പി എസ് ജിയിൽ അത്ഭുതങ്ങൾ കാണിച്ച ലൂയിസ് എൻറിക്വെ മികച്ച പരിശീലകൻ

പാരിസ്: ചരിത്രവിജയത്തിലേക്ക് പി എസ് ജിയെ നയിച്ച ലൂയിസ് എൻറിക്വെ ജോഹാൻ ക്രൈഫ് ട്രോഫി
സ്വന്തമാക്കി. പാരീസിൽ നടന്ന ബാലൺ ഡി ഓർ ചടങ്ങിലാണ് യൂറോപ്യൻ ഫുട്ബോളിലെ മികച്ച പരിശീലകനുള്ള ഈ അഭിമാനകരമായ പുരസ്കാരം എൻറിക്വെക്ക് ലഭിച്ചത്.


മെസ്സി, നെയ്മർ, എംബാപ്പെ തുടങ്ങിയ സൂപ്പർ താരങ്ങൾ ക്ലബ്ബ് വിട്ടതിനു ശേഷം യുവനിരയെ അണിനിരത്തി പുതിയൊരു ടീമിനെ വാർത്തെടുത്ത എൻറിക്വെ, പി.എസ്.ജിക്ക് ചരിത്രപരമായ നേട്ടങ്ങളാണ് സമ്മാനിച്ചത്. ലൂയിസ് എൻറിക്വെയുടെ തന്ത്രപരമായ മികവും പ്രചോദനശേഷിയും ടീമിനെ അവിശ്വസനീയമായ വിജയങ്ങളിലേക്ക് നയിച്ചു.


അദ്ദേഹത്തിന്റെ കീഴിൽ പി.എസ്.ജി ഫ്രഞ്ച് ലീഗ് 1, കൂപ്പെ ഡി ഫ്രാൻസ്, യുവേഫ ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ് എന്നിവ സ്വന്തമാക്കി. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്റർ മിലാനെ 5-0ന് തകർത്തത് പി.എസ്.ജിയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു. ക്ലബ് ലോകകപ്പിൽ റണ്ണേഴ്സ് അപ്പ് ആയെങ്കിലും, ഈ സീസൺ ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ കോണ്ടിനെന്റൽ ട്രെബിൾ നേട്ടമായി അടയാളപ്പെടുത്തി. ഈ ഐതിഹാസിക പ്രകടനത്തിനാണ് ലൂയിസ് എൻറിക്വെ ഈ പുരസ്കാരത്തിന് അർഹനായത്.

പിഎസ്ജി എല്ലാ ലക്ഷ്യങ്ങളും സ്വന്തമാക്കി എന്ന് ലൂയിസ് എൻറിക്വെ



ഇന്റർ മിലാനെതിരെ നേടിയ തകർപ്പൻ 5-0 വിജയത്തിലൂടെ പിഎസ്ജി അവരുടെ കന്നി യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ഉറപ്പിച്ചതിന് പിന്നാലെ, ക്ലബ് ഒടുവിൽ തങ്ങളുടെ ദീർഘകാല അഭിലാഷങ്ങൾ എല്ലാം പൂർത്തീകരിച്ചെന്ന് മാനേജർ ലൂയിസ് എൻറിക്വെ പ്രഖ്യാപിച്ചു.



“പിഎസ്ജി ക്യാമ്പിലെ എന്റെ ആദ്യ ദിവസം, ഇന്നത്തേക്കാൾ മോശമായിരുന്നു അന്ന് എന്റെ ഫ്രഞ്ച്. പക്ഷേ ഒരു പരിശീലകൻ എന്ന നിലയിൽ എന്റെ പരമമായ ലക്ഷ്യം ട്രോഫി കാബിനറ്റ് നിറയ്ക്കുക എന്നതായിരുന്നു എന്ന് ഞാൻ അന്ന് പറഞ്ഞു,” എൻറിക്വെ പറഞ്ഞു.

“ചാമ്പ്യൻസ് ലീഗ് മാത്രമായിരുന്നു ഞങ്ങൾക്ക് നേടാൻ ആകാതിരുന്നത്. ഞങ്ങൾ ആ ലക്ഷ്യം പൂർത്തീകരിച്ചു. ഞങ്ങൾ ലക്ഷ്യബോധമുള്ളവരായിരുന്നു, ഞങ്ങൾ അത് നേടി.” അദ്ദേഹം പറഞ്ഞു.


