാൻ വെറും രണ്ടാഴ്ച ബാക്കിയുള്ളപ്പോൾ തങ്ങളുടെ പ്രധാന താരങ്ങളിൽ ഒരാൾ ആയ അൽഫോൺസോ ഡേവിസിനെ നഷ്ടമാവുന്നത് കാനഡക്ക് വലിയ തിരിച്ചടിയാണ്. ലോകകപ്പിന് മുമ്പ് താരം തിരിച്ചെത്തുമോ എന്നു ഇപ്പോൾ വ്യക്തമല്ല. ലോകകപ്പിൽ ഗ്രൂപ്പ് എഫിൽ ബെൽജിയം, ക്രൊയേഷ്യ, മൊറോക്കോ ടീമുകൾക്ക് ഒപ്പം ആണ് കാനഡയുടെ സ്ഥാനം.

ബ്രസീലിനായി ഫ്ലക്സ് കെട്ടുന്നതിന് ഇടയിൽ മരത്തിൽ നിന്ന് വീണ് കണ്ണൂർ സ്വദേശി മരണപ്പെട്ടു

കേരള ലോകകപ്പ് ആവേശത്തിലേക്ക് വരുന്നതിനിടയിൽ ഒരു ബ്രസീൽ ആരാധകന് ദാരുണാന്ത്യം. ബ്രസീലിന്റെ ഫ്ലക്സ് കെട്ടുന്നതിന് ഇടയിൽ മരത്തിൽ നിന്ന് വീണ് കണ്ണൂർ അലവിൽ സ്വദേശി ആയ നിധീഷ് ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രി ആയിരുന്നു അലവിൽ ബസ്റ്റോപ്പിന് സമീപം ബ്രസീൽ ആരാധകർ ഫ്ലക്സ് ഉയർത്തിയത്. ഫ്ലക്സ് കെട്ടിയതിനു ശേഷം അതിനു ചുറ്റും തോരണങ്ങളും മറ്റും സ്ഥാപിക്കുന്നതിന് ഇടയിലാണ് നിധീഷ് മരത്തിൽ നിന്ന് വീണത്.

വീഴ്ചയിൽ തലയ്ക്കേറ്റ പരിക്ക് മരണ കാരണമായി. ശ്രീചന്ദ് ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും പരിക്ക് ഗുരുതരമായതിനാൽ രക്ഷിക്കാൻ ആയില്ല. ഇന്ന് രാവിലെയോടെ ആണ് മരണം സ്ഥിരീകരിച്ചത്.

കളിക്കാരെ കളിക്കാൻ അനുവദിക്കുക, ഖത്തർ ലോകകപ്പിന്റെ രാഷ്ട്രീയം പറയേണ്ടത് താരങ്ങൾ അല്ല എന്ന് ക്ലോപ്പ്

ഖത്തർ ലോകകപ്പ് നടക്കാൻ രണ്ട് ആഴ്ച മാത്രം ഇരിക്കെ താരങ്ങളുടെ മേൽ വലിയ രാഷ്ട്രീയ സമ്മർദ്ദം ഉയർത്തുന്നത് ശരിയല്ല എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. ഇപ്പോൾ കളിക്കാർ ഒരോ മത്സരത്തിലും സമൂഹത്തിന് ഒരു സന്ദേശം നൽകേണ്ട അവസ്ഥയിലാണ്. ഈ കാര്യം താൻ ഇഷ്ടപ്പെടുന്നില്ല എന്ന് ക്ലോപ്പ് പറഞ്ഞു.

കളിക്കാരോട് നിങ്ങൾ ഈ ആംബാൻഡ് ധരിക്കണം അല്ലെങ്കിൽ നിങ്ങൾ ഇത് ചെയ്തില്ലെങ്കിൽ നിങ്ങൾ അവരുടെ പക്ഷത്തല്ല. നിങ്ങൾ ഇത് ചെയ്താൽ നിങ്ങൾ അവരുടെ പക്ഷത്താണ് എന്നെല്ലാം പറയുന്നത് ശരിയല്ല. ഇവർ ഫുട്ബോൾ കളിക്കാരാണ് രാഷ്ട്രീയക്കരല്ല. ക്ലോപ്പ് പറഞ്ഞു.

