ന്യൂസിലാണ്ടിന് 482 റൺസ്, രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയുടെ മൂന്ന് വിക്കറ്റ് നഷ്ടം

ക്രൈസ്റ്റ്ചര്‍ച്ചിൽ ദക്ഷിണാഫ്രിക്കയുടെ നില പരുങ്ങലിൽ. ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 482 റൺസിൽ അവസാനിച്ചപ്പോൾ രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയ്ക്ക് 3 വിക്കറ്റാണ് നഷ്ടമായത്. രണ്ടാം ദിവസം അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്ക 34/3 എന്ന നിലയിലാണ്. ഇന്നിംഗ്സ് തോൽവി ഒഴിവാക്കുവാന്‍ ദക്ഷിണാഫ്രിക്ക 353 റൺസ് കൂടി നേടേണ്ടതുണ്ട്.

22 റൺസുമായി ടെംബ ബാവുമയും 9 റൺസ് നേടി റാസ്സി വാന്‍ ഡെര്‍ ഡൂസ്സനുമാണ് ക്രീസിലുള്ളത്. ടിം സൗത്തി രണ്ടും മാറ്റ് ഹെന്‍റി ഒരു വിക്കറ്റും ആതിഥേയര്‍ക്കായി നേടി.

Henrynicholls

നേരത്തെ ന്യൂസിലാണ്ടിന്റെ ആദ്യ ഇന്നിംഗ്സിൽ ഹെന്‍റി നിക്കോള്‍സ് 105 റൺസും ടോം ബ്ലണ്ടൽ 96 റൺസും നേടിയപ്പോള്‍. നീൽ വാഗ്നർ(49), കോളിൻ ഡി ഗ്രാന്‍ഡോം(45) എന്നിവരും തിളങ്ങി.

പതിനൊന്നാമനായി ഇറങ്ങി പുറത്താകാതെ 58 റൺസ് നേടിയ മാറ്റ് ഹെന്‍റി ബാറ്റിംഗിലും മികവ് തെളിയിച്ചപ്പോൾ ന്യൂസിലാണ്ട് 482 റൺസ് നേടി. ഡുവാന്നെ ഒളിവിയർ മൂന്നും കാഗിസോ റബാഡ, മാര്‍ക്കോ ജാന്‍സന്‍, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ ദക്ഷിണാഫ്രിക്കയ്ക്കായി 2 വീതം വിക്കറ്റും നേടി.

കൊടുങ്കാറ്റായി മാറ്റ് ഹെൻറി ദക്ഷിണാഫ്രിക്ക 95 റൺസിന് ഓൾഔട്ട്, ന്യൂസിലാണ്ടിന് 21 റൺസ് ലീഡ്

ക്രൈസ്റ്റ്ചര്‍ച്ചിൽ ന്യൂസിലാണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റിൽ ദക്ഷിണാഫിക്കയുടെ ബാറ്റിംഗ് ദാരുണമായി തകര്‍ന്നു. മാറ്റ് ഹെന്‍റിയുടെ 7 വിക്കറ്റ് നേട്ടത്തിൽ ദക്ഷിണാഫ്രിക്ക ചൂളിയപ്പോള്‍ ടീം 95 റസിന് ഓള്‍ഔട്ട് ആയി.

25 റൺസ് നേടിയ സുബൈര്‍ ഹംസയാണ് ടീമിന്റെ ടോപ് സ്കോറര്‍. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ന്യൂസിലാണ്ട് 113/3 എന്ന നിലയിലാണ്. ഹെന്‍റി നിക്കോളസ് 37 റൺസുമായി നീൽ വാഗ്നര്‍ക്കൊപ്പം ക്രീസിലുണ്ട്. 36 റൺസ് നേടിയ ഡെവൺ കോൺവേ ആണ് മറ്റൊരു പ്രധാന താരം.

