റാഷ്ഫോർഡ് ഫയറാണ്!! മാഞ്ചസ്റ്റർ യുണൈറ്റഡിന് എഫ് എ കപ്പിലും വിജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഫോം എഫ് എ കപ്പിലും തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് എഫ് എ കപ്പിൽ ഓൾഡ് ട്രാഫോർഡിൽ വെച്ച് എവർട്ടണെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. രണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോളും സൃഷ്ടിച്ച് റാഷ്ഫോർഡ് ഒരു ഗോൾ നേടുക കൂടെ ചെയ്ത് ഇന്ന് യുണൈറ്റഡിന്റെ മികച്ച താരമായി.

അവസാന കുറച്ച് കാലമായി അത്ഭുതകരമായ ഫുട്ബോൾ കളിക്കുന്ന റാഷ്ഫോർഡ് ഇന്ന് മത്സരം ആരംഭിച്ച് നാലാം മിനുട്ടിൽ തന്നെ യുണൈറ്റഡിന്റെ ആദ്യ ഗോൾ ഒരുക്കി. റാഷ്ഫോർഡ് സൃഷ്ടിച്ച അവസരം ഒരു ഡൈവിങ് ഫിനിഷിലൂടെ ആന്റണി ആണ് ലക്ഷ്യത്തിൽ എത്തിച്ചത്‌. ആന്റണിയുടെ യുണൈറ്റഡ് കരിയറിലെ നാലാം ഗോളായി ഇത്.

മത്സരത്തിന്റെ പതിനാലാം മിനുട്ടിൽ ഡി ഹിയയുടെ ഒരു വലിയ പിഴവ് എവർട്ടണെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. ഡി ഹിയയുടെ അബദ്ധം മുതലെടുത്ത് കോഡി ആണ് എവർട്ടന്റെ സമനില ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ വീണ്ടും റാഷ്ഫോർഡ് വേണ്ടി വന്നു യുണൈറ്റഡിന് ലീഡ് തിരികെ നേടാൻ. ഇത്തവണ റാഷ്ഫോർഡ് സൃഷ്ടിച്ച അവസരം എവർട്ടൺ താരം കോഡി സ്വന്തം വലയിലേക്ക് എത്തിക്കുക ആയിരുന്നു. സ്കോർ 2-1. ഇതിനു ശേഷം എവർട്ടൺ ഒരു സമനില ഗോൾ നേടി എങ്കിലും വാർ പരിശോധനയിൽ അത് ഓഫ്സൈഡ് ആണെന്ന് തെളിഞ്ഞു.

മത്സരത്തിന്റെ അവസാന മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് റാഷ്ഫോർഡ് ഗോൾ നേടുക കൂടെ ചെയ്തതോടെ യുണൈറ്റഡ് വിജയം പൂർത്തിയായി. റാഷ്ഫോർഡിന്റെ ഈ സീസണിലെ പതിമൂന്നാം ഗോളായി ഇത്.

റാഷ്ഫോർഡ് ആദ്യ ഇലവനിൽ നിന്ന് പുറത്തായത് അച്ചടക്ക നടപടി

ഇന്ന് വോൾവ്സിന് എതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ മാർക്കസ് റാഷ്ഫോർഡ് ഉണ്ടായിരുന്നില്ല. അച്ചടക്ക നടപടിയായാണ് റാഷ്ഫോർഡിനെ ആദ്യ ഇലവനിൽ നിന്ന് മാറ്റിയത് എന്ന് പരിശീലകൻ ടെൻ ഹാഗ് പറഞ്ഞിരുന്നു. രണ്ടാം പകുതിയിൽ സബ്ബായി എത്തി റാഷ്ഫോർഡ് തന്നെ ആയിരുന്നു യുണൈറ്റഡിന്റെ വിജയ ഗോൾ നേടിയത്. ആദ്യ ഇലവനിൽ എത്താതിരിക്കാൻ കാരണം താൻ തന്നെയാണ് എന്ന് റാഷ്ഫോർഡ് മത്സര ശേഷം പറഞ്ഞു.

