പെര്‍ത്തില്‍ അശ്വിനും രോഹിത്തുമില്ല, പൃഥ്വി ഷായും പുറത്ത് തന്നെ

അഡിലെയ്ഡിലെ വിജയത്തിനു ശേഷം പെര്‍ത്തില്‍ വിജയത്തുടര്‍ച്ച തേടിയെത്തുന്ന ഇന്ത്യയ്ക്ക് തിരിച്ചടിയായി താരങ്ങളുടെ പരിക്ക്. ആദ്യ ടെസ്റ്റ് കളിച്ച രോഹിത് ശര്‍മ്മയും രവിചന്ദ്രന്‍ അശ്വിനും പെര്‍ത്തില്‍ നാളെ ആരംഭിയ്ക്കുന്ന ടെസ്റ്റ് മത്സരത്തിന്റെ ഭാഗമാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയായിരുന്നു. പരിക്കാണ് ഇരു താരങ്ങള്‍ക്കും വിനയായി മാറിയിരിക്കുന്നത്. സന്നാഹ മത്സരത്തില്‍ പരിക്കേറ്റ പൃഥ്വി ഷായും പുറത്ത് തന്നെയാകുമെന്ന് ഇന്ത്യ വ്യക്തമാക്കി.

അശ്വിനു പകരം രവീന്ദ്ര ജഡേജയും രോഹിത് ശര്‍മ്മയ്ക്ക് പകരം ഹനുമ വിഹാരിയും ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെര്‍ത്തിലെ പേസ് ബൗളിംഗിനു അനുകൂലമായ പിച്ചില്‍ ഇന്ത്യ ജഡേജയ്ക്ക് പകരം ഭുവനേശ്വര്‍ കുമാറിനെയോ ഉമേഷ് യാദവിനെയോ ഉള്‍പ്പെടുത്തിയാലും അത്ഭുതപ്പെടാനില്ല.

രണ്ടാം ടെസ്റ്റിനുള്ള 13 അംഗ സ്ക്വാഡിനെ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യ: വിരാട് കോഹ്‍ലി, മുരളി വിജയ്, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കമാര്‍, ഉമേഷ് യാദവ്

Exit mobile version