തിളങ്ങാനായത് ഷാക്കിബിനു മാത്രം, ബംഗ്ലാദേശിനു തടയിട്ട് ന്യൂസിലാണ്ട്, മാറ്റ് ഹെന്‍റിയ്ക്ക് നാല് വിക്കറ്റ്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ ബാറ്റിംഗ് മികവ് ന്യൂസിലാണ്ടിനെതിരെ ആവര്‍ത്തിക്കാനാകാതെ ബംഗ്ലാദേശ്. ഇന്നത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യവേ താരതമ്യേന ഭേദപ്പെട്ട തുടക്കം ലഭിച്ചുവെങ്കിലും പിന്നീട് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ബംഗ്ലാദേശ് സ്വയം പ്രതിസന്ധി തീര്‍ക്കുകയായിരുന്നു. 64 റണ്‍സുമായി ഷാക്കിബ് ഹസന്‍ മാത്രമാണ് കാര്യമായ പ്രകടനം പുറത്തെടുത്തത്. 49.2 ഓവറില്‍ നിന്ന് 244 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്.

തമീം ഇക്ബാല്‍(24), സൗമ്യ സര്‍ക്കാര്‍(25), മുഷ്ഫിക്കുര്‍ റഹിം(19), മുഹമ്മദ് മിഥുന്‍(26), മഹമ്മദുള്ള(20) എന്നിവരെല്ലാം ലഭിച്ച തുടക്കം അധികം തുടരാനാകാതെ പുറത്താകുകയായിരുന്നു. മുഹമ്മദ് സൈഫുദ്ദീന്‍ നേടിയ 29 റണ്‍സ് ആണ് ടീമിനെ 244 റണ്‍സിലേക്ക് നയിച്ചത്. മാറ്റ് ഹെന്‍റി 4 വിക്കറ്റും ട്രെന്റ് ബോള്‍ട്ട് 2 വിക്കറ്റും നേടിയപ്പോള്‍ ലോക്കി ഫെര്‍ഗൂസണ്‍, കോളിന്‍ ഡി ഗ്രാന്‍ഡോം, മിച്ചല്‍ സാന്റനര്‍ എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

പിച്ചില്‍ നിന്നുള്ള സഹായത്തിലെക്കാള്‍ വലിയ വ്യത്യാസം സൃഷ്ടിക്കുന്നത് ഫീല്‍ഡര്‍മാര്‍ തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കുമ്പോള്‍

ശ്രീലങ്കയ്ക്കെതിരെയുള്ള പിച്ച് പച്ചപ്പ് നിറഞ്ഞതായിരുന്നുവെന്നും തങ്ങള്‍ അത് മുതലാക്കുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞ് മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചായി മാറിയ മാറ്റ് ഹെന്‍റി. ഹെന്‍റിയും ലോക്കി ഫെര്‍ഗൂസണും എറിഞ്ഞ് തകര്‍ത്തപ്പോള്‍ ശ്രീലങ്ക വെറും 136 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഇത്തരം പിച്ച് പൊതുവേ ക്രിക്കറ്റില്‍ ലഭിയ്ക്കാറില്ല, പൊതുവേ ബാറ്റ്സ്മാന്മാര്‍ക്ക് അനുകൂലമായ പിച്ചാണ് എപ്പോളും ലഭിയ്ക്കുക, ഈ മത്സരത്തില്‍ ബൗളിംഗ് അനുകൂലമായ പിച്ച് ലഭിയ്ക്കുകയും ചെയ്തു ഞങ്ങളത് മുതലാക്കുകയും ചെയ്തുവെന്ന് മാറ്റ് ഹെന്‍റി പറഞ്ഞു.