ടീം നിയമങ്ങൾ താൻ തെറ്റിച്ചു എന്ന് താരം പറഞ്ഞു. “എന്റെ തെറ്റാണ്, വ്യക്തമായും, ഇത് ടീം നിയമങ്ങളാണ്, ഇത് ആർക്കും സംഭവിക്കാവുന്ന ഒരു തെറ്റാണെന്ന് ഞാൻ കരുതുന്നു,” റാഷ്ഫോർഡ് പറഞ്ഞു. “കളിക്കാത്തതിൽ എനിക്ക് നിരാശയുണ്ട്, പക്ഷേ ഞാൻ തീരുമാനം മനസ്സിലാക്കുന്നു. എന്തായാലും കളി ജയിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ഈ തീരുമാനത്തോടെ ഈ വിഷയം അവസാനിപ്പിച്ച് മുന്നോട്ട് പോകാമെന്ന് ഞാൻ കരുതുന്നു.” അദ്ദേഹം പറഞ്ഞു.

താൻ ടീം മീറ്റിംഗിന് എത്താൻ വൈകി എന്നും. ഞാൻ അമിതമായി ഉറങ്ങിപ്പോയി എന്നും അതാണ് കാരണം എന്നും റാഷ്ഫോർഡ് പറഞ്ഞു.

റാഷ്ഫോർഡ് എംബാപ്പെയെ പോലെ എന്ന് ടെൻ ഹാഗ്

മാർകസ് റഷ്ഫോർഡ് മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ താരത്തിനെ പുകഴ്ത്തി എറിക് ടെൻ ഹാഗ്. താരത്തിന്റെ സ്ഥാനത്ത് കളിക്കുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ ലോകത്തെ തന്നെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് റഷ്ഫോർഡ് എന്ന് ടെൻ ഹാഗ് അഭിപ്രായപ്പെട്ടു. “പ്രതിരോധ നിരക്ക് പിറകിലായി നിൽക്കുന്നതാണ് താരത്തിന്റെ ശൈലി, അവിടെ റഷ്ഫഫോർഡിനേക്കാൾ മികച്ച താരങ്ങൾ ഇല്ല. അതേ സ്ഥാനത്തു തന്നെയാണ് എമ്പാപ്പെയും കളിക്കാറുള്ളത്, എന്നാൽ റഷ്ഫോർഡ് അവിടെ എത്തിയാൽ തടയുന്നത് വളരെ ബിദ്ധിമുട്ടുള്ള കാര്യമാണ്. ആ പൊസിഷൻ വിട്ടു മാറിയാൽ പോലും താരം മികച്ച പ്രകടനം പുറത്തെടുക്കാറുണ്ട്.” അദ്ദേഹം പറഞ്ഞു.

കണ്ട ആദ്യ നിമിഷം തന്നെ താരത്തിന്റെ കഴിവ് തനിക്ക് ബോധ്യപ്പെട്ടതായും ടെൻ ഹാഗ് പറഞ്ഞു. പിഎസ്ജിയിലേക്കുള്ള താരത്തിന്റെ കൂടുമാറ്റം സംബന്ധിച്ച വാർത്തകൾ ചൂണ്ടിക്കാണിപ്പോൾ റഷ്ഫോർഡ് തന്നെയാണ് ഈ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. “യുനൈറ്റഡ് തന്നെ ആണ് അദ്ദേഹത്തിന്റെ വളർച്ചക്കുള്ള ഏറ്റവും മികച്ച ടീം എന്ന് ഞങ്ങൾക്ക് കാണിച്ചു കൊടുക്കാൻ കഴിയും, ടീമിലെ സാഹചര്യം ആ തരത്തിൽ ആണ്, എന്നാൽ തീരുമാനം എടുക്കേണ്ടത് താരമാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ പിഎസ്ജി പ്രസിഡന്റ് നാസർ അൽ ഖലീഫി, റഷ്ഫോർഡിനെ ഫ്രഞ്ച് ടീം നോട്ടമിടുന്നതായുള്ള സൂചനകൾ നൽകിയിരുന്നു. താരത്തിന്റെ കരാർ ഈ സീസണോടെ അവസാനിക്കും. എന്നാൽ ഇത് ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള അവകാശം യുണൈറ്റഡിന്റെ പക്കൽ ഉണ്ട്.

