കായിക മന്ത്രിയെ പുറത്താക്കി ശ്രീലങ്കന്‍ പ്രസിഡന്റ്, ക്രിക്കറ്റ് ബോര്‍ഡിന് പ്രതീക്ഷ

ഐസിസി പിരിച്ച് വിട്ട ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് പ്രതീക്ഷയുണര്‍ത്തുന്ന വാര്‍ത്ത. ശ്രീലങ്കന്‍ കായിക മന്ത്രാലയത്തിന്റെ ഇടപെടൽ ബോര്‍ഡ് നടത്തിപ്പിലുണ്ടായി എന്ന് ചൂണ്ടിക്കാണിച്ചാണ് ഐസിസി ശ്രീലങ്കന്‍ ബോര്‍ഡിനെ പിരിച്ച് വിട്ടത്. എന്നാൽ ഇപ്പോള്‍ ശ്രീലങ്കന്‍ ബോര്‍ഡിനെ ലക്ഷ്യം വെച്ച് നടപടികള്‍ എടുത്ത കായിക മന്ത്രി റോഷന്‍ രണസിംഗേയെ ശ്രീലങ്കന്‍ പ്രസിഡന്റ് പുറത്താക്കിയിരിക്കുകയായിരുന്നു. റോഷന്‍ രണസിംഗേ ശ്രീലങ്കന്‍ ബോര്‍ഡിന്റെ തിരഞ്ഞെടുത്ത ബോഡിയെ പുറത്താക്കിയതോടെയാണ് ബോര്‍ഡിനെ തന്നെ ഐസിസി പിരിച്ച് വിട്ടത്.

പകരം ടൂറിസം മന്ത്രി ഹരിന്‍ ഫെര്‍ണാണ്ടോയ്ക്ക് കായിക മന്ത്രിയുടെ സ്ഥാനം നൽകിയിട്ടുണ്ട്. സമീപ ഭാവിയിൽ തന്നെ ഐസിസി ബോര്‍ഡിന്റെ സസ്പെന്‍ഷന്‍ നടപടികള്‍ പിന്‍വലിക്കുമെന്നാണ് കരുതപ്പെടുന്നത്.

വേതനം കുറച്ചു, കരാര്‍ ഒപ്പു വയ്ക്കുവാന്‍ വിസ്സമതിച്ച് ശ്രീലങ്കന്‍ താരങ്ങള്‍

ശ്രീലങ്കയുടെ പുതിയ കേന്ദ്ര കരാറില്‍ ഒപ്പുവയ്ക്കുവാന്‍ വിസ്സമ്മതിച്ച് താരങ്ങള്‍. വേതനം കുറച്ച ശ്രീലങ്കന്‍ ബോര്‍ഡിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഇതെന്നാണ് ലഭിയ്ക്കുന്ന വിവരം. സീനിയര്‍ താരങ്ങളായ ദിമുത് കരുണാരത്നേ, ദിനേശ് ചന്ദിമല്‍, ആഞ്ചലോ മാത്യൂസ് എന്നിവരാണ് കരാര്‍ ഒപ്പുവയ്ക്കില്ലെന്ന് അറിയിച്ച പ്രധാന താരങ്ങള്‍.

40 ശതമാനം കുറവാണ് വേതനത്തില്‍ ലങ്കന്‍ ബോര്‍ഡ് വരുത്തിയിരിക്കുന്നതാണെന്നാണ് പുറത്ത് വരുന്ന വിവരം. ഇന്ത്യ ലങ്കയിലേക്ക് പരിമിത ഓവര്‍ ക്രിക്കറ്റ് കളിക്കുവാനെത്തുന്ന സാഹചര്യത്തില്‍ താരങ്ങളുടെ ഈ പ്രതിഷേധം പരമ്പരയെ ബാധിച്ചേക്കാമെന്നാണ് വിലയിരുത്തല്‍.

സാമ്പത്തികമായി പ്രതിസന്ധിയിലായ ശ്രീലങ്കന്‍ ബോര്‍ഡിന് സഹായമായേക്കാവുന്ന ഒരു പരമ്പരയാണ് ഇന്ത്യയുടെ ലങ്കന്‍ പരമ്പര. ബിസിസിഐ ഇതിന് സമ്മതിച്ചത് തന്നെ ശ്രീലങ്കന്‍ ബോര്‍ഡിന് സഹായമെന്ന നിലയിലാണ് വാര്‍ത്തകളെങ്കിലും ഇപ്പോള്‍ താരങ്ങളുടെ ഈ തീരുമാനം പരമ്പരയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

24 താരങ്ങള്‍ക്കാണ് കേന്ദ്ര കരാര്‍ ലങ്കന്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ജൂണ്‍ 3ന് അകം കരാറില്‍ ഒപ്പുവയ്ക്കണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം.