ലോകകപ്പ് എന്നത് ഒരു ടൂർണമെന്റാണ്, കളിക്കാർ അവിടെ പോയി കളിക്കുകയും അവരുടെ രാജ്യങ്ങൾക്കായി ഏറ്റവും മികച്ചത് നൽകുകയും ചെയ്യും. അവർക്ക് ഈ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഒരു ബന്ധവുമില്ല. 12 വർഷം മുമ്പ് ഖത്തറിന് ലോകകപ്പ് നൽകിയപ്പോൾ ഒന്നും ചെയ്യാത്തവർ ഇപ്പോൾ താരങ്ങൾ എന്തെങ്കിലും ചെയ്യണം എന്ന് പറയുന്നതിൽ കാര്യമില്ല ക്ലോപ്പ് പറഞ്ഞു.

ഖത്തർ ലോകകപ്പ് തന്റെ അവസാന ലോകകപ്പ് എന്നു ഉറപ്പിച്ചു പറഞ്ഞു ലയണൽ മെസ്സി

ഈ വരുന്ന ഖത്തർ ലോകകപ്പ് തന്റെ അവസാന ലോകകപ്പ് ആണെന്ന് സ്ഥിരീകരിച്ചു ഇതിഹാസതാരം ലയണൽ മെസ്സി. അവസാനം നൽകിയ അഭിമുഖത്തിൽ ആണ് അർജന്റീന താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇനിയൊരു ലോകകപ്പ് കളിക്കാൻ താനില്ല എന്ന കാര്യം 34 കാരനായ മെസ്സി ഉറപ്പിച്ചു പറഞ്ഞു.

ഇതിനകം തന്നെ ഇതിൽ തീരുമാനം എടുത്തത് ആയി മെസ്സി വ്യക്തമാക്കി. അതേസമയം പി.എസ്.ജയിൽ ആണോ ബാഴ്‌സലോണയിൽ ആണോ വിരമിക്കുക എന്ന കാര്യത്തിൽ മെസ്സി ഉടൻ എങ്ങും തീരുമാനം എടുക്കില്ല. 2023 ൽ ആവും ഈ കാര്യത്തിൽ തീരുമാനം എടുക്കുക. അവസാന ലോകകപ്പിൽ അർജന്റീനക്ക് ഒപ്പം കിരീടം ഉയർത്തി രാജ്യാന്തര ഫുട്‌ബോളിൽ നിന്നു വിടപറയാൻ ആവും മെസ്സിയുടെ ലക്ഷ്യം.

ഖത്തറിലെ മനുഷ്യാവകാശ ലംഘനങ്ങൾ! ജെഴ്‌സിയിലൂടെ പ്രതിഷേധം ഉയർത്തി ഡെന്മാർക്ക് ലോകകപ്പിന് എത്തും

ഖത്തർ ലോകകപ്പിന് എത്തുന്ന ഡെന്മാർക്ക് ദേശീയ ടീം തങ്ങളുടെ ഫുട്‌ബോൾ കിറ്റിലൂടെ ഖത്തറിലെ കുടിയേറ്റ ജോലിക്കാർക്ക് എതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങൾക്ക് എതിരെ പ്രതിഷേധിക്കും. ഡെന്മാർക്ക് ടീമിന്റെ ജെഴ്‌സി സ്പോൺസർ ആയ ഹമ്മൽ 1992 ലെ യൂറോ കപ്പ് ജെഴ്‌സിയിൽ പ്രചോദനം ഉൾക്കൊണ്ട കിറ്റ് ആണ് അവർക്ക് ആയി ഒരുക്കിയത്. എന്നാൽ ജെഴ്‌സിയിൽ ടീം ലോഗോയും സ്പോൺസർമാരുടെ ലോഗോയും എല്ലാം മങ്ങി ആയിരിക്കും കാണുക. ഇത് കൂടാതെ പ്രതിഷേധത്തിന്റെ ഭാഗമായി അവരുടെ മൂന്നാം ജെഴ്‌സി മുഴുവൻ കറുത്ത നിറത്തിൽ ആണ്. വിലാപത്തിന്റെ നിറമായ കറുപ്പ് തങ്ങൾ പ്രതിഷേധത്തിന് ആയി തിരഞ്ഞെടുക്കുക ആണെന്ന് ഡെന്മാർക്ക് അധികൃതരും വ്യക്തമാക്കി.