റാഷ്ഫോർഡിനെ ഫ്രീ ആയി ആർക്കും നൽകില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോർഡിനെ സ്വന്തമാക്കാനുള്ള പി എസ് ജി ശ്രമങ്ങളെ യുണൈറ്റഡ് തടയും. ഈ സീസണോടെ റാഷ്ഫോർഡിന്റെ യുണൈറ്റഡിലെ കരാർ അവസാനിക്കാൻ ഇരിക്കുകയാണ്. റാഷ്ഫോർഡ് ഫ്രീ ഏജന്റായാൽ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കും എന്ന് പി എസ് ജി പ്രസിഡന്റ് അടുത്തിടെ പറഞ്ഞിരുന്നു‌. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളെ ഫ്രീ ആയി നഷ്ടപ്പെടുത്തില്ല എന്ന് പരിശീലകൻ ടെൻ ഹാഗ് ഉറപ്പ് പറഞ്ഞു.

ഈ സീസണിൽ കരാർ അവസാനിക്കുന്ന താരങ്ങളുടെ കരാർ ഒരു വർഷത്തേക്ക് കൂടാനുള്ള വ്യവസ്ഥ അവരുടെ കരാറിൽ ഉണ്ടെന്നും അതുകൊണ്ട് ഭയമില്ല എന്നും ടെൻ ഹാഗ് പറഞ്ഞു. ഇവരുടെ കരാർ ദീർഘകാലത്തേക്ക് പുതുക്കാൻ ക്ലബ് ശ്രമിക്കുന്നുണ്ട് അതിന് നടന്നില്ലാ എങ്കിൽ കരാർ നീട്ടാനുള്ള കരാർ ഓപ്ഷൻ ഉപയോഗിക്കും എന്നുൻ ടെൻ ഹാഗ് പറഞ്ഞു.

മാർക്കസ് റാഷ്ഫോർഡും ഡിയാഗോ ഡാലോട്ടും ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ പുതുക്കാൻ ശ്രമിക്കുന്ന താരങ്ങൾ.

റാഷ്ഫോർഡിനെ ഫ്രീ ആയി സ്വന്തമാക്കാൻ ശ്രമിക്കും എന്ന് പി എസ് ജി

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോർഡിനെ സ്വന്തമാക്കാൻ പി എസ് ജി ശ്രമിക്കും എന്ന് പി എസ് ജി പ്രസിഡന്റ് അൽ ഖലീഫി. റാഷ്ഫോർഡ് ഒരു അത്ഭുത താരമാണ്. അദ്ദേഹത്തെ ഫ്രീ ഏജന്റായി സ്വന്തമാക്കാൻ ആവുക എന്നത് വലിയ കാര്യമാണ്‌. എല്ലാ ക്ലബുകളും അദ്ദേഹത്തിന്റെ പിറകെ ആയിരിക്കും. ഞങ്ങളും മാറി നിൽക്കില്ല. പി എസ് ജി പ്രസിഡന്റ് പറഞ്ഞു.

മുമ്പ് തന്നെ ഞങ്ങൾ റാഷ്ഫോർഡിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഈ സമ്മറിൽ ശ്രമിക്കാം എന്നും അദ്ദേഹം ഫ്രീ ഏജന്റായാൽ അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാൻ ഞങ്ങൾക്ക് ആകും എന്നും അദ്ദേഹം പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കരാർ അവസാനിക്കാൻ പോകുന്ന റാഷ്ഫോർഡിന്റെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡും നടത്തുന്നുണ്ട്.

യുണൈറ്റഡിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന താരം ഈ സീസണിൽ ടെൻ ഹാഗിനു കീഴിൽ മികച്ച പ്രകടനം ആണ് കാഴ്ചവെക്കുന്നത്‌. ലോകകപ്പിൽ ഇംഗ്ലണ്ടിനായി ഇതിനകം മൂന്ന് ഗോളുകളും റാഷ്ഫോർഡ് നേടിയിട്ടുണ്ട്.

