Picsart 22 10 30 23 32 11 410

എളുപ്പമായിരുന്നില്ല, റാഷ്ഫോർഡിന്റെ നൂറാം ഗോളിൽ ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു വിജയം കൂടെ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ടെൻ ഹാഗിനും ടീമിനും അത്ര എളുപ്പമായിരുന്നില്ല ഈ വിജയം.

ഇന്ന് പരിക്ക് കാരണം ചില നിർണായക മാറ്റങ്ങളുമായാണ് ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയും ഹാരി മഗ്വയറും ഇന്ന് ആദ്യ ഇലവനിൽ എത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ആദ്യ പകുതിയിൽ പന്ത് കൈവശം വെച്ചു എങ്കിലും യുണൈറ്റഡിന് നല്ല കൃത്യമായ അവസരങ്ങൾ തുടക്കത്തിൽ സൃഷ്ടിക്കാൻ ആയില്ല. മത്സരത്തിന്റെ 38ആം മിനുട്ടിൽ ആണ് യുണൈറ്റഡ് ലീഡ് എടുത്തത്. ക്രിസ്റ്റ്യൻ എറിക്സൺ വലതു വിങ്ങിൽ നിന്ന് നൽകിയ അളന്നു മുറിച്ചുള്ള ക്രോസ് റാഷ്ഫോർഡ് ഹെഡ് ചെയ്ത് വലയിൽ എത്തിച്ചു.

മാർക്കസ് റാഷ്ഫോർഡിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിനായുള്ള നൂറാം ഗോളായിരുന്നു ഇത്. രണ്ടാം പകുതിയിൽ ലീഡ് ഉയർത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് നല്ല അവസരം കിട്ടി എങ്കിലും റൊണാൾഡോ അവസരങ്ങൾ മുതലാക്കിയില്ല.

പതിയെ വെസ്റ്റ് ഹാം കളിയിലേക്ക് തിരികെ വരികയും അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. 81ആം മിനുട്ടിൽ ഡി ഹിയയുടെ രണ്ട് നല്ല സേവുകൾ യുണൈറ്റഡിന്റെ രക്ഷയ്ക്ക് എത്തി. 87ആം മിനുട്ടിൽ മറുവശത്ത് ഫ്രെഡിന്റെ ഒരു ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങുന്നതും കാണാൻ ആയി.

അവസാന നിമിഷങ്ങളിൽ മഗ്വയറിന്റെ റാഷ്ഫോർഡിന്റെയും അത്ഭുത സേവുകൾ കൂടെ യുണൈറ്റഡിന് ജയിക്കാൻ വേണ്ടി വന്നു.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസിയെ മറികടന്ന അഞ്ചാം സ്ഥാനത്തേക്ക് എത്തി.

Exit mobile version