പതിരണയ്ക്ക് ആർ‌സി‌ബിക്ക് എതിരായ മത്സരം നഷ്ടമാകും

ചെന്നൈ സൂപ്പർ കിംഗ്‌സ് (സി‌എസ്‌കെ) ഫാസ്റ്റ് ബൗളർ മതീഷ പതിരണ, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ (ആർ‌സി‌ബി) നടക്കുന്ന ഐ‌പി‌എൽ 2025 മത്സരത്തിൽ കളിക്കില്ല. ശ്രീലങ്കൻ പേസർ ഇപ്പോഴും പരിക്കിൽ നിന്ന് മുക്തനായിട്ടില്ലെന്നും അദ്ദേഹം കളിക്കാൻ സാധ്യതയില്ലെന്നും സി‌എസ്‌കെ മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് സ്ഥിരീകരിച്ചു. മുംബൈ ഇന്ത്യൻസിനെതിരായ സി‌എസ്‌കെയുടെ സീസൺ ഓപ്പണറും പതിരണയ്ക്ക് നഷ്ടമായിരുന്നു.

2024 ലെ ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരത്തെ, സിഎസ്‌കെ പതിരാനയെ ₹13 കോടിക്ക് ആണ് നിലനിർത്തിയത്.

സി എസ് കെയ്ക്ക് ആയി കളിക്കുന്നത് വരെ തന്നെ ആർക്കും അറിയില്ലായിരുന്നു – പതിരണ

സി എസ് കെയിൽ കളിച്ചതോടെയാണ് തന്റെ കരിയർ മാറിയത് എന്ന് ശ്രീലങ്കൻ യുവ പേസ് ബൗളർ മതീഷ് പതിരണ. സി എസ് കെയ്ക്ക് കളിക്കുന്നത് വരെ തന്നെ ആർക്കും അറിയില്ലായിരുന്നു എന്നും ചെന്നൈക്കായി കളിക്കാൻ ആയത് ദൈവം തനിക്ക് തന്ന സമ്മാനം ആണെന്നും പതിരണ പറഞ്ഞു.

“എൻ്റെ അണ്ടർ 19 കരിയറിനു ശേഷം, ഞാൻ ശ്രീലങ്കയിലെ ഒരു ടീമിലും ഇല്ലായിരുന്നു. എന്നാൽ CSK യിലെ എൻ്റെ അരങ്ങേറ്റം മുതൽ, എനിക്ക് അവസരങ്ങൾ ലഭിക്കുകയും ശ്രീലങ്കയുടെ പ്രധാന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. CSK യിൽ കളിക്കുന്നത് എനിക്ക് ദൈവത്തിൻ്റെ സമ്മാനമാണ്.” പതിരണ പറഞ്ഞു.

CSK യിൽ കളിക്കുന്നത് വരെ എന്നെ ആർക്കും അറിയില്ലായിരുന്നു‌. മഹി ഭായിയുമായി (എംഎസ് ധോണി) ഡ്രസ്സിംഗ് റൂം പങ്കിടുന്നത് ഒരു അനുഗ്രഹമായി ഞാൻ കരുതുന്നു.” പതിരണ സ്‌പോർട്‌സ്‌സ്റ്റാറിൽ പറഞ്ഞു.

പതിരണയ്ക്ക് ലങ്കൻ പ്രീമിയർ ലീഗിൽ IPL ലഭിച്ചതിന്റെ 5 ഇരട്ടി തുക

ലങ്കൻ പ്രീമിയർ ലീഗ് (എൽപിഎൽ) ലേലത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമെന്ന റെക്കോർഡ് ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ മതീശ പതിരണയ്ക്ക്. ഇന്ന് നടന്ന ഓക്ഷനിൽ പതിരണയെ 120,000 യുഎസ് ഡോളറിനാണ് വിൽക്കപ്പെട്ടത്‌. ഏകദേശം ഒരു കോടി രൂപയാണ് ഇത്. ഐ പി എല്ലിൽ താരത്തെ 20 ലക്ഷത്തിനായിരുന്നു ചെന്നൈ പതിരണയെ സ്വന്തമാക്കിയത്.

