ഗബ്രിയേലിന്റെയും അല്‍സാരി ജോസഫിന്റെയും നാലാം ദിവസത്തെ അവസാന സെഷനിലെ ബൗളിംഗ് പ്രകടനമാണ് മത്സരം മാറ്റിയത്

ഷാനണ്‍ ഗബ്രിയേലും അല്‍സാരി ജോസഫും നാലാം ദിവലത്തെ അവസാന സെഷനില്‍ നടത്തിയ ബൗളിംഗ് പ്രകടനത്തെ പ്രശംസിച്ച് ടീം കോച്ച് ഫില്‍ സിമ്മണ്‍സ്. ഇവരുവരും ഒപ്പം ചേര്‍ന്ന് എറിഞ്ഞ സ്പെല്ലാണ് നാലാം ദിവസം വലിയ സ്കോറിലേക്ക് കുതിയ്ക്കുകയായിരുന്നു ഇംഗ്ലണ്ടിനെ ചെറുത്ത് നിര്‍ത്തിയത്. വളരെ പെട്ടെന്ന് 5 വിക്കറ്റുകളാണ് ഇരുവരും ചേര്‍ന്ന് വീഴ്ത്തിയത്. അതോടെ വിന്‍ഡീസിന് 200 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം നേടിയാല്‍ മതിയെന്ന സ്ഥിതി വരികയായിരുന്നു.

ആ സെഷനിലെ ഇരുവരുടെയും പ്രകടനം കാണുവാന്‍ ആനന്ദകരമായ കാര്യമാണെന്ന് സിമ്മണ്‍സ് വ്യക്തമാക്കി. പരിക്കില്‍ നിന്ന് തിരികെ എത്തി ഇത്തരത്തില്‍ ഒരു പ്രകടനം പുറത്തെടുത്ത ഷാനണ്‍ ഗബ്രിയേലിന്റെ പ്രകടനം ഏറെ പ്രശംസനീയമാണെന്നും ഫില്‍ സിമ്മണ്‍സ് വ്യക്തമാക്കി.

ഇതെല്ലാം ഇവരുടെ കഠിന പ്രയത്നത്തെയാണ് കാണിക്കുന്നതെന്നും വെസ്റ്റ് ഇന്‍ഡീസ് കോച്ച് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ നാലാഴ്ചത്തെ പരിശ്രമത്തിന് ലഭിച്ച ഉപഹാരമാണ് ഈ വിജയം – ഫില്‍ സിമ്മണ്‍സ്

ഇംഗ്ലണ്ടിനെതിരെ നേടിയ വിജയം ഏറെ മഹത്തരമെന്ന് പറഞ്ഞ് വിന്‍ഡീസ കോച്ച് ഫില്‍ സിമ്മണ്‍സ്. കഴിഞ്ഞ് നാല് മുതല്‍ അഞ്ച് ആഴ്ച താരങ്ങള്‍ നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് ഈ വിജയമെന്ന് സിമ്മണ്‍സ് വ്യക്തമാക്കി. ഇംഗ്ലണ്ടിലേക്ക് എത്തി മികച്ച നിലവാരമുള്ള ടെസ്റ്റ് മത്സരം ആണ് തന്റെ താരങ്ങള്‍ നേടിയതെന്നും ഇരു ടീമുകളും മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും സിമ്മണ്‍സ് വ്യക്തമാക്കി.

അവസാന മണിക്കൂറിലേക്ക് മത്സരം കടന്നപ്പോളും വിജയം ആര്‍ക്ക് വേണമങ്കിലും പിടിയിലൊതുക്കാവുന്ന തരത്തിലായിരുന്നുവെന്നും ഫില്‍ സിമ്മണ്‍സ് അഭിപ്രായപ്പെട്ടു. ആ നിലയില്‍ നിന്ന് വിജയം പിടിച്ചെടുത്തത് വിന്‍ഡീസിന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തുമെന്നും അടുത്ത മത്സരത്തിലും സമാനമായ പ്രകടനം പുറത്തെടുക്കാനാകുമെന്നുമാണ് കരുതുന്നതെന്ന് ഫില്‍ സിമ്മണ്‍സ് അഭിപ്രായപ്പെട്ടു.

