താരങ്ങള്‍ക്കും സ്റ്റാഫിനും അവധി കൊടുത്ത് മിഡില്‍സെക്സ്

2016 കൗണ്ടി ചാമ്പ്യന്മാരായ മിഡില്‍സെക്സ് തങ്ങളുടെ താരങ്ങള്‍ക്കും സ്റ്റാഫിനും അവധി കൊടുക്കുവാന്‍ തീരുമാനിച്ചു. യുണൈറ്റഡ് കിംഗ്ഡത്തിന്റെ ജോലി നിലനിര്‍ത്തല്‍ പോളിസിയുടെ ഭാഗമായാണ് ഈ നടപടി. കളിക്കാര്‍ക്കും സപ്പോര്‍‍ട്ട്-അഡിമിന്സ്ട്രേറ്റീവ് സ്റ്റാഫുകള്‍ക്കും അവധി കൊടുക്കുവാനുള്ള തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് അറിയുന്നത്.

ഏപ്രില്‍ 12ന് ആരംഭിക്കേണ്ട കൗണ്ടി സീസണ്‍ മേയ് 28 വരെ നീട്ടുവാന്‍ ഇംഗ്ലണ്ട് ബോര്‍ഡ് തീരുമാനിച്ചിരുന്നു. തീരുമാനം ക്ലബിന്റെ ദീര്‍ഘകാല ഗുണത്തിനായാണ് എടുത്തതെന്നാണ് മിഡില്‍സെക്സ് ചീഫ് എക്സിക്യൂട്ടീവ് റിച്ചാര്‍ഡ് ഗോട്ട്‍ലേ അവകാശപ്പെട്ടത്. തൊഴിലാളുകളുടെ ജോലിയും ക്ലബിന്റെ ഭാവിയും പരിഗണിച്ചാണ് ഈ തീരുമാനം എന്ന് ഗോട്ട്‍ലേ പറഞ്ഞു.

നേരത്തെ ക്ലബ് വേതനം വെട്ടിച്ചുരുക്കല്‍ പ്രഖ്യാപിച്ചിരുന്നു. സീനിയര്‍ മാനേജ്മെന്റ് 20 ശതമാനവും 27500 ഗ്രേറ്റ് ബ്രിട്ടന്‍ പൗണ്ടിനു മേല്‍ ശമ്പളമുള്ളവര്‍ 17 ശതമാനവും പേ കട്ടാണ് സമ്മതിച്ചത്.

മിച്ചല്‍ മാര്‍ഷ് ടി20 ബ്ലാസ്റ്റിലേക്ക്, മിഡില്‍സെക്സിനായി കളിക്കും

2020 ടി20 ബ്ലാസ്റ്റില്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് മിഡില്‍സെക്സുമായി കരാറിലെത്തി. ഗ്രൂപ്പ് ഘട്ടത്തിലേക്കാണ് കരാറിലെത്തിയിരിക്കുന്നതെങ്കിലും ടീം നോക്ക്ഔട്ട് ഘട്ടത്തിലേക്ക് കടന്നാല്‍ കരാര്‍ പുതുക്കുവാനുള്ള ഉപാധി മിച്ചല്‍ മാര്‍ഷിന്റെ കരാറിലുണ്ട്. മിഡില്‍സെക്സിന് കളിക്കുവാനുള്ള അവസരം ലഭിച്ചതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും മിച്ചല്‍ മാര്‍ഷ് അറിയിച്ചു.

മുജീബ് ഉര്‍ റഹ്മാന് ശേഷം മിഡില്‍സെക്സ് കരാറിലത്തുന്ന രണ്ടാമത്തെ വിദേശ താരമാണ് മിച്ചല്‍ മാര്‍ഷ്.

മിഡില്‍സെക്സിലേക്ക് രണ്ടാം വരവിനായി മുജീബ് എത്തുന്നു

ടി20 ബ്ലാസറ്റില്‍ അഫ്ഗാന്‍ സ്പിന്നര്‍ മുജീബ് ഉര്‍ റഹ്മാനെ സ്വന്തമാക്കി മിഡില്‍സെക്സ്. 2019 സീസണില്‍ ടീമിനായി കളിച്ചിട്ടുള്ള താരമാണ് മുജീബ്. അന്ന് പത്ത് മത്സരങ്ങളില്‍ ടീമിനായി താരം കളിച്ചപ്പോള്‍ ഇത്തവണ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ വരെ ടീം യോഗ്യത നേടുകയാണെങ്കില്‍ താരം ഒപ്പമുണ്ടാകും.