ഇന്ന് മതീഷ പതിരാണ തൻ്റെ അടിസ്ഥാന വിലയായ 50,000 ഡോളറിന് ആണ് ലേലത്തിൽ പ്രവേശിച്ചത്. ഗാലെ മാർവെൽസ് ആണ് 120,000 ഡോളർ നൽകി താരത്തെ വാങ്ങിയത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ പതിരണക്ക് ലഭിച്ച വിലയേക്കാൾ അഞ്ചിരട്ടിയാണ് ഈ വില.

ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ 2022ൽ ന്യൂസിലൻഡിൻ്റെ ആദം മിൽനെക്ക് പകരക്കാരനായാണ് 20 ലക്ഷം രൂപയ്ക്ക് സിഎസ്‌കെയിൽ എത്തിയത്. 12 മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റ് വീഴ്ത്തി 2023ൽ സിഎസ്‌കെയുടെ കിരീട നേട്ടത്തിൽ ശ്രീലങ്കൻ പേസർ നിർണായക പങ്ക് വഹിച്ചിരുന്നു. ഈ സീസണിൽ സൂപ്പർ കിംഗ്സിനായി പതിരണ 6 മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റ് വീഴ്ത്തിയിരുന്നു.

മതീശ പതിരണ ഇനി ഈ സീസണിൽ CSK-യ്ക്ക് കളിക്കുന്നത് സംശയം

ഐപിഎൽ 2024 സീസണിൽ ഇനി മതീശ പതിരണ കളിക്കാൻ സാധ്യതയില്ല. ഹാംസ്ട്രിംഗ് പരിക്കിൽ നിന്ന് കരകയറാൻ ആയി താരം ശ്രീലങ്കയിലേക്ക് മടങ്ങിയതായി CSK അറിയിച്ചു. ഇത് CSK-ക്ക് വലിയ തിരിച്ചടിയാണ്. ഇതിനകം തന്നെ മുസ്തഫിസുറും ചെന്നൈ ക്യാമ്പ് വിട്ട് സ്വന്തം രാജ്യത്തിലേക്ക് മടങ്ങിയിട്ടുണ്ട്.

“മതീഷ പതിരണയ്ക്ക് ഹാംസ്ട്രിംഗിന് പരിക്കേറ്റു, കൂടുതൽ ചികിത്സയ്ക്ക് ആയി ശ്രീലങ്കയിലേക്ക് മടങ്ങും.” സിഎസ്‌കെ ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു. പതിരണ ഇനി തിരികെ വരുമോ എന്ന് ക്ലബ് വ്യക്തമാക്കിയിട്ടില്ല. വരാൻ സാധ്യതയില്ല എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സീസണിൻ്റെ അവസാന ഘട്ടങ്ങളിൽ മതീഷ പതിരണ കളിക്കളത്തിൽ തിരിച്ചെത്തുമോ ഇല്ലയോ എന്ന് സിഎസ്‌കെ പ്രഖ്യാപിച്ചിട്ടില്ല. ആദ്യ 10 മത്സരങ്ങളിൽ അഞ്ചിലും ജയിച്ച സിഎസ്‌കെ പ്ലേ ഓഫിലെത്താനുള്ള ഓട്ടത്തിലാണ്. ഞായറാഴ്ച ധർമ്മശാലയിലെ എച്ച്‌പിസിഎ സ്റ്റേഡിയത്തിൽ പഞ്ചാബിനെതിരെ റുതുരാജ് ഗെയ്‌ക്‌വാദ് മറ്റൊരു ടോസ് നഷ്ടപ്പെട്ട് മിനിറ്റുകൾക്ക് ശേഷം പതിരണയെക്കുറിച്ച് സിഎസ്‌കെ ഒരു അപ്‌ഡേറ്റ് നൽകി. പ്രതീക്ഷിച്ചതുപോലെ, സിഎസ്‌കെ വലിയ മത്സരത്തിന് മതീശ പതിരണ ഇല്ലാതെയായിരുന്നു.

