യസീര്‍ ഷായെ എങ്ങനെ കളിക്കണമെന്നത് മിക്കി ആര്‍തര്‍ പറഞ്ഞ് തന്നിരുന്നു

യസീര്‍ ഷാ മികച്ച ബൗളറാണെന്നതില്‍ സംശയമില്ലെങ്കില്‍ താരം അടുത്തിടെയായി മികച്ച ഫോമിലല്ല എന്നത് തങ്ങളുടെ മനസ്സിലുണ്ടായിരുന്നുവെന്ന് പറഞ്ഞ് മുന്‍ ശ്രീലങ്കന്‍ നായകന്‍ ദിനേശ് ചന്ദിമല്‍. ഇന്ന് കറാച്ചി ടെസ്റ്റില്‍ പാക്കിസ്ഥാനെതിരെ 80 റണ്‍സിന്റെ ലീഡ് ശ്രീലങ്ക നേടിയപ്പോള്‍ 74 റണ്‍സിന്റെ നിര്‍ണ്ണായക ഇന്നിംഗ്സാണ് ചന്ദിമല്‍ കളിച്ചത്.

യസീര്‍ ഷായെ എങ്ങനെ നേരിടണമെന്ന് മുന്‍ പാക്കിസ്ഥാന്‍ കോച്ചും നിലവില്‍ ശ്രീലങ്കയുടെ കോച്ചുമായ മിക്കി ആര്‍തര്‍ തങ്ങളോട് പറഞ്ഞിരുന്നുവെന്നും അത് വളരെ ഉപകാരപ്പെട്ടുവെന്നും ദിനേശ് വ്യക്തമാക്കി. 13 ഓവര്‍ എറിഞ്ഞ യസീര്‍ ഷായ്ക്ക് വിക്കറ്റൊന്നും തന്നെ ലഭിച്ചിരുന്നില്ല. 43 റണ്‍സാണ് താരം വഴങ്ങിയത്.

ചരിത്രത്തിന്റെ ഭാഗമാകുവാന്‍ കഴിയുന്നതില്‍ സന്തോഷം

പത്ത് വര്‍ഷത്തിന് ശേഷം പാക്കിസ്ഥാനിലേക്ക് ടെസ്റ്റ് ക്രിക്കറ്റ് മടങ്ങിയെത്തുമ്പോള്‍ അതിന്റെ ഭാഗമാകുവാന്‍ കഴിയുന്നത് അഭിമാന നിമിഷമായാണ് കാണുന്നതെന്ന് ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണാരത്നേ. താന്‍ പാക്കിസ്ഥാനില്‍ ആദ്യമായാണ് എത്തുന്നത്, അതിന്റെ ആവേശം തീര്‍ച്ചയായും തനിക്കുണ്ട്. ഇരു ടീമുകളിലെയും ഒട്ടേറെ താരങ്ങള്‍ക്ക് പാക്കിസ്ഥാന്‍ മണ്ണില്‍ ഇത് ആദ്യ ടെസ്റ്റാണ്. ഈ മത്സരത്തില്‍ കളിക്കുവാനാകുന്നതില്‍ തന്നെ പോലെ അവര്‍ക്കും സന്തോഷമുണ്ടാകുമെന്ന് ദിമുത് വ്യക്തമാക്കി.

മുന്‍ പാക്കിസ്ഥാന്‍ കോച്ച് മിക്കി ആര്‍തര്‍ ശ്രീലങ്കയുടെ കോച്ചായി എത്തുന്നു എന്നത് തങ്ങളുടെ ടീമിന് ഗുണകരമായ കാര്യമാണെന്ന് കരുണാരത്നേ പറഞ്ഞു. പാക്കിസ്ഥാന്‍ ടീമിനെ അടുത്തറിഞ്ഞ വ്യക്തിയാണ് മിക്കി ആര്‍തര്‍ അതിനാല്‍ തന്നെ മിക്കി കൂടെയുണ്ടെന്നുള്ളത് ശ്രീലങ്കയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുവെന്ന് കരുണാരത്നേ വെളിപ്പെടുത്തി.