പരമ്പരയുടെ ഫലത്തെ നിര്‍ണ്ണയിക്കുക അല്‍സാരിയുടെ പ്രകടനം

ഇംഗ്ലണ്ട് വിന്‍ഡീസ് പരമ്പരയുടെ ഫലം നിര്‍ണ്ണയിക്കുന്നത് അല്‍സാരി ജോസഫിന്റെ പ്രകടനമായിരിക്കുമെന്ന് പറഞ്ഞ് വിന്‍ഡീസ് മുഖ്യ കോച്ച് ഫില്‍ സിമ്മണ്‍സ്. വിന്‍ഡീസ് പേസര്‍മാരുടെ മികവിലാവും പരമ്പര നിര്‍ണ്ണയിക്കപ്പെടുവാനുള്ള സാധ്യതയെന്നും അതില്‍ തന്നെ അല്‍സാരി ജോസഫിന്റെ പ്രകടനം ആവും ഏറെ പ്രാധാന്യമെന്നും ഫില്‍ സിമ്മണ്‍സ് വ്യക്തമാക്കി.

കെമര്‍ റോച്ച്, ഷാനണ്‍ ഗബ്രിയേല്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരാണ് ഞങ്ങളുടെ പ്രധാന ബൗളര്‍മാര്‍ എന്നാല്‍ അല്‍സാരി ജോസഫിന്റെ ബൗളിംഗ് പ്രകടനം ആവും പരമ്പര നിര്‍ണ്ണയിക്കുന്നതില്‍ ഏറ്റവും പ്രധാനമെന്ന് സിമ്മണ്‍സ് വ്യക്തമാക്കി.

തനിക്ക് ബാറ്റ്സ്മാന്മാരുടെ പ്രകടനത്തില്‍ അത്ര വ്യാകുലതയില്ലെന്നും അവര്‍ കഠിന പ്രയത്നം നടത്തിയിട്ടുണ്ടെന്നും അതിനാല്‍ തന്നെ മത്സരത്തില്‍ അത് ഉപകാരപ്പെടുമെന്നും ഫില്‍ സിമ്മണ്‍സ് വ്യക്തമാക്കി.

ഫിൽ സിമ്മൺസിനെ പുറത്താക്കില്ലെന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ്

ഇംഗ്ലണ്ട് പര്യടനത്തിനിടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തതിന് വെസ്റ്റിൻഡീസ് പരിശീലകൻ ഫിൽ സിമ്മൺസിനെ പുറത്താക്കില്ലെന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ്. നേരത്തെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തതിന്റെ പേരിൽ സിമ്മൺസിനെ പുറത്താക്കണമെന്ന് ബാർബഡോസ് ക്രിക്കറ്റ് അസോസിയേഷൻ മേധാവി കൊണ്ടേ റൈലി ആവശ്യപ്പെട്ടിരുന്നു.

ഇതിനു പിന്നാലെയാണ് സിമ്മൺസിന് പിന്തുണയുമായി വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയത്. നിലവിൽ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീമിനെ മുന്നോട്ട് നയിക്കാൻ എന്ത്കൊണ്ടും യോഗ്യൻ ഫിൽ സിമ്മൺസ് ആണെന്നും വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് പറഞ്ഞു. ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെ താരം ഓൾഡ് ട്രാഫോർഡിലെ ഹോട്ടലിൽ സെൽഫ് ഐസൊലേഷനിലാണ്.

നിലവിൽ ഐസൊലേഷനിൽ ഉള്ള സിമ്മൺസിന്റെ രണ്ട് കോവിഡ്-19 ടെസ്റ്റുകൾ നടത്തുകയും നെഗറ്റീവ് ആവുകയും ചെയ്തിട്ടുണ്ട്. അടുത്ത ആഴ്ച ഒരു ടെസ്റ്റ് കൂടി നടത്തി നെഗറ്റീവ് ആയതിന് ശേഷം താരം ടീമിനൊപ്പം ചേരുമെന്നാണ് കരുതപ്പെടുന്നത്.