ഈ സീസണിൽ കളിച്ച 6 മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റ് നേടാൻ പതിരണക്ക് ആയിരിന്നു. ജൂൺ 2-ന് ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഫിറ്റ്നസ് വീണ്ടെടുക്കുക ആകും പതിരണയുടെ ലക്ഷ്യം.

ധോണിയുടെ വാക്കുകൾ ആണ് തനിക്ക് ആത്മവിശ്വാസം നൽകിയത് എന്ന് പതിരണ

മുംബൈ ഇന്ത്യൻസിന് എതിരെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ വിജയശില്പിയായ പതിരണ ധോണിയുടെ വാക്കുകൾ ആണ് മുംബൈ ഇന്ത്യൻസിന് എതിരെ തനിക്ക് സഹായമായത് എന്ന് പറഞ്ഞു. മുംബൈക്ക് എതിരെ നാലു വിക്കറ്റു വീഴ്ത്തി പ്ലയർ ഓഫ് ദി മാച്ച് ആകാൻ പതിരണയ്ക്ക് ആയിരുന്നു.

“പവർപ്ലേയിൽ പന്തെറിയുമ്പോൾ, ഞാൻ വളരെ ടെൻഷനിൽ ആയിരുന്നു. അപ്പോൾ ധോണി ഭായ് പറഞ്ഞ വാക്കുകൾ തനിക്ക് സഹായകമായി. ധോണി തന്നോട് ശാന്തനായി നിൽക്കാനും ഞാൻ സ്ഥിരം പന്തുകൊണ്ട് ചെയ്യുന്ന കാര്യം ചെയ്യാനും പറഞ്ഞു. ഇതാണ് എനിക്ക് ആത്മവിശ്വാസം നൽകിയത്.” പതിരണ പറഞ്ഞു.

“പന്ത് എറിയുമ്പോൾ ആ പന്തിന്റെ ഫലം എന്താകും എന്നതിനെ കുറിച്ച് ഞാൻ അധികം ചിന്തിക്കാറില്ല, എൻ്റെ എക്സിക്യൂഷൻ ശരിയാക്കാൻ ആണ് താൻ നോക്കാറ്. അത് നന്നായാൽ എനിക്ക് എൻ്റെ പ്രതിഫലം ലഭിക്കും.” പതിരണ പറഞ്ഞു.

മുംബൈയിൽ ചെന്ന് മുംബൈയെ വീഴ്ത്തി CSK, രോഹിതിന്റെ ഒറ്റയാൾ പോരാട്ടം മതിയായില്ല

മുംബൈയിൽ ചെന്ന് മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിംഗ്സ് (CSK). മതീഷ് പതിരണയുടെ മികച്ച ബൗളിംഗിന്റെ മികവിൽ 20 റൺസിന്റെ ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. രോഹിത് ശർമ്മ സെഞ്ച്വറിയുമായി ഒറ്റയ്ക്ക് നിന്ന് മുംബൈക്ക് ആയി പൊരുതി എങ്കിലും ലക്ഷ്യത്തിൽ എത്താൻ ആയില്ല‌‌. CSK-യുടെ സീസണിലെ നാലാം വിജയവും മുംബൈയുടെ നാലാം പരാജയവുമാണിത്.

ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 207 എന്ന വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് മികച്ച തുടക്കമാണ് ഇന്ന് വാങ്കഡെയിൽ കിട്ടിയത്. രോഹിതും ഇഷനും കൂടി അറ്റാക്ക് ചെയ്തു തന്നെ കളി തുടങ്ങി. ആദ്യ ആറോവറിൽ 63 റൺസ് അവർ എടുത്തു. ഓപ്പണിങ് വിക്കറ്റിൽ 73 റൺസിന്റെ കൂട്ടുകെട്ട് അവർ ചേർത്തു. ഇഷൻ 15 പന്ത 23 റൺസ് എടുത്താണ് പുറത്തായത്.