മിക്കി ആർതറെ പരിശീലകനായി നിയമിച്ച് ശ്രീലങ്ക

മുൻ പാകിസ്ഥാൻ പരിശീലകൻ മിക്കി ആർതറെ പരിശീലകനായി നിയമിച്ച് ശ്രീലങ്ക. രണ്ടു വർഷത്തേക്കാണ് ആർതറെ പരിശീലകനായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് നിയമിച്ചത്. പാകിസ്ഥാൻ പരമ്പരക്ക് തൊട്ടുമുൻപാണ് പരിശീലകനായി മിക്കി ആർതറെ പരിശീലകനായി നിയമിച്ചത്. കഴിഞ്ഞ ലോകകപ്പിൽ പാക്കിസ്ഥാന്റെ മോശം പ്രകടനത്തെ തുടർന്നാണ് പാകിസ്ഥാൻ പരിശീലകനായിരുന്ന മിക്കി ആർതറുടെ സ്ഥാനം തെറിച്ചത്.

ആർതറിനെ കൂടാതെ മുൻ സിംബാബ്‌വെ ബാറ്റ്സ്മാൻ ഗ്രാൻഡ് ഫ്ളവറിനെ ബാറ്റിംഗ് പരിശീലകനായും ഡേവിഡ് സാകേറിനെ ബൗളിംഗ് പരിശീലകനായും ഷെയ്ൻ മക്ഡെർമോട്ടിനെ ഫീൽഡിങ് പരിശീലകനാണ് നിയമിച്ചിട്ടുണ്ട്. മിക്കി ആർതറുടെ കൂടെ പാകിസ്ഥാൻ ടീമിന്റെ ബാറ്റിംഗ് പരിശീലകനായിരുന്നു ഗ്രാൻഡ് ഫ്‌ളവർ. അതെ സമയം ഗ്രാന്റ് ഫ്‌ളവർ ടെസ്റ്റ് മത്സരങ്ങളിൽ ടീമിനൊപ്പം ഉണ്ടാവില്ല.

മിക്കി ആര്‍തര്‍ ശ്രീലങ്കയുടെ കോച്ച് ആയേക്കുമെന്ന് സൂചന

മുന്‍ പാക്കിസ്ഥാന്‍ കോച്ച് മിക്കി ആര്‍തറെ ശ്രീലങ്കയുടെ മുഖ്യ കോച്ചായി നിയമിക്കുമെന്ന് സൂചന. പാക്കിസ്ഥാന് ടീം ലോകകപ്പിന് ശേഷം മിക്കി ആര്‍തറുമായുള്ള കരാര്‍ പുതുക്കിയിരുന്നില്ല. ശ്രീലങ്ക കോച്ചായി മാര്‍ക്ക് രാംപ്രകാശിനെയാണ് പരിഗണിച്ചിരുന്നതെങ്കിലും മാര്‍ക്ക് രാംപ്രകാശ് ബോര്‍ഡിന്റെ ഓഫര്‍ നിഷേധിക്കുകയായിരുന്നു. ഇതോടെ മിക്കി ആര്‍തറിനെയാണ് ടീം കോച്ചാക്കുവാന്‍ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. രാംപ്രകാശ് ആദ്യം സമ്മതം മൂളിയെങ്കിലും പിന്നീട് അവസാന നിമിഷം പിന്മാറുകയാണെന്നാണ് അറിയുന്നത്.

തീരുമാനം അന്തിമമാവുകയാണെങ്കില്‍ ശ്രീലങ്കയുടെ നാലാമത്തെ വിദേശ മുഖ്യ കോച്ചായി ആര്‍തര്‍ മാറും. മിക്കി ആര്‍തര്‍ മൂന്ന് വര്‍ഷം പാക്കിസ്ഥാന് കോച്ചായി പ്രവര്‍ത്തിച്ചിരുന്നു. അതിന് മുമ്പ് 2005 മുതല്‍ 2010 വരെ ദക്ഷിണാഫ്രിക്കയുടെയും 2011 മുതല്‍ 2013 വരെ ഓസ്ട്രേലിയയുടെയും കോച്ചായി മിക്കി പ്രവര്‍ത്തിച്ചു. ആര്‍തറുടെ കീഴില്‍ പാക്കിസ്ഥാന്‍ ലോക ടി20 രാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നുവെങ്കിലും ടെസ്റ്റില്‍ ടീമിന്റെ പ്രകടനം ദാരുണമായിരുന്നു.

