“ഫുട്ബോൾ ക്രൂരമാണ്, അതിന് ന്യായമില്ല, പന്ത് വലയിൽ എത്തുന്നതിൽ മാത്രമെ കാര്യമുള്ളൂ” – റോഡ്രി

ഇന്നലെ മൊറോക്കോയോട് ഏറ്റ പരാജയം ഏറെ വേദനിപ്പിക്കുന്നത് ആണെന്ന് സ്പാനിഷ് താരം റോഡ്രി. ഫുട്ബോൾ ക്രൂരമാണ്, ഫുട്ബോളിന് ന്യായം മനസ്സിലാകുന്നില്ല , പന്ത് വലക്ക് അകത്തേക്ക് പോകുന്നത് മാത്രമെ ഫുട്ബോൾ കാര്യമാക്കുന്നുള്ളൂ. പെനാൽറ്റി ഒരു ലോട്ടറിയാണ്. എന്നും റോഡ്രി പറഞ്ഞു.

ഞങ്ങൾ ഒരു പെനാൾട്ടി പോലും സ്കോർ ചെയ്തിട്ടില്ല. മൊറോക്കോ മിക്കവാറും എല്ലാം സ്കോർ ചെയ്യുകയും ചെയ്തു. അദ്ദേഹം പറയുന്നു

എങ്ങനെ കളിക്കണമെന്ന് മൊറോക്കോക്ക് വ്യക്തമായിരുന്നു, ഞങ്ങൾ ഫുട്ബോൾ കളിച്ചു. മൊറോക്കോ പതിനൊന്ന് പേരെയും പിറകിൽ നിർത്തിയാണ് കളിച്ചത്. റോഡ്രി പറഞ്ഞു.

ഞങ്ങളുടെ കൂടെ നിന്ന സ്പെയിൻകാർക്ക് നന്ദി, ഞങ്ങൾ ഞങ്ങളുടെ എല്ലാം നൽകിയെന്നും മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ കൂട്ടിച്ചേർത്തു.

“സ്പെയിൻ പന്ത് കയ്യിൽ വെച്ചു, പക്ഷെ ഒരു വെല്ലുവിളിയും ഉയർത്തിയില്ല” – മൊറോക്കോ കോച്ച്

സ്പെയിന്റെ പൊസഷൻ ഫുട്ബോൾ ഞങ്ങൾക്ക് ഒരു വെല്ലുവിളിയും ഉയർത്തിയില്ല എന്ന് മൊറോക്കോ കോച്ച് വാലിദ്. ഇന്നലെ പ്രീക്വാർട്ടറിൽ സ്പെയിനെ തോൽപ്പിച്ച ശേഷം സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ഞങ്ങൾ പോരാടുകയും മൊറോക്കൻ ജനതയെ സന്തോഷിപ്പിക്കുകയും ചെയ്തു, ഞങ്ങൾ ചരിത്രം സൃഷ്ടിച്ചു, മൊറോക്കോ അത് അർഹിക്കുന്നു, മൊറോക്കൻ ആരാധകർ ആണ് ഞങ്ങളെ മൈതാനത്ത് ഒരുമിച്ച് നിർത്തിയത്. വാലിദ് പറയുന്നു.

ഞങ്ങൾ അറബ്, ആഫ്രിക്കൻ ഫുട്ബോളിന്റെ അഭിമാനം ഉയർത്തുന്ന പ്രകടനം കാഴ്ചവെച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു‌. സ്‌പെയിൻ അവരുടെ പന്ത് കൈവശം വെച്ച് കളിക്കുന്ന ശൈലിയെ ആശ്രയിച്ചാകും കളിക്കുക എന്ന് ഞങ്ങൾക്കറിയാമായിരുന്നു, അത് മനസ്സിൽ വെച്ചാണ് ഞങ്ങൾ കളിച്ചത്. അവർ ഒരു അപകടവും ഞങ്ങളുടെ ഡിഫൻസിന് വരുത്തിയിട്ടില്ല. വാലിദ് കൂട്ടിച്ചേർത്തു.