മിഡില്‍സെക്സില്‍ താന്‍ ചിലവഴിച്ച സമയം ആനന്ദകരമായിരുന്നുവെന്നും തിരിച്ചുവരുവാനാകുന്നതില്‍ സന്തോഷമുണ്ടെന്നും മുജീബ് വ്യക്തമാക്കി. പവര്‍ പ്ലേയില്‍ കണിശതയോടെ പന്തെറിയുവാനുള്ള താരത്തിന്റെ കഴിവ് താരത്തെ വ്യത്യസ്തമാക്കുന്നുവെന്നും ടീമിന് ഒരു മുതല്‍ക്കൂട്ടാണ് താരമെന്നും കോച്ച് സ്റ്റുവര്‍ട് ലോയും അഭിപ്രായപ്പെട്ടു.

മിഡില്‍സെക്സുമായുള്ള പത്ത് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് ഇനി അയര്‍ലണ്ടില്‍ മാത്രം തുടരുവാന്‍ തീരമാനിച്ച് പോള്‍ സ്റ്റിര്‍ലിംഗ്

ഇനിയുള്ള കാലം അയര്‍ലണ്ടില്‍ മാത്രം ക്രിക്കറ്റ് കളിച്ച് തുടരുവാന്‍ തീരുമാനിച്ച് പോള്‍ സ്റ്റിര്‍ലിംഗ്. ഈ സീസണോട് കൂടി തന്റെ മിഡിസെക്സുമായുള്ള കരാര്‍ അവസാനിക്കുന്നതിന് ശേഷം ഇനി അയര്‍ലണ്ടില്‍ തുടരുവാനാ‍ണ് താരം തീരുമാനിച്ചിരിക്കുന്നത് അയര്‍ലണ്ട് ക്രിക്കറ്റ് മീഡിയ പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു. ഡിസംബര്‍ 2009ല്‍ കൗണ്ടിയുമായി കരാറിലേര്‍പ്പെട്ട താരം പത്ത് വര്‍ഷത്തെ ബന്ധമാണ് അവസാനിപ്പിക്കാനൊരുങ്ങുന്നത്.

മിഡില്‍സെക്സിന് വേണ്ടി കഴിഞ്ഞൊരു ദശാബ്ദമായി കളിക്കാനായത് വലിയ നേട്ടമായി കാണുന്നു, ഒട്ടനവധി അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ഈ കാലയളവില്‍ താന്‍ അനുഭവിച്ചിട്ടുണ്ട്. 2016 ചാമ്പ്യന്‍ഷിപ്പ് വിജയിച്ചത് ഇതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു, അതേ സമയം തന്റെ കൗണ്ടി ക്യാപ് ലഭിച്ച നിമിഷവും ഏറെ ഓര്‍മ്മകളില്‍ നില്‍ക്കുന്ന നിമിഷമാണെന്ന് പോള്‍ സ്റ്റിര്‍ലിംഗ് പറഞ്ഞു. താന്‍ ടീമിലെ താരങ്ങളും കോച്ചുമാരും സ്റ്റാഫുകളോടും പടുത്തുയര്‍ത്തിയ ബന്ധമാവും തനിക്ക് ഈ കൗണ്ടി വിടുമ്പോള്‍ ഏറ്റവും അധികം നഷ്ടബോധം തോന്നിപ്പിക്കുന്നതെന്നും സ്റ്റിര്‍ലിംഗ് പറഞ്ഞു.

അയര്‍ലണ്ടിന്റെ 2020ലെ തിരക്കേറിയ കലണ്ടറിനും ടി20 ലോകകപ്പ് യോഗ്യത മത്സരങ്ങളെയും താന്‍ ഉറ്റുനോക്കുകയാണെന്ന് പോള്‍ സ്റ്റിര്‍ലിംഗ് വ്യക്തമാക്കി.

ഡി വില്ലിയേഴ്സിന് പകരം മുഹമ്മദ് ഹഫീസ്, പകരക്കാരനാകുന്നത് ഡി വില്ലിയേഴ്സ് തിരികെ മടങ്ങിയെത്തുന്നത് വരെ