എനിക്ക് ലോകത്തെ ഏറ്റവും മികച്ച സ്ക്വാഡാണ് ഉള്ളത് എന്ന് ലൂയി എൻറിക്വെ


ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ പ്രവേശിച്ചതിന് ശേഷം ലൂയിസ് എൻറിക്വെ പിഎസ്ജി ടീമിനെ ‘ലോകത്തിലെ ഏറ്റവും മികച്ച സ്ക്വാഡ്’ എന്ന് വിശേഷിപ്പിച്ചു. രണ്ടാം പാദത്തിൽ ആസ്റ്റൺ വില്ലയോട് 3-2 ന് തോറ്റെങ്കിലും, മൊത്തം 5-4 എന്ന അഗ്രിഗേറ്റ് സ്കോറോടെ പിഎസ്ജി മുന്നേറി. ഗോൾകീപ്പർ ജിയാൻലൂയിജി ഡോണറമ്മയുടെ രണ്ടാം പകുതിയിലെ മികച്ച പ്രകടനമാണ് ഇതിന് പ്രധാനമായും സഹായിച്ചത്.


ആമസോൺ പ്രൈമിനോട് സംസാരിക്കവെ എൻറിക്വെ, തന്റെ ഗോൾകീപ്പറെ മാത്രമല്ല, പിഎസ്ജി ടീമിന്റെ മൊത്തത്തിലുള്ള സ്ക്വാഡ് ഡെപ്തിനെയും ഗുണമേന്മയെയും പ്രശംസിച്ചു. “പിഎസ്ജി പോലുള്ള ഒരു ക്ലബ്ബിൽ നിങ്ങൾ കളിക്കുമ്പോൾ, നിങ്ങൾക്ക് ധാരാളം മികച്ച കളിക്കാർ ഉണ്ടാകും. രണ്ട് മത്സരങ്ങളിലും ഞങ്ങൾ വിജയിക്കാൻ അർഹത നേടി എന്ന് ഞാൻ കരുതുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.

ഇംഗ്ലീഷ് ടീമിന്റെ പോരാട്ടവീര്യത്തെ എൻറിക്വെ അംഗീകരിച്ചു. “അവർക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലായിരുന്നു. രണ്ടാം പകുതിയിൽ ആസ്റ്റൺ വില്ല വളരെ തീവ്രതയോടെ കളിച്ചു,” അദ്ദേഹം പറഞ്ഞു.

ലിവർപൂളിനെതിരായ വിജയം ഒരു തുടക്കം മാത്രമാണ് എന്ന് ലൂയിസ് എൻറികെ

ആൻഫീൽഡിൽ പാരീസ് സെന്റ്-ജെർമെയ്ൻ ഇന്നലെ ചരിത്രപരമായ ഒരു തിരിച്ചുവരവാണ് നടത്തിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ലിവർപൂളിനെ പരാജയപ്പെടുത്തി യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ അവർ സ്ഥാനം ഉറപ്പിച്ചു.

മത്സരത്തിന് ശേഷം കനാൽ പ്ലസിനോട് സംസാരിച്ച പി‌എസ്‌ജി മാനേജർ ലൂയിസ് എൻറിക് ഈ വിജയം ഒരു തുടക്കം മാത്രമാണെന്ന് ഊന്നിപ്പറഞ്ഞു. “ഞങ്ങൾ ഒരു യഥാർത്ഥ ടീമാണെന്ന് കാണിച്ചു തന്നു. ഈ ടീം അതിന്റെ പരമാവധിയിലാണോ? ഇല്ല. ഇത് ഒരു തുടക്കം മാത്രമാണ്. ഏറ്റവുൻ മികച്ചതാവുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” അദ്ദേഹം പറഞ്ഞു.