ഡെന്മാർക്ക് ദേശീയ ടീമിനെ ഞങ്ങൾ പിന്തുണക്കുന്നു എന്നാൽ ആയിരക്കണക്കിന് ആളുകളെ മരണത്തിനു തള്ളി വിട്ട ഖത്തറിനെ പിന്തുണക്കാൻ ഞങ്ങൾക്ക് ആവില്ല എന്നാണ് ഹമ്മൽ ഔദ്യോഗികമായി വ്യക്തമാക്കിയത്. അതിനാൽ തന്നെ ഖത്തറിൽ ഞങ്ങളുടെ ലോഗോ ഒന്നും കാണരുത് എന്നാണ് തങ്ങളുടെ ലക്ഷ്യം എന്നും അവർ കൂട്ടിച്ചേർത്തു. ഡെന്മാർക്കിന്റെ ആദ്യ ജെഴ്‌സി ചുവപ്പും രണ്ടാം ജെഴ്‌സി വെള്ളയും ആണ്. ഡെന്മാർക്ക് പരിശീലനത്തിന് ഇടുന്ന ജെഴ്‌സിയിലെ സ്പോൺസർമാരും ഖത്തറിനു എതിരായ പ്രതിഷേധങ്ങൾക്ക് ഇടം നൽകാൻ ആയി പിന്മാറിയിട്ടുണ്ട്. ലോകകപ്പ് ആതിഥേയരാവും എന്നു ഉറപ്പായ ശേഷം ഇത് വരെ ഇന്ത്യക്കാർ അടക്കം 6,500 ൽ അധികം കുടിയേറ്റ ജോലിക്കാർ ലോകകപ്പും ആയുള്ള പണികളിൽ ഏർപ്പെടുന്നതിനു ഇടയിൽ മരിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ ഔദ്യോഗിക കണക്കുകൾ പുറത്ത് വിടാനോ ഇതിനു എതിരായ പ്രതിഷേധങ്ങൾക്ക് ചെവി കൊടുക്കാനോ ഇത് വരെ ഖത്തർ തയ്യാറായിട്ടില്ല. ഇപ്പോഴും വെറും 40 തിൽ താഴെ മരണങ്ങൾ ആണ് ഇത്തരത്തിൽ സംഭവിച്ചത് എന്നാണ് ഖത്തർ വാദം. ഫിഫ ഖത്തറിനു എതിരെ വലിയ ശിക്ഷ നടപടികളോ മുന്നറിയിപ്പോ നൽകുന്നില്ല എന്ന വിമർശനവും പല രാജ്യങ്ങളും ഉയർത്തിയിട്ടുണ്ട്. അതേസമയം സ്വവർഗ അനുരാഗം പാപം ആയി കാണുന്ന ഖത്തറിൽ അനുവാദം ഇല്ലെങ്കിലും അവർക്ക് പിന്തുണ ആയി ‘റെയിൻബോ’ ആം ബാൻഡ് തങ്ങളുടെ ക്യാപ്റ്റൻ അണിയും എന്ന നിലപാട് ഹോളണ്ട് ടീം എടുത്തിരുന്നു. തുടർന്നു ഇതേ ആം ബാൻഡ് താൻ അണിയും എന്നു ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയിൻ വ്യക്തമാക്കിയിരുന്നു. നിലവിൽ ഹോളണ്ട്, ഇംഗ്ലണ്ട് എന്നിവർക്ക് പുറമെ ബെൽജിയം, ഡെന്മാർക്ക്, ഫ്രാൻസ്, ജർമ്മനി, വെയിൽസ്, സ്വിസർലാന്റ് ടീമുകളും ഈ പ്രതിഷേധം സ്വീകരിക്കും എന്നു അറിയിച്ചിട്ടുണ്ട്.