പിന്നാലെ വന്ന സൂര്യകുമാർ റൺ ഒന്നും എടുക്കാതെ പുറത്തായി. മുസ്തഫിസുർ റഹ്മാന്റെ സിക്സ് ലൈനിലെ ഒരു മികച്ച ക്യാച്ചിലൂടെ ആണ് സൂര്യകുമാർ പുറത്തായത്. രണ്ടു വിക്കറ്റുകളും പതിരണയാണ് വീഴ്ത്തിയത്. രണ്ടു വിക്കറ്റുകൾ പെട്ടെന്ന് തന്നെ പോയെങ്കിലും മുംബൈ ഇന്ത്യൻസ് പതറിയില്ല. ക്യാപ്റ്റൻ രോഹിത് ശർമയുടെ നേതൃത്വത്തിൽ അവർ അറ്റാക്ക് ചെയ്തു തന്നെ കളിച്ചു. തിലക് ഒപ്പം മികച്ച രീതിയിൽ ബാറ്റ് ചെയ്തു. 20 പന്തിൽ നിന്ന് താരം 31 റൺസ് എടുത്തു. തിലക് വർമയെയും പതിരണ പുറത്താക്കി.

2 റൺസ് എടുത്ത ഹാർദിക്, 13 റൺസ് എടുത്ത ടിം ഡേവിഡ്, 1 റൺ എടുത്ത ഷെപേർഡ് എന്നിവഎ നിരാശപ്പെടുത്തി. ഒരു വശത്ത് രോഹിത് നിന്നു എങ്കിലും വിജയ ലക്ഷ്യം മുംബൈയിൽ നിന്ന് അകന്നു. അവസാന മൂന്ന് ഓവറിൽ 53 റൺസ് ആയിരുന്നു മുംബൈക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. പതിരണ എറിഞ്ഞ 18ആം ഓവറിൽ വെറും 6 റൺസ് മാത്രമേ വന്നുള്ളൂ.

ഇതോടെ ജയിക്കാൻ 2 ഓവറിൽ 47 റൺസ് എന്നായി. മുസ്തഫിസുറിന്റെ 19ആം ഓവറിൽ 13 റൺസ് മാത്രം. ഇതോടെ അവസാന ഓവറിൽ 34 റൺസ് എന്നായി.

രോഹിത് ശർമ്മ 63 പന്തിൽ നിന്ന് 105 റൺസ് എടുത്തു. 5 സിക്സും 11 ഫോറും രോഹിത് അടിച്ചു. പക്ഷെ ഇതൊന്നും മതിയായില്ല അവർക്ക് ജയിക്കാൻ‌. 4 വിക്കറ്റ് വീഴ്ത്തിയ പതിരണ 4-28 എന്ന മികച്ച നിലയിൽ സ്പെൽ പൂർത്തിയാക്കി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സിന് വമ്പന്‍ സ്കോര്‍ തന്നെ നേടി. ശിവം ദുബേയുടെ താണ്ഡവത്തിന് ശേഷം അവസാന ഓവറിൽ എംഎസ് ധോണി ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കെതിരെ നാല് പന്തിൽ മൂന്ന് സിക്സുമായി അവതരിച്ചപ്പോള്‍ 4 വിക്കറ്റ് നഷ്ടത്തിൽ 206 എന്ന പടുകൂറ്റന്‍ സ്കോറാണ് ചെന്നൈ നേടിയത്. ദുബേ 38 പന്തിൽ 66 റൺസ് നേടിയപ്പോള്‍ ധോണി 4 പന്തിൽ 20 റൺസാണ് നേടിയത്.

ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ അജിങ്ക്യ രഹാനെയെയാണ് ഓപ്പണിംഗിൽ പരീക്ഷിച്ചത്. താരം വേഗത്തിൽ പുറത്തായ ശേഷം രച്ചിന്‍ രവീന്ദ്ര റുതുരാജ് ഗായ്ക്വാഡ് കൂട്ടുകെട്ട് 52 റൺസ് കൂട്ടിചേര്‍ത്ത ശേഷം 16 പന്തിൽ 21 റൺസ് നേടിയ രവീന്ദ്രയുടെ വിക്കറ്റ് ടീമിന് നഷ്ടമായി.

പിന്നീട് ശിവം ദുബേയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ആണ് വാങ്കഡേയിൽ കണ്ടത്. 90 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ചെന്നൈ നേടിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ റുതുരാജിനെ പുറത്താക്കി കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. 40 പന്തിൽ 69 റൺസാണ് റുതുരാജ് നേടിയത്. മറുവശത്ത് മുംബൈ ബൗളര്‍മാരെ കണക്കിന് പ്രഹരമേല്പിച്ച് ശിവം ദുബേ താണ്ഡവമാടുകയായിരുന്നു.

അവസാന ഓവറിൽ ധോണിയുടെ ഹാട്രിക്ക് സിക്സ് കൂടിയായപ്പോള്‍ ചെന്നൈ ഇരുനൂറ് കടന്നു. അവസാന ഓവറിൽ നിന്ന് 26 റൺസാണ് വന്നത്.

പതിരണയും മുസ്തഫിസുറും ഇന്ന് CSK-ക്ക് ആയി കളിക്കും

ഇന്ന് ചിദംബരം സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഇറങ്ങുന്നതിന് മുമ്പ് CSK-യ്ക്ക് ആശ്വാസ വാർത്ത. അവരുടെ പേസർമാരായ മുസ്തഫിസുർ റഹ്മാനും പതിരണയും ഇന്ന് കളിക്കും എന്നാണ് സൂചനകൾ.

വിസ നടപടിക്രമങ്ങൾക്കായി ബംഗ്ലാദേശിലേക്ക് പോയതിനാൽ മുസ്താഫിസുറിന് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ (എസ്ആർഎച്ച്) മത്സരം നഷ്‌ടമായിരുന്നു. താര‌ തിരികെയെത്തിയത് ആയാണ് റിപ്പോർട്ടുകൾ. സൺ റൈസേഴ്സിന് എതിരെ പതിരണയും മുസ്തഫിസുറും ഇല്ലാത്തത് ചെന്നൈക്ക് വലിയ തിരിച്ചടിയായി മാറിയിരുന്നു‌.

മതീശ പതിരണക്ക് പരിക്ക് കാരണമായിരുഞ്ഞ് അവസാന മത്സരത്തിൽ കളിക്കാതിരുന്നത്. ചെറിയ പരുക്ക് ആണെന്നും കരുതൽ ആയാണ് പതിരണയെ മാറ്റി നിർത്തിയത് എന്നുമായിരുന്നു റിപ്പോർട്ടുകൾ. പതിരണ ഇപ്പോൾ പരിക്ക് മാറി എത്തിയിട്ടുണ്ട്. ഇതുവരെ പതിരണ 4 വിക്കറ്റും മുസ്തഫിസുർ 7 വിക്കറ്റും ഈ സീസൺ ഐ പി എല്ലിൽ വീഴ്ത്തി.

പതിരണയും മുസ്തഫിസുറും ഇല്ലാത്തത് CSK-യ്ക്ക് തിരിച്ചടി ആയെന്ന് ഫ്ലെമിംഗ്

മുസ്താഫിസുർ റഹ്‌മാൻ, മതീഷ പതിരണ എന്നിവർ ഇല്ലാത്തത് ആണ് ഇന്നലെ CSK ഹൈദരബാദിനോട് പരാജയപ്പെടാനുള്ള കാരണങ്ങളിൽ പ്രധാനം എന്ന് കോച്ച് സ്റ്റീഫൻ ഫ്ലെമിംഗ്. പക്ഷേ ഇത് ഐപിഎല്ലിന്റെ ഭാഗമാണെന്നും സി എസ് കെ തിരിച്ചുവരുമെന്നും ഫ്ലെമിങ് പറഞ്ഞു.

