ചെൽസി കിരീട പോരാട്ടത്തിൽ ഉള്ള ടീം ആണ് എന്ന് അർട്ടെറ്റ


ഞായറാഴ്ച സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടക്കുന്ന നിർണായക പോരാട്ടത്തിന് മുന്നോടിയായി, പ്രീമിയർ ലീഗ് കിരീട പോരാളികളായി ചെൽസിയെ അംഗീകരിക്കുന്നു എന്ന് ആർസനൽ പരിശീലകൻ മൈക്കൽ ആർട്ടെറ്റ തുറന്നു സമ്മതിച്ചു. ടോട്ടൻഹാമിനും ബയേൺ മ്യൂണിക്കിനും എതിരായ ശ്രദ്ധേയമായ വിജയങ്ങൾക്ക് ശേഷം ആറ് പോയിന്റ് ലീഡുമായി ആർസനൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുമ്പോഴും, ചെൽസിയുടെ സമീപകാല ഫോമും ശക്തമായ സ്ക്വാഡ് നിലവാരവും ആർട്ടെറ്റ എടുത്തുപറഞ്ഞു.

കിരീട പോരാളികളായി പരിഗണിക്കാൻ ചെൽസിക്ക് “പൂർണ്ണമായും അർഹതയുണ്ട്” എന്നും അദ്ദേഹം പറഞ്ഞു. ചെൽസിയുടെ ഒഴുക്കുള്ള കളിരീതി, വ്യക്തിഗത മികവുകൾ, പരിശീലകൻ എൻസോ മാരെസ്കയുടെ കീഴിലുള്ള വ്യക്തമായ സമീപനം എന്നിവയെ ആർട്ടെറ്റ പ്രശംസിച്ചു.


ഈ ലണ്ടൻ ഡെർബിക്ക് ആഴ്സണൽ പൂർണ്ണ സജ്ജമാണെന്ന് ആർട്ടെറ്റ വ്യക്തമാക്കി. കടുത്ത വെല്ലുവിളിയുള്ള ഈ മത്സരം, തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള ആർസനലിന്റെ അവസരം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർച്ചയായ മൂന്ന് ലീഗ് വിജയങ്ങളുടെയും ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയ്‌ക്കെതിരെ നേടിയ 3-0ന്റെ മികച്ച വിജയത്തിന്റെയും ആത്മവിശ്വാസത്തിലാണ് ചെൽസി എത്തുന്നത്. സീസണിന്റെ തുടക്കത്തിൽ നേരിട്ട തിരിച്ചടികളിൽ നിന്നുള്ള അവരുടെ തിരിച്ചുവരവിനാണ് ഇത് സൂചന നൽകുന്നത്.

സെമിഫൈനലിൽ പുറത്തായെങ്കിലും ആഴ്സണൽ ആയിരുന്നു മികച്ച ടീമെന്ന് ആർട്ടെറ്റ


ആഴ്സണലിൻ്റെ വേദനാജനകമായ ചാമ്പ്യൻസ് ലീഗ് പുറത്താവലിന് ശേഷം സംസാരിച്ച മിക്കേൽ ആർട്ടെറ്റ ഈ സീസണിൽ തൻ്റെ ടീമാണ് ടൂർണമെൻ്റിലെ ഏറ്റവും മികച്ച ടീമെന്ന് പറഞ്ഞു. സെമിഫൈനലിൽ പാരീസ് സെന്റ് ജെർമെയ്‌നിനോട് 3-1 ന് തോറ്റാണ് ഗണ്ണേഴ്സ് പുറത്തായത്. രണ്ടാം പാദത്തിൽ പാരീസിൽ വെച്ച് നടന്ന മത്സരത്തിൽ അവർ 2-1 ന് പരാജയപ്പെട്ടു.