ഖത്തർ ലോകകപ്പ്, പോർച്ചുഗൽ അണിയുന്ന ജേഴ്സികൾ പുറത്തിറക്കി

ഖത്തർ ലോകകപ്പ്;ഇനി ലോകകപ്പിന് ആയി രണ്ട് മാസം മാത്രം ശേഷിക്കെ അന്താരാഷ്ട്ര ടീമുകൾ അവരുടെ ജേഴ്സി പുറത്തിറക്കി കൊണ്ട് ഇരിക്കുകയാണ്. ഇന്ന് പോർച്ചുഗൽ അവരുടെ ജേഴ്സി പുറത്ത് ഇറക്കി. ക്രിസ്റ്റ്യാനോ റൊണാൾഡോയും ബ്രൂണോ ഫെർണാണ്ടസും പോർച്ചുഗീസ് കിറ്റുകൾ ധരിച്ചു നിൽക്കുന്ന ചിത്രങ്ങൾ പോർച്ചുഗൽ ഇന്ന് പങ്കുവെച്ചു. നൈക് ഒരുക്കിയ എവേ ജേഴ്സിയും ഹോം ജേഴ്സിയും ആണ് ഇന്ന് പുറത്ത് ഇറങ്ങിയത്. ചുവപ്പും പച്ചയും നിറത്തിൽ ആണ് ആണ് ഹോം ജേഴ്സി. വെള്ള നിറത്തിലാണ് എവേ ജേഴ്സി.

പോഗ്ബക്ക് പരിക്ക് മാറാൻ ശസ്ത്രക്രിയ, ഖത്തർ ലോകകപ്പ് നഷ്ടമാകുമെന്ന് ഭീതി

പോൾ പോഗ്ബ ഇത്തവണത്തെ ലോകകപ്പിന് ഉണ്ടാകുന്ന കാര്യം സംശയത്തിൽ. ഫ്രഞ്ച് താരത്തിന്റെ പരിക്ക് മാറാനായി ശസ്ത്രക്രിയക്ക് വിധേയനാകാൻ താരം ഇന്ന് തീരുമാനിച്ചു. പരിക്ക് മാറാൻ ശസ്ത്രക്രിയ ഇല്ലാത്ത വഴി പോഗ്ബ ശ്രമിച്ചു നോക്കി എങ്കിലും അത് ഫലം കണ്ടില്ല. തുടർന്നാണ് ക്ലബും താരവും കൂടി ശസ്ത്രക്രിയക്ക് വിധേയനാകാൻ തീരുമാനിച്ചത്‌

ശസ്ത്രക്രിയ കഴിഞ്ഞാൽ താരം രണ്ടര മാസത്തോളം എങ്കിലും പുറത്തിരിക്കേണ്ടി വരും. അതുകൊണ്ട് പോഗ്ബയ്ക്ക് ലോകകപ്പ് അടക്കം നഷ്ടമാകും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ഫ്രാൻസ് ഇറങ്ങുമ്പോൾ പോഗ്ബ മധ്യനിരയിൽ ഇല്ലാ എങ്കിൽ ചാമ്പ്യന്മാർക്ക് വലിയ തിരിച്ചടിയാകും.