അയല്പക്കക്കാരെ നാണംകെടുത്തി നാട്ടിലേക്ക് അയച്ച് ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ

ഖത്തർ ലോകകപ്പിൽ നിന്ന് വെയിൽസ് പുറത്ത്. ഇംഗ്ലണ്ട് ആണ് വെയിൽസിനെ നാട്ടിലേക്ക് മടക്കിയത്. രണ്ടാം പകുതിയിൽ മാർക്കസ് റാഷ്ഫോർഫ് നേടിയ രണ്ട് ഗോളുകളുടെ ബലത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ മാർക്കസ് റാഷ്ഫോർഡിനൊപ്പം മാഞ്ചസ്റ്റർ സിറ്റി താരമായ ഫിൽ ഫോഡനും ഇന്ന് ഇംഗ്ലണ്ടിനായി ഗോൾ നേടി. ഈ വിജയം ഇംഗ്ലണ്ടിനെ ഗ്രൂപ്പ് ചാമ്പ്യന്മാരും ആക്കി.

ഇന്ന് ആദ്യ പകുതി മുതൽ ഇംഗ്ലണ്ട് തന്നെ ആയിരുന്നു മെച്ചപ്പെട്ട ടീം. എന്നാൽ ആദ്യ പകുതിയിൽ ഗോൾ മാത്രം വന്നില്ല. ആദ്യ പകുതിയിൽ മാർക്കസ് റാഷ്ഫോർഡ് രണ്ട് തവണ ഗോളിന് അടുത്ത് എത്തിയിരുന്നു. വാർഡ് റാഷ്ഫോർഡിന് തടസ്സമായി നിന്നു. 37ആം മിനുട്ടിൽ ജൂഡ് ബെല്ലിങ്ഹാമിന്റെ റണ്ണിൽ നിന്ന് വന്ന അവസരം ഫിൽ ഫോഡനും ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല.

രണ്ടാം പകുതി ഇംഗ്ലണ്ട് മെച്ചപ്പെട്ട രീതിയിൽ തുടങ്ങി. 50ആം മിനുട്ടിൽ കിട്ടിയ ഫ്രീകിക്ക് ആണ് ഇംഗ്ലണ്ടിന്റെ ആദ്യ ഗോൾ ആയത്‌. ഫ്രീകിക്ക് എടുത്ത മാർക്കസ് റാഷ്ഫോർഡ് മനോഹരമായി പന്ത് ഗോൾ വലയുടെ വലത്തേ കോർണറിൽ എത്തിച്ചു. റാഷ്ഫോർഡിന്റെ ഈ ലോകകപ്പിലെ രണ്ടാം ഗോൾ.

ഈ ഗോൾ പിറന്ന് രണ്ട് മിനുട്ട് ആകും മുമ്പ് രണ്ടാം ഗോളും ഇംഗ്ലണ്ട് നേടി. വലതു വിങ്ങിൽ മാർക്കസ് റാഷ്ഫോർഡ് ഒരു ബൗൾ വിൻ ചെയ്യുകയും ആ പന്ത് കൈക്കലാക്കി ഹാരി കെയ്ൻ ഒരു നല്ല ക്രോസ് നൽകി. ഫാർ പോസ്റ്റിൽ ഓടിയെത്തി ഫിൽ ഫോഡന്റെ ഫിനിഷിൽ സ്കോർ 2-0.

ഈ ഗോളിന് ശേഷം പല താരങ്ങളെയും പിൻവലിച്ചു. എന്നിട്ടും അവരുടെ അറ്റാക്കിന്റെ മൂർച്ച കുറഞ്ഞില്ല. 68ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്ന് പന്ത് സ്വീകരിച്ച് റാഷ്ഫോർഡ് ഒറ്റയ്ക്ക് കുതിച്ചു. പെനാൾട്ടി ബോക്സിൽ നിന്ന് തന്റെ ലെഫ്റ്റ് ഫൂട്ടിലേക്ക് കട്ബാക്ക് ചെയ്ത് റാഷ്ഫോർഡ് തൊടുത്ത ഷോട്ട് ഗോൾ കീപ്പർ കണ്ടു പോലുമില്ല. സ്കോർ 3-0. ഇംഗ്ലണ്ടിനെ ഫുട്ബോൾ ലോകകപ്പിലെ നൂറാം ഗോളായി ഇത്.

ഈ ഗോളിന് ശേഷം ഹാട്രിക്ക് നേടാം റാഷ്ഫോർഡിന് ഒരു അവസരം ലഭിച്ചു എങ്കിലും വാർഡ് ആ അവസരം തടഞ്ഞു. റാഷ്ഫോർഡ് സബ്ബായി പുറത്തു പോകുമ്പോൾ സ്റ്റേഡിയം മുഴുവൻ അദ്ദേഹത്തിനായി എഴുന്നേറ്റ് നിന്നു കയ്യടിച്ചിരുന്നു.