കൂടാതെ ഇത്തരം പിച്ചുകളിലെ വലിയ വ്യത്യാസം എന്തെന്നാല്‍ ബൗളര്‍മാര്‍ക്ക് വേണ്ട പിന്തുണ ഫീല്‍ഡര്‍മാര്‍ നല്‍കുമ്പോളാണെന്നും മാറ്റ് ഹെന്‍റി പറഞ്ഞു. ശ്രീലങ്കയ്ക്കെതിരെ ഫീല്‍ഡര്‍മാര്‍ മികച്ച് നിന്നുവെന്നും അത് ബൗളര്‍മാര്‍ക്ക് കൂടുതല്‍ സഹായകരമായി എന്നും മാറ്റ് ഹെന്‍റി പറഞ്ഞു.

ശ്രീലങ്കയെ നൂറ് കടത്തി ഏഴാം വിക്കറ്റ് കൂട്ടുകെട്ട്, അര്‍ദ്ധ ശതകം നേടി ശ്രീലങ്കന്‍ നായകന്‍

ഇന്നലെ വിന്‍ഡീസിനോട് പാക്കിസ്ഥാന്‍ തകര്‍ന്നടിഞ്ഞതിനു പിന്നാലെ ഇന്ന് മറ്റൊരു ഏഷ്യന്‍ ശക്തികള്‍ക്ക് കൂടി തകര്‍ച്ച. ന്യൂസിലാണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് 29.2 ഓവറില്‍ നിന്ന് 136 റണ്‍സ് മാത്രമാണ് നേടാനായത്. മാറ്റ് ഹെന്‍റിയും ലോക്കി ഫെര്‍ഗൂസണും ശ്രീലങ്കന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തെറിഞ്ഞപ്പോള്‍ 60/6 എന്ന നിലയിലേക്ക് ടീം വീഴുകയായിരുന്നു. പിന്നീട് ഏഴാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേയും തിസാര പെരേരയും ചേര്‍ന്ന് സ്കോര്‍ നൂറ് കടത്തുകയായിരുന്നു. എന്നാല്‍ കൂട്ടുകെട്ട് സാന്റനര്‍ തകര്‍ക്കുമ്പോള്‍ ശ്രീലങ്ക 112 റണ്‍സാണ് നേടിയത്. 52 റണ്‍സുമായി ദിമുത് കരുണാരത്നേ പുറത്താകാതെ നിന്നു.

ഓപ്പണര്‍ ലഹിരു തിരിമന്നേയെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായെങ്കിലും കുശല്‍ പെരേര-ദിമുത് കരുണാരത്നേ കൂട്ടുകെട്ട് 42 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടിയപ്പോള്‍ ശ്രീലങ്ക കരകയറുമെന്നാണ് പ്രതീക്ഷിച്ചത്. 24 പന്തില്‍ നിന്ന് 29 റണ്‍സ് നേടി അതിവേഗം സ്കോര്‍ ചെയ്യുകയായിരുന്നു കുശല്‍ പെരേരയെ മാറ്റ് ഹെന്‍റി പുറത്താക്കിയ ശേഷം ടീമിന്റെ തകര്‍ച്ച ആരംഭിയ്ക്കുകയായിരുന്നു. കുശല്‍ മെന്‍ഡിസും ആഞ്ചലോ മാത്യൂസും പൂജ്യത്തിനു പുറത്തായപ്പോള്‍ ധനന്‍ജയ ഡിസില്‍വ(4) ജീവന്‍ മെന്‍ഡിസ്(1) എന്നിവരുടെയും മടക്കം വേഗത്തിലായിരുന്നു.

ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേയും(**) തിസാര പെരേരയും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ നേടിയ 52 റണ്‍സാണ് ശ്രീലങ്കയെ നൂറെന്ന സ്കോര്‍ കടത്തിയത്. 27 റണ്‍സ് നേടിയ പെരേരയെ സാന്റനര്‍ ആണ് പുറത്താക്കിയത്.