“ഇന്ന് വളരെ ബുദ്ധിമുട്ടുള്ള ഒരു മത്സരമായിരുന്നു. ലിവർപൂൾ വളരെ മികച്ച ഒരു ടീമാണ്, പക്ഷേ ഞങ്ങളുടെ മാനസികാവസ്ഥയും വ്യക്തിത്വവും – പ്രത്യേകിച്ച് ജിജിയോയുടെ പ്രകടനം – ഞങ്ങളെ വിജയിക്കാൻ സഹായിച്ചു.” – എൻറികെ പറഞ്ഞു.

ലൂയിസ് എൻറിക്വയുടെ കരാർ പി എസ് ജി പുതുക്കി

പാരീസ് സെന്റ്-ജെർമെയ്ൻ മുഖ്യ പരിശീലകനായ ലൂയിസ് എൻറിക്വയുടെ കരാർ 2027 ജൂൺ വരെ നീട്ടിയതായി ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാനേജർക്കൊപ്പം, ഹക്കിമി, വിറ്റിൻഹ, നുനോ മെൻഡസ് എന്നിവരുൾപ്പെടെയുള്ള പ്രധാന കളിക്കാരും ദീർഘകാല കരാറുകൾ ഒപ്പുവെച്ചു. ഇവരെല്ലാം 2029 വരെ പിഎസ്ജിയിൽ തുടരും. യുവതാരം യോറം സാഗും തന്റെ കരാർ 2028 വരെയും നീട്ടിയിട്ടുണ്ട്.

കൂടാതെ, അക്കാദമി കളിക്കാരായ ഇബ്രാഹിം എംബയേ, നൗഫൽ എൽ ഹന്നാച്ച് എന്നിവർ 2027 വരെ നീണ്ടുനിൽക്കുന്ന അവരുടെ ആദ്യത്തെ പ്രൊഫഷണൽ കരാറുകളിൽ ഒപ്പുവച്ചതായും ക്ലബ് അറിയിച്ചു.

പി എസ് ജിയുടെ ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങൾ ഇനി ലൂയി എൻറികെയുടെ കൈകളിൽ!!

ഒടുവിൽ പി എസ് ജിക്ക് പുതിയ പരിശീലകൻ. ലൂയിസ് എൻറിക്വെയെ പി എസ് ജി പരിശീലകനായി നിയമിച്ചതായി ഔദ്യോഗികമായി അറിയിച്ചു. രണ്ടു വർഷത്തെ കരാറാണ് ലൂയി എൻറികെ ഒപ്പുവെച്ചത്. മുൻ പരിശീലകൻ ഗാൾട്ടിയർ ക്ലബ് വിട്ടതായി പി എസ് ജി ഇന്ന് ഔദ്യോഗികമായി അറിയിച്ചിരുന്നു.

നേരത്തെ നാഗെൽസ്മാൻ, ജോസെ, എന്ന് തുടങ്ങി നിരവധി പരിശീലകരുമായി പി എസ് ജി ചർച്ചകൾ നടത്തിയിരുന്നു‌. അവസാനമാണ് അവർ എൻറികെയിൽ എത്തിയത്. സ്പെയിൻ ദേശീയ ടീം പരിശീലകനായാണ് അവസാനം എൻറികെ പ്രവർത്തിച്ചത്. മുമ്പ് ബാഴ്സലോണയെയും പരിശീലിപ്പിച്ചിട്ടുണ്ട്. ബാഴ്സലോണ പരിശീലകനായിരിക്കെ ചാമ്പ്യൻസ് ലീഗ് അടക്കം ഒമ്പത് കിരീടങ്ങൾ എൻറികെ നേടിയിട്ടുണ്ട്.

അവസാന കുറച്ച് വർഷങ്ങളായി സൂപ്പർ താരങ്ങളെയും പരിശീലകരെയും എല്ലാം എത്തിച്ചിട്ടുൻ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് എത്താൻ ആവാതിരുന്ന പി എസ് ജി ലൂയി എൻറികെയുടെ വരവോടെ ആ കാത്തിരിപ്പിന് അവസാനമാകുമെന്ന ശുഭപ്രതീക്ഷയിലാണ്‌.