ഈ വിജയത്തൊടെ ഇംഗ്ലണ്ട് 7 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്തു. വെയിൽസിന് 1 പോയിന്റ് മാത്രമെ ഉള്ളൂ‌. ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ സെനഗലിനെ ആകും നേരിടുക.

എളുപ്പമായിരുന്നില്ല, റാഷ്ഫോർഡിന്റെ നൂറാം ഗോളിൽ ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു വിജയം കൂടെ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ടെൻ ഹാഗിനും ടീമിനും അത്ര എളുപ്പമായിരുന്നില്ല ഈ വിജയം.

ഇന്ന് പരിക്ക് കാരണം ചില നിർണായക മാറ്റങ്ങളുമായാണ് ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയും ഹാരി മഗ്വയറും ഇന്ന് ആദ്യ ഇലവനിൽ എത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ആദ്യ പകുതിയിൽ പന്ത് കൈവശം വെച്ചു എങ്കിലും യുണൈറ്റഡിന് നല്ല കൃത്യമായ അവസരങ്ങൾ തുടക്കത്തിൽ സൃഷ്ടിക്കാൻ ആയില്ല. മത്സരത്തിന്റെ 38ആം മിനുട്ടിൽ ആണ് യുണൈറ്റഡ് ലീഡ് എടുത്തത്. ക്രിസ്റ്റ്യൻ എറിക്സൺ വലതു വിങ്ങിൽ നിന്ന് നൽകിയ അളന്നു മുറിച്ചുള്ള ക്രോസ് റാഷ്ഫോർഡ് ഹെഡ് ചെയ്ത് വലയിൽ എത്തിച്ചു.

മാർക്കസ് റാഷ്ഫോർഡിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിനായുള്ള നൂറാം ഗോളായിരുന്നു ഇത്. രണ്ടാം പകുതിയിൽ ലീഡ് ഉയർത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് നല്ല അവസരം കിട്ടി എങ്കിലും റൊണാൾഡോ അവസരങ്ങൾ മുതലാക്കിയില്ല.

പതിയെ വെസ്റ്റ് ഹാം കളിയിലേക്ക് തിരികെ വരികയും അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. 81ആം മിനുട്ടിൽ ഡി ഹിയയുടെ രണ്ട് നല്ല സേവുകൾ യുണൈറ്റഡിന്റെ രക്ഷയ്ക്ക് എത്തി. 87ആം മിനുട്ടിൽ മറുവശത്ത് ഫ്രെഡിന്റെ ഒരു ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങുന്നതും കാണാൻ ആയി.

അവസാന നിമിഷങ്ങളിൽ മഗ്വയറിന്റെ റാഷ്ഫോർഡിന്റെയും അത്ഭുത സേവുകൾ കൂടെ യുണൈറ്റഡിന് ജയിക്കാൻ വേണ്ടി വന്നു.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസിയെ മറികടന്ന അഞ്ചാം സ്ഥാനത്തേക്ക് എത്തി.

“റാഷ്ഫോർഡിൽ നിന്ന് ഇനിയും വലിയ പ്രകടനങ്ങൾ വരും” – ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നലെ ആഴ്സണലിനെ തോൽപ്പിച്ചപ്പോൾ ഒരു അസിസ്റ്റും രണ്ട് ഗോളും നേടിയ മാർക്കസ് റാഷ്ഫോർഡിനെ പ്രശംസിച്ച് പരിശീലകൻ എറിക് ടെൻ ഹാഗ്. റാഷ്ഫോർഡ് ഇനിയും മെച്ചപ്പെടും എന്നും ഇതിനേക്കാൾ നല്ല പ്രകടനങ്ങൾ റാഷ്ഫോർഡിൽ നിന്ന് വരും എന്നുൻ ടെൻ ഹാഗ് പറഞ്ഞു.