ഫില്‍ സിമ്മണ്‍സ് സെല്‍ഫ് ഐസൊലേഷനില്‍

വിന്‍ഡീസ് കോച്ച് ഫില്‍ സിമ്മണ്‍സ് സെല്‍ഫ് ഐസൊലേഷനില്‍. ഈ മരണാന്തര ചടങ്ങില്‍ പങ്കെടുത്തതോടെയാണ് സിമ്മണ്‍സ് സെല്‍ഫ് ഐസൊലേഷനില്‍ പോയത്. വിന്‍ഡീസ് സ്ക്വാഡിനൊപ്പം ചേരുന്നതിന് മുമ്പ് രണ്ട് കൊറോണ പരിശോധനയില്‍ ഇദ്ദേഹം നെഗറ്റീവാണെന്ന് തെളിയിക്കണം. സിമ്മണ്‍സ് ഓള്‍ഡ് ട്രാഫോര്‍ഡിലെ തന്റെ ഹോട്ടല്‍ മുറിയിലാണ് ഇപ്പോള്‍ ഐസൊലേഷനില്‍ കഴിയുന്നത്.

എന്നാല്‍ സിമ്മണ്‍സിന്റെ അഭാവം തങ്ങളെ ബാധിക്കില്ലെന്നും വലിയൊരു കോച്ചിംഗ് സ്റ്റാഫാണ് വിന്‍ഡീസിനുള്ളതെന്നും അല്‍സാരി ജോസഫ് വ്യക്തമാക്കി. നാളെ നടക്കുന്ന രണ്ടാം സന്നാഹ മത്സരത്തില്‍ സഹ പരിശീലകരായ റോഡി എസ്റ്റ്വിക്കിനും റയണ്‍ ഗ്രിഫിത്തിനുമാകും ചുമതല.

കാണികളുടെ അഭാവത്തില്‍ ബയോ സുരക്ഷിതമായ അന്തരീക്ഷത്തിലാണ് ഈ സന്നാഹ മത്സരവും നടക്കുന്നത്. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര ജൂണ്‍ 8ന് ആവും ആരംഭിക്കുക.

ബ്രാവോയുടെയും ഹെറ്റ്മ്യറിന്റെയും അഭാവം ബാധിക്കില്ല, സീനിയര്‍ താരങ്ങള്‍ ആവശ്യത്തിനുപകരിക്കുമെന്നാണ് പ്രതീക്ഷ

ഇംഗ്ലണ്ട് ടൂറില്‍ നിന്ന് ആരോഗ്യപരമായ കാരണങ്ങളാല്‍ പിന്മാറിയ ഡാരെന്‍ ബ്രാവോയുടെയും ഷിമ്രണ്‍ ഹെറ്റ്മ്യറിന്റെയും അഭാവം തന്റെ ടീമിനെ ബാധിക്കില്ലെന്ന് പറഞ്ഞ് ടീം മുഖ്യ കോച്ച് ഫില്‍ സിമ്മണ്‍സ്. സീനിയര്‍ താരങ്ങളായ ഷായി ഹോപും ക്രെയിഗ് ബ്രാത്‍വൈറ്റും അവസരത്തിനൊത്തുയരുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി.

മാനസികമായി അവര്‍ ഏറെ കരുത്തരാണ്. റോസ്റ്റണ്‍ ചേസ്, ഷായി ഹോപ്, ക്രെയിഗ് ബ്രാത്‍വൈറ്റ് എന്നീ താരങ്ങളെല്ലാം പരിചയമ്പന്നരാണ്. അവര്‍ അന്താരാഷ്ട്ര തലത്തില്‍ പല വട്ടം മികച്ച പ്രകടനം കാഴ്ചവെച്ചവരാണ്, ഇവിടെയും അവര്‍ അവസരത്തിനൊത്തുയരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് കോച്ച് അഭിപ്രായപ്പെട്ടു.

ആദ്യ ടെസ്റ്റിനുള്ള ടീമിന്റെ ബാറ്റിംഗ് ലൈനപ്പ് സന്നാഹ മത്സരത്തിന് ശേഷം തീരുമാനിക്കുമെന്നാണ് സിമ്മണ്‍സ് വ്യക്തമാക്കിയത്. ഹെറ്റ്മ്യറിന് പകരം ആറാം നമ്പറില്‍ ആരെന്നതാണ് വിന്‍ഡീസിന്റെ ഏറ്റവും വലിയ ചോദ്യമെങ്കിലും ജേസണ്‍ ഹോള്‍ഡറോ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഷെയിന്‍ ഡോവ്റിച്ചോ ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുവാനാണ് സാധ്യത.