ന്യൂസിലാണ്ടിനായി മാറ്റി ഹെന്‍റിയും ലോക്കി ഫെര്‍ഗൂസണും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ കോളിന്‍ ഡി ഗ്രാന്‍ഡോം, മിച്ചല്‍ സാന്റനര്‍ ജെയിംസ് നീഷം, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ന്യൂസിലാണ്ടിനോട് അഞ്ചും തോറ്റ് പാക്കിസ്ഥാന്‍ സീനിയര്‍ ടീം

ന്യൂസിലാണ്ടിനെതിരെയുള്ള ഏകദിന പരമ്പരയില്‍ അഞ്ച് മത്സരങ്ങളും തോറ്റ് പാക്കിസ്ഥാന്‍. ഇന്ന് വെല്ലിംഗ്ടണില്‍ നടന്ന അവസാന ഏകദിനത്തില്‍ ന്യൂസിലാണ്ടിന്റെ 271 റണ്‍സ് പിന്തുടരാനിറങ്ങിയ പാക്കിസ്ഥാനായി വാലറ്റം അവസാന നിമിഷം വരെ പൊരുതിയെങ്കിലും 256 റണ്‍സ് മാത്രമേ നേടാനായുള്ളു. ഒരോവര്‍ ശേഷിക്കെ 15 റണ്‍സ് അകലെ പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. മാറ്റ് ഹെന്‍റിയുടെ ബൗളിംഗില്‍ തകര്‍ന്ന് പാക് ടോപ് ഓര്‍ഡറിനു രക്ഷയ്ക്കായി എത്തിയത് മധ്യനിരയില്‍ ഹാരിസ് സൊഹൈലിന്റെയും(63) ഷദബ് ഖാന്റെയും(54) പ്രകടനങ്ങളായിരുന്നു.

വാലറ്റത്തില്‍ നിന്നുള്ള ചെറുത്ത് നില്പാണ് പാക്കിസ്ഥാന്റെ തോല്‍വിയുടെ ഭാരം കുറയ്ക്കുവാന്‍ സഹായിച്ചത്. ഫഹീം അഷ്റഫ്(15 പന്തില്‍ 23), മുഹമ്മദ് നവാസ്(12 പന്തില്‍ 23) എന്നിവര്‍ ചേര്‍ന്ന് ലക്ഷ്യത്തിനു 15 റണ്‍സ് അകലെ വരെ ടീമിനെ എത്തിച്ചു. അമീര്‍ യമീന്‍ 32 റണ്‍സുമായി പുറത്താകാതെ ഇവര്‍ക്ക് പിന്തുണ നല്‍കി. ടോപ് ഓര്‍ഡറുടെ പരാജയം മാത്രമാണ് മത്സരത്തില്‍ പിന്നോക്കം പോകാന്‍ പാക്കിസ്ഥാനെ ഇടയാക്കിയതെന്ന് നിസ്സംശയം പറയാം.

ന്യൂസിലാണ്ടിനായി മാറ്റ് ഹെന്‍റി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മിച്ചല്‍ സാന്റനര്‍  മൂന്നും ലോക്കി ഫെര്‍ഗൂസണ്‍ രണ്ടും വിക്കറ്റ് നേടി.

നേരത്തെ മാര്‍ട്ടിന്‍ ഗുപ്ടില്‍ നേടിയ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തില്‍ ന്യൂസിലാണ്ട് 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സ് നേടുകയായിരുന്നു. 100 റണ്‍സ് നേടിയ ഗുപ്ടിലിനു പുറമേ റോസ് ടെയിലര്‍ 59 റണ്‍സ് നേടി. മണ്‍റോ(34), വില്യംസണ്‍(22), കോളിന്‍ ഡി ഗ്രാന്‍ഡോം(29*) എന്നിവരായിരുന്നു മറ്റു പ്രധാന സ്കോറര്‍മാര്‍.

റുമ്മാന്‍ റയീസ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഫഹീം അഷ്റഫ് രണ്ടും അമീര്‍ യമീന്‍ ഒരു വിക്കറ്റും നേടി. മുന്‍ നിര ബൗളര്‍മാരായ ഹസന്‍ അലിയും മുഹമ്മദ് അമീറും ഇന്നത്തെ മത്സരം കളിച്ചിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version