തുടക്കത്തിൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും, പിഎസ്ജി ഗോൾകീപ്പർ ജിയാൻലൂയിജി ഡോണറമ്മയുടെ മികച്ച പ്രകടനം ആഴ്സണലിന് നിരാശ നൽകി. ഫാബിയൻ റൂയിസും അഷ്റഫ് ഹക്കീമിയും നേടിയ ഗോളുകൾ പിഎസ്ജിക്ക് മത്സരത്തിൽ ശക്തമായ മുൻതൂക്കം നൽകി. ബുക്കായോ സാക്ക ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും, അതൊരു തിരിച്ചുവരവിന് മതിയായിരുന്നില്ല.


“20 മിനിറ്റിനുള്ളിൽ അത് 3-0 ആകേണ്ടതായിരുന്നു,” ആർട്ടെറ്റ പറഞ്ഞു. “കളത്തിലെ അവരുടെ ഏറ്റവും മികച്ച താരം ഗോൾകീപ്പറായിരുന്നു. ഇരു മത്സരങ്ങളിലും ദീർഘനേരം ഞങ്ങൾ വളരെ മികച്ച പ്രകടനം കാഴ്ചവെച്ചു.”
കൃത്യതയില്ലാത്ത ഫിനിഷിംഗും പ്രതിരോധത്തിലെ പ്രധാന വീഴ്ചകളും ആഴ്സണലിന് വലിയ നഷ്ടം വരുത്തിയെന്ന് ആർട്ടെറ്റ സമ്മതിച്ചു.

“ഈ ടൂർണമെൻ്റ് ഇരു ബോക്സുകളിലും സംഭവിക്കുന്നതിനെക്കുറിച്ചാണ്. അവരുടെ ഗോൾകീപ്പറും മുന്നേറ്റനിരക്കാരുമാണ് വ്യത്യാസം വരുത്തിയത്,” അദ്ദേഹം പറഞ്ഞു.

“ഞങ്ങളുടെ പരിക്കുകളുടെ പശ്ചാത്തലത്തിൽ കളിക്കാർ വളരെയധികം അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഇന്ന് രാത്രി വേദനയുണ്ടെങ്കിലും, ഇത് എനിക്ക് ഭാവിയിലേക്ക് നല്ല സൂചന നൽകുന്നു.”
പിഎസ്ജി ഇനി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്റർ മിലാനെ നേരിടും.

സെമിഫൈനലിനപ്പുറം ആണ് ആഴ്സണലിന്റെ ലക്ഷ്യങ്ങൾ: അർട്ടെറ്റ


ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ പാരീസ് സെന്റ് ജെർമെയ്നെ നേരിടാൻ ഒരുങ്ങുന്ന ആഴ്സണലിന്റെ ലക്ഷ്യങ്ങൾ കേവലം അവസാന നാലിൽ എത്തുക എന്നതിനപ്പുറമാണെന്ന് പരിശീലകൻ മൈക്കിൾ ആർട്ടെറ്റ വ്യക്തമാക്കി.
ക്വാർട്ടർ ഫൈനലിൽ 15 തവണ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെ 5-1ന്റെ അഗ്രിഗേറ്റ് സ്കോറിന് തകർത്താണ് ആഴ്സണൽ സെമിയിൽ പ്രവേശിച്ചത്.

“ഈ സീസണിൽ ഞങ്ങൾ നിരവധി പ്രശ്നങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചു, യൂറോപ്പിലെ ഏറ്റവും മികച്ച നാല് ടീമുകളിൽ ഒന്നായി ടീം ഇവിടെ എത്തിയെന്നത് അവരുടെ മാനസികാവസ്ഥയെയും പോരാട്ടവീര്യത്തെയും സൂചിപ്പിക്കുന്നു.”
അർട്ടേറ്റ പറഞ്ഞു.

“ഞങ്ങൾ ചരിത്രം സൃഷ്ടിക്കുകയാണ്, ഇപ്പോൾ ഇത് മനോഹരമായ ഒരു കഥയാണ്, പക്ഷേ ഞങ്ങൾക്ക് കൂടുതൽ വേണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു” അദ്ദേഹം പറഞ്ഞു.


ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ആഴ്സണലിന്റെ മൂന്നാമത്തെ മാത്രം പ്രവേശനമാണിത്, 2009 ന് ശേഷമുള്ള ആദ്യത്തേതും.

കുറ്റം പന്തിന്? കരാബാവോ കപ്പിൽ ഉപയോഗിച്ച പന്ത് പ്രശ്നമായി എന്ന് അർട്ടേറ്റ!!

എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ന്യൂകാസിൽ യുണൈറ്റഡിനോട് 2-0ന് തോറ്റതിന് ശേഷം സംസാരിച്ച ആഴ്സണൽ പരിശീലകൻ അർട്ടേറ്റ കാരബാവോ കപ്പിൽ ഉപയോഗിച്ച പന്തിനെ വിമർശിച്ചു. സെമി ഫൈനലിൽ ഉഒഅയോഗിച്ച പന്ത് നിയന്ത്രിക്കാൻ പാടായിരുന്നു എന്ന് അദ്ദേഹം മത്സര ശേഷം പറഞ്ഞു. “ഈ പന്ത് വ്യത്യസ്തമായിരുന്നു, ഒരു പ്രീമിയർ ലീഗ് പന്തിൽ നിന്ന് വളരെ വ്യത്യസ്തമാണ്, ഈ പന്ത് വ്യത്യസ്തമായി സഞ്ചരിക്കുന്നതിന നിങ്ങൾ അതിനോട് പൊരുത്തപ്പെടണമായിരുന്നു. അത് പ്രശ്നമായി” അർട്ടേറ്റ പറഞ്ഞു.

എങ്കിലും ന്യൂകാസിലിൻ്റെ കാര്യക്ഷമതയെ അർറ്റെറ്റ അംഗീകരിച്ചു, “യഥാർത്ഥത്തിൽ ന്യൂകാസിൽ അവർക്ക് ലഭിച്ച അവസരങ്ങൾ വളരെ കാര്യക്ഷമമായി ഉപയോഗിച്ചു, ഞങ്ങൾ അങ്ങനെയായിരുന്നില്ല. കിട്ടിയ രണ്ട് അവസരങ്ങളും ഇസാക്ക് ഗോളാക്കി. ഈ തലത്തിൽ കളിക്കുമ്പോൾ, നിങ്ങൾ ക്ലിനിക്കൽ ആയിരിക്കണം.” അർട്ടേറ്റ പറഞ്ഞു. ഈ ഫലം ആഴ്‌സണലിന് രണ്ടാം പാദത്തിൽ കടുത്ത വെല്ലുവിളിയാണ് നൽകുന്നത്.

മാഞ്ചസ്റ്റർ സിറ്റിയെ ടൈറ്റിൽ റൈസിൽ നിന്ന് എഴുതി തള്ളേണ്ട എന്ന് ആർടെറ്റ

മോശം ഫോമിലാണെങ്കിലും പ്രീമിയർ ലീഗ് കിരീടത്തിനായി മാഞ്ചസ്റ്റർ സിറ്റിക്ക് ഇപ്പോഴും വെല്ലുവിളി ഉയർത്താനുള്ള ശേഷിയുണ്ടെന്ന് ആഴ്സണൽ മാനേജർ മൈക്കൽ അർട്ടെറ്റ വിശ്വസിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ആഴ്സണലിൻ്റെ പോരാട്ടത്തിന് മുമ്പ് സംസാരിച്ച അർട്ടെറ്റ, പെപ് ഗാർഡിയോളയുടെ കീഴിൽ സിറ്റിക്ക് തിരിച്ചുവരാനാകും എന്ന് പറഞ്ഞു.

“ഇത് മാറ്റാനും വിജയിക്കാനും, വിജയം തുടരാനും കഴിവുള്ള ഒരു ടീമാണിത്. അവരെ തള്ളിക്കളയരുത്, കാരണം അവർക്ക് എത്രമാത്രം ഗുണനിലവാരം ഉണ്ടെന്ന് നിങ്ങൾക്കറിയാം, ”ആർറ്റെറ്റ പറഞ്ഞു.