മുട്ടിൽ മെനിസ്കസിലാണ് പോഗ്ബക്ക് പരിക്ക്. യുവന്റസിന്റെ പ്രീസീസൺ പരിശീലനത്തിന് ഇടയിൽ ആയിരുന്നു പോഗ്ബക്ക് പരിക്കേറ്റത്‌. ഈ സമ്മർ ട്രാൻസ്ഫറിൽ ആയിരുന്നു പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ഫ്രീ ട്രാൻസ്ഫറിൽ യുവന്റസിലേക്ക് മടങ്ങി എത്തിയത്‌. കഴിഞ്ഞ സീസണിലും പോഗ്ബയെ പരിക്ക് അലട്ടിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനായി കഴിഞ്ഞ സീസണിൽ വളരെ കുറച്ചു മത്സരങ്ങൾ മാത്രമേ പോഗ്ബ കളിച്ചിരുന്നുള്ളൂ.

ഖത്തർ ലോകകപ്പിൽ മദ്യം ഉണ്ടാവും, മത്സരം തുടങ്ങുന്നതിനു 3 മണിക്കൂർ മുമ്പ് ആരാധകർക്ക് ബിയർ വാങ്ങാം

ഫിഫ 2022 ലെ ലോകകപ്പ് ഖത്തറിനു അനുവദിച്ചത് മുതൽ ഉള്ള സംശയങ്ങൾ ആയിരുന്നു ഖത്തറിലെ ഇസ്ലാമിക ഷെരിയ നിയമം എങ്ങനെ മത്സരങ്ങൾക്ക് എത്തുന്ന താരങ്ങളെയും കാണികളെയും ബാധിക്കും എന്ന വിഷയം. ലോകകപ്പ് ആഘോഷം ആക്കാൻ എത്തുന്ന കാണികൾക്ക് മുന്നിൽ ഖത്തറിലെ ഇസ്ലാമിക നിയമങ്ങൾ വില്ലൻ ആവുമോ എന്നും ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ലോകകപ്പിന്റെ സമയത്ത് മദ്യം അനുവദിക്കാൻ ഖത്തർ അധികൃതർ ഫിഫയും ആയി നടത്തിയ ചർച്ചകൾക്ക് ശേഷം സമ്മതിച്ചത് ആയി റിപ്പോർട്ടുകൾ. ലോകകപ്പ് മത്സരങ്ങളുടെ കിക്ക് ഓഫിന് 3 മണിക്കൂർ മുമ്പും മത്സരം കഴിഞ്ഞതിനു ശേഷം ഒരു മണിക്കൂർ കഴിഞ്ഞും ആരാധകർക്ക് ഖത്തറിൽ ആൽക്കഹോൾ അടങ്ങിയ ബിയർ വാങ്ങാൻ ആവും.

എന്നാൽ മത്സരത്തിന് ഇടയിൽ ബിയർ വിൽപ്പനക്ക് അംഗീകാരം ഇല്ല. ലോകകപ്പിന്റെ പ്രധാന സ്പോൺസർമാരിൽ ഒരാൾ ആയ ബഡ് വെയിസറിനു ആണ് ബിയർ വിൽക്കാനുള്ള അനുമതിയുള്ളത്. സ്റ്റേഡിയത്തിനു പരിസരത്ത് അവർക്ക് മാത്രമാണ് മദ്യം വിൽക്കാൻ അനുമതി ഉണ്ടാവുക എന്നാൽ സ്റ്റേഡിയത്തിനു ഉള്ളിൽ മദ്യം വിൽക്കാൻ അനുമതി ഉണ്ടാവില്ല. ഇത് കൂടാതെ ദോഹയിലെ പ്രധാന ഫാൻ സോണിൽ വൈകുന്നേരം 6.30 മുതൽ പുലർച്ചെ 1 മണി വരെ ലോകകപ്പ് തുടങ്ങി തീരുന്നത് വരെ 29 ദിവസങ്ങളിലും ബഡ് വെയിസറിനു ആരാധകർക്ക് ബിയർ വിൽക്കാം. മുമ്പ് നടന്ന ലോകകപ്പുകളിൽ എല്ലാ സമയത്തും ആരാധകർക്ക് ബിയർ വിൽക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇതിന്റെ വില എത്ര ആയിരിക്കും എന്ന് ഇത് വരെ തീരുമാനിച്ചിട്ടില്ല.