ഒരു എതിരാളിക്കും ഗോളടിക്കാൻ കഴിയാത്ത കോട്ടയായി മൊറോക്കോ

ഇന്ന് സ്പെയിന് എതിരെ 120 മിനുട്ട് കളിച്ചിട്ടും അതു കഴിഞ്ഞ് പെനാൾട്ടി ഷൂട്ടൗട്ട് നേരിട്ടിട്ടും മൊറോക്കോ ഒരു ഗോൾ പോലും വഴങ്ങിയില്ല.ഈ ലോകകപ്പിൽ മൂന്ന് ക്ലീൻ ഷീറ്റ് സ്വന്തമാക്കിയ മൊറോക്കോ ആകെ ഒരു ഗോൾ ആണ് വഴങ്ങിയത്. വഴങ്ങി ഗോൾ ആകട്ടെ ഒരു സെൽഫ് ഗോളായിരുന്നു. അതായത് എതിരാളികളിൽ ആർക്കും മൊറോക്കോ വലയിലേക്ക് പന്ത് എത്തിക്കാൻ ആയില്ല എന്ന്.

ഇത് ആദ്യമായാണ് ഒരു ആഫ്രിക്കൻ ടീം ലോകകപ്പിൽ മൂന്ന് ക്ലീൻഷീറ്റ് സ്വന്തമാക്കുന്നത്. ലോകകപ്പിൽ മാത്രമല്ല പരിശീലകൻ വലീദ് ചുമതല ഏറ്റെടുത്ത ശേഷം ഇതുവരെ മൊറോക്കോ ആ സെൽഫ് ഗോൾ അല്ലാതെ ഒരു ഗോൾ വഴങ്ങിയിട്ടില്ല. ഓഗസ്റ്റിൽ വലിദ് ചുമതലയേറ്റ ശേഷം 9 മത്സരങ്ങൾ മൊറോക്കോ കളിച്ചു. ഒരു ടീമും എതിരായി ഇതുവരെ ഗോൾ അടിച്ചില്ല.

മൊറോക്കോ വാലിദ് ചുമതലയേറ്റ ശേഷം;

🔐 2-0 Chile 🇨🇱
🔐 0-0 Paraguay 🇵🇾
🔐 3-0 Georgia 🇬🇪
🔐 0-0 Croatia 🇭🇷
🔐 2-0 Belgium 🇧🇪
🥅 2-1 Canada 🇨🇦 (Own Goal)
🔐 0-0 Spain 🇪🇸

മൊറോക്കൻ അത്ഭുതം!! സ്പെയിനിനെ പുറത്താക്കി ലോകകപ്പ് ക്വാർട്ടറിൽ

സ്പെയിനെ അട്ടിമറിച്ച് മൊറൊക്കോ ക്വാർട്ടറിൽ. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് മൊറോക്കോ ക്വാർട്ടറിൽ എത്തുന്നത്‌. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു മൊറോക്കോയുടെ വിജയം. നിശ്ചിത സമയത്ത് കളി ഗോൾ രഹിതമായതോടെ കളി പെനാൾട്ടിയിൽ എത്തിയത്. ഷൂട്ടൗട്ടിൽ 3-0നാണ് മൊറോക്കോ ജയിച്ചത്. മൂന്ന് പെനാൾട്ടിയാണ് മൊറോക്ക് കീപ്പർ ബുനോ സേവ് ചെയ്തത്.

ഇന്ന് എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ സ്പെയിനിന്റെ ടിക്കി ടാക്ക് എല്ലാം മൊറോക്കോയുടെ മുന്നിൽ തകരുന്നതാണ് ആദ്യ പകുതിയിൽ കണ്ടത്‌. മൊറോക്കോയുടെ താരങ്ങൾ സ്പെയിനിന്റെ എല്ലാ നീക്കവും സമർത്ഥമായി തടയുകയും നല്ല അവസരങ്ങൾ എതിർ ഭാഗത്ത് സൃഷ്ടിക്കുകയും ചെയ്തു. ഹകീമിയും സിയെചും സ്പെയിൻ ഡിഫൻസിന് നിരന്തരം വെല്ലുവിളിയായി.

26ആം മിനുട്ടിൽ മൊറോക്കോ കീപ്പർ ബോനോയുടെ ഒരു മിസ് പാസ് സ്പെയിന് അവസരം നൽകി. ഡാനി ഓൽമോ തൊടുത്ത ഷോട്ട് ഗോൾ കീപ്പറും പോസ്റ്റും കൂടിയാണ് തടഞ്ഞത്. അത് ഗോളായിരുന്നു എങ്കിലും കണക്കിൽ വരില്ലായിരുന്നു. സൈഡ് ലൈൻ റഫറിയുടെ ഫ്ലാഗ് ഉയർന്നിരുന്നു.

33ആം മിനുട്ടിൽ മസറോയിയുടെ ഒരു ലോങ് ഷോട്ട് സിമോൺ തടഞ്ഞു. ആദ്യ പകുതിയിൽ മൊറോക്കോ തന്നെ ആയിരുന്നു മെച്ചപ്പെട്ട ഫുട്ബോൾ കളിച്ചത്.