നിലവിൽ കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ ആറിലും തോറ്റു നിൽക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി.

മൈക്കൽ ആർട്ടെറ്റ ആഴ്സണലിൽ പുതിയ മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവച്ചു

ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് ആഴ്സണൽ പരിശീലകൻ ആർട്ടെറ്റ ക്ലബിൽ പുതിയ മൂന്ന് വർഷത്തെ കരാർ ഒപ്പുവെച്ചു. 2019 ഡിസംബറിൽ ക്ലബ്ബിൻ്റെ ചുമതലയേറ്റ അർട്ടെറ്റ, തൻ്റെ കരാറിൻ്റെ അവസാന വർഷത്തിലേക്ക് പ്രവേശിച്ചിരുന്നു. ഇത് അദ്ദേഹത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾക്ക് കാരണമായി. പ്രീമിയർ ലീഗിൽ തുടർച്ചയായി രണ്ടാം സ്ഥാനത്തെത്തിയതോടെ ആർട്ടെറ്റയെ നിലനിർത്താൻ തന്നെ ആഴ്സണൽ തീരുമാനിക്കുക ആയിരുന്നു.

പുതിയ കരാർ 2027 വരെ ആർടെറ്റയെ ആഴ്സണലിൽ നിലനിർത്തും. ടോട്ടൻഹാമിനെതിരെ വരാനിരിക്കുന്ന നോർത്ത് ലണ്ടൻ ഡെർബിക്ക് മുമ്പായി ഈ ഒരു വാർത്ത ആഴ്സണൽ ആരാധകർക്ക് സന്തോഷം നൽകും.

ആഴ്സണൽ വിടുമെന്നുള്ള വാർത്തകൾ വ്യാജമാണ് എന്ന് അർട്ടേറ്റ

സീസണിൻ്റെ അവസാനത്തിൽ ആഴ്‌സണൽ വിടുമെന്നുള്ള അഭ്യൂഹങ്ങൾ തള്ളി കളഞ്ഞ് ആഴ്സണൽ പരിശീലകൻ ആർട്ടെറ്റ. നിലവിലെ സീസണിൻ്റെ അവസാനത്തിൽ തൻ്റെ സ്ഥാനം രാജിവെച്ച് ബാഴ്സലോണ പരിശീലകനായി അർട്ടേറ്റ എത്തും എന്ന് പല സ്പാനിഷ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം വാർത്തകൾ തന്നെ അസ്വസ്ഥനാക്കുന്നു എന്ന് അർട്ടേറ്റ പറഞ്ഞു.

“അത് തീർത്തും വ്യാജ വാർത്തയാണ്. ഇത് എവിടെ നിന്നാണ് വരുന്നതെന്ന് എനിക്കറിയില്ല, ഇത് പൂർണ്ണമായും അസത്യമാണ്, അതിൽ ഞാൻ വളരെ അസ്വസ്ഥനാണ്,” അർറ്റെറ്റ പറഞ്ഞു.

“എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല, ആ വാർത്തക്ക് ഉറവിടങ്ങളില്ല. ഞാൻ ശരിയായ സ്ഥലത്താണ്, എനിക്ക് ഈ ജോലി നല്ലതാണെന്ന് തോന്നുന്നു. ഈ ക്ലബ്ബിനൊപ്പം ഒരു യാത്രയിലാണ് ഞാൻ, ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. ബോർഡുമായി എനിക്ക് ശക്തമായ ബന്ധമുണ്ട്.” അർട്ടേറ്റ പറഞ്ഞു.