മത്സരത്തിൽ 21 റൺസിന്റെ ലീഡ് ആദ്യ ദിവസം തന്നെ ന്യൂസിലാണ്ട് കൈവശപ്പെടുതത്തിയിട്ടുണ്ട്.

ഫിന്‍ അല്ലെന് പകരം മാറ്റ് ഹെന്‍റി ബംഗ്ലാദേശിൽ ന്യൂസിലാണ്ട് ടീമിനൊപ്പം ചേരും

കോവിഡ് ബാധിച്ച ഫിന്‍ അല്ലെന് പകരം ബംഗ്ലാദേശിലേക്ക് മാറ്റ് ഹെന്‍റിയെ എത്തിച്ച് ന്യൂസിലാണ്ട്. സെപ്റ്റംബര്‍ 1ന് ആണ് ന്യൂസിലാണ്ടും ബംഗ്ലാദേശും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര ആരംഭിക്കുന്നത്.

അല്ലെന്‍ ന്യൂസിലാണ്ട് ടീമിനൊപ്പം ബംഗ്ലാദേശിൽ തന്നെ തുടരും. താരം ധാക്കയിലെത്തി കോവിഡ് പോസിറ്റീവ് ആയ ശേഷം ഐസൊലേഷനിലാണ് കഴിയുന്നത്. ഹെന്‍റി പാക്കിസ്ഥാനെതിരെ സെപ്റ്റംബര്‍ 17ന് ആരംഭിക്കുന്ന ഏകദിന-ടി20 പരമ്പരയ്ക്കുള്ള ടീമിലേക്ക് മാത്രമാണ് തിരഞ്ഞെടുത്തിരുന്നത്.

താരം ഓഗസ്റ്റ് 30ന് ബംഗ്ലാദേശിലേക്ക് യാത്രയാകും.

ലീഡ് 37 റൺസ് മാത്രം, കൈവശമുള്ളത് 1 വിക്കറ്റ്, ഇംഗ്ലണ്ടിന്റെ തോല്‍വി ഉറപ്പ്

എഡ്ജ്ബാസ്റ്റണിൽ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞപ്പോള്‍ പരമ്പര സ്വന്തമാക്കുവാന്‍ ന്യൂസിലാണ്ടിന് മികച്ച സാധ്യത. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ ന്യൂസിലാണ്ട് 122/9 എന്ന നിലയിലാണ്. വെറും 37 റൺസിന്റെ ലീഡ് മാത്രമാണ് ഇംഗ്ലണ്ടിന്റെ കൈവശമുള്ളത്.

തോല്‍വി ഒഴിവാക്കുവാന്‍ മഹേന്ദ്രജാലം നടത്തിയാൽ മാത്രമേ ഇംഗ്ലണ്ടിന് സാധിക്കൂ എന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍. 29 റൺസ് നേടിയ മാര്‍ക്ക് വുഡാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. മൂന്ന് വീതം വിക്കറ്റുമായി മാറ്റ് ഹെന്‍റിയും നീൽ വാഗ്നറുമാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. അജാസ് പട്ടേലിന് രണ്ട് വിക്കറ്റ് ലഭിച്ചു.

രണ്ടാം സെഷനിൽ നാല് വിക്കറ്റ് നഷ്ടം, മികച്ച ഫോം തുടര്‍ന്ന് റോറി ബേൺസിന്റെ അര്‍ദ്ധ ശതകം

വിക്കറ്റ് നഷ്ടമില്ലാത്ത ആദ്യ സെഷന് ശേഷം രണ്ടാം സെഷനിൽ നാല് വിക്കറ്റ് നഷ്ടപ്പെട്ട് ഇംഗ്ലണ്ട്. ഒന്നാം വിക്കറ്റിൽ 72 റൺസ് ഓപ്പണര്‍മാര്‍ നേടിയ ശേഷം ഡൊമിനിക് സിബ്ലേയെ(35) ആണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. മാറ്റ് ഹെന്‍റിയാണ് വിക്കറ്റ് വീഴ്ത്തിയത്.