ലൂയി എൻറികെ പി എസ് ജിയുടെ പരിശീലകനാകും

ഒടുവിൽ പി എസ് ജിക്ക് പുതിയ പരിശീലകൻ. ലൂയിസ് എൻറിക്വെ ആകും പി എസ് ജി പരിശീലകനായി എത്തുന്നത്. പി എസ് ജിയും ലൂചയുമായി കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. രണ്ടു വർഷത്തെ കരാറാകും ലൂയി എൻറികെ ഒപ്പുവെക്കുക. ഗാൾട്ടിയർ ക്ലബ് വിടുന്നതിനു പിന്നാലെ എൻറികെയുടെ വരവ് പി എസ് ജി പ്രഖ്യാപിക്കും.

നേരത്തെ നാഗെൽസ്മാൻ, ജോസെ, എന്ന് തുടങ്ങി നിരവധി പരിശീലകരുമായി പി എസ് ജി ചർച്ചകൾ നടത്തിയിരുന്നു‌. അവസാനമാണ് അവർ എൻറികെയിൽ എത്തിയത്. സ്പെയിൻ ദേശീയ ടീം പരിശീലകനായാണ് അവസാനം എൻറികെ പ്രവർത്തിച്ചത്. മുമ്പ് ബാഴ്സലോണയെയും പരിശീലിപ്പിച്ചിട്ടുണ്ട്. ബാഴ്സലോണ പരിശീലകനായിരിക്കെ ചാമ്പ്യൻസ് ലീഗ് അടക്കം ഒമ്പത് കിരീടങ്ങൾ എൻറികെ നേടിയിട്ടുണ്ട്.

എൻറികെയും ചിത്രത്തിൽ നിന്ന് പുറത്ത്, ചെൽസി പരിശീലകനാകാൻ പോചടീനോ തന്നെ മുന്നിൽ

മുൻ സ്പെയിൻ നാഷണൽ ടീം മാനേജർ ലൂയിസ് എൻറികെയും ചെൽസിയും തമ്മിലുള്ള ചർച്ചകളും അവസാനിച്ചു. നഗൽസ്മാനും നേരത്തെ ചെൽസിയുമായുള്ള ചർച്ചകൾ അവസാനിപ്പിച്ചിരുന്നു. ഇതോടെ ഇപ്പോൾ ചെൽസി പരിശീലകനായി പോചടീനോ എത്താനുള്ള സാധ്യതകൾ വർധിച്ചു. പോചടീനോയുമായുള്ള ചർച്ചകൾ ചെൽസി തുടരുകയാണ് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

പ്രീമിയർ ലീഗിൽ പരിശീലിപ്പിക്കാൻ വലിയ ആഗ്രഹം ഉണ്ടായിരുന്ന ലൂയിസ് എൻറികെ ചെൽസിയിൽ ഈ സീസണിൽ തന്നെ ചുമതലയേൽക്കാൻ തയ്യാറായിരുന്നു. എന്നാൽ ചെൽസി മാനേജ്മെന്റും എൻറികെയും ആയി കരാർ ധാരണയിൽ ആയില്ല. എൻറികെ അടുത്ത് തന്നെ ക്ലബ് ഫുട്ബോളിൽ തിരികെയെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ചെൽസിയും ലൂയിസ് എൻറികെയുമായി ചർച്ചകൾ

മുൻ സ്പെയിൻ നാഷണൽ ടീം മാനേജർ ലൂയിസ് എൻറികെ പ്രീമിയർ ലീഗിൽ പരിശീലിപ്പിക്കാനുള്ള ആഗ്രഹം അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ലൂയിസ് എൻറികെ ചെൽസിയുമായി ചർച്ചകൾ നടത്താനായി ഇംഗ്ലണ്ടിൽ എത്തിയിരിക്കുകയാണ്‌. എൻറികെയുമായി മാത്രമല്ല നാഗൽസ്മാനുമായും ചെൽസി ചർച്ചകൾ നടത്തുന്നുണ്ട്. പോട്ടറിനെ പുറത്താക്കിയ ചെൽസി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിനു മുമ്പ് പുതിയ പരിശീലകനെ എത്തിക്കാൻ ആണ് ശ്രമിക്കുന്നത്.