“അത് ഗോൾ അല്ല, ഈ ഫലം ലീഗിന് തന്നെ നാണക്കേട്” – അർട്ടേറ്റ

ഇന്നലെ ന്യൂകാസിൽ ആഴ്സണൽ മത്സരത്തിൽ പിറന്ന ഗോൾ ഒരു വിധത്തിലും ഗോൾ അല്ല എന്ന് ആഴ്സണൽ പരിശീലകൻ അർട്ടേറ്റ. ഇന്നലെ ഏക ഗോളിനായിരുന്നു ന്യൂകാസിൽ വിജയിച്ചിരുന്നത്. ആ ഗോൾ ആകട്ടെ വിവാദ ഗോളുമായിരുന്നു. ഗോർദൻ നേടിയ ഗോൾ മൂന്ന് വിധത്തിലുള്ള വാർ പരിശോധനക്ക് ആണ് വിധേയമായത്. പന്ത് കോർണർ ലൈൻ കഴിഞ്ഞു പുറത്തു പോയിരുന്നോ? ഗോളിന് മുമ്പ് ഫൗൾ നടന്നിരുന്നോ? ഗോളിൽ ഓഫ് സൈഡ് ഉണ്ടോ?.

ഈ മൂന്ന് പരിശോധനകളും കഴിഞ്ഞ് ഗോൾ എന്ന് വാർ വിധിച്ചു. നീണ്ട സമയത്തെ പരിശോധനക്ക് ശേഷമായിരുന്നു ഈ വിധിം അർട്ടേറ്റ മത്സര ശേഷം കടുത്ത ഭാഷയിൽ റഗറിയിംഗിനെ വിമർശിച്ചു. “ഫലം എന്തായിരിക്കരുതോ അതാണ് നടന്നത്. ഇത് നാണക്കേടാണ്, ”ബിബിസിയോട് അർട്ടേറ്റ പറഞ്ഞു.

“സംഭവിച്ചത് ലജ്ജാകരമാണ്. പ്രീമിയർ ലീഗിൽ ഈ ഗോൾ എങ്ങനെ അനുവദിക്കപ്പെടുന്നു? ഈ ലീഗ് ലോകത്തിലെ ഏറ്റവും മികച്ചതാണെന്ന് ഞങ്ങൾ പറയുന്നു. എന്നിട്ടും ഇതാണ് നടക്കുന്നത്. ഞാൻ ഈ നാട്ടിൽ 20 വർഷമായി നിൽക്കുന്നു, ഇപ്പോൾ എനിക്ക് ലജ്ജ തോന്നുന്നു.” അർട്ടേറ്റ പറഞ്ഞു. ഇന്നലത്തെ പരാജയം ആഴ്സണലിന്റെ ലീഗിലെ ആദ്യ പരാജയമായിരുന്നു.

ഇത്രയും ഇഞ്ച്വറി ടൈം നൽകുന്നത് നല്ലാതാണ് എന്ന് അർട്ടേറ്റ

ഇന്നലെ കമ്മ്യൂണിറ്റി ഷീൽഡിൽ 8 മിനുട്ടിന്റെ ഇഞ്ച്വറി ടൈം നൽകിയത് വിമർശനങ്ങൾ ഉയർത്തിയിരുന്നു. ആ ഇഞ്ച്വറി ടൈമിന്റെ അവസാന നിമിഷം ആഴ്സണൽ ഗോൾ നേടി സമനില സ്വന്തമാക്കുകയും പിന്നീട് വിജയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ലോകകപ്പിലും ഇതുപോലെ ദീർഘനേരം ഇഞ്ച്വറി ടൈമുകൾ നൽകിയിരുന്നു. ടീമുകൾ വെറുതെ സമയം കളയുന്നത് കുറക്കാനായിരുന്നു ഈ നടപടി. ഇത്തവണ പ്രീമിയർ ലീഗിൽ ഇങ്ങനെ ദീർഘനേരം ഇഞ്ച്വറി ടൈം നൽകും എന്നാണ് സൂചനകൾ.