തൊട്ടടുത്ത ഓവറിൽ നീൽ വാഗ്നര്‍ സാക്ക് ക്രോളിയെ പൂജ്യത്തിന് പുറത്താക്കിയപ്പോള്‍ 72/0 എന്ന നിലയിൽ നിന്ന് 73/2 എന്ന നിലയിലേക്കും പിന്നീട് ജോ റൂട്ടിനെ(4) പുറത്താക്കി മാറ്റ് ഹെന്‍റി തന്റെ രണ്ടാം വിക്കറ്റും നേടുകയായിരുന്നു.

പിന്നീട് നാലാം വിക്കറ്റിൽ റോറി ബേൺസും ഒല്ലി പോപും ചേര്‍ന്ന് 42 റണ്‍സ് നേടി രണ്ടാം സെഷനിൽ കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ മുന്നോട്ട് നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിൽ അജാസ് പട്ടേൽ 19 റൺസ് നേടിയ പോപിനെ പുറത്താക്കി ഇംഗ്ലണ്ടിന് നാലാമത്തെ പ്രഹരം നല്‍കി.

രണ്ടാം സെഷൻ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 152/4 എന്ന നിലയിലാണ്. 73 റൺസുമായി റോറി ബേൺസും 11 റൺസ് നേടി ഡാനിയേൽ ലോറൻസുമാണ് ക്രീസിലുള്ളത്. അഞ്ചാം വിക്കറ്റിൽ ഇരുവരും 25 റൺസാണ് ഇതുവരെ നേടിയത്.

മൂന്നാം ഏകദിനത്തില്‍ കനത്ത പരാജയം ഏറ്റുവാങ്ങി ബംഗ്ലാദേശ്

ന്യൂസിലാണ്ടിനെതിരെ മൂന്നാം ടി20യില്‍ 164 റണ്‍സിന്റെ കനത്ത പരാജയം ഏറ്റുവാങ്ങി ബംഗ്ലാദേശ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 6 വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാദേശിന് 154 റണ്‍സാണ് നേടാനായത്. ടീം 42.4 ഓവറില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. 76 റണ്‍സുമായി പുറത്താകാതെ നിന്ന മഹമ്മദുള്ളയാണ് ടീമിന്റെ ടോപ് സ്കോറര്‍. ന്യൂസിലാണ്ടിന് വേണ്ടി 7.4 ഓവറില്‍ 27 റണ്‍സ് വിട്ട് നല്‍കി 5 വിക്കറ്റ് നേടിയ ജെയിംസ് നീഷവും 10 ഓവറില്‍ 27 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ മാറ്റ് ഹെന്‍റിയുമാണ് ബൗളിംഗില്‍ കസറിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിന് വേണ്ടി ഡെവണ്‍ കോണ്‍വേ 126 റണ്‍സും ഡാരില്‍ മിച്ചല്‍ 100 റണ്‍സും നേടി മികച്ച രീതിയില്‍ ബാറ്റ് വീശുകയായിരുന്നു. ബംഗ്ലാദേശ് നിരയില്‍ റൂബല്‍ ഹൊസൈന്‍ മൂന്ന് വിക്കറ്റ് നേടി.

മാറ്റ് ഹെന്‍റി ന്യൂസിലാണ്ട് ടെസ്റ്റ് സ്ക്വാഡില്‍

പാക്കിസ്ഥാനെതിരെയുള്ള ക്രൈസ്റ്റ്ചര്‍ച്ചില്‍ നടക്കുന്ന രണ്ടാം ടി20യില്‍ ന്യൂസിലാണ്ട് സ്ക്വാഡിലേക്ക് മാറ്റ് ഹെന്‍റിയെ ഉള്‍പ്പെടുത്തി. പരിക്കേറ്റ നീല്‍ വാഗ്നര്‍ക്ക് പകരം ആണ് മാറ്റ് ഹെന്‍റി ടീമില്‍ ഇടം നേടുന്നത്. ആദ്യ ടെസ്റ്റിനിടെ പാദത്തിന് പൊട്ടലേറ്റുവെങ്കിലും വേദന സംഹാരികളുടെ സഹായത്തോടെ വാഗ്നര്‍ പന്തെറിയുകയായിരുന്നു.