ടി20 ബ്ലാസ്റ്റില്‍ എബി ഡി വില്ലിയേഴ്സിന് ചെറിയ ഇടവേളയിലേക്ക് പകരക്കാരനായി മുഹമ്മദ് ഹഫീസിനെ എത്തിച്ച് മിഡില്‍സെക്സ്. ചെറിയ ഇടവേളയെടുത്ത് പോകുന്ന എബി ഡി വില്ലിയേഴ്സ് ഓഗസ്റ്റ് 29ന് ഹാംഷയറുമായുള്ള മത്സരത്തിന്റെ സമയത്തേക്ക് തിരികെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗ്ലോബല്‍ ടി20 കാനഡയില്‍ പങ്കെടുത്ത ശേഷമാണ് താരം ടി20 ബ്ലാസ്റ്റില്‍ പങ്കെടുക്കാനായി എത്തുന്നത്. ഓഗസ്റ്റ് 14ന് എസ്സെക്സിനെതിരെയുള്ള മത്സരത്തിന് മുമ്പ് താരം ലോര്‍ഡ്സില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 12 പോയിന്റുകള്‍ നേടി എസ്സെക്സ് രണ്ടാം സ്ഥാനത്താണ് സൗത്ത് ഗ്രൂപ്പില്‍ നില്‍ക്കുന്നത്. അഞ്ച് മത്സരങ്ങള്‍ അവശേഷിക്കെ ടീം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ടി20 ബ്ലാസ്റ്റ് അരങ്ങേറ്റത്തില്‍ തിളങ്ങി എബി ഡി വില്ലിയേഴ്സ്

ടി20 ബ്ലാസ്റ്റ് അരങ്ങേറ്റത്തില്‍ മികച്ച ഫോമിലേക്ക് ഉയര്‍ന്ന് എബി ഡി വില്ലിയേഴ്സ്. 43 പന്തില്‍ നിന്ന് 88 റണ്‍സാണ് ഇന്നലെ തന്റെ അരങ്ങേറ്റ മത്സരത്തില്‍ എബിഡി നേടിയത്. മിഡില്‍സെക്സിനായി താരം വമ്പന്‍ ഫോമില്‍ കളിച്ചപ്പോള്‍ മത്സരത്തില്‍ 7 വിക്കറ്റിന്റെ വിജയം 3 ഓവര്‍ ബാക്കി നില്‍ക്കെ എസ്സെക്സ് സ്വന്തമാക്കുകയായിരുന്നു. ഇന്നലെ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത എസ്സെക്സ് റയാന്‍ ടെന്‍ ഡോഷാട്ടേയുടെ ബാറ്റിംഗ് മികവില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടുകയായിരുന്നു.

46 പന്തില്‍ നിന്ന് 6 ഫോറും 3 സിക്സും അടക്കം 74 റണ്‍സാണ് താരം നേടിയത്. ടോം വെസ്റ്റ്‍ലെ 40 റണ്‍സ് നേടി. മിഡില്‍സെക്സിനായി ടോം ഹെല്‍ം മൂന്ന് വിക്കറ്റും നഥാന്‍ സൗട്ടര്‍ രണ്ട് വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ മിഡില്‍സെക്സ് 3 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി വിജയം ഉറപ്പിച്ചപ്പോള്‍ എബി ഡി വില്ലിയേഴ്സ് 43 പന്തില്‍ നിന്ന് 88 റണ്‍സ് നേടി. 5 ഫോറും 6 സിക്സുമാണ് എബിയുടെ നേട്ടം. 34 പന്തില്‍ നിന്ന് 43 റണ്‍സുമായി ദാവീദ് മലനും മിഡില്‍സെക്സിനായി മികവ് പുലര്‍ത്തി.

റോസ് ടെയിലര്‍, റോയല്‍ ലണ്ടന്‍ വണ്‍-ഡേ കപ്പില്‍ എത്തും

ഇംഗ്ലണ്ടിലെ കൗണ്ടികള്‍ തമ്മിലുള്ള ഏകദിന ടൂര്‍ണ്ണമെന്റായ റോയല്‍ ലണ്ടന്‍ വണ്‍-ഡേ കപ്പില്‍ റോസ് ടെയിലര്‍ കളിക്കും. ഇംഗ്ലീഷ് കൗണ്ടിയായ മിഡില്‍സെക്സിനു വേണ്ടിയാണ് ലണ്ടന്‍ വഡേ കപ്പില്‍ കളിക്കുവാനായി റോസ് ടെയിലര്‍ എത്തുന്നത്. ലോകകപ്പിനു മുമ്പാണ് താരം ഇംഗ്ലണ്ടില്‍ ടൂര്‍ണ്ണമെന്റിനായി എത്തുന്നത്.

