Matthenry

പാക്കിസ്ഥാന് തലവേദനയായി മാറ്റ് ഹെന്‍റിയും അജാസ് പട്ടേലും, പത്താം വിക്കറ്റ് കൂട്ടുകെട്ട് നേടിയത് 88 റൺസ്

പാക്കിസ്ഥാനെതിരെ കറാച്ചിയിലെ രണ്ടാം ടെസ്റ്റിൽ ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് കുതിയ്ക്കുന്നു. 36 റൺസ് നേടുന്നതിനിടെ ന്യൂസിലാണ്ടിന്റെ അവശേഷിക്കുന്ന നാല് വിക്കറ്റിൽ മൂന്നും പാക്കിസ്ഥാന്‍ നേടിയെങ്കിലും പത്താം വിക്കറ്റ് കൂട്ടുകെട്ട് പാക്കിസ്ഥാന് തലവേദന സൃഷ്ടിക്കുകയായിരുന്നു.

ആദ്യ ദിവസം ഡെവൺ കോൺവേ(122), ടോം ലാഥം(71) എന്നിവരുടെ മികവിന് ശേഷം വിക്കറ്റുകളുമായി പാക്കിസ്ഥാന്‍ മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തുകയായിരുന്നു.

309/6 എന്ന നിലയിൽ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലാണ്ടിന് ഇഷ് സോധിയെ ഒരു റൺസ് കൂടി ചേര്‍ക്കാനാകാതെ നഷ്ടമാകുകയായിരുന്നു. നസീം ഷായ്ക്കായിരുന്നു വിക്കറ്റ്. പിന്നീട് ടിം സൗത്തിയും ടോം ലാഥവും ചേര്‍ന്ന് 31 റൺസ് എട്ടാം വിക്കറ്റിൽ നേടിയെങ്കിലും അടുത്തടുത്ത ഓവറുകളിൽ ഇരുവരെയും ന്യൂസിലാണ്ടിന് നഷ്ടമായി.

ടോം ബ്ലണ്ടൽ(51) തന്റെ അര്‍ദ്ധ ശതകം നേടിയ ശേഷം അബ്രാര്‍ അഹമ്മദിന് വിക്കറ്റ് നൽകി മടങ്ങിയപ്പോള്‍ അബ്രാര്‍ തന്റെ അടുത്ത ഓവറിൽ ടിം സൗത്തിയെ പുറത്താക്കി. 345/9 എന്ന നിലയിലേക്ക് വീണ ന്യൂസിലാണ്ടിനെ മാറ്റ് ഹെന്‍റിയും അജാസ് പട്ടേലും ചേര്‍ന്ന് നേടിയ 88 റൺസ് ടീമിനെ 433/9 എന്ന നിലയിലേക്ക് എത്തിച്ചിട്ടുണ്ട്.

മാറ്റ് ഹെന്‍റി 56 റൺസും അജാസ് പട്ടേൽ 31 റൺസും നേടിയാണ് ക്രീസിൽ നിൽക്കുന്നത്. പാക്കിസ്ഥാന് വേണ്ടി നസീം ഷാ, അബ്രാര്‍ അഹമ്മദ്, അഗ സൽമാന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടുകയായിരുന്നു.

Exit mobile version