രണ്ടാം പകുതിയിൽ 54ആം മിനുട്ടിൽ ഡാനി ഓൽമോ ഒരു ഫ്രീകിക്കിൽ നിന്ന് ബോനോയെ പരീക്ഷിച്ചു. സ്പെയിന്റെ ആദ്യ ഷോട്ട് ഓൺ ടാർഗറ്റ് ആയി ഇത്. സ്പെയിൻ ആൽവാരോ മൊറാട്ടോയെയും നികോ വില്യംസിനെയും ഇറക്കി ഗോളടിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കാൻ സ്പെയിൻ നോക്കി. മൊറോക്കോയും നിരവധി മാറ്റങ്ങൾ വരുത്തി.

88ആം മിനുട്ടിൽ നികോ വില്യംസിന് കിട്ടിയ മികച്ച ഒരു അവസരം സോഫിയാൻ അമ്രബെറ്റിന്റെ മികച്ച ബ്ലോക്കിലൂടെ ആണ് തടയപ്പെട്ടത്. ഇഞ്ച്വറി ടൈമിന്റെ അവസാന മിനുട്ടിൽ സ്പെയിനിന്റെ ഒരു ഫ്രീകിക്ക് ബോനോയുടെ സേവിൽ ആണ് രക്ഷപ്പെട്ടത്‌. അവസാനം കളി എക്സ്ട്രാ ടൈമിൽ എത്തി.

എക്സ്ട്രാ ടൈമിൽ അമ്രാബറ്റ് ഒരു പാസിലൂടെ സാബിരിയെ കണ്ടെത്തി. സാബിരി ഷോട്ട് തൊടുക്കിന്നതിന് തൊട്ടു മുമ്പ് ഒരു ടാക്കിളിലൂടെ ലപോർടെ സ്പെയിനിനെ രക്ഷിച്ചു. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ ഉനായ് സിമന്റെ വലിയ സേവ് സ്പെയിനിനെ രക്ഷിച്ചു. ചെദിരയുടെ ഷോട്ട് പോയിന്റെ ബ്ലാങ്കിൽ വെച്ചാണ് ഇനായ് സിമൺ സേവ് ചെയ്ത് രക്ഷിച്ചത്.

എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷം സരാബിയയുടെ ഷോട്ട് പോസ്റ്റിൽ തട്ടിമടങ്ങുന്നതും കാണാൻ ആയി.

120 മിനുട്ട് കഴിഞ്ഞിട്ടും ഗോൾ വരാതെ ആയതോടെ കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ആദ്യ കിക്ക് എടുത്തത് മൊറോക്കോയുടെ സബീരി. ഉനായ് സിമണെ മറികടന്ന് വലയിൽ. സ്പെയിനു വേണ്ടി സരാബിയ ആണ് ആദ്യ കിക്ക് എടുത്തത്. സരാബിയയുടെ പെനാൾട്ടിയും പോസ്റ്റിൽ തട്ടി മടങ്ങി. മൊറോക്കോ 1-0 സ്പെയിൻ. സിയെചും മൊറോക്കോയ്ക്ക് ആയി കിക്ക് വലയിൽ എത്തിച്ചു. സോളർ സ്പെയിന്റെ രണ്ടാം കിക്ക് ബൂണോ സേവ് ചെയ്തു. മൊറോക്കോ 2-0.

മൊറോക്കോയുടെ മൂന്നാം പെനാൾട്ടി ഉനായ് സിമൺ സേവ് ചെയ്തത് സ്പെയിന് പ്രതീക്ഷ തിരികെ നൽകി. ബുസ്കറ്റ്സിന്റെ കിക്കും ബുനോ സേവ് ചെയ്തു. ആ പ്രതീക്ഷ അസ്തമിച്ചു. സ്കോർ 2-0 തന്നെ. ഹകീമിയുടെ കിക്ക് മൊറോക്കോയെ ക്വാർട്ടറിലേക്ക് എത്തിച്ചു.