“ഇരുവരും ഇല്ലാത്തത് വലിയ അഭാവമാണ് എന്നാൽ, ഇത് ഐപിഎല്ലിൻ്റെ ഭാഗമാണ്. മുസ്തഫിസുർ ഇവിടെ ഇല്ല, അതിനാൽ ഞങ്ങൾക്ക് അവനെ ഉപയോഗിക്കാൻ കഴിയില്ല. ഐപിഎല്ലിൽ പരിക്കുകളും കളിക്കാരെ നഷ്ടപ്പെടുന്നതും ഈ ടൂർണമെന്റിന്റെ ഭാഗമാണ്.” ഫ്ലെമിങ് പറഞ്ഞു.

“ഇന്ന് ഞങ്ങൾക്ക് മുകേഷ് ചൗധരിയെ ഇറക്കാൻ അവസരം ലഭിച്ചു. കുറച്ച് മുമ്പ് അദ്ദേഹം ഞങ്ങൾക്ക് നല്ല സംഭാവന നൽകിയിട്ടുണ്ട്. എന്നാൽ ഇന്ന് അദ്ദേഹത്തിൻ്റെ ദിവസമായിരുന്നില്ല.” ഫ്ലെമിംഗ് പറഞ്ഞു‌

മുസ്തഫിസുർ ഈ സീസണിൽ 7 വിക്കറ്റും പതിരണ 4 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

വിന്റേജ് പന്ത്!!! പൃഥ്വി ‘ഷോ’, ഒപ്പം തിളങ്ങി വാര്‍ണറും, ചെന്നൈയ്ക്കായി മികവ് കാട്ടി പതിരാന

ചെന്നൈയ്ക്കെതിരെ ഐപിഎൽ മത്സരത്തിൽ 191 റൺസ് നേടി ഡൽഹി ക്യാപിറ്റൽസ്. ഒരു ഘട്ടത്തിൽ 200ന് മേലെ റൺസ് ടീം നേടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും നിര്‍ണ്ണായക വിക്കറ്റുകള്‍ നേടിയ മതീഷ പതിരാനയുടെ പ്രകടനമാണ് ചെന്നൈയ്ക്ക് ഡൽഹിയെ 191 റൺസിൽ പിടിച്ചുകെട്ടാന്‍ സാധ്യമായത്.

9.3 ഓവറിൽ 93 റൺസാണ് പൃഥ്വി ഷായും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ നേടിയത്. വാര്‍ണര്‍ 35 പന്തിൽ 52 റൺസ് നേടി പുറത്തായപ്പോള്‍ പൃഥ്വി 27 പന്തിൽ 43 റൺസുമായി പുറത്തായി. ഡേവിഡ് വാര്‍ണറുടെ വിക്കറ്റും മുസ്തഫിസുര്‍ റഹ്മാനാണ് നേടിയത്. വാര്‍ണറെ പുറത്താക്കുന്നതിൽ തകര്‍പ്പന്‍ ക്യാച്ചിലൂടെ പതിരാന പങ്ക് വഹിച്ചിരുന്നു.

ഋഷഭ് പന്ത് റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ 12 പന്തിൽ 18 റൺസ് നേടിയ മിച്ചൽ മാര്‍ഷിനെ മതീഷ പതിരാന പുറത്താക്കി. അതേ ഓവറിൽ ട്രിസ്റ്റന്‍ സ്റ്റബ്സിനെ പുറത്താക്കി പതിരാന ചെന്നൈയുടെ മത്സരത്തിലേക്കുള്ള തിരിച്ചുവരവ് സാധ്യമാക്കി. അത് വരെ റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയ ഋഷഭ് പന്ത് ഗിയര്‍ മാറ്റുന്നതാണ് പിന്നീട് കണ്ടത്.