ഗബ്രിയേല്‍ ഫിറ്റായി കാണപ്പെടുന്നു, സന്നാഹ മത്സരത്തിലെ പ്രകടനം നോക്കി താരത്തെ 14 അംഗ സ്ക്വാഡില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ഫില്‍ സിമ്മണ്‍സ്

പരിക്ക് മൂലം ഏറെ കാലം പുറത്തായിരുന്ന ഷാനണ്‍ ഗബ്രിയേലിനെ വിന്‍ഡീസ് തങ്ങളുടെ സ്ക്വാഡില്‍ ട്രാവലിംഗ് റിസര്‍വ് ആയാണ് ഉള്‍പ്പെടുത്തിയിരുന്നത്. താരം ഇപ്പോള്‍ ഫിറ്റായി കാണപ്പെടുന്നുവെന്നും പഴയ രീതിയില്‍ പന്തെറിയുന്നുണ്ടെന്നാണ് തനിക്ക് തോന്നിയതെന്ന് വിന്‍ഡീസ് കോച്ച് ഫില്‍ സിമ്മണ്‍സ് വ്യക്തമാക്കി.

പരിശീലന മത്സരത്തില്‍ താരം മികവ് പുലര്‍ത്തുകയാണെങ്കില്‍ ഗബ്രിയേലിനെ വിന്‍ഡീസിന്റെ 14 അംഗ ഔദ്യോഗിക ടൂര്‍ സംഘത്തിലേക്ക് ഉള്‍പ്പെടുമെന്നും സിമ്മണ്‍സ് വ്യക്തമാക്കി. ടീമിന്റെ ബൗളിംഗ് നിര കരുത്തുറ്റതാണെന്നും അതിനാല്‍ തന്നെ ഇലവനിലെത്തുക എന്നത് പ്രകടനങ്ങളുടെ ബലത്തിലാവുമെന്നും സിമ്മണ്‍സ് വ്യക്തമാക്കി.

ബ്രാവോയും ഹെറ്റ്മ്യറും പിന്‍വാങ്ങിയത് ദൗര്‍ഭാഗ്യകരം, എന്നാല്‍ വിന്‍ഡീസിന്റേത് മികച്ച സ്ക്വാഡ് തന്നെ

ഡാരെന്‍ ബ്രാവോയും ഷിമ്രണ്‍ ഹെറ്റ്മ്യറും വിന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്ന് പിന്മാറിയിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ ഇത്തരത്തിലൊരു പര്യടനം അനുയോജ്യമല്ലെന്ന കാരണത്താലാണ് ഇരുവരും പര്യടനത്തില്‍ പങ്കെടുക്കാതെ പിന്മാറിയത്. എന്നാല്‍ അവരുടെ അസാന്നിദ്ധ്യത്തിലും മികച്ച സ്ക്വാഡ് തന്നെയാണ് വിന്‍ഡീസിന്റേതെന്ന് മുഖ്യ കോച്ച് ഫില്‍ സിമ്മണ്‍സ് വ്യക്തമാക്കി.

ഇരുവരുടെയും തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും കളിക്കാരെന്ന നിലയില്‍ അവരുടെ കഴിവ് ഏവര്‍ക്കും സുപരിചതമാണെന്ന് പറഞ്ഞ് ഫില്‍ സിമ്മണ്‍സ്, ഈ താരങ്ങളുടെ അഭാവത്തിലും ശക്തമായ സ്ക്വാഡ് തന്നെയാണ് വിന്‍ഡീസിനുള്ളതെന്ന് വ്യക്തമാക്കി. അവര്‍ക്ക് പകരക്കാരായി എത്തുന്നവര്‍ മികച്ച പ്രകടനം നടത്തി അവരുടെ അഭാവം നികത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് സിമ്മണ്‍സ് വ്യക്തമാക്കി.