ഇന്ത്യ – ശ്രീലങ്ക മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍

കോവിഡ് കേസുകള്‍ താരതമ്യേന കുറവാണെങ്കിലും ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പരിമിത ഓവര്‍ പരമ്പരയ്ക്ക് കാണികളെ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ്. ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പരയുടെ വേദി നിശ്ചയിച്ചിട്ടില്ലെങ്കിലും കൊളംബോയാവും മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുകയെന്നാണ് ലഭിയ്ക്കുന്ന വിവരം. മൂന്ന് വീതം ഏകദിനങ്ങളിലും ടി20 മത്സരങ്ങളിലുമാണ് ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടുക.

ലങ്ക പ്രീമിയര്‍ ലീഗ് തീയ്യതിയില്‍ പിന്നെയും മാറ്റം

നവംബര്‍ 14ന് ആരംഭിക്കേണ്ടിയിരുന്ന ലങ്ക പ്രീമിയര്‍ ലീഗ് 21ലേക്ക് മാറ്റി ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ക്വാറന്റീന്‍ കാലം താരങ്ങള്‍ക്ക് പാലിക്കുവാന്‍ വേണ്ടിയാണ് ഈ നീക്കം. ഐപിഎലില്‍ പങ്കെടുക്കുന്ന വിദേശ താരങ്ങള്‍ക്കും പങ്കെടുക്കുവാന്‍ വേണ്ടിയാണ് ഈ മാറ്റം. ഇത് കൂടാതെ ഒക്ടോബര്‍ 1ന് നടക്കാനിരുന്ന പ്ലേയര്‍ ഡ്രാഫ്ട് ഒക്ടോബര്‍ 9 ലേക്ക് മാറ്റിയിട്ടുണ്ട്.

ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 20 വരെ നടക്കാനിരുന്ന ടൂര്‍ണ്ണമെന്റ് പിന്നീട് കൊറോണയുടെ സാഹചര്യം പരിഗണിച്ചാണ് ഈ നവംബര്‍ 14ലിലേക്ക് മാറ്റിയത്. മൂന്ന് അന്താരാഷ്ട്ര വേദികളിലായാണ് എല്‍പിഎല്‍ നടക്കുക.

14 ദിവസത്തെ ക്വാറന്റീനെങ്കില്‍ പരമ്പര മറന്നേക്കു – ബംഗ്ലാദേശ്

14 ദിവസത്തെ ക്വാറന്റീന്‍ എന്ന് ലങ്കന്‍ അധികാരികള്‍ നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ ശ്രീലങ്കയിലോട്ട് യാത്ര ചെയ്യുവാന്‍ ബംഗ്ലാദേശിന് താല്പര്യമില്ലെന്നും പരമ്പര ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും അറിയിച്ച് ബംഗ്ലാദേശ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. ക്വാറന്റീന്‍ നിയമാവലി ലങ്കന്‍ ബോര്‍ഡ് അറിയിച്ചതോടെയാണ് തങ്ങള്‍ കരുതിയത് പോലെയല്ല കാര്യങ്ങളെന്ന് ബംഗ്ലാദേശ് ബോര്‍ഡിന് മനസ്സിലാവുന്നത്.

ക്വാറന്റീന്‍ കാലത്താണെങ്കിലും ടീമംഗങ്ങള്‍ക്ക് പരിശീലനം ആവാമെന്നാണ് ബോര്‍ഡ് കരുതിയിരുന്നത്. എന്നാല്‍ അത് സാധ്യമല്ലെന്നാണ് പിന്നീട് ലഭിച്ച വിവരം. പൂര്‍ണ്ണമായും റൂം ക്വാറന്റീനിലേക്ക് താരങ്ങള്‍ പോകേണ്ടി വരുമെന്നാണ് പിന്നീട് ലങ്കന്‍ ബോര്‍ഡ് ബംഗ്ലാദേശിനെ അറിയിച്ചത്.