2017 ചാമ്പ്യന്‍സ് ട്രോഫി പാക്കിസ്ഥാന്‍ വിജയിച്ചതും ആര്‍തറുടെ കാലത്തായിരുന്നു.

മിക്കി ആര്‍തറുടെയും മറ്റ് കോച്ചിംഗ് സ്റ്റാഫിന്റെയും കരാറുകള്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ച് പാക്കിസ്ഥാന്‍ ബോര്‍ഡ്

ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം മുഖ്യ കോച്ച് മിക്കി ആര്‍തര്‍, ബൗളിംഗ് കോച്ച് അസ്ഹര്‍ മഹമ്മൂദ്, ബാറ്റിംഗ് കോച്ച് ഗ്രാന്റ് ഫ്ലവര്‍, പരിശീലകന്‍ ഗ്രാന്റ് ലൂഡന്‍ എന്നിവരുടെ കരാറുകള്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. മോശം തുടക്കത്തിന് ശേഷം തിരിച്ചുവരവിന് ലോകകപ്പില്‍ പാക് ശ്രമം ഉണ്ടായെങ്കിലും റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ന്യൂസിലാണ്ടിനോട് പിന്നില്‍ പോയതിന് പിന്നാലെയാണ് ഈ തീരുമാനം.

ദേശീയ കോച്ചിംഗ് സെറ്റപ്പ് വീണ്ടും പൊടിതട്ടിയെടുക്കുവാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. പുതിയ കോച്ചുമാര്‍ക്കായി ബോര്‍ഡ് വേഗത്തില്‍ തന്നെ നടപടി ക്രമങ്ങള്‍ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഈ നാല് സ്ഥാനങ്ങള്‍ക്കും ഉടനടി അപേക്ഷ ക്ഷണിക്കുമെന്നാണ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. പുതിയ നേതൃത്വവും പുതിയ സമീപനവുമാണ് ഇനി പാക്കിസ്ഥാന്‍ ക്രിക്കറ്റിന് ആവശ്യമെന്ന് പിസിബി ക്രിക്കറ്റ് കമ്മിറ്റിയുടെ നിര്‍ദ്ദേശം പാലിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനങ്ങള്‍.

മിക്കി ആര്‍തര്‍ ശ്രീലങ്കയിലേക്കോ? അഭ്യൂഹങ്ങള്‍ ശക്തം

ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ശ്രീലങ്കയുടെ മുഖ്യ കോച്ച് ചന്ദിക ഹതുരുസിംഗേയുടെ സ്ഥാനം തെറിച്ചേക്കുമെന്ന് വാര്‍ത്ത. ശ്രീലങ്കയുടെ കായിക മന്ത്രി ഹരിന്‍ ഫെര്‍ണാണ്ടോ ചന്ദികയോട് സ്ഥാനം ഒഴിയുവാന്‍ ആവശ്യപ്പെടുമെന്നാണ് അറിയുന്ന വിവരം. പകരം പാക് കോച്ചായി പ്രവര്‍ത്തിക്കുന്ന മിക്കി ആര്‍തര്‍ ആണ് പ്രധാന സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നത്.

ലോകകപ്പ് വരെയാണ് പാക്കിസ്ഥാനുമായി മിക്കി ആര്‍തറുടെ കരാര്‍. 11 പോയിന്റ് നേടിയെങ്കിലും റണ്‍റേറ്റിന്റെ ബലത്തില്‍ പാക്കിസ്ഥാന് ലോകകപ്പ് സെമി സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. പാക്കിസ്ഥാന്‍ ബോര്‍ഡ് മിക്കി ആര്‍തറുടെ കരാര്‍ പുതുക്കുമോ അതോ താരം ശ്രീലങ്കയുമായി പുതിയ കരാറിലെത്തുമോ എന്നാകും ഇനി കാത്തിരുന്ന് കാണേണ്ട കാര്യം.