മാർക്കസ് പ്രെസിംഗ് ഗെയിം കളിച്ചു, ഒരു സ്‌ട്രൈക്കർ എന്ന നിലയിൽ ഞങ്ങൾ അവനെ ഒരു ടാർഗെറ്റ് ആയി നിക്കാനും ലിങ്കപ്പ് ചെയ്യാനും പ്രസ് ചെയ്യാനും ബോക്സിൽ ഉണ്ടാകാനും ആണ് നിർദ്ദേശിച്ചത് .ഒപ്പം ഗോൾ നേടാനും. അതെല്ലാം റാഷ്ഫോർഡ് നന്നായി ചെയ്തു. ഇനിയും റാഷ്ഫോർഡ് മെച്ചപ്പെടും എന്ന് പ്രതീക്ഷിക്കുന്നു എന്നും ടെൻ ഹാഗ് പറഞ്ഞു.

അദ്ദേഹത്തിന്റെ പ്രകടനത്തിൽ ഞാൻ ശരിക്കും സന്തുഷ്ടനാണ്, ഇത് അദ്ദേഹത്തിന്റെ വളർച്ച കാണിക്കുന്നു. റാഷ്ഫോർഡിന് മികച്ച കഴിവുകളുണ്ട്, ടീമിൽ റാഷ്ഫോർഡ് ഉള്ളതിൽ ഞാൻ സന്തുഷ്ടനാണ്. കോച്ച് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റാഷ്ഫോർഡിനായി പി എസ് ജിയുടെ ശ്രമം

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോർഡിനെ സ്വന്തമാക്കാൻ പി എസ് ജി ശ്രമിക്കുന്നതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏറെ കാലമായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിൽ പി എസ് ജിക്ക് താല്പര്യമുണ്ട്. എന്നാൽ ഇപ്പോൾ താരത്തെ വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉദ്ദേശിക്കുന്നില്ല. പി എസ് ജി മാഞ്ചസ്റ്റർ യുണൈറ്റഡുമായി താരത്തിനായി ചർച്ച ചെയ്തു എങ്കിലും പി എസ് ജി ബിഡുമായി മാഞ്ചസ്റ്റർ യുണൈറ്റഡിനെ ബന്ധപ്പെടില്ല എന്ന് സ്കൈസ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അവസാന രണ്ടു സീസണുകളായി നല്ല ഫോമിൽ അല്ല എങ്കിലും റാഷ്ഫോർഡിൽ പി എസ് ജിക്ക് വലിയ പ്രതീക്ഷ ഉണ്ട്. എമ്പപ്പെയും റാഷ്ഫോർഡും ക്ലബിന്റെ ഭാവി ആയി മാറും എന്നും പി എസ് ജി കരുതുന്നു. ഈ സീസണിൽ പി എസ് ജിയിൽ നിന്ന് റാഷ്ഫോർഡിനായി കൂടുതൽ ശ്രമങ്ങൾ ഉണ്ടാകില്ല എങ്കിലും വരും സീസണിൽ വീണ്ടും താരത്തിനായി പി എസ് ജി രംഗത്ത് ഉണ്ടാകും എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ റാഷ്ഫോർഡ് യുണൈറ്റഡിൽ പുതിയ കരാർ നേടാൻ ആയി ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ അഭ്യൂഹങ്ങൾ എന്ന് ഒരു വിഭാഗം മാധ്യമ പ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നു.

Story Highlight: PSG are interested in signing Marcus Rashford and have already started discussions with his camp.

യൂറോപ്പ ലീഗ് ഫൈനലിലെ തോൽവിക്ക് പിന്നാലെ റാഷ്‌ഫോർഡിനെതിരെ വംശീയാധിക്ഷേപം

യൂറോപ്പ ലീഗ് ഫൈനലിൽ വില്ലറയലിനോട് പെനാൽറ്റി ഷൂട്ട് ഔട്ടിൽ പരാജയപെട്ടതിന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റാഷ്‌ഫോർഡിനെതിരെ വംശീയാധിക്ഷേപം. തന്റെ സോഷ്യൽ മീഡിയയിൽ കൂടി 70ൽ പരം പേരാണ് തന്നെ വംശീയമായി അധിക്ഷേപിച്ചതെന്ന് താരം വെളിപ്പെടുത്തി. ട്വിറ്ററിലൂടെയാണ് തനിക്ക് വംശീയാധിക്ഷേപം നേരിട്ട കാര്യം റാഷ്‌ഫോർഡ് വെളിപ്പെടുത്തിയത്.

