Englandbangladesh

ഏകദിനത്തിന് പിന്നാല ടി20യിലും ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ബംഗ്ലാദേശ്

ചന്ദിക ഹതുരുസിംഗേ ബംഗ്ലാദേശ് കോച്ചായി എത്തിയതോടെ വീണ്ടും അത്ഭുതങ്ങള്‍ കാട്ടി ബംഗ്ലാദേശ്. ഇംഗ്ലണ്ടിനെ ടി20യിലും പരാജയപ്പെടുത്തി. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ശേഷം ഇംഗ്ലണ്ടിനെ 156/6 എന്ന സ്കോറിൽ പിടിച്ചുകെട്ടിയ ശേഷം 4 വിക്കറ്റ് നഷ്ടത്തിൽ 18 ഓവറിൽ വിജയം ബംഗ്ലാദേശ് ഉറപ്പാക്കുകയായിരുന്നു.

ഫലിപ്പ് സാള്‍ട്ട് – ജോസ് ബട്‍ലര്‍ കൂട്ടുകെട്ട് പത്തോവറിൽ 80 റൺസ് നേടിയപ്പോള്‍ 38 റൺസ് നേടിയ സാള്‍ട്ട് പത്താം ഓവറിന്റെ അവസാന പന്തിൽ പുറത്തായി. പിന്നീട് ബാറ്റിംഗ് താളം കണ്ടെത്താനാകാതെ പോയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. 67 റൺസ് നേടിയ ജോസ് ബട്‍ലറിന് അവസാന ഓവര്‍ വരെ ക്രീസിൽ നിൽക്കാനാകാതെ പോയതും ടീമിന് കാര്യങ്ങള്‍ പ്രയാസകരമാക്കി. 13 പന്തിൽ 20 റൺസ് നേടിയ ബെന്‍ ഡക്കറ്റിനൊഴികെ മറ്റാര്‍ക്കും രണ്ടക്ക സ്കോര്‍ പോലും നേടാനായില്ല.

ബംഗ്ലാദേശ് ബാറ്റിംഗിൽ 51 റൺസ് നേടിയ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ ടോപ് സ്കോറര്‍ ആയപ്പോള്‍ ഷാക്കിബ്(34*), റോണി താലൂക്ദാര്‍(21), തൗഹിദ് ഹൃദോയ്(24) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നൽകി. 65 റൺസാണ് നജ്മുളും തൗഹിദും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ നേടിയത്.

അഞ്ചാം വിക്കറ്റിൽ ഷാക്കിബ് – അഫിഫ് കൂട്ടുകെട്ട് 46 റൺസ് കൂട്ടുകെട്ട് നേടി ടീമിനെ 12 പന്ത് ബാക്കി നിൽക്കേ വിജയത്തിലേക്ക് നയിച്ചു. അഫിഫ് പുറത്താകാതെ 15 റൺസുമായി ക്രീസിലുണ്ടായിരുന്നു.

Exit mobile version