ഐസിസിയുടെ സെമി മാനദണ്ഡം പുനഃപരിശോധിക്കേണ്ടതുണ്ട്

ബംഗ്ലാദേശിനോട് വിജയിച്ചുവെങ്കിലും ന്യൂസിലാണ്ടിനോട് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ പുറത്തായ പാക്കിസ്ഥാന്‍ കോച്ച് മിക്കി ആര്‍തര്‍ ആവശ്യപ്പെടുന്നത് ഐസിസിയുടെ സെമി മാനദണ്ഡം പുനഃപരിശോധിക്കേണ്ടതുണ്ടെന്നാണ്. താന്‍ ഈ മാറ്റം വേണമെന്ന് ശക്തമായി വാദിക്കുന്ന വ്യക്തിയാണ്. നിലവില്‍ രണ്ട് ടീമുകള്‍ പോയിന്റില്‍ ഒപ്പം വന്നാല്‍ വിജയങ്ങളുടെ എണ്ണവും റണ്‍റേറ്റുമാണ് നോക്കുന്നത്, അത് മാറണമെന്നാണ് മിക്കി ആര്‍തറുടെ വാദം.

വിജയങ്ങളുടെ എണ്ണം, അത് കഴിഞ്ഞ് ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ആര്‍ക്ക് വിജയം എന്നതും പിന്നീട് ഈ സാഹചര്യത്തില്‍ മൂന്ന് ടീമുണ്ടെങ്കില്‍ മാത്രം റണ്‍റേറ്റ് നോക്കണം എന്നാണ് തന്റെ അഭിപ്രായമെന്ന് ആര്‍തര്‍ പറഞ്ഞു. 308 റണ്‍സ് മാര്‍ജിനിലെങ്കിലും ജയിച്ചാല്‍ മാത്രമേ പാക്കിസ്ഥാന് ന്യൂസിലാണ്ടിനെ റണ്‍റേറ്റില്‍ മറികടക്കാനാകുള്ളായിരുന്നു.

ഇംഗ്ലണ്ട് ഇന്ത്യയെയും ന്യൂസിലാണ്ടിനെയും പരാജയപ്പെടുത്തി ലോകകപ്പ് സെമിയിലേക്ക് കടന്നപ്പോള്‍ പാക്കിസ്ഥാനും ന്യൂസിലാണ്ടിനും ഒരേ പോയിന്റും വിജയങ്ങളുടെ എണ്ണവും വരികയായിരുന്നു. എന്നാല്‍ റണ്‍റേറ്റില്‍ പാക്കിസ്ഥാനെ പിന്തള്ളി ന്യൂസിലാണ്ട് സെമിയില്‍ കടക്കുകയും ചെയ്തു.

ലോകകപ്പിനു ശേഷം മിക്കി ആര്‍തറുടെയും ഇന്‍സമാമിന്റെയും കരാറുകള്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ച് പാക്കിസ്ഥാന്‍

ടീം കോച്ച് മിക്കി ആര്‍തറുടെയും മുഖ്യ സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹക്കിന്റെയും കരാറുകള്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ലഭിയ്ക്കുന്ന സൂചനകള്‍ പ്രകാരം ലോകകപ്പിലെ ഫലം എന്ത് തന്നെ ആയാലും ഇരുവരുടെയും കരാറുകള്‍ പുതുക്കേണ്ടതില്ലെന്നാണ് ഇപ്പോള്‍ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ഏകദിനത്തിലെ ടീമിന്റെ മോശം ഫോമാണ് ഈ തീരുമാനത്തിലേക്ക് ബോര്‍ഡിനെ എത്തിച്ചിരിക്കുന്നത്.