വിന്‍ഡീസിന്റെ സാധ്യത ബാറ്റ്സ്മാന്മാരുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും – ഫില്‍ സിമ്മണ്‍സ്

ഇംഗ്ലണ്ടില്‍ വിന്‍ഡീസിന്റെ വിജയ സാധ്യത വിന്‍ഡീസ് ബാറ്റ്സ്മാന്മാരുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കുമെന്ന് പറഞ്ഞ് മുഖ്യ കോച്ച് ഫില്‍ സിമ്മണ്‍സ്. മൂന്ന് പതിറ്റാണ്ടായി ഇംഗ്ലണ്ടില്‍ ഒരു പരമ്പര വിജയം കിട്ടാക്കനിയായി മാറിയിട്ടുണ്ട് വിന്‍ഡീസിന്. ഇപ്പോള്‍ കുറച്ച് കാലമായി ടീമിനെ പിടിച്ച് നിര്‍ത്തുന്നത് ബൗളിംഗ് പ്രകടനമാണെന്ന്, അവര്‍ക്ക് മാത്രം ഇംഗ്ലണ്ടില്‍ വിജയം നേടിക്കൊടുക്കാനാകില്ലെന്നും ബാറ്റിംഗ് കൂടി അവസരത്തിനൊത്തുയരേണ്ട സാഹചര്യമുണ്ടെന്നും ഫില്‍ സിമ്മണ്‍സ് വ്യക്തമാക്കി.

400-500 സ്കോറുകള്‍ നേടി ബാറ്റ്സ്മാന്മാര്‍ പിന്തുണ നല്‍കിയാലെ മികച്ച ബൗളിംഗ് യൂണിറ്റുകള്‍ക്ക് പോലും പിടിച്ച് നില്‍ക്കാനാകൂ എന്ന് സിമ്മണ്‍സ് വ്യക്തമാക്കി. ടെസ്റ്റ് ടീമിനെ കുറച്ച് നാളായി മുന്നോട്ട് നയിക്കുന്നത് ബൗളിംഗ് യൂണിറ്റാണ്, അതിന് മാറ്റം വന്നാല്‍ ഇംഗ്ലണ്ടില്‍ വിന്‍ഡീസിന് സാധ്യതയുണ്ടെന്നും സിമ്മണ്‍സ് വ്യക്തമാക്കി.

വാങ്കഡേയിലെ പൊള്ളാര്‍ഡിന്റെ പരിചയം തങ്ങളുടെ ബൗളര്‍മാരെ സഹായിക്കും

വാങ്കഡേയില്‍ കളിച്ച് പരിചയമുള്ള പൊള്ളാര്‍ഡിന്റെ കീഴില്‍ വിന്‍ഡീസ് ഇറങ്ങുന്നു എന്നത് ടീമിന്റെ ബൗളര്‍മാരെ വളരെയധികം സഹായിക്കുമെന്ന് അവകാശപ്പെട്ട് വിന്‍ഡീസ് കോച്ച് ഫില്‍ സിമ്മണ്‍സ്. ഇത് കൂടാതെ ഇന്ത്യയില്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പര കളിക്കാനായി ടീം നേരത്തെ എത്തിയതും വാങ്കഡേയിലെ അവസാന മത്സരത്തില്‍ ടീമിന് ഗുണം ചെയ്യുമെന്നാണ് വിന്‍ഡീസ് കോച്ചിന്റെ അഭിപ്രായം. ആദ്യ മത്സരത്തില്‍ 200ലധികം റണ്‍സ് നേടിയ ശേഷമാണ് വിന്‍ഡീസ് കീഴടങ്ങിയത്. എന്നാല്‍ രണ്ടാം ഗെയിമില്‍ ഇന്ത്യയെ കെട്ടുകെട്ടിച്ച് പരമ്പരയില്‍ ഒപ്പമെത്തുവാന്‍ ടീമിന് സാധിച്ചു.

ഈ സാഹചര്യങ്ങളില്‍ കൂടുതല്‍ സമയം ടീം ചെലവഴിച്ചതും ഗുണം ചെയ്യുമെന്ന് ഫില്‍ സിമ്മണ്‍സ് വ്യക്തമാക്കി. ലക്നൗവില്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റിലെ വിക്കറ്റും സമാനമായ സാഹചര്യത്തിലുള്ളതാണെന്ന് വിന്‍ഡീസ് കോച്ച് അഭിപ്രായപ്പെട്ടു.

