വമ്പന്‍ താരങ്ങളെ സ്വന്തമാക്കി പിഎസ്എൽ ഫ്രാഞ്ചൈസികള്‍

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ഡ്രാഫ്ടിൽ മുന്‍ നിര താരങ്ങളെ സ്വന്തമാക്കി ഫ്രാഞ്ചൈസികള്‍. വനിന്‍ഡു ഹസരംഗ, ഡേവിഡ് മില്ലര്‍, അലക്സ് ഹെയിൽസ്, ഭാനുക രാജപക്സ എന്നിവരാണ് ഡ്രാഫ്ടിൽ ടീമുകള്‍ സ്വന്തമാക്കിയ ചില പ്രമുഖ താരങ്ങള്‍. പാക്കിസ്ഥാനിൽ നിന്നുള്ള നസീം ഷായും ഫകര്‍ സമാനും പ്ലാറ്റിനും റൗണ്ടിൽ സ്വന്തമാക്കപ്പെട്ട താരങ്ങളിൽ പെടുന്നു

.മാത്യു വെയിഡ്, ഇമ്രാന്‍ താഹിര്‍, റോവ്മന്‍ പവൽ, റഹ്മാനുള്ള ഗുര്‍ബാസ്, ജോഷ് ലിറ്റിൽ എന്നിവരെയും വിവിധ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കി.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2022 ഫൈനൽ ലാഹോറിൽ

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം പതിപ്പ് ജനുവരി 27ന് ആരംഭിയ്ക്കും. ലീഗ് പതിവിൽ നിന്ന് ഒരു മാസം നേരത്തെയാണ് ആരംഭിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ഓസ്ട്രേലിയയുടെ പാക്കിസ്ഥാനിലേക്കുള്ള പര്യടനത്തിന് വേണ്ട സമയം ലഭിയ്ക്കുവാനാണ് ഈ തീരുമാനം. മാര്‍ച്ചിലാണ് ഓസ്ട്രേലിയയുടെ പാക്കിസ്ഥാന്‍ പര്യടനം.

ഫൈനൽ മത്സരം ലാഹോറിൽ ഫെബ്രുവരി 27ന് നടക്കും. കറാച്ചിയിലും ലാഹോറിലുമായാണ് മത്സരങ്ങള്‍ എല്ലാം നടക്കുക.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് ബാറ്റ്സ്മാന്മാര്‍ ഉണ്ടാകുന്നില്ല

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് മികച്ച ബൗളര്‍മാര്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിലും ടൂര്‍ണ്ണമെന്റിന് മികച്ച ബാറ്റ്സ്മാന്മാരെ സൃഷ്ടിക്കുവാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞ് വസീം അക്രം. എമേര്‍ജിംഗ് വിഭാഗത്തിൽ നിന്ന് ഒരു താരം പോലും ഇതുവരെ പ്രഭാവം ഉണ്ടാക്കിയിട്ടില്ലെന്നും ഹൈദര്‍ അലിയുടെ ഉദാഹരണം ചൂണ്ടിക്കാണിച്ച് വസീം അക്രം സൂചിപ്പിച്ചു.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ആറ് സീസണുകളാണ് ഇതുവരെ കഴിഞ്ഞത്. അതിൽ നിന്ന് ഉയര്‍ന്ന് വന്ന ഒരു പേര് മാത്രമാണ് ഹൈദര്‍ അലിയെന്നും താരവും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്തിട്ടില്ലെന്നും വസീം അക്രം വ്യക്തമാക്കി. 40 വയസ്സുള്ള മുഹമ്മദ് ഹഫീസ് പാക്കിസ്ഥാന്‍ നിരയിൽ വളരെ ഫിറ്റായി കളിക്കുന്ന താരമാണ്, എന്നാൽ താരത്തിനിപ്പോള്‍ മികച്ച ഫോമല്ല, പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് ഒരു ബാറ്റ്സ്മാന്‍ ഉയര്‍ന്ന് വന്നിരുന്നുവെങ്കില്‍ ഹഫീസിന് പകരം ഇപ്പോള്‍ കളിക്കാമായിരുന്നുവെന്നും എന്നാൽ അതല്ല സ്ഥിതിയെന്നും അക്രം വ്യക്തമാക്കി.