എന്നാല്‍ ഏഴ് ദിവസം വരെയാണെങ്കില്‍ ഇത് സ്വീകാര്യമാണെന്നും അതിനപ്പുറമുള്ള നിയമമാണെങ്കില്‍ പരമ്പര ഉപേക്ഷിക്കുന്നതാവും നല്ലതെന്നാണ് ബംഗ്ലാദേശിന്റെ ഇപ്പോളത്തെ നിലപാട്.

ശ്രീലങ്കന്‍ താരങ്ങള്‍ പരിശീലനം ആരംഭിക്കുന്നു, 13 ദേശീയ താരങ്ങള്‍ക്ക് റെസിഡന്‍ഷ്യല്‍ ക്യാംപ് പ്രഖ്യാപിച്ച് ബോര്‍ഡ്

ജൂണ്‍ ഒന്ന് മുതല്‍ 13 ദേശീയ താരങ്ങള്‍ ഉള്‍പ്പെടുന്ന സംഘത്തിന് 12 ദിവസത്തെ റെസിഡന്‍ഷ്യല്‍ ക്യാംപ് ഉണ്ടാകുമെന്ന് അറിയിച്ച് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. വിവിധ ഫോര്‍മാറ്റുകളിലെ ബൗളര്‍മാരാണ് ആദ്യ സംഘത്തിലുള്ളത്. ഈ താരങ്ങള്‍ പരിശീലനത്തില്‍ കൊളംബോ ക്രിക്കറ്റ് ക്ലബ്ബില്‍ ആവും ഏര്‍പ്പെടുക. പരിശീലന കാലഘട്ടത്തില്‍ പൂര്‍ണ്ണമായും ഹോട്ടലുകളിലാവും ഇവര്‍ താമസിക്കേണ്ടത്.

ജൂണ്‍ 1ന് ഹോട്ടലിലെ ഫിറ്റ്നെസ്സ് ട്രെയിനിംഗ് സൗകര്യങ്ങള്‍ ഉപയോഗിച്ച് തുടങ്ങുന്ന താരങ്ങള്‍ ജൂണ്‍ 2 മുതല്‍ ഗ്രൗണ്ടില്‍ പരിശീലനം ആരംഭിക്കും. കളിക്കാരുടെ സംഘത്തിനൊപ്പം 4 അംഗ കോച്ചിംഗ് സ്റ്റാഫുകളും ഉണ്ടാകും. സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാവും ഈ പരിശീലന പരിപാടിയെന്നും ലങ്കന്‍ ബോര്‍ഡ് വ്യക്തമാക്കി.

പരിശീലന സമയത്ത് യാത്രയ്ക്കായി അണുവിമുക്തമാക്കിയ വാഹനങ്ങളാവും ഉപയോഗിക്കുക എന്നും ബോര്‍ഡ് വ്യക്തമാക്കി. ഈ കാലഘട്ടത്തില്‍ താരങ്ങള്‍ക്ക് വ്യക്തിപരമായ ആവശ്യത്തിനായി ഹോട്ടലില്‍ നിന്നോ പരിശീലന സ്ഥലത്ത് നിന്നോ പോകുവാന്‍ അനുവദിക്കുകയില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.

ഹോട്ടലും പരിശീലന സ്ഥലവും മെഡിക്കല്‍ സംഘം എത്തി മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കി കഴിഞ്ഞതാണെന്നും ബോര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചു.

ശ്രീലങ്കന്‍ ടൂര്‍ നടക്കുവാന്‍ സാധ്യത കുറവെന്ന് പറഞ്ഞ് ബംഗ്ലാദേശ് പ്രസിഡന്റ്

ശ്രീലങ്കയിലേക്കുള്ള ബംഗ്ലാദേശിന്റെ ടൂര്‍ നടക്കുവാനുള്ള സാധ്യത വളരെ കുറവാണെനും അതിനുള്ള സാഹചര്യങ്ങളില്‍ നിലവിലുണ്ടെന്ന ബോധ്യം തനിക്ക് വന്നിട്ടില്ലെന്നും പറഞ്ഞ് ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. ബംഗ്ലാദേശ് ബോര്‍ഡിന് താരങ്ങളുടെ സുരക്ഷയാണ് വലുതെന്നും അതിനാല്‍ തന്നെ എന്താകുമെന്ന് കാത്തിരുന്ന് കാണാമെന്നും ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.