അതേസമയം ആൽക്കഹോൾ അടങ്ങാത്ത ബിയർ ഏത് സമയത്തും സ്റ്റേഡിയത്തിൽ അടക്കം വിൽക്കാനുള്ള അനുമതിയും ഉണ്ട്. സൗദി അറേബ്യ പോലെ ‘ഡ്രൈ സ്റ്റേറ്റ്’ അല്ല ഖത്തർ പൊതു സ്ഥലങ്ങളിൽ മദ്യം നിരോധിച്ച ഇവിടെ സന്ദർശകർക്ക് മദ്യം കൊണ്ടു വരുന്നതിലോ സ്വകാര്യ ഇടങ്ങളിൽ കുടിക്കുന്നതിനോ വിലക്ക് ഇല്ല. അതേപോലെ പല ഹോട്ടലുകളിലും സന്ദർശകർക്ക് ആയി മദ്യം വിൽക്കാനുള്ള അനുമതിയും ഉണ്ട്. വെള്ളിയാഴ്ച മദ്യ വിൽപ്പനക്ക് നിയന്ത്രണം ഉണ്ടാവുമോ എന്നു ഇപ്പോൾ വ്യക്തമല്ല. അതേസമയം സ്വവർഗ അനുരാഗികളെയും റെയിൻബോ പതാകയും ഖത്തർ ലോകകപ്പിന്റെ സമയത്ത് എങ്ങനെ സ്വീകരിക്കും എന്നു നിലവിൽ വ്യക്തമല്ല.

ഖത്തർ ലോകകപ്പിനായുള്ള അർജന്റീനയുടെ എവേ ജേഴ്സി എത്തി

ലോക ഫുട്ബോളിൽ ഏറെ ആരാധകരുള്ള ടീമായ അർജന്റാന അവരുടെ പുതിയ എവേ ജേഴ്സി പുറത്തിറക്കി. ഖത്തർ ലോകകപ്പിന് മുന്നോടിയായാണ് അർജന്റീന ജേഴ്സി പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ ഹോം ജേഴ്സിയും അർജന്റീന പുറത്തിറക്കിയിരുന്നു. അഡിഡാസാണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്‌. ഇന്ന് മുതൽ അഡിഡാസ് സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാകും. ജേഴ്സി ഡിസൈന് ആരാധകർക്ക് ഇടയിൽ നല്ല പ്രതികരണം ആണ് ലഭിക്കുന്നത്‌. മെസ്സിക്ക് ഒപ്പം ഒരു ലോകകപ്പ് എന്ന സ്വപ്നം ഖത്തറിൽ സാധിക്കും എന്ന പ്രതീക്ഷയിലാണ് അർജന്റീന ഇപ്പോൾ.

2022 ലോകകപ്പിലെ ചാമ്പ്യന്മാരുടെ ഗ്രൂപ്പ് D

2022 ലോകകപ്പിലെ ചാമ്പ്യന്മാരുടെ ഗ്രൂപ്പ് D

ഒപ്പത്തിനൊപ്പം നിൽക്കുന്ന 4 ടീമുകളല്ല ഗ്രൂപ്പ് Dയിൽ ഉള്ളത്. ഫ്രാൻസ്, ഓസ്‌ട്രേലിയ, ഡെൻമാർക്ക്‌, ടുണീഷ്യ എന്നിവരാണ് ഈ ഗ്രൂപ്പിൽ.