പാക്കിസ്ഥാന് പുതിയ ഷൊയ്ബ് അക്തറിനെ ലഭിച്ചത് പോലെ, ഷഹ്നവാസ് ദഹാനിയെക്കുറിച്ച് അസ്ഹര്‍ മഹമ്മൂദ്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2021ൽ ഏറ്റവും അധികം വിക്കറ്റ് നേടിയ താരമാണ് ഷഹ്നവാസ് ദഹാനി. താരത്തിന്റെ വരവ് പാക്കിസ്ഥാന് പുതിയ ഷൊയ്ബ് അക്തറെ ലഭിച്ചതിന് സമാനമായ കാര്യമാണെന്നാണ് മുന്‍ പാക്കിസ്ഥാന്‍ താരം അസ്ഹര്‍ മഹമ്മൂദ് പറ‍ഞ്ഞത്.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2021ന്റെ കണ്ടെത്തൽ എന്ന് തന്നെ വിശേഷിപ്പിക്കപ്പെട്ട താരമാണ് ഇപ്പോല്‍ ദഹാനി. മുൽത്താന്‍ സുൽത്താന്‍സിനെ കിരീടത്തിലേക്ക് നയിച്ചതിൽ താരത്തിന്റെ പങ്കും വലുതാണ്.

11 മത്സരങ്ങളിൽ നിന്ന് 20 വിക്കറ്റാണ് താരം നേടിയത്. പാക്കിസ്ഥാന്റെ പേസ് സംഘത്തെ ഭാവിയിൽ നയിക്കുക താരമായിരിക്കുമെന്നാണ് ഏവരും പറയുന്നത്. ഇപ്പോള്‍ മുൽത്താന്‍ സുൽത്താന്‍സ് ബൗളിംഗ് കോച്ചായ അസ്ഹര്‍ മഹമ്മൂദും ഇതേ അഭിപ്രായമാണ് പങ്കുവെച്ചിരിക്കുന്നത്.

ബാറ്റ്സ്മാന്മാര്‍ തന്നെ അടിച്ച് പറത്തിയാലും സംയമനം കൈവിടാതെ പന്തെറിയുവാന്‍ മികച്ച ശേഷിയാണ് താരത്തിനുള്ളതെന്നും പാക്കിസ്ഥാന് പുതിയ ഷൊയ്ബ് അക്തറെ ലഭിച്ചത് പോലെയാണ് ഇതെന്നും അസ്ഹര്‍ മഹമ്മൂദ് സൂചിപ്പിച്ചു.

ഷഹ്നവാസിന് ഇതൊരു തുടക്കം മാത്രമാണെന്നും താരത്തിന്റെ ഔട്ട് സ്വിംഗറുകള്‍ക്കും ഇന്‍ സ്വിംഗറുകള്‍ക്കും കൂടുതൽ മൂര്‍ച്ച കൂട്ടേണ്ടതായിട്ടുണ്ടെന്നും താന്‍ പാക്കിസ്ഥാന്‍ ബൗളിംഗ് കോച്ചിന് ഇത് സംബന്ധിച്ച് കുറിപ്പ് നല്‍കുമന്നുംം അസ്ഹര്‍ മഹമ്മൂദ് വ്യക്തമാക്കി.

പരിക്ക്, ഫഹീം അഷ്റഫിന് പാക്കിസ്ഥാൻ സൂപ്പര്‍ ലീഗ് നഷ്ടമാകും

പരിക്കേറ്റ ഫഹീം അഷ്റഫ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് പുറത്ത് പോകും. ജൂൺ 9ന് നടന്ന ഇസ്ലാമാബാദ് യുണൈറ്റഡ് – ലാഹോര്‍ ഖലന്തേഴ്സ് മത്സരത്തിനിടെയാണ് താരത്തിന്റെ വിരലിന് പരിക്കേറ്റത്.