ലോകകപ്പിനു മുന്നോടിയായി 11 മത്സരങ്ങളില്‍ പത്തും പാക്കിസ്ഥാന്‍ കീഴടങ്ങിയപ്പോള്‍ ഒരു മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെടുകായയിരുന്നു. ഇന്‍സമാമിനു പകരം മുന്‍ ഓപ്പണിംഗ് താരം അമീര്‍ സൊഹൈല്‍ സെലക്ടറായി വരുമെന്നാണ് അറിയുവാന്‍ കഴിയുന്നത്. മൂന്ന് വര്‍ഷത്തോളമായി പാക്കിസ്ഥാന്റെ സെലക്ടര്‍ പദവിയില്‍ നില്‍ക്കുന്നയാളാണ് ഇന്‍സമാം ഉള്‍ ഹക്ക്.

ലോകകപ്പിലെ ഇരുവരുടെയും ടീം തിരഞ്ഞെടുപ്പും ബോര്‍ഡിനു രസകരമായിട്ടില്ലെന്നും ഇതാണ് ഇവര്‍ക്കെതിരെ തിരിയുവാന്‍ പ്രേരിപ്പിച്ചതെന്നുമാണ് അറിയുന്നത്. മിക്കി ആ്ര‍തര്‍ക്ക് പകരം ആരെന്ന കാര്യത്തില്‍ പാക്കിസ്ഥാന്‍ തീരുമാനം കൈക്കൊണ്ടിട്ടുമില്ലെന്നാണ് അറിയുന്നത്. മേയ് 31നു വിന്‍ഡീസിനെതിരെയാണ് പാക്കിസ്ഥാന്റെ ഉദ്ഘാടന മത്സരം. ട്രെന്റ് ബ്രിഡ്ജിലാണ് മത്സരം അരങ്ങേറുക.

ഇരു ടീമുകള്‍ തമ്മിലുള്ള വ്യത്യാസം ഫീല്‍ഡിംഗ്

5 മത്സരങ്ങളുടെ ഏകദിന പരമ്പര 4-0നു കൈവിട്ടുവെങ്കിലും ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലുള്ള വ്യത്യാസം ഫീല്‍ഡിംഗില്‍ മാത്രമായിരുന്നുവെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ കോച്ച് മിക്കി ആര്‍തര്‍. തങ്ങളുടെ ബാറ്റിംഗ് ആവും മോശമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ബാറ്റ്സ്മാന്മാര്‍ അവസരത്തിനൊത്തുയര്‍ന്ന് റണ്‍സ് കണ്ടെത്തുന്ന കാഴ്ചയാണ് പരമ്പരയില്‍ ഉടനീളം കണ്ടത്. അതേ സമയം ബൗളിംഗും ഫീല്‍ഡിംഗും ശരാശരി മാത്രമായി മാറിയത് മത്സരങ്ങള്‍ വിജയിക്കുന്നതില്‍ പാക്കിസ്ഥാന് തിരിച്ചടിയായി.

അതിലേറെ മോശം ഫീല്‍ഡിംഗുകളാണ് ടീമിനെ ഏറെ വലച്ചതെന്ന് മിക്കി ആര്‍തര്‍ പറഞ്ഞു. ഒട്ടേറെ ക്യാച്ചുകള്‍ കൈവിട്ടതും ഫീല്‍ഡിംഗില്‍ തുടര്‍ച്ചയായ മിസ് ഫീല്‍ഡിംഗുകളു ടീമിന്റെ സാധ്യതകളെ വല്ലാതെ ബാധിച്ചു. ലോകകപ്പിനു ഏതാനും ദിവസങ്ങള്‍ മാത്രമുള്ളപ്പോളാണ് ടീമിന്റെ ഈ മോം പ്രകടനം. ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം വലുതായിരുന്നു, എന്നാല്‍ തന്നെ അലട്ടുന്ന ആ വലിയ വ്യത്യാസം അത് ഫീല്‍ഡിംഗാണെന്നാണ് മിക്കി ആര്‍തര്‍ പറഞ്ഞത്.

പാക്കിസ്ഥാന്റെ ഫീല്‍ഡിംഗ് കോച്ച് സ്റ്റീവ് റിക്സണ്‍ വിട വാങ്ങിയ ശേഷം ടീമിന്റെ ഗ്രൗണ്ടിലെ പ്രകടനം ഏറെ മോശമാകുകയായിരുന്നു. എന്നാല്‍ നിലവിലെ കോച്ച് മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും മിക്കി ആര്‍തര്‍ അഭിപ്രായപ്പെട്ടു.