ജനുവരി 3ന് ആണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. ന്യൂസിലാണ്ട് എ യ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത മാറ്റ് ഹെന്‍റി മികച്ച ഫോമിലാണെന്ന് കോച്ച് ഗാരി സ്റ്റെഡ് വ്യക്തമാക്കി. പാക്കിസ്ഥാന്‍ എ യ്ക്കെതിരെയുള്ള മത്സരത്തില്‍ താരം 6 വിക്കറ്റ് നേടിയിരുന്നു.

ന്യൂസിലാണ്ട് ടെസ്റ്റ് സ്ക്വാഡ്: Kane Williamson (c), Tom Blundell, Trent Boult, Matt Henry, Kyle Jamieson, Tom Latham, Daryl Mitchell, Henry Nicholls, Mitchell Santner, Tim Southee, Ross Taylor, BJ Watling (wk), Will Young

പരിക്കേറ്റ മാറ്റ് ഹെന്‍റി വെസ്റ്റിന്‍ഡീസിനെതിരെ കളിക്കുക സംശയത്തില്‍

പരിശീലനത്തിനിടെ പരിക്കേറ്റ ന്യൂസിലാണ്ട് പേസര്‍ മാറ്റ് ഹെന്‍റി വിന്‍ഡീസിനെതിരെയുള്ള പരമ്പരയില്‍ കളിക്കുക സംശയത്തില്‍. പ്ലങ്കറ്റ് ഷീല്‍ഡ് പരമ്പരയ്ക്കിടെ നെറ്റ്സിലെ പരിശീലനത്തില്‍ ബാറ്റ് ചെയ്യുന്നതിനിടയിലാണ് താരത്തിന്റെ വലത് കൈയ്യുടെ തള്ള വിരലിന് പൊട്ടലുണ്ടായത്.

നാല് മുതല്‍ ആറ് ആഴ്ച വരെയെങ്കിലും പരിക്ക് ഭേദമാകുവാന്‍ ആവശ്യമായി വരുമെന്നാണ് അറിയുന്നത്. ഇതോടെ താരം വിന്‍ഡീസിനെതിരെയുള്ള പരമ്പരയില്‍ കളിക്കുന്ന കാര്യം സംശയത്തിലായി. ന്യൂസിലാണ്ടും വിന്‍ഡീസുമായുള്ള ടി20 പരമ്പര നവംബര്‍ 27ന് ആരംഭിക്കും. രണ്ട് മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പര ഡിസംബര്‍ മൂന്നിനാണ് തുടങ്ങുന്നത്.

മാറ്റ് ഹെന്‍റിയുടെ കരാര്‍ റദ്ദാക്കി കെന്റ്

കൊറോണ ഭീതിയ്ക്കിടെ കൗണ്ടി ക്രിക്കറ്റ് അനിശ്ചിതമായി നീളുന്നതിനിടെ മറ്റൊരു വിദേശ താരത്തിന്റെ കരാര്‍ കൂടി റദ്ദാക്കപ്പെട്ടു. കൗണ്ടി ക്ലബായ കെന്റ് ന്യൂസിലാണ്ട് ഫാസ്റ്റ് ബൗളര്‍ മാറ്റ് ഹെന്‍റിയുടെ കരാറാണ് റദ്ദാക്കിയത്. നേരത്തെ മൈക്കല്‍ നീസര്‍, ചേതേശ്വര്‍ പുജാര, നഥാന‍ ലയണ്‍ എന്നിവരുടെ കരാറുകള്‍ ഇത്തരം സാഹചര്യത്തില്‍ റദ്ദാക്കിയിരുന്നു.

കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ കെന്റിന്റെ ആദ്യ ഏഴ് മത്സരങ്ങളിലായിരുന്നു ഹെന്‍റി കളിക്കേണ്ടിയിരുന്നത്. എന്നാല്‍ മെയ് 28 വരെ കൗണ്ടി ക്രിക്കറ്റ് നീട്ടിയതോടെയാണ് ഇപ്പോളുള്ള സ്ഥിതി ഉയര്‍ന്ന് വന്നത്. 2018ല്‍ 11 മത്സരങ്ങളില്‍ നിന്ന് 75 വിക്കറ്റാണ് ഹെന്‍റി സ്വന്തമാക്കിയത്.

തുടക്കത്തിലെ നേട്ടത്തില്‍ മതിമറന്നിരുന്നില്ല, ലോര്‍ഡ്സിലേക്ക് യാത്രയാകുന്നത് വലിയ ബഹുമതി

ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോര്‍ഡ്സിലേക്ക് യാത്രയാകാനാകുന്നത് ഏറ്റവും വലിയ പ്രത്യേകത നിറഞ്ഞ അനുഭവമെന്ന് പറഞ്ഞ് ന്യൂസിലാണ്ടിന് വേണ്ടി മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയ മാറ്റ് ഹെന്‍റി. ഇന്ത്യന്‍ ടോപ് ഓര്‍ഡറിനെ തകര്‍ത്തെറിഞ്ഞ മാറ്റ് ഹെന്‍റിയുടെ തന്റെ സ്പെല്ലില്‍ 10 ഓവറില്‍ 37 റണ്‍സിന് 3 വിക്കറ്റ് നേടുകയായിരുന്നു. ഹാര്‍ദ്ദിക്കും ധോണിയും ജഡേജയും ബാറ്റിംഗിന് ഇറങ്ങാനുണ്ടെന്നതിനാല്‍ തുടക്കത്തിലെ നേട്ടത്തില്‍ ന്യൂസിലാണ്ട് മതി മറന്നിരുന്നില്ലെന്ന് മാറ്റ് ഹെന്‍റി പറഞ്ഞു. അവരെല്ലാം ക്രിക്കറ്റിലെ വലിയ ഫിനിഷര്‍മാരാണെന്ന് ഏവര്‍ക്കും അറിയാമെന്നും ഹെന്‍റി വ്യക്തമാക്കി.

ലോകോത്തരമായ ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്കെതിരെ മികച്ച പ്രകടനം തന്നെ പുറത്തെടുക്കണമെന്ന് ടീമിനു അറിയാമായിരുന്നു. തുടക്കത്തില്‍ തന്നെ അവസരങ്ങള്‍ സൃഷ്ടിച്ചാല്‍ എന്തും സംഭവിക്കാമന്ന് ടീമിന് ഉറപ്പായിരുന്നു. അത് പോലെ തന്നെ കാര്യങ്ങള്‍ നീങ്ങിയെന്നും മാറ്റ് ഹെന്‍റി വ്യക്തമാക്കി. ഞായറാഴ്ചത്തെ ഫൈനലിലേക്ക് ടീം ഉറ്റുനോക്കുകയാണെന്നും അവിടെയും മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന് ഹെന്‍റി പറഞ്ഞു.