സറേയ്ക്കെതിരെ ഏപ്രില്‍ 25നുള്ള ആദ്യ മത്സരത്തില്‍ താരം തന്റെ മിഡില്‍സെക്സ് അരങ്ങേറ്റം കുറിയ്ക്കും. അടുത്ത അഞ്ച് മത്സരങ്ങളും പ്ലേ ഓഫുകളും സെമിയും കളിക്കുവാനായി കൗണ്ടിയ്ക്കൊപ്പം താരം ഉണ്ടാകുമെങ്കിലും ടീം ഫൈനലിനു യോഗ്യത നേടിയാല്‍ താരം മത്സരത്തിനുണ്ടാകില്ല. കെന്നിംഗ്ടണ്‍ ഓവലില്‍ ഇന്ത്യയ്ക്കെതിരെ ലോകകപ്പ് സന്നാഹ മത്സരം കളിക്കാന്‍ താരം യാത്രയാകുന്നതിനാലാണ് ഇത്.

ഇംഗ്ലണ്ട് പേസ് ബൗളര്‍ക്ക് പിന്നാലെ കൗണ്ടി ക്ലബ്ബുകള്‍

ഇംഗ്ലണ്ടിന്റെ ഫാസ്റ്റ് ബൗളര്‍ റീസ് ടോപ്ലിയ്ക്ക് പിന്നാലെ കൗണ്ടി ക്ലബ്ബുകളായ മിഡില്‍സെക്സും സസ്സെക്സും. ഹാംപ്ഷയറുമായുള്ള കരാര്‍ കഴിഞ്ഞ സീസണില്‍ അവസാനിച്ചതോടെ ഇപ്പോള്‍ ഫ്രീ ഏജന്റായാണ് ടോപ്ലി നില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം പരിക്കിന്റെ പിടിയിലായ താരം ഇപ്പോള്‍ പൂര്‍ണ്ണ മാച്ച് ഫിറ്റായി വരുന്നതെയുള്ളു. പരിക്ക് മൂലമാണ് കഴിഞ്ഞ സീസണിലെ കരാറിനു ശേഷം ഹാംപ്ഷയര്‍ താരത്തിന്റെ കരാര്‍ പുതുക്കി നല്‍കാത്തത്. എസ്സെക്സില്‍ നിന്ന് മൂന്ന് വര്‍ഷം മുമ്പാണ് റീസ് ഹാംപ്ഷയറിലെത്തിയത്.

താരം ഇപ്പോള്‍ പൂര്‍ണ്ണാരോഗ്യത്തിലേക്ക് മടങ്ങിയെത്തുകയാണെന്നും തന്റെ മുഴുവന്‍ പേസില്‍ തന്നെ പന്തെറിയുവാന്‍ സാധിക്കുന്നുണ്ടെന്നുമാണ് അറിയുവാന്‍ സാധിക്കുന്നത്. ഓസ്ട്രേലിയയില്‍ വിക്ടോറിയയ്ക്കൊപ്പവും താരം പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇപ്പോള്‍ താല്പര്യം പ്രകടിപ്പിച്ച സസ്സെക്സ്, മിഡില്‍സെക്സ് കൗണ്ടികളിലും താരം എത്തി ടീമിനൊപ്പം ചെലവഴിച്ചുവെന്ന് ആണ് ലഭിയ്ക്കുന്ന വിവരം.

എബി ഡി വില്ലിയേഴ്സ് ടി20 ബ്ലാസ്റ്റിന് എത്തും

2019 ടി20 ബ്ലാസ്റ്റില്‍ പങ്കെടുക്കാന്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍ അന്താരാഷ്ട്ര താരം എബി ഡി വില്ലിയേഴ്സ് എത്തും. താരത്തെ മിഡില്‍സെക്സ് സ്വന്തമാക്കിയതോടെയാണ് ടൂര്‍ണ്ണമെന്റിന്റെ പുതിയ സീസണില്‍ താരം എത്തുമെന്ന് ഉറപ്പായത്. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ചുള്ള തീരുമാനം കൗണ്ടി തന്നെ പുറത്ത് വിടുമെന്നാണ് അറിയുന്നത്. കഴിഞ്ഞ സീസണില്‍ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായി മാത്രമാണ് മിഡില്‍സെക്സ് എത്തിപ്പെട്ടത്. 14 മത്സരങ്ങളില്‍ ടീമിനു 2 വിജയം ആണ് സ്വന്തമാക്കാനായത്.