ജിബ്രാൾട്ടർ കടലിടുക്കിലേക്ക് ചുരുങ്ങുന്ന നോകൗട്ട് പോരാട്ടം; പുതുചരിത്രം കുറിക്കാൻ മൊറോക്കോ, പിഴവുകൾ പരിഹരിച്ച് സ്പെയിൻ

ഖത്തർ ലോകകപ്പിൽ നോകൗട്ട് പോരാട്ടം ജിബ്രാൾട്ടർ കടലിടുക്കിന്റെ ഇരുകരകളിലേക്കും ചുരുങ്ങുമ്പോൾ മുൻ ചാമ്പ്യന്മാരായ സ്പെയിനിനെ നേരിടാൻ പുത്തൻ ആഫ്രിക്കൻ ശക്തികൾ ആയ മൊറോക്കോ ഒരുങ്ങുന്നു. ടീമിന്റെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ആദ്യ നോകൗട്ട് വിജയത്തിലാണ് മൊറോക്കോ കണ്ണ് വെക്കുന്നതെങ്കിൽ, അടുത്ത കാലത്ത് യൂറോ കപ്പിലടക്കം വമ്പൻ പോരാട്ടങ്ങളിൽ ഇറങ്ങിയ ടീമിന്റെ മത്സര പരിചയം എതിർ ടീമിനേക്കാൾ മുൻതൂക്കം നൽകും എന്ന പ്രതീക്ഷയിൽ ആണ് സ്പെയിൻ.

ബെൽജിയവും കാനഡയും ക്രൊയേഷ്യയും അടങ്ങിയ ഗ്രൂപ്പിൽ നിന്ന് തോൽവി അറിയാതെയാണ് മൊറോക്കോ എത്തുന്നത്. ക്രൊയേഷ്യയെ സമനിലയിൽ തളച്ചപ്പോൾ ബെൽജിയത്തെയും കാനഡയേയും വീഴ്ത്താനും അവർക്കായി. അടുത്ത കാലത്ത് യൂറോപ്യൻ ഫുട്ബോളിൽ ഉയർന്ന് വന്ന ഒരുപിടി മികച്ച താരങ്ങൾ ആണ് മൊറോക്കോയുടെ കരുത്ത്. അതിൽ തൊട്ടടുത്തുള്ള സ്പെയിന് കാര്യമായ സംഭാവന നൽകിയിട്ടുണ്ട് എന്നതും രസകരമായ വസ്തുതയാണ്. ഒന്നാം സ്‌ട്രൈക്കർ ആയ എൻ – നെസൈരി, കീപ്പർ ബോനോ എന്നിവർ സെവിയ്യയുടെ താരങ്ങൾ ആണ്. റൈറ്റ് ബാക്ക് അഷറഫ് ഹകിമി മാഡ്രിഡ് താരമായിരുന്നു. ഇവരെ കൂടാതെ ആമ്രബാത്, സിയച്ച്, മാസ്രോയി എന്നിവരും കൂടി ചേരുമ്പോൾ ഏത് വമ്പനെയും വീഴ്ത്താൻ പോന്ന ടീമായി മൊറോക്കോ മാറുന്നു. ഗ്രൂപ്പ് സ്റ്റേജിലെ പ്രകടനം സ്പെയിനിനെതിരെയും ആവർത്തിക്കാൻ ആയാൽ ചരിത്രം കുറിക്കാം എന്ന പ്രതീക്ഷയിലാണ് ആഫ്രിക്കൻ കരുത്തർ.

ലോകകപ്പിൽ ഇതുവരെ താഴോട്ടാണ് സ്പെയിനിന്റെ ഗ്രാഫ്. വമ്പൻ ജയവുമായി തുടങ്ങിയ ശേഷം ജർമനിയോട് സമനിലയും ജപ്പാനോട് തോൽവിയും നേരിടേണ്ടി വന്നു. ഇരു ടീമിന്റെയും വേഗതക്കെതിരെ പതറിയ സ്പെയിൻ പ്രതിരോധത്തിൽ ആവും മൊറോക്കോയുടെ കണ്ണുകൾ. അതേ സമയം ടികി ടാക കൈമോശം വന്നിട്ടില്ലെന്ന് സ്‌പെയിൻ ഇതിനിടയിലും തെളിയിച്ചു. ജപ്പാനെതിരെ ബെഞ്ചിൽ ഇരുന്ന ലപോർട ആദ്യ ഇലവനിലേക്ക് മടങ്ങി എത്തും. തുടർച്ചയായി ഗോൾ കണ്ടെത്തുന്ന മൊറാട്ട ഒരിക്കൽ കൂടി പകരക്കാരനായി എത്തിയേക്കും. ഓൾമോ, ഫെറാൻ ടോറസ് എന്നിവർ തന്നെ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കും. മധ്യനിരയിൽ എൻറിക്വെയുടെ വിശ്വസ്ത ത്രയമായ പെഡ്രി – ബാസ്ക്വറ്റ്‌സ് – ഗവി തന്നെ എത്തും. കഴിഞ്ഞ മത്സരത്തിലെ പിഴവുകൾ പരിഹരിച്ച് ടീം ഇറക്കാൻ തന്നെയാവും കോച്ചിന്റെ ശ്രമം.

