ഓസ്ട്രേലിയയുടെ ലീഡ് 200 കടന്നു, അര്‍ദ്ധ ശതകം നേടി ഉസ്മാന്‍ ഖവാജ

അര്‍ദ്ധ ശതകം നേടി ഉസ്മാന്‍ ഖവാജയും ഒപ്പം നായകന്‍ ടിം പെയിനും നിലയുറപ്പിച്ചപ്പോള്‍ നാലാം ദിവസം ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഓസ്ട്രേലിയ. 132/4 എന്ന തലേ ദിവസത്തെ സ്കോറില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ആതിഥേയര്‍ നാലാം ദിവസം ലഞ്ചിന്റെ സമയത്ത് 190/4 എന്ന നിലയിലാണ്. സെഷനില്‍ അധികം റണ്‍സ് നേടിയില്ലെങ്കിലും വിക്കറ്റൊന്നും നഷ്ടപ്പെട്ടില്ലെന്നത് ഓസ്ട്രേലിയയുടെ നില ഭദ്രമാക്കുന്നു. നിലവില്‍ 233 റണ്‍സ് നേടിയിട്ടുള്ള ഓസ്ട്രേലിയ 300നടുത്തോ അതിലധികമോ നേടിയ ശേഷമാവും ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുവാന്‍ സാധ്യത.

ഉസ്മാന്‍ ഖവാജ 67 റണ്‍സും ടിം പെയിന്‍ 37 റണ്‍സും നേടിയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് അവസരം നല്‍കാതെ ബാറ്റ് വീശിയത്.

ഫിഞ്ചിന്റെ കാര്യത്തില്‍ ഓസ്ട്രേലിയയ്ക്ക് ആശ്വസിക്കാം

ആരോണ്‍ ഫിഞ്ചിനേറ്റ പരിക്ക് അത്ര ഗുരുതരമല്ലെന്ന വാര്‍ത്തയാണ് ഓസ്ട്രേലിയന്‍ മെഡിക്കല്‍ ടീം പുറത്ത് വിടുന്നത്. 25 റണ്‍സ് നേടി ബാറ്റ് ചെയ്യവേ മുഹമ്മദ് ഷമിയുടെ പന്ത് കൈയ്യിലിടിച്ച ഫിഞ്ച് പരിക്കേറ്റ് ഉടന്‍ കളത്തിനു പുറത്ത് പോകുകയായിരുന്നു. പരിക്കേറ്റ് ശേഷം ഉടനെ എക്സ്റേയ്ക്കായി ഫിഞ്ചിനെ ആശുപത്രിയില്‍ എത്തിച്ചു. എക്സ്റേ ഫലങ്ങളില്‍ നിന്ന് പ്രശ്നം ഗുരുതരമല്ലെന്നാണ് അറിയുന്നത്.

ഓസ്ട്രേലിയന്‍ ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യാനായി ഫിഞ്ച് തിരികെ എത്തുമെന്നും അറിയുന്നു.

രണ്ടാം ദിനവും മികച്ച തുടക്കം, പിന്നെ തകര്‍ന്ന് ഓസ്ട്രേലിയ, 326 റണ്‍സിനു ഓള്‍ഔട്ട്

ഓസ്ട്രേലിയയുടെ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയ്ക്ക് ഭീഷണിയായി മാറുമെന്ന കരുതിയ നിമിഷത്തില്‍ നിന്ന് മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തി ഇന്ത്യ. ഇന്ന് രണ്ടാം ദിവസം 277/6 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയെ ടിം പെയിനും പാറ്റ് കമ്മിന്‍സും ചേര്‍ന്ന് 300 കടക്കുവാന്‍ സഹായിച്ചു. ഏഴാം വിക്കറ്റില്‍ 59 റണ്‍സ് നേടിയ കൂട്ടുകെട്ടിനെ തകര്‍ത്തത് ഉമേഷ് യാദവ് ആയിരുന്നു. 19 റണ്‍സ് നേടിയ പാറ്റ് കമ്മിന്‍സിന്റെ ഓഫ് സ്റ്റംപ് ഉമേഷ് യാദവ് തെറിപ്പിച്ചപ്പോള്‍ അടുത്ത ഓവറില്‍ ടിം പെയിനിനെ ജസ്പ്രീത് ബുംറ മടക്കി. 38 റണ്‍സ് നേടിയ ഓസ്ട്രേലിയന്‍ നായകനെ ബുംറ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു.

