Picsart 23 01 07 03 13 53 933

റാഷ്ഫോർഡ് ഫയറാണ്!! മാഞ്ചസ്റ്റർ യുണൈറ്റഡിന് എഫ് എ കപ്പിലും വിജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഫോം എഫ് എ കപ്പിലും തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് എഫ് എ കപ്പിൽ ഓൾഡ് ട്രാഫോർഡിൽ വെച്ച് എവർട്ടണെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. രണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോളും സൃഷ്ടിച്ച് റാഷ്ഫോർഡ് ഒരു ഗോൾ നേടുക കൂടെ ചെയ്ത് ഇന്ന് യുണൈറ്റഡിന്റെ മികച്ച താരമായി.

അവസാന കുറച്ച് കാലമായി അത്ഭുതകരമായ ഫുട്ബോൾ കളിക്കുന്ന റാഷ്ഫോർഡ് ഇന്ന് മത്സരം ആരംഭിച്ച് നാലാം മിനുട്ടിൽ തന്നെ യുണൈറ്റഡിന്റെ ആദ്യ ഗോൾ ഒരുക്കി. റാഷ്ഫോർഡ് സൃഷ്ടിച്ച അവസരം ഒരു ഡൈവിങ് ഫിനിഷിലൂടെ ആന്റണി ആണ് ലക്ഷ്യത്തിൽ എത്തിച്ചത്‌. ആന്റണിയുടെ യുണൈറ്റഡ് കരിയറിലെ നാലാം ഗോളായി ഇത്.

മത്സരത്തിന്റെ പതിനാലാം മിനുട്ടിൽ ഡി ഹിയയുടെ ഒരു വലിയ പിഴവ് എവർട്ടണെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. ഡി ഹിയയുടെ അബദ്ധം മുതലെടുത്ത് കോഡി ആണ് എവർട്ടന്റെ സമനില ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ വീണ്ടും റാഷ്ഫോർഡ് വേണ്ടി വന്നു യുണൈറ്റഡിന് ലീഡ് തിരികെ നേടാൻ. ഇത്തവണ റാഷ്ഫോർഡ് സൃഷ്ടിച്ച അവസരം എവർട്ടൺ താരം കോഡി സ്വന്തം വലയിലേക്ക് എത്തിക്കുക ആയിരുന്നു. സ്കോർ 2-1. ഇതിനു ശേഷം എവർട്ടൺ ഒരു സമനില ഗോൾ നേടി എങ്കിലും വാർ പരിശോധനയിൽ അത് ഓഫ്സൈഡ് ആണെന്ന് തെളിഞ്ഞു.

മത്സരത്തിന്റെ അവസാന മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് റാഷ്ഫോർഡ് ഗോൾ നേടുക കൂടെ ചെയ്തതോടെ യുണൈറ്റഡ് വിജയം പൂർത്തിയായി. റാഷ്ഫോർഡിന്റെ ഈ സീസണിലെ പതിമൂന്നാം ഗോളായി ഇത്.

Exit mobile version