ഇങ്ങനെ നൽകുന്നത് നല്ലതാണെന്നും ടീമുകൾ സമയം കളയാതെ കളിയിൽ ശ്രദ്ധ കൊടുക്കാൻ ഇത് കാരണം ആകും എന്നും ആഴ്സണൽ പരിശീലകൻ അർട്ടേറ്റ പറഞ്ഞു.

“ഇത് ചെയ്യുന്നത് വളരെ നല്ലതാണെന്ന് ഞാൻ കരുതുന്നു, കാരണം അടുത്ത കാലത്തായി ടൈം വെയിസ്റ്റിംഗ് അതിന്റെ ഏറ്റവും മോശം രീതിയിലേക്ക് പോവുകയാണ്, ഇപ്പോൾ ടീമുകൾ സമയം കളയും മുമ്പ് രണ്ടുതവണ ചിന്തിക്കേണ്ടി വരും,” അർട്ടേറ്റ പറഞ്ഞു. “ഇപ്പോൾ എല്ലാ ടീമും 100 മിനിറ്റ് കളിക്കാൻ തയ്യാറായി ഇറങ്ങണം, കാരണം ഇതു പോലെ എല്ലാ ആഴ്ചയും സംഭവിക്കും.” അർട്ടേറ്റ കൂട്ടിച്ചേർത്തു.

തോമസ് പാർട്ടി ആഴ്‌സണലിൽ തുടർന്നേക്കും എന്ന സൂചന നൽകി ആർട്ടെറ്റ

ഘാന മധ്യനിര താരം തോമസ് പാർട്ടി ആഴ്‌സണലിൽ തന്നെ തുടർന്നേക്കും എന്ന സൂചന നൽകി പരിശീലകൻ മിഖേൽ ആർട്ടെറ്റ. നേരത്തെ താരത്തെ ക്ലബ് വിൽക്കും എന്നും സൗദി ക്ലബുകൾ താരത്തിന് ആയി രംഗത്ത് ഉണ്ടെന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈ വാർത്തകൾ ആർട്ടെറ്റ തള്ളി. താൻ പാർട്ടി ക്ലബിൽ തുടരും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നു പറഞ്ഞ അദ്ദേഹം താരവും അതാണ് ആഗ്രഹിക്കുന്നത് എന്നു തന്നോട് പറഞ്ഞത് ആയും പറഞ്ഞു.

തന്റെ പദ്ധതികളിൽ പാർട്ടിക്ക് സ്ഥാനം ഉണ്ടെന്നു സംശയം ഒന്നും കൂടാതെ വ്യക്തമാക്കിയ ആർട്ടെറ്റ താരം ആഴ്‌സണലിന് വളരെ പ്രധാനപ്പെട്ട താരം ആണെന്നും കൂട്ടിച്ചേർത്തു. പാർട്ടി ടീമിന്റെ ഭാഗം ആയി തുടരണം എന്നത് ആണ് തന്റെ ആഗ്രഹം എന്നും അദ്ദേഹ വ്യക്തമാക്കി. ഡക്ലൻ റൈസിന് ഒപ്പം പാർട്ടിയെ കളിപ്പിക്കാൻ തനിക്ക് പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മികച്ച താരങ്ങൾ ടീമിലെ ഇടത്തിനു വേണ്ടി പൊരുതന്നത് ടീമിന് ഗുണം ചെയ്യും എന്ന് പറഞ്ഞ ആർട്ടെറ്റ മുമ്പ് ടീമിന് അത് ഉണ്ടായിരുന്നില്ലെന്നും റൈസിനെ ടീമിൽ എത്തിച്ചത് അത് മുന്നിൽ കണ്ട് കൂടിയാണ് എന്നും കൂട്ടിച്ചേർത്തു. ഇന്ന് രാത്രി പ്രീ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ ആണ് ആർട്ടെറ്റ തന്റെ നയം വ്യക്തമാക്കിയത്. നിലവിൽ പാർട്ടി അമേരിക്കയിൽ ടീമിന് ഒപ്പം ഉണ്ട്.