എങ്കിലും ഈ ഗ്രൂപ്പിലെ നക്ഷത്ര ടീം ഫ്രാൻസ് തന്നെയാണ്. അത്രമാത്രം നക്ഷത്രങ്ങൾ ദഷാമിന്റെ ഈ ടീമിലുണ്ട്. അതിൽ ഏറ്റവും എടുത്തു പറയേണ്ടത് പലരും കരുതുന്ന പോലെ എംബപ്പേയുടെ പേരല്ല, പകരം കരീം ബെൻസിമയെയുടേതാണ്! വർഷങ്ങൾക്ക് ശേഷം ദേശീയ ടീമിലേക്ക് വന്ന ബെൻസിമ 2018ലെ വേൾഡ് കപ്പ് ഉയർത്തിയ ഫ്രാൻസ് ടീമിൽ അംഗമായിരുന്നില്ല. മിക്കവാറും തൻ്റെ അവസാന വേൾഡ് കപ്പ് കളിക്കുന്ന ബെൻസിമ ഇത്തവണ ഈ ലോകകപ്പിൻ്റെ താരമായാൽ അത്ഭുതപ്പെടേണ്ട. എംബപ്പയുടെ പിഎസ്ജി കണക്കുകൾ ഈ ഫിഫ ടൂർണമെന്റിൽ തീർപ്പാക്കാൻ തുനിഞ്ഞാൽ അത് ടീമിനെ ബാധിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.

ഫ്രാൻസിനെ നേരിടുന്ന മറ്റൊരു പ്രശ്നം കാൻ്റെയുടെ പരിക്കാണ്. ജൂണിൽ നടന്ന ഇന്റർനാഷണൽ മാച്ചുകളിൽ മുട്ടിന് പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്ന ഈ ചെൽസി കളിക്കാരൻ, ഇപ്പോൾ പുതിയ പരിക്കിന്റെ പിടിയിലാണ്. അത് കൊണ്ട് ഇത്തവണ വേൾഡ് കപ്പിൽ കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഇത് ഫ്രാൻസിനെ സംബന്ധിച്ച് വലിയൊരു തിരിച്ചടിയാണ്.

എങ്കിലും ലോറിസ്, ഗ്രീസ്മാൻ, പോഗ്ബ (പരിക്കിന്റെ പിടിയിലാണെങ്കിലും കളിക്കും എന്നാണ് വിവരം), കോമാൻ, ഹെർണാണ്ടസ് എന്നിവരുടെ മികച്ച കളിയിൽ, കഴിഞ്ഞ തവണ നേടിയ കപ്പ് നിലനിർത്താൻ കഴിയും എന്ന വിശ്വാസത്തിലാണ് ലെസ് ബ്ലൂസ്.

എളുപ്പമുള്ള ക്വാളിഫയിങ് ഗ്രൂപ്പിൽ പെടുന്നത് കൊണ്ട് ഫിഫ കപ്പിൽ കുറേക്കാലമായി സ്ഥിരസാന്നിധ്യമായ ഓസ്‌ട്രേലിയ ഇത്തവണ അത്ര എളുപ്പത്തിലല്ല ദോഹക്ക് വിമാനം കയറുന്നത്. ഏതാണ്ട് ഏറ്റവും അവസാനം പെറുവിന് എതിരെ ഒരു പെനാൽറ്റി ഷൂട്ടിലൂടെയാണ് സോക്കറൂസ് ക്വാളിഫൈ ചെയ്തത്. ഒരു കളിയിൽ സൗദിയോട് തോൽക്കുകയും ചെയ്തു. ഏഷ്യൻ ഗ്രൂപ്പിൽ സൗദിക്കും ജപ്പാനും പുറകിൽ മൂന്നാമതായിട്ടാണ് ഓസ്‌ട്രേലിയ വന്നത്. അടുത്ത റൗണ്ടിലേക്ക് കടന്നാൽ തന്നെ അത് വലിയ കാര്യമായി കണക്കാക്കിയാൽ മതി. ഖത്തറിലെ അവരുടെ ആദ്യ കളി ഫ്രാൻസുമായിട്ടാണ്. അന്നറിയാം കങ്കാരുക്കളുടെ കളി കാര്യമാകുമോ എന്ന്.