ബൗളിംഗിനിടെ തന്റെ സ്പെല്ലിൽ രണ്ട് ഓവര്‍ എറി‍ഞ്ഞപ്പോളാണ് താരത്തിന് പരിക്കേറ്റത്. തള്ള വിരലിനും ചൂണ്ടു വിരലിനിടയിലും അഞ്ച് സ്റ്റിച്ചുകൾ ഇടേണ്ട തരത്തിലുള്ള പരിക്കാണ് താരത്തിനുണ്ടായതെന്നാണ് ലഭിയ്ക്കുന്ന വിവരം.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ സ്റ്റേഡിയം എന്ന് നിറഞ്ഞിട്ടാണ് കണ്ടിട്ടുള്ളത് – തൈമല്‍ മില്‍സ്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ കാണികള്‍ മികച്ചതായിരുന്നുവെന്നും പാക്കിസ്ഥാനില്‍ മത്സരം നടക്കുമ്പോള്‍ ഗ്രൗണ്ട് എപ്പോളും പൂര്‍ണ്ണമായി നിറഞ്ഞിരുന്നുവെന്നും പറഞ്ഞ് ഇംഗ്ലണ്ട് പേസര്‍ തൈമല്‍ മില്‍സ്. ഐപിഎലിലും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലും കളിച്ചിട്ടുള്ള താരം ഇരു ലീഗുകളിലും കാണികളില്‍ ആണ് വലിയ വ്യത്യാസം കണ്ടിട്ടുള്ളതെന്ന് പറഞ്ഞു.

ഐപിഎല്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളും പണവും കൊണ്ട് ഏറ്റവും മുന്നില്‍ നില്‍ക്കുമ്പോള്‍ പേസര്‍മാരാണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ കരുത്തെന്ന് തൈമല്‍ മില്‍സ് പറഞ്ഞു. ഐപിഎല്‍ ലോകത്തിലെ ഏറ്റവും വലിയ ലീഗാവുമ്പോള്‍ തന്നെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ കാണികള്‍ തന്നെ വിസ്മരിപ്പിച്ചിട്ടുണ്ടെന്ന് മില്‍സ് പറഞ്ഞു.

ഇന്ത്യയിലെ സ്റ്റേഡിയങ്ങളുടെ അതേ വലുപ്പമാണ് പാക്കിസ്ഥാനിലേതും എന്നാല്‍ ശരിക്കുമുള്ള പാഷന്‍ പാക്കിസ്ഥാനിലെ കാണികളിലാണെന്നാണ് തനിക്ക് തോന്നിയതെന്നും താരം പറഞ്ഞു. പാക്കിസ്ഥാനില്‍ മികച്ച പേസര്‍മാരുള്ളതിനാല്‍ തന്നെ ഒരു വിദേശ പേസര്‍ക്ക് കാര്യങ്ങള്‍ അത്രമല്ലെന്നും തൈമല്‍ കൂട്ടിചേര്‍ത്തു.

പിഎസ്എലിന് തിരിച്ചടിയായത് യുഎഇയുടെ വാക്സിനേഷന്‍ നയം

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന് തിരിച്ചടിയായത് യുഎഇയുടെ വാക്സിനേഷന്‍ നയം. ജൂണില്‍ ടൂര്‍ണ്ണമെന്റിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നടത്തുവാന്‍ അബു ദാബി വേദിയായി ചര്‍ച്ചകള്‍ പാക്കിസ്ഥാന്‍ ബോര്‍ഡ് മുന്നോട്ട് കൊണ്ടു പോയെങ്കിലും വാക്സിനേഷനില്ലാതെ ആര്‍ക്കും അബു ദാബിയിലേക്ക് പ്രവേശിക്കാനാകില്ലെന്ന നയം സര്‍ക്കാര്‍ മുന്നോട്ട് വെച്ചതോടെയാണ് ലീഗ് പൂര്‍ത്തിയാക്കാമെന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പദ്ധതികള്‍ക്ക് തിരിച്ചടിയായത്.

20 മത്സരങ്ങള്‍ ആണ് ടൂര്‍ണ്ണമെന്രില്‍ അവശേഷിക്കുന്നത്. ജൂണ്‍ 1 മുതല്‍ 20 വരെ മത്സരങ്ങള്‍ നടത്തുവാന്‍ പദ്ധതിയിട്ട് പാക്കിസ്ഥാന്‍ ലാഹോറില്‍ നിന്നും കറാച്ചിയില്‍ നിന്നും താരങ്ങള്‍ക്കായി ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റുകള്‍ മേയ് 22ന് ഒരുക്കിയെന്നും വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയതോടെ കാര്യങ്ങള്‍ അവതാളത്തിലായി.