ഷദബ് ഖാന്‍ തിരിച്ചുവരുന്നത് പാക്കിസ്ഥാനെ കൂടുതല്‍ ശക്തരാക്കും

ഷദബ് ഖാന്റെ തിരിച്ചുവരവ് പാക്കസിസ്ഥാന്‍ ടീമിനെ സന്തുലിതമാക്കുമെന്നും കൂടുതല്‍ ശക്തമാക്കുമെന്നും അഭിപ്രായപ്പെട്ട് മിക്കി ആര്‍തര്‍. താരം തന്റെ ഏറ്റവും മികച്ച ക്രിക്കറ്റ് പുറത്തെടുക്കുവാന്‍ കുറച്ച് സമയം എടുക്കുമെങ്കിലും മേയ് 31നു ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനു കളിയ്ക്കാനുണ്ടാകുമെന്നാണ് മിക്കി പ്രതീക്ഷ വെച്ച് പുലര്‍ത്തുന്നത്. രണ്ടാഴ്ച ഫോമും പൂര്‍ണ്ണ ഫിറ്റ്നെസ്സും എടുക്കുവാന്‍ താരത്തിനുണ്ടെന്നുള്ളതും മികച്ച കാര്യമാണെന്ന് മിക്കി കൂട്ടി ചേര്‍ത്തു.

താരം ഫിറ്റ്നെസ്സും ഫോമും വീണ്ടെടുക്കുവാനായി നടത്തിയ കഠിന പ്രയത്നങ്ങള്‍ താരത്തിന്റെ സമീപനമാണ് കാണിക്കുന്നതെന്നും മിക്കി ആര്‍തര്‍ പറഞ്ഞു. താരത്തിന്റെ ഓള്‍റൗണ്ട് കഴിവുകള്‍ പാക്കിസ്ഥാന്‍ ബാറ്റിംഗിനു കൂടുതല്‍ ആഴവും മൂന്ന് പേസര്‍മാരെ കളിപ്പിയ്ക്കുവാനുള്ള അവസരവും ടീമിനു നല്‍‍കുന്നു എന്നതും ടീമിലേക്കുള്ള താരത്തിന്റെ മടങ്ങിവരവ് ഏറെ പ്രാധാന്യമുള്ളതാണ്.

വലിയ ഷോട്ടുകള്‍ കളിക്കുവാനുള്ളവരുടെ അഭാവം ടീമിനെ അലട്ടുന്നു

പാക്കിസ്ഥാനെ ഇപ്പോള്‍ അലട്ടുന്നത് വലിയ ഷോട്ടുകള്‍ ഉതിര്‍ക്കുവാന്‍ കഴിവുള്ള ഒരു താരത്തിന്റെ അഭാവമാണെന്ന് പറഞ്ഞ് കോച്ച് മിക്കി ആര്‍തര്‍. ഓസ്ട്രേലിയയ്ക്കെതിരെ അഞ്ച് ഏകദിനങ്ങളും പരാജയപ്പെട്ടെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു മിക്കി ആര്‍തര്‍. ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ എപ്പോളും വേണ്ടത്ര റണ്‍സ് നേടാനാകാതെ പോയതും ചേസ് ചെയ്യുമ്പോള്‍ റണ്‍ റേറ്റ് നിലനിര്‍ത്തി മുന്നേറുവാന്‍ കഴിയാതെ പോയതുമാണ് പാക്കിസ്ഥാന് തിരിച്ചടിയായി മാറിയിരികകുന്നത്.

ഹിറ്റിംഗ് പൊസിഷനുകളില്‍ കൃത്യമായ താരങ്ങളെ ഉപയോഗിക്കുവാന്‍ കണ്ടെത്തുക എന്നതാണ് പാക്കിസ്ഥാന്‍ ഏറ്റവും പുതിയ വെല്ലുവിളി. ഇമാദ് വസീം, ഹസന്‍ അലി, ഫഹീം അഷ്റഫ്, ഷദബ് ഖാന്‍ എന്നീ താരങ്ങള്‍ക്കൊപ്പം ഷൊയ്ബ് മാലിക്കിനും മുഹമ്മദ് ഹഫീസിനും ഈ കഴിവുണ്ടെന്നത് സത്യമാണെങ്കിലും ഇപ്പോളും പവര്‍ ഹിറ്റിംഗ് പാക്കിസ്ഥാന്റെ ഒരു തലവേദന തന്നെയാണെന്ന് മിക്കി ആര്‍തര്‍ വ്യക്തമാക്കി.