ലോകകപ്പിലെ ക്ലാസ്സിക് പോരാട്ടം വിജയിച്ച് ന്യൂസിലാണ്ട് ഫൈനലിലേക്ക്, പൊരുതി നോക്കി ജഡേജ-ധോണി കൂട്ടുകെട്ട്

ഇന്ത്യന്‍ ടോപ് ഓര്‍ഡറിനെ 5/3 എന്ന നിലയിലേക്കും 24/4 എന്ന നിലയിലേക്കും പ്രതിരോധത്തിലായ ശേഷം ആധിപത്യം ഉറപ്പിച്ച ന്യൂസിലാണ്ടിന് വിജയം എളുപ്പമാക്കാതെ ഇന്ത്യ. ഇന്ത്യന്‍ ഇന്നിംഗ്സിലെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ രവീന്ദ്ര ജഡേജയും എംഎസ് ധോണിയും പൊരുതി നോക്കിയെങ്കിലും ന്യൂസിലാണ്ടിനെതിരെ 240 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പൊരുതിയെങ്കിലും ലക്ഷ്യത്തിന് 18 റണ്‍സ് അകലെ വരെ എത്തുവാനെ ഇന്ത്യയ്ക്ക് സാധിച്ചുള്ളു.

ഇന്ന് രവീന്ദ്ര ജഡേജയുടെയും മഹേന്ദ്ര സിംഗ് ധോണിയുടെയും അവിശ്വസനീയ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് മത്സരത്തില്‍ പ്രതീക്ഷ നല്‍കിയത്. 24/4 എന്ന നിലിയല്‍ പത്താം ഓവറില്‍ ദിനേശ് കാര്‍ത്തികിനെ നഷ്ടമായ ശേഷം ഋഷഭ് പന്തും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് ഇന്ത്യയെ തിരിച്ചവരവിന്റെ പാതയിലേക്ക് നയിക്കുകകയായിരുന്നു. 47 റണ്‍സ് അഞ്ചാം വിക്കറ്റില്‍ നേടിയ ശേഷം സാന്റനര്‍ പന്തിനെയും ഹാര്‍ദ്ദിക്കിനെയും മടക്കിയയ്ക്കുകയായിരുന്നു. ഇരു താരങ്ങളും 32 റണ്‍സ് വീതമാണ് നേടിയത്.

പിന്നീട് ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷകളെ വാനോളമുയര്‍ത്തുന്ന പ്രകടനമാണ് ജഡേജയും ധോണിയും ചേര്‍ന്ന് നടത്തിയത്. ധോണി ഒരു വശത്ത് ഇന്ത്യന്‍ ഇന്നിംഗ്സിനെ പടുത്തുയര്‍ത്തിയപ്പോള്‍ ജഡേജ ന്യൂസിലാണ്ട് ബൗളര്‍മാരെ ആക്രമിച്ച് പ്രതിരോധത്തിലാക്കുകയായിരുന്നു. 39 പന്തില്‍ നിന്നാണ് രവീന്ദ്ര ജഡേജ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയത്. ഏഴാം വിക്കറ്റില്‍ ഇന്ത്യയ്ക്കായി ധോണിയും ജഡേജയും ചേര്‍ന്ന് നേടിയത് 116 റണ്‍സാണ്. 31ാം ഓവറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താകുമ്പോള്‍ 92/6 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് അവിശ്വസനീയമായ പ്രകടനമാണ് ധോണിയും ജഡേജയും പുറത്തെടുത്തത്.

അപ്രാപ്യമായ ലക്ഷ്യമെന്ന് തോന്നിപ്പിച്ച സ്കോറിനെ ഇരുവരും ചേര്‍ന്ന് 6 ഓവറില്‍ 62 റണ്‍സെന്ന നിലയിലേക്ക് എത്തിച്ചുവെങ്കിലും വിക്കറ്റുകള്‍ കൈവശമില്ലാത്തതിനാല്‍ ഈ കൂട്ടുകെട്ട് തുടരേണ്ടത് ഏറെ നിര്‍ണ്ണായകമായി മാറിയിരുന്നു. ധോണി കൂറ്റനടികള്‍ക്ക് ശ്രമിക്കാതെ സിംഗിളുകളും ഡബിളുകളും നേടിയപ്പോള്‍ ജഡേജയാണ് ന്യൂസിലാണ്ടിനെ ആക്രമിക്കുകയെന്ന ദൗത്യം ഏറ്റെടുത്തത്.