മുസ്തഫിസുറിനെ ബൗണ്ടറിയും സിക്സും പായിച്ച പന്ത് പതിരാനയെ ഒരു സിക്സിനും രണ്ട് ബൗണ്ടറിയ്ക്കും പായിച്ചുവെങ്കിലും തൊട്ടടുത്ത പന്തിൽ പുറത്തായി. 32 പന്തിൽ 51 റൺസാണ് പന്ത് നേടിയത്. ആദ്യ മൂന്നോവറിൽ 14 റൺസ് മാത്രം വഴങ്ങിയ പതിരാന അവസാന ഓവറിൽ 17 റൺസ് വഴങ്ങിയപ്പോള്‍ നാലോവര്‍ സ്പെല്ലിൽ 31 റൺസ് വഴങ്ങി 3 വിക്കറ്റാണ് നേടിയത്.

2 ഓവറിൽ അഫ്ഗാന് ജയിക്കാൻ 14 റൺസ്, എന്നിട്ടും 4 റൺസിന്റെ ജയം നേടി ശ്രീലങ്ക

ശ്രീലങ്കയും അഫ്ഗാനിസ്താനും തമ്മിലുള്ള ആദ്യ ടി20 മത്സരത്തിൽ ശ്രീലങ്കയ്ക്ക് 4 റൺസിന്റെ വിജയം. ആവേശകരമായ മത്സരത്തിൽ ശ്രീലങ്കയുടെ മനോഹരമായ ഡെത്ത് ബൗളിംഗാണ് കാണാൻ ആയത്. അഫ്ഗാന് അവസാന രണ്ട് ഓവറിൽ 14 റൺസ് മാത്രം മതിയായിരുന്നു വിജയിക്കാൻ. എന്നിട്ടും 4 റൺസിന്റെ വിജയം ശ്രീലങ്ക നേടി.

ശ്രീലങ്ക ഇന്ന് ആദ്യം ബാറ്റു ചെയ്ത് 160 റൺസിൽ ഓളൗട്ട് ആയിരുന്നു. 32 പന്തിൽ നിന്ന് 67 റൺസ് എടുത്ത ഹസരംഗയാണ് ശ്രീലങ്കയെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. അഫ്ഗാനായി ഫസ്ലഖ് മൂന്ന് വിക്കറ്റും നവീനുൽ ഹഖ്, അസ്മതുള്ള എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങിന് ഇറങ്ങിയ അഫ്ഗാനിസ്താനായി ഓപ്പണർ ഇബ്രാഹിം സദ്രാൻ ഒറ്റയ്ക്ക് പൊരുതി. ഒരു ഘട്ടത്തിൽ അഫ്ഗാന് രണ്ട് ഓവറിൽ വിജയിക്കാൻ 14 റൺസ് മാത്രമെ ഉണ്ടായിരുന്നുള്ളൂ. പതിരണ എറിഞ്ഞ 19ആം ഓവറിൽ ആകെ 3 റൺസ് മാത്രമെ ശ്രീലങ്ക വഴങ്ങിയുള്ളൂ. ഒപ്പം 3 വിക്കറ്റും പതിരണം വീഴ്ത്തി. ഇതോടെ അവസാന ഓവറിൽ ഒരു വിക്കറ്റും 11 റൺസും എന്നായി. ഇബ്രാഹിം സദ്രാൻ ഫെർണാണ്ടോയുടെ ആദ്യ നാല് ഓവറും ഡോട്ട് ആക്കിയതോടെ അഫ്ഗാന്റെ പരാജയം ഉറപ്പായി. സദ്രാൻ 55 പന്തിൽ നിന്ന് 67 റൺസുമായി പുറത്താകാതെ നിന്നു.

മതീഷ പതിരണ 24 റൺസ് മാത്രം വഴങ്ങി ഇന്ന് 4 വിക്കറ്റുകൾ വീഴ്ത്തി കളിയിലെ മികച്ച താരമായി മാറി.

