ഉമര്‍ അക്മല്‍ അഹങ്കാരി, തനിക്ക് കടുത്ത വാക്കുകള്‍ ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട് – മിക്കി ആര്‍തര്‍

പാക്കിസ്ഥാന്‍ വിലക്കിയ താരം ഉമര്‍ അക്മലിനുമായുള്ള തന്റെ മോശം അനുഭവം പങ്ക് വെച്ച് മുന്‍ പാക് കോച്ച് മിക്കി ആര്‍തര്‍. 2017ല്‍ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ തനിക്ക് മോശം വരവേല്പാണ് മിക്കി ആര്‍തറില്‍ നിന്ന് ലഭിച്ചതെന്ന് താരം പറഞ്ഞിരുന്നു. ഈ സംഭവമാണ് ഇപ്പോള്‍ മിക്കി ആര്‍തര്‍ ഓര്‍ത്തെടുത്ത് പറയുന്നത്. അന്നത്തെ ടീം ബാറ്റിംഗ് കോച്ച് ഗ്രാന്റ് ഫ്ലവറിനോട് മോശമായി പെരുമാറുന്ന അക്മലിനെയാണ് താന്‍ കണ്ടതെന്നും അതിനെതിരെ താന്‍ പ്രതികരിച്ചുവെന്നും മിക്കി ആര്‍തര്‍ വെളിപ്പെടുത്തി.

ഉമര്‍ അക്മല്‍ ഒരു അഹങ്കാരിയാണെന്നും താരത്തിനെ നേര്‍വഴിയ്ക്ക് കൊണ്ടുവരുവാന്‍ താന്‍ കടുത്ത വാക്കുകള്‍ ഉപയോഗിച്ചുവെന്നും മിക്കി ആര്‍തര്‍ വെളിപ്പെടുത്തി. താരത്തിന് പല തവണ ഫിറ്റ്നെസ്സ് പ്രോഗ്രാം നല്‍കിയാലും വീണ്ടും ഫിറ്റ്നെസ്സ് ട്രെയിനറുടെ പുറകെ ശല്യം ചെയ്ത് ഇവയ്ക്കായി സമീപിക്കുമെന്നും പിന്നീട് ഗ്രാന്റ് ഫ്ലവറിനോട് ഒരു ബഹുമാനമില്ലാതെ പെരുമാറുന്നത് താന്‍ കണ്ടെന്നും മിക്കി ആര്‍തര്‍ പറഞ്ഞു.

താന്‍ ഉമര്‍ അക്മലിനോട് അക്കാഡമി സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് മുമ്പ് സ്വന്തം ഫിറ്റ്നെസ്സ് മെച്ചപ്പെടുത്താനും റണ്‍സ് സ്കോര്‍ ചെയ്യുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സംഭവത്തിന് ശേഷം താന്‍ താരത്തോട് സംസാരിച്ചപ്പോള്‍ കടുത്ത വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്നും എന്നാല്‍ അത് താരത്തിനെ നേര്‍വഴിക്ക് കൊണ്ടുവരുവാന്‍ വേണ്ടിയാണ് എന്നും ആര്‍തര്‍ പറഞ്ഞു.

പാക്കിസ്ഥാന്‍ വീണ്ടും അക്മലിനെ കളിക്കാന്‍ ടീമിലെടുക്കുകയാണെങ്കില്‍ അത് ഭൂലോക മണ്ടത്തരമായി വിശേഷിപ്പിക്കേണ്ടി വരുമെന്നും മിക്കി ആര്‍തര്‍ വ്യക്തമാക്കി.

Exit mobile version