എന്നാല്‍ 310/6 എന്ന നിലയില്‍ നിന്ന് ഓസ്ട്രേലിയയെ 326 റണ്‍സിനു ഓള്‍ഔട്ട് ആക്കി ഇന്ത്യ ശക്തമായ തിരിച്ചുവരവ് ആദ്യ സെഷനില്‍ നടത്തുകയായിരുന്നു. 16 റണ്‍സ് നേടുന്നതിനിടെ ഓസ്ട്രേലിയ ഓള്‍ഔട്ട് ആവുകയായിരുന്നു.

ഓസ്ട്രേലിയന്‍ വാലറ്റത്തെ തുടച്ച് നീക്കിയ ഇഷാന്ത് ശര്‍മ്മ നാല് വിക്കറ്റ് നേടിയപ്പോള്‍ ഉമേഷ് യാദവ്, ഹനുമ വിഹാരി, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

 

രണ്ടാം സെഷനില്‍ മൂന്ന് വിക്കറ്റുകളുമായി ഇന്ത്യയുടെ തിരിച്ചുവരവ്

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം സെഷനില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി ഇന്ത്യ. ഒന്നാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയ 145/3 എന്ന നിലയിലാണ്. ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ 66 റണ്‍സ് നേടിയ ഓസ്ട്രേലിയയ്ക്ക് അര്‍ദ്ധ ശതകം തികച്ച ഉടനെ ആരോണ്‍ ഫിഞ്ചിനെ നഷ്ടമായി. 50 റണ്‍സ് നേടിയ ഫിഞ്ചിനെ ബുംറയാണ് പുറത്താക്കിയത്. ഏതാനും ഓവറുകള്‍ക്ക് ശേഷം ഉമേഷ് യാദവ് ഉസ്മാന്‍ ഖവാജയെയും പുറത്താക്കി സെഷനില്‍ ഇന്ത്യന്‍ ആധിപത്യം ഉറപ്പാക്കി.

തന്റെ കന്നി അര്‍ദ്ധ ശതകം തികച്ച മാര്‍ക്കസ് ഹാരിസാണ് സെഷനില്‍ വീണ അവസാന വിക്കറ്റ്. 70 റണ്‍സ് നേടിയ ഹാരിസിനെ ഹനുമ വിഹാരിയാണ് പുറത്താക്കിയത്. രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 145/3 എന്ന നിലയിലാണ്. ഷോണ്‍ മാര്‍ഷ്(8*), പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്(4*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്.

ഒന്നാം സെഷന്‍ ഓസ്ട്രേലിയയ്ക്ക് സ്വന്തം

പെര്‍ത്ത് ടെസ്റ്റിന്റെ ആദ്യ സെഷനില്‍ പതറാതെ ഓസ്ട്രേലിയയുടെ ഓപ്പണര്‍മാര്‍. പേസ് ബൗളിംഗിനു പിന്തുണ നല്‍കുന്ന പിച്ചില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സില്‍ ലഞ്ചിനു പിരിയുമ്പോള്‍ 66 റണ്‍സാണ് നേടിയിട്ടുള്ളത്. മത്സരത്തില്‍ ഓസ്ട്രേലിയ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ നാല് പേസ് ബൗളര്‍മാരുമായാണ് മത്സരത്തിനിറങ്ങിയത്. പരിക്ക് മൂലം മത്സരത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്ന രോഹിത് ശര്‍മ്മയ്ക്ക് പകരം ഹനുമ വിഹാരിയു അശ്വിനു പകരം ഉമേഷ് യാദവും ടീമിലെത്തി.

ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ ഓസ്ട്രേലിയയ്ക്കായി മാര്‍ക്കസ് ഹാരിസും(36) ആരോണ്‍ ഫിഞ്ചുമാണ്(28) ക്രീസില്‍ നില്‍ക്കുന്നത്.

പെര്‍ത്തില്‍ ആത്മവിശ്വാസം നല്‍കുന്ന ബൗളിംഗ് നിര ഇന്ത്യയുടെ കരുത്ത്: കോഹ്‍ലി

പെര്‍ത്തിലെ പേസ് ബൗളിംഗ് പിച്ചില്‍ ഇന്ത്യയ്ക്ക് വിജയം സ്വന്തമാക്കുവാന്‍ ശേഷിയുള്ള ബൗളിംഗ് നിരയുണ്ടെന്നത് തന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുവെന്ന് അഭിപ്രായപ്പെട്ട് വിരാട് കോഹ്‍‍ലി. പേസ് പിച്ചുകള്‍ കാണുമ്പോള്‍ പരിഭ്രമം വരുന്ന കാലം കഴിഞ്ഞുവെന്നും ഇപ്പോള്‍ അത്തരം ഇന്ത്യന്‍ ടീമിനെ ആവേശഭരിതരാക്കുകയാണെന്നാണ് വിരാട് കോഹ്‍ലി പറഞ്ഞത്. എതിരാളികളെ രണ്ട് വട്ടം പുറത്താക്കുവാന്‍ ശേഷിയുള്ള ബൗളിംഗ് നിര തങ്ങളുടെ പക്കലുണ്ടെന്നുള്ളതാണ് അതിനു കാരണമെന്ന് കോഹ്‍ലി പറഞ്ഞു.