ഇത് കൂടാതെ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിച്ചിട്ടുള്ള താരങ്ങള്‍ ടീമിലുള്ളതും വലിയ നേട്ടം തന്നെയാണെന്ന് എവിന്‍ ലൂയിസ്, ലെന്‍ഡല്‍ സിമ്മണ്‍സ്, കീറണ്‍ പൊള്ളാര്‍ഡ് എന്നിവരെ ചൂണ്ടിക്കാണിച്ച് സിമ്മണ്‍സ് വ്യക്തമാക്കി. ഇതില്‍ പൊള്ളാര്‍ഡിന്റെ ഐപിഎല്‍ പരിചയം ടീമിന് വലിയ ഗുണം ചെയ്യുമെന്നും സിമ്മണ്‍സ് പ്രത്യാശ പ്രകടിപ്പിച്ചു.

വിന്‍ഡീസ് കോച്ചായി ഫില്‍ സിമ്മണ്‍സ് മടങ്ങിയെത്തുന്നു

വിന്‍ഡീസ് കോച്ചായി വീണ്ടും ഫില്‍ സിമ്മണ്‍സ് മടങ്ങിയെത്തുന്നു. 2016ല്‍ ടീമിന്റെ കോച്ചായിരുന്ന ഫില്‍ സിമ്മണ്‍സിനെ പുറത്താക്കുകയായിരുന്നു. അന്ന് തങ്ങളുടെ രണ്ടാം ലോക ടി20 കിരീടം നേടി ആറ് മാസത്തിന് ശേഷമാണ് താരത്തിനെ പുറത്താക്കിയത്. പിന്നീട് അഫ്ഗാനിസ്ഥാനെ കന്നി ലോകകപ്പിന് യോഗ്യത നേടിക്കൊടുത്ത ഫില്‍ സിമ്മണ്‍സ് അടുത്തിടെ അവസാനിച്ച കരീബിയന്‍ പ്രീമിയര്‍ ലീഗ് ജേതാക്കളായ ബാര്‍ബഡോസ് ട്രിഡന്റിന്റെ കോച്ചുമായിരുന്നു.

നാല് വര്‍ഷത്തേക്കാണ് ഫില്‍ സിമ്മണ്‍സിന്റെ പുതിയ കരാര്‍. ഡെസ്മണ്ട് ഹെയ്‍ന്‍സ്, ഫ്ലോയഡ് റീഫര്‍ എന്നിവരെയാണ് സിമ്മണ്‍സ് പിന്തള്ളിയത്. മുമ്പ് അയര്‍ലണ്ട് കോച്ചായും സിമ്മണ്‍സ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

രവിശാസ്ത്രി ഉള്‍പ്പെടെ ആറ് പേരുടെ ചുരുക്ക പട്ടിക തയ്യാര്‍

ഇന്ത്യയുടെ മുഖ്യ കോച്ചിനെ തിരഞ്ഞെടുക്കുന്നതിനായി ആറ് പേരുടെ ചുരുക്ക പട്ടിക തയ്യാറാക്കി കപില്‍ ദേവ് നയിക്കുന്ന ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി. രവി ശാസ്ത്രി, മൈക്ക് ഹെസ്സണ്‍, ടോം മൂഡി, റോബിന്‍ സിംഗ്, ലാല്‍ചന്ദ് രാജ്പുത്, ഫില്‍ സിമ്മണ്‍സ് എന്നിവരെയാണ് അഭിമുഖത്തിനായി ബിസിസിഐ ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് വെള്ളിയാഴ്ച എത്തുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

2000 അപേക്ഷകളാണ് വിവിധ പൊസിഷനുകളിലക്കായി ബിസിസിഐയ്ക്ക് ലഭിച്ചത്. മുഖ്യ കോച്ചിന്റെ തിരഞ്ഞെടുപ്പില്‍ മാത്രമാണ് കപില്‍ ദേവ് അംഗമായ കമ്മിറ്റിയുടെ അധികാരം. പിന്തുണ സ്റ്റാഫിനെ ചീഫ് സെലക്ടര്‍ എംഎസ്കെ പ്രസാദ് ആവും തിരഞ്ഞെടുക്കുക. ശാസ്ത്രിയുടെ ഇന്റര്‍വ്യൂ സ്കൈപ്പിലൂടെയാവും നടത്തുക. ഇന്ത്യന്‍ ടീം വിന്‍ഡീസില്‍ പര്യടനം നടത്തുന്നതിനാലാണ് ഇത്.

ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയുടെ പിന്തുണയുള്ളതിനാല്‍ രവി ശാസ്ത്രിയ്ക്ക് തന്നെയാണ് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്.

Exit mobile version