യൂറോപ്പ ലീഗ് ഫൈനലിൽ മുഴുവൻ സമയവും കളിച്ച റാഷ്‌ഫോർഡ് മത്സരത്തിന്റെ രണ്ടാം പകുതിയിൽ തനിക്ക് ലഭിച്ച സുവർണ്ണാവസരം നഷ്ട്ടപെടുത്തുകയും ചെയ്തിരുന്നു. റാഷ്‌ഫോർഡിനെ കൂടാതെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ പല താരങ്ങൾക്കും വംശീയാധിക്ഷേപം നേരിട്ടിട്ടുണ്ടെന്ന് ക്ലബ് വ്യക്തമാക്കിയിരുന്നു. എന്നാൽ മറ്റു താരങ്ങളുടെ പേരു വിവരങ്ങൾ ക്ലബ് പുറത്തുവിട്ടിട്ടില്ല. പെനാൽറ്റി ഷൂട്ട്ഔട്ടിലേക്ക് നീണ്ട മത്സരത്തിൽ 11-10 എന്ന നിലയിൽ ജയിച്ചാണ് വില്ലറയൽ തങ്ങളുടെ ആദ്യ യൂറോപ്യൻ കിരീടം സ്വന്തമാക്കിയത്.

റാഷ്ഫോഡും പരിക്കേറ്റ് പുറത്ത്, യുണൈറ്റഡിൽ സ്‌ട്രൈക്കർ പ്രതിസന്ധി

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ മാർകസ് റാഷ്ഫോഡ് ഏതാനും ദിവസത്തേക്ക് പരിക്കേറ്റ് പുരത്തിരിക്കുമെന്ന് സ്ഥിതീകരിച് യുണൈറ്റഡ് പരിശീലകൻ സോൾശ്യാർ. യുണൈറ്റഡിന്റെ വെസ്റ്റ് ഹാമിന് എതിരായ തോൽവിക്ക് ശേഷമാണ് യുണൈറ്റഡ് പരിശീലകൻ കുറച്ച് ദിവസങ്ങൾക്ക് താരത്തിന്റെ സേവനം ടീമിന് ലഭിക്കില്ല എന്ന് ഉറപ്പിച്ചത്. ഗ്രോയിൻ ഇഞ്ചുറിയേറ്റ താരം മത്സരത്തിനിടയിൽ പിന്മാറുകയായിരുന്നു.

ലുക്കാക്കു ഇന്ററിലേക്ക് പോയതോടെ റാഷ്ഫോഡ്, മാര്‍ഷ്യല്‍ എന്നിവരെയാണ് സോൾശ്യാർ സ്‌ട്രൈക്കർ റോളിൽ കളിപ്പിക്കാൻ തീരുമാനിച്ചത്. പക്ഷെ നിലവിൽ ആന്റണി മാര്‍ഷ്യലും പരിക്കേറ്റ് പുറത്താണ്. ഇതോടെ അടുത്ത മത്സരങ്ങളിൽ സ്‌ട്രൈക്കർ റോളിൽ ആര് കളിക്കും എന്നത് യുണൈറ്റഡ് പരിശീലകന് വൻ തലവേദനയാകും. വെസ്റ്റ് ഹാമിനെതിരെ റാഷ്ഫോഡ് പിന്മാറിയ ശേഷം ലിംഗാർഡിനെ സ്‌ട്രൈക്കർ റോളിൽ കളിപ്പിച്ചാണ് യുണൈറ്റഡ് മത്സരം പൂർത്തിയാക്കിയത്. പക്ഷെ ഗോൾ സ്കോറിങ് റെക്കോർഡ് തീർത്തും ദുർബലമായ ലിംഗാർഡിനെ ആശ്രയിച്ചാൽ അത് വിപരീത ഫലം ഉണ്ടാക്കാനാണ് സാധ്യത.

മാര്‍ഷ്യല്‍ പരിക്ക് മാറി ആഴ്സണലിന് എതിരായ അടുത്ത മത്സരത്തിന് മുൻപ് എത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ. പക്ഷെ പരിക്ക് മാറി എത്തിയ താരത്തെ നേരെ ആദ്യ ഇലവനിലേക്ക് ഉൾപ്പെടുത്തുക എന്നതും യുണൈറ്റഡ് പരിശീലകൻ നേരിടുന്ന വെല്ലുവിളിയാണ്.

Exit mobile version