പാക്കിസ്ഥാനിലുള്ള ആളുകളുടെ വാക്സിനേഷന്‍ പിസിബി നടത്തിയെങ്കിലും വിദേശ താരങ്ങളും ടെക്നീഷ്യന്മാരുമെല്ലാം വാക്സിനേറ്റ് ചെയ്ത ശേഷം മാത്രമേ യുഎഇയിലേക്ക് പ്രവേശിക്കാനാകൂ എന്ന് പറഞ്ഞതോടെയാണ് ജൂണില്‍ പിഎസ്എല്‍ നടത്താനാകില്ലെന്ന് ബോര്‍ഡ് മനസ്സിലാക്കിയത്.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ജൂണില്‍ നടക്കില്ല

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ജൂണില്‍ നടക്കില്ലെന്നും അവശേഷിക്കുന്ന മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് മാറ്റി വയ്ക്കുവാന്‍ തീരുമാനിച്ചതായി വാര്‍ത്ത. പാക്കിസ്ഥാനില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് ഫെബ്രുവരിയിലാണ് മത്സരങ്ങള്‍ നിര്‍ത്തിവയ്ക്കേണ്ട സാഹചര്യം വന്നത്. തുടര്‍ന്ന് ജൂണില്‍ മത്സരങ്ങള്‍ പുനരാരംഭിക്കാമെന്നാണ് കരുതിയതെങ്കിലും പാക്കിസ്ഥാനില്‍ കളികള്‍ വേണ്ടെന്ന് ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെട്ടു.

ഇതിനെത്തുടര്‍ന്ന് ജൂണില്‍ യുഎഇയില്‍ മത്സരങ്ങള്‍ പുനരാരംഭിക്കുവാന്‍ ചര്‍ച്ചകള്‍ യുഎഇ ബോര്‍ഡുമായി പിസിബി തുടങ്ങിയെങ്കിലും അതില്‍ അന്തിമമായ തീരുമാനം എടുക്കുവാന്‍ സാധിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്.

ഐപിഎലുമായി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനെ താരതമ്യം ചെയ്യാനാകില്ല, എന്നാല്‍ മികച്ച ബൗളര്‍മാരുള്ളത് പിഎസ്എലില്‍ – വഹാബ് റിയാസ്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനെ ഐപിഎലുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും ലോകത്ത് ഏതൊരു ടി20 ലീഗിനെക്കാളും മികച്ചതാണ് ഐപിഎല്‍ എന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ പേസര്‍ വഹാബ് റിയാസ്. മുന്‍ നിര വിദേശ താരങ്ങളുടെ സാന്നിദ്ധ്യമാണ് ഐപിഎലിനെ വേറിട്ട് നിര്‍ത്തുന്നതെന്നും എന്നാല്‍ അത്തരം സാന്നിദ്ധ്യം മറ്റൊരു ലീഗിലും ഉണ്ടാകുന്നില്ലെന്നും റിയാസ് പറഞ്ഞു.

ഐപിഎലിന് പ്രത്യേക ജാലകം സൃഷ്ടിച്ചെടുത്ത് വിദേശ താരങ്ങള്‍ എത്തുന്നുവെന്ന് ഉറപ്പാക്കുവാന്‍ ബിസിസിഐയ്ക്ക് സാധിച്ചുവെന്നത് തന്നെയാണ് ടൂര്‍ണ്ണമെന്റിന്റെ പ്രത്യേകതയെന്നും റിയാസ് പറഞ്ഞു. എന്നാല്‍ രണ്ടാം സ്ഥാനത്ത് എത്തുന്ന ലീഗ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗാണെന്നും താരം പറഞ്ഞു. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ബൗളിംഗ് യൂണിറ്റുകള്‍ ഇന്ത്യയുടെ ടി20 ലീഗിനെക്കാള്‍ മികച്ചതാണെന്നും വഹാബ് റിയാസ് വ്യക്തമാക്കി.

 

ഷാക്കിബ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കില്ല, ധാക്ക പ്രീമിയര്‍ ലീഗിന് മുന്‍ഗണന

ഷാക്കിബ് അല്‍ ഹസന്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കില്ല. ധാക്ക പ്രീമിയര്‍ ലീഗില്‍ കളിക്കുവാന്‍ വേണ്ടി താരം പിഎസ്എല്‍ കളിക്കുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ധാക്ക പ്രീമിയര്‍ ലീഗ് മേയ് 31ന് ആണ് ആരംഭിക്കുന്നത്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ക്കായാണ് ഷാക്കിബ് അല്‍ ഹസന്‍, ലിറ്റണ്‍ ദാസ്, മഹമ്മുദുള്ള എന്നിങ്ങനെ മൂന്ന് ബംഗ്ലാദേശ് താരങ്ങളെ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയത്.