ശ്രീലങ്കന്‍ ബോര്‍ഡ് ബംഗ്ലാദേശില്‍ നിന്ന് ഒരു അറിയിപ്പ് വരുന്നതിനായി കാത്തിരിക്കുന്നതിനാല്‍ ജൂലൈയില്‍ നടക്കാനിരിക്കുന്ന മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഇതുവരെ നീട്ടി വെച്ചിട്ടില്ല. സമാനമായ സ്ഥിതിയില്‍ ഇന്ത്യന്‍ ബോര്‍ഡില്‍ നിന്നും ശ്രീലങ്ക പ്രതികരണത്തിനായി കാത്തിരിക്കുകയാണ്.

ഇന്ത്യ ജൂണിലാണ് ലങ്കയില്‍ പരമ്പര കളിക്കുവാന്‍ എത്തേണ്ടിയിരുന്നത്. ശ്രീലങ്കയില്‍ വൈറസ് വ്യാപനം കുറവാണെന്നതിനാലാണ് ബോര്‍ഡ് ജൂണ്‍ ആവുമ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബംഗ്ലാദേശ് ബോര്‍ഡ് അത് അംഗീകരിക്കുന്ന ഒരു ഘട്ടത്തില്‍ എത്തിയിട്ടില്ലെന്നാണ് മനസ്സിലാകുന്നത്.

ഇന്ന് സുരക്ഷിതമായ സ്ഥലം നാളെയും അത്തരത്തിലായിരിക്കുമെന്നത് നമുക്ക് ഇപ്പോള്‍ പറയാനാകില്ലെന്നും കാരണം വൈറസ് വ്യാപനം വീണ്ടും നടക്കുന്ന സംഭവമാണെന്നും നസ്മുള്‍ വ്യക്തമാക്കി. ഇപ്പോള്‍ സ്ഥിതി എന്താകുമെന്ന് പ്രവചിക്കാനാകുന്ന ഒരു ഘട്ടമല്ലെന്നും ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.

ആവശ്യത്തിന് മത്സരങ്ങള്‍ ഇപ്പോളുള്ള സ്റ്റേഡിയങ്ങളില്‍ നടക്കുന്നില്ല, ഈ പുതിയ സ്റ്റേഡിയം ആവശ്യമോ? -മഹേല

ശ്രീലങ്ക പുതുതായി നിര്‍മ്മിക്കാനിരിക്കുന്ന സ്റ്റേഡിയത്തിന്റെ വാര്‍ത്തയോട് പ്രതികരിച്ച് മുന്‍ ലങ്കന്‍ നായകന്‍ മഹേല ജയവര്‍ദ്ധനേ. ട്വിറ്ററിലൂടെയാണ് താരം ഈ വാര്‍ത്തയോടുള്ള തന്റെ പ്രതികരണം അറിയിച്ചത്. ഇപ്പോളുള്ള സ്റ്റേഡിയങ്ങളില്‍ തന്നെ ആവശ്യത്തിന് അന്താരാഷ്ട്ര മത്സരങ്ങളോ പ്രാദേശിക മത്സരങ്ങളോ നടത്തപ്പെടാറില്ലെന്നും അപ്പോള്‍ ഇത്തരത്തില്‍ ഒരു സ്റ്റേഡിയം ശരിക്കും ആവശ്യമോ എന്നാണ് മഹേലയുടെ ചോദ്യം.

എന്നാല്‍ ശ്രീലങ്കന്‍ ബോര്‍ഡ് എന്ത് കൊണ്ട് ഈ സ്റ്റേഡിയം അനിവാര്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2006ല്‍ 30 വര്‍ഷത്തെ ലീസില്‍ സുഗതദാസ സ്പോര്‍ട്സ് കോംപ്ലെക്സ് അതോറിറ്റിയില്‍ നിന്ന് എടുത്ത സ്റ്റേഡിയമാണ് ആര്‍ പ്രേമദാസ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം എന്നതിനാല്‍ തന്നെ ഭാവിയില്‍ ബോര്‍ഡിന് സ്വന്തമായി ഒരു സ്റ്റേഡിയം ഫ്ലഡ്‍ലൈറ്റ് സൗകര്യത്തോടെ ആവശ്യമാണെന്നാണ് ബോര്‍ഡിന്റെ വിശദീകരണം.

Exit mobile version