പുതിയ താരങ്ങളെ കണ്ടെത്തുവാനുള്ള പരമ്പരയായിയാണ് ഈ പരമ്പര വിശേഷിപ്പിച്ചതെങ്കിലും അങ്ങനെ ഒരു കണ്ടെത്തല്‍ പാക്കിസ്ഥാനു നടത്തുവാന്‍ സാധിച്ചിട്ടില്ല എന്നതാണ് സത്യം. ടീമിലേക്ക് തിരികെ അവസരം നല്‍കിയ ഉമര്‍ അക്മലും ഒരു പരാജയമായി മാറുകയായിരുന്നു. താരത്തിനും അഞ്ച് മത്സരങ്ങളില്‍ നിന്ന് 150 റണ്‍സ് മാത്രമേ നേടാനായുള്ളു.

ലോകകപ്പ് നേടുവാനുള്ള ആയുധങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന് മിക്കി ആര്‍തര്‍

ഇംഗ്ലണ്ടിലെ ലോകകപ്പില്‍ കിരീടം ഉയര്‍ത്തുവാനുള്ള പദ്ധതി തങ്ങള്‍ 15 അംഗ സംഘങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കി പാക് മുഖ്യ കോച്ച് മിക്കി ആര്‍തര്‍. ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ഏകദിനങ്ങളില്‍ പരാജയപ്പെട്ട ശേഷം പ്രതികരിക്കുകയായിരുന്നു മിക്കി ആര്‍തര്‍. 8 മാറ്റങ്ങളോടെയാണ് പാക്കിസ്ഥാന്റെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള സ്ക്വാഡ് പ്രഖ്യാപിച്ചത്. എന്നാല്‍ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടതോടെ ഇപ്പോള്‍ ടീം പഴി കേള്‍ക്കുകയാണ്.

പാക്കിസ്ഥാന്‍ ടീമിന്റെ ബെഞ്ച് ശക്തി പരിശോധിക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഈ മാറ്റങ്ങളെക്കുറിച്ച് മിക്കി ആര്‍തര്‍ പറഞ്ഞത്. തങ്ങള്‍ യുവ താരങ്ങള്‍ക്ക് അവസരമില്ലെന്നാണ് പൊതുവേ പഴി കേള്‍ക്കുന്നത്. ഇപ്പോള്‍ യുവ താരങ്ങള്‍ക്ക് അവസരം നല്‍കുമ്പോള്‍ അതിനു പഴി കേള്‍ക്കേണ്ടി വരുന്ന സ്ഥിതിയാണിപ്പോളെന്ന് പാക്കിസ്ഥാന്‍ കോച്ച് പറഞ്ഞു. ടീം ഓരോ മത്സരത്തിനിറങ്ങുന്നതും കളി ജയിക്കുവാന്‍ വേണ്ടിയാണെന്നത് ആരാധകര്‍ മനസ്സിലാക്കണമെന്നും മിക്കി ആര്‍തര്‍ വ്യക്തമാക്കി.

210 മില്യണ്‍ ആളുകളെ പ്രതിനിധീകരിക്കുന്ന ടീമാണ് പാക്കിസ്ഥാന്‍. അതിനാല്‍ തന്നെ 15 അംഗ കോര്‍ സംഘത്തിനു ലോകകപ്പ് നേടുവാന്‍ എന്താണ് ചെയ്യേണ്ടതെന്ന പദ്ധതി താനും ഇന്‍സമാമും ചേര്‍ന്ന് രൂപകല്പന ചെയ്തിട്ടുണ്ടെന്നും മിക്കി ആര്‍തര്‍ വിശദമാക്കി.

Exit mobile version