കഴിഞ്ഞ മേയില്‍ തന്റെ വിരമിക്കല്‍ തീരുമാനം അറിയിച്ച എബി‍‍ഡി ടി20 ടൂര്‍ണ്ണമെന്റുകളില്‍ സജീവമായി നിലകൊള്ളുകയാണ്. ജൂലൈ മധ്യത്തിലാണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുക. ധാക്കയില്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ താരം 50 പന്തില്‍ നിന്ന് 100 റണ്‍സ് നേടി ഫോമിലേക്ക് എത്തിയിരുന്നു. എബി ഡി വില്ലിയേഴ്സ് ലോകകപ്പിനായി ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് തിരികെ എത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി ക്രിക്കറ്റ് ലോകത്ത് നിലകൊള്ളുന്നുണ്ടെങ്കിലും താരം അതിന്മേല്‍ അഭിപ്രായം പറയുവാന്‍ വിസമ്മതിക്കുകയാണ്.

ടി20 ബ്ലാസ്റ്റില്‍ കളിക്കാനായി മുജീബ് എത്തുന്നു

ജുലൈ 18നു ആരംഭിക്കുന്ന ടി20 ബ്ലാസ്റ്റില്‍ അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ മുജീബ് ഉര്‍ റഹ്മാന്‍ കളിയ്ക്കും. വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റ് ഫ്രാഞ്ചൈസിയായ മിഡില്‍ സെക്സിനു വേണ്ടിയാണ് താരം കളിയ്ക്കാനെത്തുന്നത്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്, ബിഗ് ബാഷ് ലീഗ്, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, കരിബീയന്‍ പ്രീമിയര്‍ ലീഗ് എന്നീ ടൂര്‍ണ്ണമെന്റുകളിലെ സ്ഥിരം സാന്നിദ്ധ്യമാണ് മുജീബ്.

അടുത്തിടെ കഴിഞ്ഞ ബിഗ് ബാഷില്‍ 12 വിക്കറ്റുകള്‍ നേടിയെങ്കിലും തന്റെ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ താരത്തിനു സാധിച്ചില്ല. സെപ്റ്റംബര്‍ 21നു വൈറ്റാലിറ്റി ബ്ലാസ്റ്റ് അവസാനിക്കുന്നത് വരെ താരം ടൂര്‍ണ്ണമെന്റില്‍ കളിക്കാനുണ്ടാകുമെന്നാണ് അറിയുന്നത്.

മിഡില്‍സെക്സ് കോച്ച് രാജി വെച്ചു

മിഡില്‍സെക്സ് കോച്ച് റിച്ചാര്‍ഡ് സ്കോട് ടീമിന്റെ മോശം പ്രകടനം കാരണം രാജിവെച്ചു. ഈ വിവരം ക്ലബ്ബ് തന്നെയാണ് പുറത്ത് വിട്ടത്. ഉപ കോച്ച് റിച്ചാര്‍ഡ് ജോണ്‍സണ്‍ സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ പകരം ചുമതല വഹിക്കുമെന്ന് പറഞ്ഞു. ടി20 ബ്ലാസ്റ്റില്‍ നേരത്തെ നിശ്ചയിച്ച പ്രകാരം ഡാനിയേല്‍ വെട്ടോറി തന്നെ ടീമിനെ പരിശീലിപ്പിക്കും.

പുതിയ കോച്ചിനെ തേടിയുള്ള പ്രക്രിയ ഉടന്‍ ആരംഭിക്കുമെന്നും ടീം മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ദാവീദ് മലന്‍ മിഡില്‍സെക്സ് നായകന്‍

ഇംഗ്ലണ്ടിന്റെ മധ്യനിര ബാറ്റ്സ്മാനെ എല്ലാ ഫോര്‍മാറ്റുകളിലും നായകനായി പ്രഖ്യാപിച്ച് മിഡില്‍സെക്സ് കൗണ്ടി. 2016ല്‍ ടീമിന്റെ ടി20 നായകനായ മലന്‍ ഇപ്പോള്‍ മറ്റു രണ്ട് ഫോര്‍മാറ്റുകളിലും ടീമിന്റെ നായക സ്ഥാനത്തേക്ക് ഉയരുകയാണുണ്ടായത്. ആഷസില്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍ ആയ മലന്‍ ഇപ്പോള്‍ മികച്ച ഫോമിലാണ്. എന്നാല്‍ ഇംഗ്ലണ്ട് ടീമില്‍ തിരഞ്ഞെടുക്കപ്പെടുന്ന മലന്റെ സേവനം എത്രത്തോളം കൗണ്ടിക്ക് പ്രയോജനപ്പെടുത്താനാകുമെന്ന് അറിയില്ല.

സാം റോബ്സണെയാണ് മിഡില്‍സെക്സ് ടീമിന്റെ ഉപനായകനായി പ്രഖ്യാപിച്ചിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version