അടുത്ത രണ്ടോവറില്‍2 0 റണ്‍സ് നേടിയ ഏഴാം വിക്കറ്റില്‍ നേടിയ കൂട്ടുകെട്ട് മത്സരം അവസാന നാലോവറില്‍ 42 റണ്‍സാക്കി മാറ്റി. മാറ്റ് ഹെന്‍റി എറിഞ്ഞ 47ാം ഓവറില്‍ 5 റണ്‍സ് മാത്രമേ ഇന്ത്യയ്ക്ക് നേടാനായുള്ളു. ഇതോടെ ലക്ഷ്യം അവസാന മൂന്നോവറില്‍ 37 റണ്‍സായി മാറി.

എന്നാല്‍ അടുത്ത ഓവറിലെ അഞ്ചാം പന്തില്‍ ജഡേജയെ ട്രെന്റ് ബോള്‍ട്ട് വീഴ്ത്തിയതോടെ മത്സരം ന്യൂസിലാണ്ടിന്റെ പക്ഷത്തേക്ക് മാറി. 59 പന്തില്‍ നിന്ന് 77 റണ്‍സാണ് ജഡേജ നേടിയത്. ഓവര്‍ അവസാനിച്ചപ്പോള്‍ 12 പന്തില്‍ നിന്ന് 31 റണ്‍സായി മാറി കളി.

ലോക്കി ഫെര്‍ഗൂസണ്‍ എറിഞ്ഞ 49ാം ഓവറിലെ ആദ്യ പന്ത് ധോണി സിക്സര്‍ പറത്തിയെങ്കിലും ഓവറില്‍ താരം റണ്ണൗട്ട് ആയതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. 49.3 ഓവറില്‍ ഇന്ത്യ 221 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു.

 

ഇന്ത്യന്‍ ടോപ് ഓര്‍ഡറിനെ തകര്‍ത്തെറിഞ്ഞ് മാറ്റ് ഹെന്‍റി

ഇന്ത്യയുടെ ലോകകപ്പ് ഫൈനല്‍ മോഹങ്ങള്‍ക്ക് മാറ്റ് ഹെന്‍റിയിലൂടെ കനത്ത വെല്ലുവിളിയുയര്‍ത്തി ന്യൂസിലാണ്ട്. ഇന്ന് 240 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ പത്തോവറില്‍ 24 റണ്‍സിന് നാല് വിക്കറ്റാണ് നഷ്ടമായത്. മാറ്റ് ഹെന്‍റിയുടെയും ട്രെന്റ് ബോള്‍ട്ടിന്റെയും തീപാറുന്ന പന്തുകള്‍ അതിജീവിക്കാനാകാതെ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്നടിയുകയായിരുന്നു. 5/3 എന്ന നിലയിലേക്ക് വീണ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാരായ രോഹിത്, രാഹുല്‍, കോഹ്‍ലി എന്നിവര്‍ വെറും ഒരു റണ്‍സ് മാത്രമാണ് നേടിയത്.

രോഹിത്തിനെയും ലോകേഷ് രാഹുലിനെയും മാറ്റ് ഹെന്‍റി പുറത്താക്കിയപ്പോള്‍ വിരാട് കോഹ്‍ലിയെ ട്രെന്റ് ബോള്‍ട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കി. പത്താം ഓവറിന്റെ അവസാന പന്തില്‍ ദിനേശ് കാര്‍ത്തിക്കിനെ തകര്‍പ്പനൊരു ക്യാച്ചിലൂടെ ജെയിംസ് നീഷം പിടിച്ച് പുറത്താക്കിയപ്പോള്‍ മാറ്റ് ഹെന്‍റി തന്റെ നാലാം വിക്കറ്റ് നേടി. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ 12 ഓവറില്‍ 35/4 എന്ന നിലയിലാണ്.

Exit mobile version