ഇന്ത്യൻ സമയം ചൊവ്വാഴ്ച്ച വൈകിട്ട് 8.30 എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരത്തിന് പന്തുരുണ്ടു തുടങ്ങുക.

“ആഫ്രിക്കയ്ക്കും അറബിനും വേണ്ടിയാകും മൊറോക്കോ പൊരുതുക”

ഇന്ന് പ്രീക്വാർട്ടറിൽ സ്പെയിനെ നേരിടുമ്പോൾ മൊറോക്കോ വിജയിക്കാൻ തന്നെ ആകും പോരാടുക എന്ന് പരിശീലകൻ വാലിദ്‌. ഞങ്ങൾ ഒരു വിജയിയുടെ മനോഭാവത്തോടെ ആകും മത്സരത്തിലേക്ക് വരുക. അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ മൊറോക്കൻ പതാക ഉയരത്തിൽ ഉയർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അദ്ദേഹം തുടർന്നു

നമ്മുടെ രാജ്യത്തിന് ഒപ്പം എല്ലാ അറബികൾക്കും ആഫ്രിക്കക്കാർക്കും വേണ്ടിയാകും മൊറോക്കോ പൊരുതുന്നത്‌. അവരെ സന്തോഷിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് അവരുടെ പ്രാർത്ഥനയും അവരുടെ പിന്തുണയും വേണം. വാലിദ് പറഞ്ഞു.

സ്പെയിനിന് വലിയ പരിചയസമ്പത്തുണ്ട്‌. ഞങ്ങൾ 36 വർഷമായി ഇവിടെ ഉണ്ടായിരുന്നില്ല. വകിയ രാജ്യങ്ങൾ ലോകകപ്പിൽ ബാക്കിയുണ്ട്, അവർക്ക് വെല്ലുവിളി നൽകുക എന്നത് ഞങ്ങൾക്ക് പ്രധാനമാണ്. ഞങ്ങൾ ഇന്ന് എല്ലാം നൽകാൻ പോകുന്നു, ഒരു ഖേദവും കളം വിടുമ്പോൾ ഉണ്ടാകരുത്. അദ്ദേഹം പറഞ്ഞു.

ആഫ്രിക്കൻ വിപ്ലവം!!! ഗ്രൂപ്പ് ജേതാക്കൾ ആയി മൊറോക്കോ പ്രീ ക്വാർട്ടറിൽ

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് എഫിൽ ഗ്രൂപ്പ് ജേതാക്കൾ ആയി മൊറോക്കോ അവസാന പതിനാറിൽ. ക്രൊയേഷ്യ, ബെൽജിയം, കാനഡ ടീമുകൾ അടങ്ങിയ ഗ്രൂപ്പിൽ ബെൽജിയത്തിനും കാനഡക്കും മടക്ക ടിക്കറ്റ് ലഭിച്ചു. അവസാന ഗ്രൂപ്പ് മത്സരത്തിൽ കാനഡയെ 2-1 നു തോൽപ്പിച്ച മൊറോക്കോ 7 പോയിന്റുകൾ നേടി ക്രൊയേഷ്യക്ക് മുകളിൽ ലോകകപ്പ് അവസാന പതിനാറിൽ ഇടം നേടുക ആയിരുന്നു. ഇതിനകം ലോകകപ്പിൽ നിന്നു പുറത്തായ കാനഡക്ക് എതിരെ നാലാം മിനിറ്റിൽ തന്നെ മൊറോക്കോ ഗോൾ നേടി.

കനേഡിയൻ ഗോൾ കീപ്പർ മുന്നിലേക്ക് കയറി വന്നപ്പോൾ 30 വാര അകലെ നിന്നു ലഭിച്ച പന്ത് മികച്ച ഷോട്ടിലൂടെ വലയിലാക്കിയ ഹക്കിം സിയെച് ആണ് ആഫ്രിക്കൻ ടീമിന് മുൻതൂക്കം സമ്മാനിച്ചത്. 25 മത്തെ മിനിറ്റിൽ അഷ്‌റഫ് ഹകീമി നൽകിയ മികച്ച ബോളിൽ നിന്നു മികച്ച ഓട്ടത്തിലൂടെ പന്ത് കയ്യിലാക്കിയ മുന്നേറ്റനിര താരം യൂസുഫ് എൻ-നെസ്റി മികച്ച ഷോട്ടിലൂടെ മൊറോക്കോക്ക് രണ്ടാം ഗോളും സമ്മാനിച്ചു. 40 മത്തെ മിനിറ്റിൽ അഡകുഗ്ബെയുടെ ക്രോസ് തടയാനുള്ള മൊറോക്കൻ പ്രതിരോധതാരം നയഫ് അഗ്യുർഡിന്റെ ശ്രമം സ്വന്തം പോസ്റ്റിൽ പതിച്ചതോടെ കാനഡക്ക് ചെറിയ പ്രതീക്ഷ ലഭിച്ചു.