ഈ ഗ്രൂപ്പിൽ നിന്ന് അടുത്ത റൗണ്ടിൽ ഫ്രാൻസിനൊപ്പം കടക്കും എന്ന് ഉറപ്പുള്ള മറ്റൊരു ടീമാണ് ഡെൻമാർക്ക്‌. ഫിഫ ചരിത്രത്തിൽ ഒരു ക്വാർട്ടർ ഫൈനലാണ് അവരുടെ ഏറ്റവും ഉയർന്ന നേട്ടം. എങ്കിലും കാസ്പെർ ഹ്യൂൽമണ്ടിൻ്റെ കീഴിൽ കളിക്കുന്ന ഈ യൂറോപ്യൻ പവർ ഹൗസിന് തങ്ങളുടെ ചരിത്രം തിരുത്താൻ സാധ്യതയുള്ള ഒരു വേൾഡ് കപ്പാണ് ഇത്. സൈമൺ കിയർ, കാസ്പെർ ഷിമൈക്കിൾ,ക്രിസ്റ്റ്യൻ എറിക്‌സൺ, പിയർ-എമിൽ ഹോയ്‌ബിയ തുടങ്ങിയവർ അടങ്ങിയ ഫിഫ റാങ്കിങ്ങിൽ 10 ആം സ്ഥാനത്തുള്ള ഈ ഡാനിഷ് ടീമിന് ഭാഗ്യം കൂടി ഒത്ത് വന്നാൽ ക്വാർട്ടറിനു അപ്പുറം കടക്കാൻ കഴിയും.

ഖത്തറിൽ തങ്ങളുടെ ആറാമത് വേൾഡ് കപ്പ് കളിക്കാൻ തയ്യാറെടുക്കുന്ന ടുണീഷ്യ കാര്യമായ പ്രതീക്ഷകളുമായല്ല എത്തുന്നത്. ഇക്കൊല്ലമാദ്യം സ്ഥിരം കോച്ചായി നിയമിക്കപ്പെട്ട ജലീൽ കദ്രിയുടെ കീഴിൽ മെച്ചപ്പെട്ട് വന്ന ടീമാണ് ടുണീഷ്യ. അവരുടെ പ്രധാന കളിക്കാർ ഇംഗ്ലീഷ് ലീഗിലും ഫ്രഞ്ച് ലീഗിലും കളിക്കുന്നവരാണ്. അവർ ഒന്നിച്ചു ക്ലിക്കായാൽ ഒരു പക്ഷെ രണ്ടു കളികൾ ഗ്രൂപ്പ് റൗണ്ടിൽ ജയിക്കാൻ സാധിച്ചേക്കും. ഗ്രൂപ്പ് പോയിന്റ് പട്ടികയിൽ ഏറ്റവും താഴെ വരാതിരിക്കാൻ അവർ ശ്രമിക്കും. യൂസഫ് മസ്‌കനി, മോന്റസാർ തൽബി, ഫെറാനി സാസി, വഹ്ബി ഖസ്‌റി, ഹാന്നിബൽ മേജ്ബ്രി എന്നിവർ ലോക ഫുട്ബാളിൽ പുതിയ കളിക്കാരല്ല, അത് കൊണ്ട് ട്യുണീഷ്യയുടെ കളികൾ കാണികളെ ഹരം കൊള്ളിക്കുന്നതാകും.

കഴിഞ്ഞ വേൾഡ് കപ്പിൽ ആരും അധികം സാധ്യത നല്കാതിരുന്നിട്ടും കപ്പടിച്ച ഫ്രാൻസിന് ഇത്തവണ പന്തയ സൈറ്റുകളിൽ ഉയർന്ന സ്റ്റാറ്റസാണ്. അവസാന നാലിൽ അവരുണ്ടാകും, അതിൽ ആശങ്ക വേണ്ട. D എന്ന അക്ഷരത്തിന് ഫ്രഞ്ചിൽ RE എന്നാണ് ഉച്ചാരണം. D ഗ്രൂപ്പിൽ കളിക്കുന്ന ഫ്രാൻസ് കഴിഞ്ഞ തവണത്തെ പ്രകടനം റിപീറ്റ്‌ ചെയ്യില്ലെന്ന് ആര് കണ്ടു!

Exit mobile version