“കണക്കിൽ ഇനിയും കിരീട സാധ്യതയുണ്ട്, ഇന്നലത്തെ പ്രകടനത്തിന് മാപ്പു പറയുന്നു” – അർട്ടേറ്റ

ഇന്നലെ ബ്രൈറ്റണോട് പരാജയപ്പെട്ടതോടെ ആഴ്സണലിന്റെ കിരീട പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്. ഇനി മാഞ്ചസ്റ്റർ സിറ്റിക്ക് വെറും 2 പോയിന്റ് മതി ലീഗ് കിരീടം നേടാൻ. എങ്കിലും കണക്കിൽ ഇപ്പോഴും കിരീടം സാധ്യത ഉണ്ട് എന്ന് അർട്ടേറ്റ പറഞ്ഞു. അതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല എന്നും അർട്ടേറ്റ പറഞ്ഞു.

ഇന്നലെ രണ്ടാം പകുതിയിൽ ഞങ്ങൾ നടത്തിയ പ്രകടനം അംഗീകരിക്കാൻ ആവില്ല. ആ പ്രകടനാത്തിന് ഞങ്ങൾ ക്ഷമ പറയുന്നു. അർട്ടേറ്റ സ്കൈ സ്പോർട്സിനോട് പറഞ്ഞു.

കണക്കിൽ ലീഗ് വിജയിക്കുക ഇപ്പോഴും സാധ്യമാണ്, ഇത് ഫുട്ബോൾ ആണ്, എന്നാൽ ഇന്ന് അതിനെക്കുറിച്ച് ചിന്തിക്കുന്നത് അസാധ്യമാണ്. രണ്ടാം പകുതിയിൽ ഞങ്ങളുടെ പ്രകടനം മോശമായത് എന്തുകൊണ്ടെന്ന് മനസിലാക്കുകയും അടുത്ത ഗെയിമിൽ വ്യത്യസ്തമായ പ്രതികരണം ഉണ്ടാകുകയും വേണം. അർട്ടേറ്റ പറഞ്ഞു.

ആഴ്സണൽ ഫോമിലേക്ക് തിരികെയെത്തി എന്ന് അർട്ടേറ്റ

ഇന്നലെ ചെൽസിക്ക് എതിരെ വിജയിച്ചതോടെ ആഴ്സണൽ ഫോമിലേക്ക് തിരികെയെത്തി എന്ന വാദവുമായി പരിശീലകൻ അർട്ടേറ്റ‌. അവസാന നാലു മത്സരങ്ങൾ വിജയിക്കാൻ ആവാത്തതിനാൽ ആഴ്സണലിന് ലീഗിലെ ഒന്നാം സ്ഥാനം നഷ്ടമായിരുന്നു. ഇന്നലത്തെ ജയത്തോടെ ആഴ്സണൽ തിരികെ ഒന്നാം സ്ഥാനത്ത് എത്തി.

“മത്സരത്തോടെ വളരെ വ്യത്യസ്തമായ ഒരു സമീപനം വേണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു,. ടീം മികച്ച ഫോമിലേക്ക് തിരിച്ചെത്തി. കളിയുടെ നിയന്ത്രണം ഞങ്ങൾക്ക് ആയിരുന്നു, ഈ വിജയം പൂർണ്ണമായി അർഹിച്ചിരുന്നു” മത്സരത്തിന് ശേഷം അർട്ടേറ്റ പറഞ്ഞു.

“കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഇല്ലാത്ത ഊർജ്ജം ഞങ്ങളുടെ ടീമിൽ ഇന്ന് കാണാൻ കഴിഞ്ഞു. ഞങ്ങൾക്ക് കുറച്ച് ബുദ്ധിമുട്ടുള്ള ആഴ്ചകൾ ആയിരുന്നു കടന്നു പോയത്. ഇന്ന് ഞങ്ങൾ ലീഗിന്റെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു – എന്താണ് ഇനി സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം” അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version