ആദ്യ പകുതിക്ക് തൊട്ടു മുമ്പ് സിയെച്ചിന്റെ ഫ്രീകിക്കിൽ ലഭിച്ച അവസരത്തിൽ
എൻ-നെസ്റി ഗോൾ കണ്ടത്തിയെങ്കിലും റഫറി ഇത് ഓഫ് സൈഡ് വിളിച്ചു. രണ്ടാം പകുതിയിൽ കനേഡിയൻ ആധിപത്യം ആണ് മത്സരത്തിൽ കാണാൻ ആയത്. പലപ്പോഴും മൊറോക്കോക്ക് വലിയ വെല്ലുവിളി അവർ ഉയർത്തി. ഇടക്ക് ഹച്ചിൻസിന്റെ ഹെഡർ ബാറിൽ ഇടിച്ചു മടങ്ങി. ഇടക്ക് മറ്റൊരു ശ്രമം ഗോൾ ലൈനിന് മുന്നിൽ നിന്നാണ് മൊറോക്കൻ പ്രതിരോധം രക്ഷിച്ചത്. മൊറോക്കോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നേട്ടങ്ങളിൽ ഒന്നായി ഇത്. ലോകകപ്പിൽ ഇത് വരെ പരാജയം അറിയാത്ത മൊറോക്കോ ബെൽജിയം, കാനഡ ടീമുകളെ തോൽപ്പിക്കുകയും ചെയ്തു.

മൊറോക്കോക്ക് വേണ്ടി രണ്ടു ലോകകപ്പിൽ ഗോൾ നേടുന്ന ആദ്യ താരമായി യൂസുഫ് എൻ-നെസ്റി

മൊറോക്കോക്ക് വേണ്ടി രണ്ടു ലോകകപ്പിൽ ഗോൾ നേടുന്ന ആദ്യ താരമായി യൂസുഫ് എൻ-നെസ്റി. കഴിഞ്ഞ ലോകകപ്പിൽ സ്പെയിനിന് എതിരെ ഗോൾ നേടിയ സെവിയ്യ താരം ഇന്ന് കാനഡക്ക് എതിരെ ഗോൾ നേടിയപ്പോൾ ആണ് ആഫ്രിക്കൻ രാജ്യത്തിനു ആയി ചരിത്രം എഴുതിയത്.

അഷ്‌റഫ് ഹകീമിയുടെ പാസിൽ നിന്നു ഉഗ്രൻ അടിയിൽ നിന്നായിരുന്നു എൻ-നെസ്റിയുടെ ഗോൾ. മത്സരത്തിൽ ആദ്യ പകുതിയിൽ ഒരിക്കൽ കൂടി വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിക്കുക ആയിരുന്നു. മൊറോക്കോ മുന്നേറ്റത്തിൽ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് എൻ-നെസ്റി.

മൊറോക്കോക്ക് എതിരായ തോൽവിക്ക് പിന്നാലെ ബെൽജിയം നഗരങ്ങളിൽ കലാപം

മൊറോക്കോക്ക് എതിരായ ഖത്തർ ലോകകപ്പിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ ബെൽജിയം നഗരങ്ങളിൽ കലാപം. ബെൽജിയത്തിലെ ബ്രസൽസ് അടക്കമുള്ള മൊറോക്കൻ അഭയാർത്ഥി സമൂഹത്തിലെ ചില യുവാക്കൾ ആണ് കലാപത്തിന് പിന്നിൽ എന്നാണ് സൂചന. കാറുകൾക്കും സ്ഥാപനങ്ങൾക്കും നേരെ കല്ലേറു അടക്കം നടത്തിയ കലാപകാരികളെ നിയന്ത്രിക്കാൻ പോലീസ് കണ്ണീർ വാതകം അടക്കം പ്രയോഗിച്ചു.