മികച്ച ഫോമിലുള്ള നാല്, അഞ്ച് ബൗളര്‍മാര്‍ ടീമിലുണ്ടന്നത് തന്നെ ഇത്തരം പിച്ചുകളിലെ മത്സരങ്ങളില്‍ ഇന്ത്യയെ കരുത്താര്‍ന്ന ടീമാക്കി മാറ്റുന്നുവെന്ന് കോഹ്‍ലി പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ബൗളിംഗ് കോച്ച് ഭരത് അരുണും തന്റെ ടീമിലെ ബൗളര്‍മാരുടെ കഠിനാധ്വാനത്തെ പ്രശംസിച്ചിരുന്നു.

പെര്‍ത്തില്‍ അശ്വിനും രോഹിത്തുമില്ല, പൃഥ്വി ഷായും പുറത്ത് തന്നെ

അഡിലെയ്ഡിലെ വിജയത്തിനു ശേഷം പെര്‍ത്തില്‍ വിജയത്തുടര്‍ച്ച തേടിയെത്തുന്ന ഇന്ത്യയ്ക്ക് തിരിച്ചടിയായി താരങ്ങളുടെ പരിക്ക്. ആദ്യ ടെസ്റ്റ് കളിച്ച രോഹിത് ശര്‍മ്മയും രവിചന്ദ്രന്‍ അശ്വിനും പെര്‍ത്തില്‍ നാളെ ആരംഭിയ്ക്കുന്ന ടെസ്റ്റ് മത്സരത്തിന്റെ ഭാഗമാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയായിരുന്നു. പരിക്കാണ് ഇരു താരങ്ങള്‍ക്കും വിനയായി മാറിയിരിക്കുന്നത്. സന്നാഹ മത്സരത്തില്‍ പരിക്കേറ്റ പൃഥ്വി ഷായും പുറത്ത് തന്നെയാകുമെന്ന് ഇന്ത്യ വ്യക്തമാക്കി.

അശ്വിനു പകരം രവീന്ദ്ര ജഡേജയും രോഹിത് ശര്‍മ്മയ്ക്ക് പകരം ഹനുമ വിഹാരിയും ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെര്‍ത്തിലെ പേസ് ബൗളിംഗിനു അനുകൂലമായ പിച്ചില്‍ ഇന്ത്യ ജഡേജയ്ക്ക് പകരം ഭുവനേശ്വര്‍ കുമാറിനെയോ ഉമേഷ് യാദവിനെയോ ഉള്‍പ്പെടുത്തിയാലും അത്ഭുതപ്പെടാനില്ല.

രണ്ടാം ടെസ്റ്റിനുള്ള 13 അംഗ സ്ക്വാഡിനെ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യ: വിരാട് കോഹ്‍ലി, മുരളി വിജയ്, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കമാര്‍, ഉമേഷ് യാദവ്

പേസും ബൗണ്‍സും പെര്‍ത്തില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ഇതാവുമെന്ന് ജസ്റ്റിന്‍ ലാംഗര്‍

പെര്‍ത്തിലെ പുതിയ പിച്ച് മുന്‍ കാലങ്ങളിലെ പോലെ പേസിനും ബൗണ്‍സിനും സഹായകരമാകുമെന്ന് അഭിപ്രായപ്പെട്ട് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് കോച്ച്. പുതിയ പെര്‍ത്ത് സ്റ്റേഡിയത്തില്‍ അരങ്ങേറാന്‍ പോകുന്ന ആദ്യ ടെസ്റ്റ് മത്സരമായിരിക്കും ഡിസംബര്‍ 14നു ആരംഭിക്കുന്ന പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റ്. ഇതിനു മുമ്പ് ഇവിടെ നടന്ന ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ ബൗളര്‍മാരായിരുന്നു ആധിപത്യം പുലര്‍ത്തിയത്.