തന്റെ ആക്ഷന്‍ അപ്രവചനീയം, അത് തനിക്ക് ഗുണം ചെയ്യുന്നു – മതീഷ പതിരാന

ബംഗ്ലാദേശിനെതിരെ ശ്രീലങ്കയുടെ തകര്‍പ്പന്‍ വിജയത്തിൽ വലിയ പങ്ക് വഹിച്ചത് ബൗളര്‍മാരാണ്. എതിരാളികളെ 164 റൺസിലൊതുക്കിയ ശേഷം ശ്രീലങ്ക 5 വിക്കറ്റ് നഷ്ടത്തിൽ വിജയം നേടിയപ്പോള്‍ 4 വിക്കറ്റ് നേടിയ മതീഷ പതിരാനയാണ് ലങ്കന്‍ ബൗളിംഗിൽ മുന്നിട്ട് നിന്നത്. 7.4 ഓവറിൽ 32 റൺസ് നൽകിയാണ് താരം ഈ നേട്ടം കൊയ്തത്.

ഈ പ്രകടനം താരത്തിന് ശ്രീലങ്കയ്ക്കായുള്ള ആദ്യ പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിക്കൊടുത്തു. തനിക്ക് ഇത് നേടുവാനായതിൽ ഏറെ സന്തോഷമുണ്ടെന്നും ടി20യിലെ ഡെത്ത് ബൗളിംഗ് സ്കില്ലുകള്‍ തനിക്ക് ഇവിടെ തുണയായി എന്നും പതിരാന വ്യക്തമാക്കി. ടി20യിലെ പരിചയം ആണ് തനിക്ക് സ്ലോവര്‍ ബോളുകളിൽ വിക്കറ്റ് നേടിക്കൊടുത്തതെന്നും പതിരാന സൂചിപ്പിച്ചു. തന്റെ ആക്ഷന്‍ പ്രവചിക്കാനാകാത്തതാണെന്നും അത് തനിക്ക് ഗുണകരമാകുന്നുണ്ടെന്നും പതിരാന വ്യക്തമാക്കി.

പതിരണ ബ്രാവോക്ക് അനുയോജ്യനായ പകരക്കാരൻ ആണെന്ന് ഇർഫാൻ

യുവ സിഎസ്‌കെ പേസർ മതീശ പതിരണയെ പ്രശംസിച്ച് ഇർഫാൻ പത്താൻ. ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരെ രണ്ട് വിക്കറ്റ് വീഴ്ത്തിയ പ്രകടനത്തിലൂടെ തന്റെ മികവ് ഒരുക്കൽ കൂടെ തെളിയിക്കാൻ യുവതാരത്തിനായിരുന്നു. പതിരാനയിലൂടെ ഡ്വെയ്ൻ ബ്രാവോയ്ക്ക് പകരക്കാരനെ സിഎസ്‌കെ കണ്ടെത്തിയെന്ന് ഇർഫാൻ പറഞ്ഞു.

“എല്ലാ ടീമുകളും ഡെത്ത് ഓവറുകളിൽ തങ്ങൾക്കാവശ്യമായ ഒരു ബൗളറെയാണ് തിരയുന്നത്. മുംബൈ ഇന്ത്യൻസിന് മലിംഗ് ഉണ്ടായിരുന്നു, അവർക്ക് ഇപ്പോൾ ബുംറയുണ്ട്. രണ്ട് ഐപിഎൽ സീസണുകളിൽ ട്രോഫി ഉയർത്തിയപ്പോൾ കെകെആറിന് സുനിൽ നരെയ്ൻ ഉണ്ടായിരുന്നു, , സിഎസ്‌കെക്ക് ബ്രാവോ ഉണ്ടായിരുന്നു, ഇപ്പോൾ അവർക്ക് പതിരണയുണ്ട്.” ഇർഫാൻ പറഞ്ഞു.

പതിരാണ മികച്ച പകരക്കാരൻ ആണ്, കൂടാതെ അദ്ദേഹത്തിന് വേഗതയുമുണ്ട്. പത്താൻ കൂട്ടിച്ചേർത്തു.

Exit mobile version