അതേസമയം ബെൽജിയത്തിലുള്ള ഭൂരിഭാഗം മൊറോക്കൻ ജനതയും സമാധാനപൂർവ്വം ആണ് ജയം ആഘോഷിച്ചത്. അതേസമയം മൊറോക്കൻ വിഭാഗത്തിൽ നിന്നുള്ള നേതാക്കൾ ആക്രമണത്തെ അപലപിച്ചു. ബ്രസൽസിലെ മേയറും സംഭവം ദൗർഭാഗ്യകാരമാണ് എന്നു പ്രതികരിച്ചു. പോലീസ് ചില സ്ഥലങ്ങളിൽ ആളുകൾ യാത്ര ചെയ്യരുത് എന്ന നിർദേശവും പുറപ്പെടിച്ചു. അതേസമയം തീവ്രവലതുപക്ഷ നേതാക്കൾ സംഭവം അഭയാർത്ഥി വിരുദ്ധത പ്രചരിപ്പിക്കാൻ ആണ് സംഭവം ഉപയോഗിക്കുന്നത്. ബെൽജിയത്തിൽ ഏതാണ്ട് 5 ലക്ഷം മൊറോക്കൻ വംശജർ ആണ് ഉള്ളത് എന്നാണ് കണക്കുകൾ.

ബെൽജിയത്തിന് പ്രായമാകുന്നുണ്ട്!! 1998ന് ശേഷം ആദ്യ ലോകകപ്പ് ജയവുമായി മൊറോക്കോ

ബെൽജിയം ടീമിന് പ്രായമാവുക ആണെന്ന കെവിൻ ഡി ബ്രുയിനെയുടെ വാക്കുകൾ സത്യാമാണെന്ന് തെളിയുന്ന കാഴ്ചയാണ് ഇന്ന് ഖത്തറിൽ കണ്ടത്. മൊറോക്കോയ്ക്ക് മുന്നിൽ വേഗതയില്ലാതെ കിതച്ച ബെൽജിയം പരാജയം ഏറ്റുവാങ്ങി കളം വിടേണ്ടി വന്നു. മറുപടിയില്ലാത്ത രണ്ടു ഗോളിന്റെ വിജയമാണ് മൊറോക്കോ ഇന്ന് നേടിയത്. മൊറോക്കോയുടെ 1998 ലോകകപ്പിന് ശേഷമുള്ള ആദ്യ ലോകകപ്പ് വിജയമാണിത്.

ആദ്യ മത്സരത്തിൽ ക്രൊയേഷ്യക്ക് എതിരെ മികച്ച അച്ചടക്കത്തോടെ കളിച്ച മൊറോക്കോ ഇന്നും ആ ടാക്ടിക്സ് ആണ് തുടർന്നത്. പന്ത് ബെൽജിയത്തിന് കൊടുത്ത് അവർ അവരുടെ ഷൈപ്പ് സൂക്ഷിച്ചു. ബെൽജിയത്തിൽ നിന്ന് ഒരു വെല്ലുവിളിയും ഉയർന്നില്ല.

ആദ്യ പകുതിയുടെ അവസാനം ഒരു ഫ്രീകിക്ക് നൊറോക്കോയ്ക്ക് ലഭിച്ചു. സിയെചിന്റെ ഇടം കാലൻ ഫ്രീകിക്ക് വലയിൽ കയറി ആഘോഷവും കഴിഞ്ഞു. പക്ഷെ അതിനു ശേഷം നീണ്ട VAR പരിശോധനക്ക് ശേഷം ആ ഗോൾ ഓഫ്സൈഡ് എന്ന് വിധിച്ചു.

രണ്ടാം പകുതിയിലും മൊറോക്കോയിൽ നിന്ന് ആണ് നല്ല ഫുട്ബോൾ കാണാൻ കഴിഞ്ഞത്. അവസാനം 73ആം മിനുട്ടിൽ മൊറോക്കോ അവർ അർഹിച്ച ലീഡ് നേടി. 83ആം മിനുട്ടിൽ സബിരി എടുത്ത ഫ്രീകിക്ക് കോർതോയെ ഞെട്ടിച്ചു. കോർതതോയുടെ മുന്നിൽ പിച്ച് ചെയ്ത് പന്ത് വലയിൽ. സ്കോർ 1-0. ഈ ലോകകപ്പിലെ ഡയറക്ട് ഫ്രീകിക്കിൽ നിന്ന് ഉള്ള ആദ്യ ഗോളായി ഇത്.

ഈ ഗോളിന് ശേഷം ബെൽജിയൻ ലുകാകുവിനെ കളത്തിൽ ഇറക്കി നോക്കി എങ്കിലും അവർക്ക് പരാജയം ഒഴിവാക്കാൻ ആയില്ല. അവസാനം ഇഞ്ച്വറി ടൈമിൽ അബുകലാലിലൂടെ മൊറോക്കോ വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടി.