വാക്കയിലെ പരമ്പരാഗത വിക്കറ്റുകള്‍ തന്നെയായിരിക്കും പുതുക്കിയ സ്റ്റേഡിയത്തിലെന്നാണ് തന്റെ പ്രത്യാശയെന്നാണ് ജസ്റ്റിന് ലാംഗര്‍ അഭിപ്രായപ്പെട്ടത്. ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ പേസ് ബൗളര്‍മാര്‍ക്ക് വേണ്ടത്ര പ്രഹര ശേഷിയില്ലായിരുന്നുവെങ്കിലും രണ്ടാം ടെസ്റ്റില്‍ സ്ഥിതിഗതികള്‍ മാറുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

പെര്‍ത്തില്‍ ഇന്ത്യയുടെ നട്ടല്ലൊടിക്കും, സ്റ്റാര്‍ക്കിനു പിന്തുണയുമായി ടിം പെയിന്‍

ഇന്ത്യയ്ക്കെതിരെ അഡിലെയ്ഡില്‍ ഓസ്ട്രേലിയ പരാജയപ്പെടുമ്പോള്‍ ഏറെ നിറം മങ്ങിയത് മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പ്രകടനമായിരുന്നു. ഓസ്ട്രേലിയയുടെ പേസ് ബൗളിംഗ് പട തീര്‍ത്തും മോശം പ്രകടനം പുറത്തെടുത്തപ്പോള്‍ സ്റ്റാര്‍ക്കിന്റെ പ്രകടനം ഏറെ സംശയം ഉണര്‍ത്തുന്നതായിരുന്നു. മത്സരത്തില്‍ തന്റെ വജ്രായുധമായ ഇന്‍-സ്വിംഗറുകള്‍ എറിയുവാന്‍ മിച്ചല്‍ സ്റ്റാര്‍ക്ക് പരാജയപ്പെട്ടപ്പോള്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ സധൈര്യം താരത്തെ നേരിടുകയായിരുന്നു.

എന്നാല്‍ താരം പെര്‍ത്തില്‍ മാച്ച് വിന്നറാകുമെന്നും ഓസ്ട്രേലിയന്‍ നിരയിലെ മാറ്റമായി മാറുമെന്നുമാണ് ഓസ്ട്രേലിയന്‍ നായകന്‍ ടിം പെയിന്‍ അഭിപ്രായപ്പെട്ടത്. പേസ് ബൗളിംഗിനെ തുണയ്ക്കുന്ന പെര്‍ത്തിലെ പിച്ചില്‍ സ്റ്റാര്‍ക്ക് ഇന്ത്യയുടെ നട്ടെല്ലൊടിക്കുമന്നാണ് പെയിന്‍ പറയുന്നത്.

പെര്‍ത്തില്‍ മാറ്റങ്ങളില്ലാതെ ഓസ്ട്രേലിയ ഇറങ്ങണമെന്ന് റിക്കി പോണ്ടിംഗ്

ഇന്ത്യയോട് അഡിലെയ്ഡില്‍ നേരിയ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ഓസ്ട്രേലിയ പെര്‍ത്തില്‍ മാറ്റങ്ങളില്ലാതെ ഇറങ്ങണമെന്നാണ് റിക്കി പോണ്ടിംഗിന്റെ അഭിപ്രായം. ഇത്രയും വീരോചിതമായ പ്രകടനം പുറത്തെടുത്ത ശേഷം താരങ്ങളെ മാറ്റുന്നത് അവരുടെ മാനസികാവസ്ഥയെ ബാധിക്കുമെന്നാണ് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ പറയുന്നത്.

ചിലര്‍ ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്തണമെന്നും ആവശ്യപ്പെടുന്നുണ്ടെങ്കിലും അതും വേണ്ടെന്നാണ് പോണ്ടിംഗിന്റെ അഭിപ്രായം. ഓസ്ട്രേലിയയ്ക്കായി ആരോണ്‍ ഫിഞ്ചിനു പകരം ഉസ്മാന്‍ ഖ്വാജ ഓപ്പണ്‍ ചെയ്യണമെന്നാണ് ഏറ്റവും വലിയ ആവശ്യം. ഫിഞ്ച് മൂന്നാമനായി ഇറങ്ങണമെന്നും ഒരു വിഭാഗം മുറവിളി കൂട്ടുന്നു. എന്നാല്‍ ഈ വാദങ്ങളെയെല്ലാം തള്ളിക്കളയുകയാണ് റിക്കി പോണ്ടിംഗ്.

ആദ്യ മത്സരത്തില്‍ കളിച്ചത് ഓസ്ട്രേലിയയുടെ ശക്തമായ നിര തന്നെയാണ് ഒരു മത്സരത്തിന്റെ അടിസ്ഥാനത്തില്‍ അതില്‍ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നാണ് തന്റെ പക്ഷമെന്ന് റിക്കി പോണ്ടിംഗ് പറഞ്ഞു.

Exit mobile version