ഷാക്കിബ് ലാഹോര്‍ ഖലന്തേഴ്സിന് വേണ്ടിയായിരുന്നു കളിക്കാനിരുന്നത്. മഹമ്മുദുള്ള മുല്‍ത്താന്‍ സുല്‍ത്താന്‍സിനും ലിറ്റണ്‍ ദാസ് കറാച്ചി കിംഗ്സിനും വേണ്ടിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ധാക്ക പ്രീമിയര്‍ ലീഗ് കളിക്കുവാന്‍ ഷാക്കിബ് സന്നദ്ധത കാണിച്ചുവെന്ന് മുഹമ്മദന്‍ സ്പോര്‍ട്ടിംഗ് ക്ലബ് ആണ് ടൂര്‍ണ്ണമെന്റ് കമ്മിറ്റിയ്ക്ക് കത്ത് നല്‍കിയത്.

ഷാക്കിബ് ഒപ്പിട്ട കത്തും ഇതിനൊടൊപ്പം നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ്, യുഎഇയുമായി ചര്‍ച്ചകള്‍ ആരംഭിച്ച് പാക്കിസ്ഥാന്‍ ബോര്‍ഡ്

ജൂണ്‍ 1 മുതല്‍ ജൂണ്‍ 20 വരെ കറാച്ചിയില്‍ നടക്കാനിരുന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ അവശേഷിക്കുന്ന 20 മത്സരങ്ങള്‍ യുഎഇയില്‍ നടത്തുവാനുള്ള ശ്രമങ്ങളുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. കറാച്ചിയിലെ കോവിഡ് സാഹചര്യം മോശമായി തുടരുന്നതിനാല്‍ ഫ്രാഞ്ചൈസികള്‍ ബോര്‍ഡിനോട് വേദി യുഎഇയിലേക്ക് മാറ്റുവാന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പാക്കിസ്ഥാന്‍ ടീം ജൂണ്‍ 23ന് ഇംഗ്ലണ്ടിലേക്ക് പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പരയ്ക്കായി യാത്രയാകേണ്ടതിനാല്‍ തന്നെ ഫിക്സ്ച്ചറുകള്‍ ചുരുങ്ങിയ കാലത്തില്‍ നടത്തുവാന്‍ ബോര്‍ഡ് നിര്‍ബന്ധിതരാകും. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഫിക്സ്ച്ചറുകള്‍ ഉള്‍പ്പെടെയുള്ള കാര്യത്തില്‍ വേഗത്തിലൊരു തീരുമാനം ബോര്‍ഡിന് എടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ വസീം ഖാന്‍ വ്യക്തമാക്കി.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് നടത്തുകയാണെങ്കില്‍ യുഎഇയില്‍ മതിയെന്ന് ആവശ്യപ്പെട്ട് ഫ്രാഞ്ചൈസികള്‍

ഐപിഎല്‍ ഉപേക്ഷിച്ച സാഹചര്യത്തില്‍ മേയ് 31ന് ആരംഭിക്കേണ്ട പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗുമായി മുന്നോട്ട് പോകുന്നത് ഉചിതമാണോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. അഥവാ മുന്നോട്ട് പോകുവാനാണ് തീരുമാനമെങ്കില്‍ യുഎഇയില്‍ നടത്തുന്നതാണ് ഏറ്റവും ഉചിതമെന്നാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന ഫ്രാഞ്ചൈസികളെല്ലാം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് അറിയുന്നത്.

2020 ഐപിഎല്‍ നടത്തുവാന്‍ ബിസിസിഐ തീരുമാനിച്ചത് യുഎഇയില്‍ ആയിരുന്നു. അന്ന് ടൂര്‍ണ്ണമെന്റിന്റെ ആരംഭിക്കുന്നതിന് മുമ്പ് ചെന്നൈ താരങ്ങളില്‍ ചിലര്‍ക്ക് കോവിഡ് വന്നുവെങ്കിലും പിന്നീട് സുഗമമായി ടൂര്‍ണ്ണമെന്റ് നടത്തുവാന്‍ ഏവര്‍ക്കും സാധിക്കുകയായിരുന്നു.

എന്നാല്‍ ഇത്തവണ ഇന്ത്യയില്‍ വെച്ച് നടത്തിയ ടൂര്‍ണ്ണമെന്റ് പാതി വഴിയില്‍ നിര്‍ത്തി വയ്ക്കേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്.

Exit mobile version