2 മത്സരങ്ങൾ കഴിഞ്ഞപ്പോൾ മൊറോക്കോയ്ക്ക് 4 പോയിന്റ് ആണുള്ളത്. ബെൽജിയത്തിന് 3 പോയിന്റും. അവസാനം മത്സരത്തിൽ മൊറോക്കോ കാനഡയെയും ബെൽജിയം ക്രൊയേഷ്യയെയും നേരിടും.

ലോകകപ്പിനുള്ള മൊറോക്കോ ടീം എത്തി

ക്ലബ്ബ് ഫുട്ബോളിന്റെ കരുത്തിൽ മൊറോക്കോ ലോകകപ്പിന് എത്തുന്നു. യൂറോപ്പിലെ പ്രമുഖ ടീമുകൾക്ക് വേണ്ടി കളിക്കുന്ന താരങ്ങൾ തന്നെയാണ് ടീമിന്റെ പിൻബലം. പതിവ് മുഖങ്ങൾ ആയ ഹക്കീം സിയാച്ചും എൻ-നെസൈരിയും അഷ്റഫ് ഹകീമിയും എല്ലാം ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

സെവിയ്യ താരം യാസീൻ ബോനോ ആണ് പോസ്റ്റിന് കീഴിൽ എത്തുക. പ്രതിരോധത്തിൽ പിഎസ്ജിയുടെ ഹകീമിയും ബയേണിന്റെ മസ്രൗയിയും എത്തുമ്പോൾ വെസ്റ്റ്ഹാമിന്റെ ആഗ്വെർഡ്, വല്ലഡോളിഡിന്റെ എൽ യാമിക് എന്നിവരും കൂടെ ഉണ്ടാവും. മധ്യനിരയിൽ ഫ്‌യോരെന്റിനയുടെ ആംരബത് സാംപ്ഡോരിയയുടെ സാബിരി എന്നിവരും ഇടം പിടിച്ചിട്ടുണ്ട്. മുന്നേറ്റത്തിന് ചുക്കാൻ പിടിക്കാൻ സിയാച്ച്, എൻ-നെസൈരി എന്നിവർ ഉണ്ടെങ്കിലും ചെൽസി താരത്തിന് അടുത്തിടെ അവസരങ്ങൾ കുറവായതും സെവിയ്യ താരത്തിന്റെ ഗോൾ ദാരിദ്ര്യവും ആശങ്കയാണ്. ബാഴ്‌സയിൽ നിന്നും ലോണിൽ ഒസാസുനക്കായി ബൂട്ട് കെട്ടുന്ന ആബ്ദേയും തന്റെ ആദ്യ ലോകകപ്പിന് ബൂട്ടണിയും

ഹകീം സിയെച് മൊറോക്കോ ടീമിൽ തിരികെയെത്തി, വിരമിക്കൽ തീരുമാനം പിൻവലിച്ചു

ഹകീം സിയെച് അവസാനം മൊറോക്കോ ദേശീയ ടീമിൽ തിരികെയെത്തി. ഈ ഇന്റർ നാഷണൽ ബ്രേക്കിലെ മത്സരങ്ങൾക്ക് ആയി മൊറോക്കോ സിയെചിനെ തിരികെ ടീമിൽ ഉൾപ്പെടുത്തി. കഴിഞ്ഞ ജനുവരിയിൽ പ്രതിഷേധം കാരണം ഹകീം സിയെച് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

മൊറോക്കോ ദേശീയ ടീം പരിശീലകൻ വാഹിദുമായുള്ള പ്രശ്നമാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിൽ സിയെചിനെ അന്ന് എത്തിച്ചത്. കോച്ച് വാഹിദ് ഹാലിൽഹോഡ്‌സിക്കുമായുള്ള പ്രശ്നങ്ങൾ കാരണം സിയെചിനെ 2021 ആഫ്രിക്ക നേഷൻസ് കപ്പിനുള്ള മൊറോക്കോയുടെ അന്തിമ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനു ശേഷം ആയിരുന്നു വിരമിക്കൽ പ്രഖ്യാപനം.

സിയെചിനെ ടീമിൽ എടുക്കാത്തതിൽ വലിയ പ്രതിഷേധം രാജ്യത്തെ ഫുട്ബോൾ ആരാധകരിൽ നിന്ന് ഉയർന്നിരുന്നു‌‌. മൊറോക്കൻ ദേശീയ ടീമിനായി 40 തവണ കളിച്ചിട്ടുള്ള സിയെച് പത്ത് ഗോളുകൾ രാജ്യത്തിനായി നേടിയിട്ടുണ്ട്

Exit mobile version