ലോകകപ്പ് നേടുവാനുള്ള ആയുധങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന് മിക്കി ആര്‍തര്‍

ഇംഗ്ലണ്ടിലെ ലോകകപ്പില്‍ കിരീടം ഉയര്‍ത്തുവാനുള്ള പദ്ധതി തങ്ങള്‍ 15 അംഗ സംഘങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കി പാക് മുഖ്യ കോച്ച് മിക്കി ആര്‍തര്‍. ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ഏകദിനങ്ങളില്‍ പരാജയപ്പെട്ട ശേഷം പ്രതികരിക്കുകയായിരുന്നു മിക്കി ആര്‍തര്‍. 8 മാറ്റങ്ങളോടെയാണ് പാക്കിസ്ഥാന്റെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള സ്ക്വാഡ് പ്രഖ്യാപിച്ചത്. എന്നാല്‍ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടതോടെ ഇപ്പോള്‍ ടീം പഴി കേള്‍ക്കുകയാണ്.

പാക്കിസ്ഥാന്‍ ടീമിന്റെ ബെഞ്ച് ശക്തി പരിശോധിക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഈ മാറ്റങ്ങളെക്കുറിച്ച് മിക്കി ആര്‍തര്‍ പറഞ്ഞത്. തങ്ങള്‍ യുവ താരങ്ങള്‍ക്ക് അവസരമില്ലെന്നാണ് പൊതുവേ പഴി കേള്‍ക്കുന്നത്. ഇപ്പോള്‍ യുവ താരങ്ങള്‍ക്ക് അവസരം നല്‍കുമ്പോള്‍ അതിനു പഴി കേള്‍ക്കേണ്ടി വരുന്ന സ്ഥിതിയാണിപ്പോളെന്ന് പാക്കിസ്ഥാന്‍ കോച്ച് പറഞ്ഞു. ടീം ഓരോ മത്സരത്തിനിറങ്ങുന്നതും കളി ജയിക്കുവാന്‍ വേണ്ടിയാണെന്നത് ആരാധകര്‍ മനസ്സിലാക്കണമെന്നും മിക്കി ആര്‍തര്‍ വ്യക്തമാക്കി.

210 മില്യണ്‍ ആളുകളെ പ്രതിനിധീകരിക്കുന്ന ടീമാണ് പാക്കിസ്ഥാന്‍. അതിനാല്‍ തന്നെ 15 അംഗ കോര്‍ സംഘത്തിനു ലോകകപ്പ് നേടുവാന്‍ എന്താണ് ചെയ്യേണ്ടതെന്ന പദ്ധതി താനും ഇന്‍സമാമും ചേര്‍ന്ന് രൂപകല്പന ചെയ്തിട്ടുണ്ടെന്നും മിക്കി ആര്‍തര്‍ വിശദമാക്കി.

Exit mobile version