തനിക്ക് ഇഷ്ടപ്പെടുന്ന ഒരു “രസകരമായ പ്രോജക്റ്റ്” ആരെങ്കിലും അവതരിപ്പിച്ചാൽ താൻ ഇംഗ്ലണ്ടിലേക്ക് മാറുന്ന കാര്യം പരിഗണിക്കും എന്ന് എൻറികെ പറഞ്ഞിരുന്നു. 2022 ലെ ഖത്തർ ലോകകപ്പിൽ ടീമിന്റെ നിരാശാജനകമായ പ്രകടനത്തെ തുടർന്ന് എൻറിക് സ്പെയിൻ മാനേജർ സ്ഥാനം വിട്ടിരുന്നു. നിരവധി ദേശീയ ടീമുകളിൽ നിന്ന് അദ്ദേഹത്തിന് ഓഫറുകൾ ലഭിച്ചെങ്കിലും തന്റെ അടുത്ത നീക്കത്തെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മുമ്പ് ബാഴ്സലോണയെ പരിശീലിപ്പിച്ച് കിരീടങ്ങൾ നേടിയിട്ടുള്ള പരിശീലകനാണ് എൻറികെ.

ഒരു പ്രീമിയർ ലീഗ് ക്ലബിനെ പരിശീലിപ്പിക്കാൻ ആഗ്രഹം ഉണ്ട് എന്ന് ലൂയി എൻറികെ

മുൻ സ്പെയിൻ നാഷണൽ ടീം മാനേജർ ലൂയിസ് എൻറികെ പ്രീമിയർ ലീഗിൽ പരിശീലിപ്പിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി. തനിക്ക് ഇഷ്ടപ്പെടുന്ന ഒരു “രസകരമായ പ്രോജക്റ്റ്” ആരെങ്കിലും അവതരിപ്പിച്ചാൽ താൻ ഇംഗ്ലണ്ടിലേക്ക് മാറുന്ന കാര്യം പരിഗണിക്കും എന്ന് പ്രസ്താവിച്ചു.

പ്രീമിയർ ലീഗിൽ ഒരു കൈ നോക്കാൻ ഞാൻ ആഗ്രഹിക്കുന്നു, എൻറിക്വെ പറഞ്ഞു. “എന്നാൽ ഞാൻ രസകരമായ ഒരു പ്രോജക്റ്റ് മാത്രമേ സ്വീകരിക്കുകയുള്ളൂ. എനിക്ക് വലിയതും പ്രധാനപ്പെട്ടതുമായ കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന ഒരു ക്ലബ്ബിൽ മാത്രമേ ഞാൻ ചേരൂ.”

2022 ലെ ഖത്തർ ലോകകപ്പിൽ ടീമിന്റെ നിരാശാജനകമായ പ്രകടനത്തെ തുടർന്ന് എൻറിക് സ്പെയിൻ മാനേജർ സ്ഥാനം വിട്ടിരുന്നു. നിരവധി ദേശീയ ടീമുകളിൽ നിന്ന് അദ്ദേഹത്തിന് ഓഫറുകൾ ലഭിച്ചെങ്കിലും തന്റെ അടുത്ത നീക്കത്തെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

ക്ലബ്ബ് ഫുട്ബോളിലേക്ക് മടങ്ങി എത്തണം എന്ന് ലൂയിസ് എൻറിക്വെ

വീണ്ടും ക്ലബ്ബ് ഫുട്ബോളിലേക്ക് മടങ്ങി എത്താനുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തി ലൂയിസ് എൻറിക്വെ. ഒരു ട്വിച്ച് സ്‌ട്രീമിൽ അഭിമുഖം നൽകവേയാണ് മുൻ സ്പാനിഷ് കോച്ച് തന്റെ ഭാവി എന്താകും എന്ന സൂചന നൽകിയത്. കഴിഞ്ഞ വർഷം തന്നെ എൻറിക്വെയെ പല ക്ലബ്ബുകളും സമീപിച്ചിരുന്നതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. “ഇനിയും പരിശീലിപ്പിക്കുന്നത് തുടരണം എന്നാണ് ആഗ്രഹം. ദേശിയ ടീം ഒരു സ്വപ്നമായിരുന്നു. ഇപ്പോൾ ഒരു ക്ലബ്ബിന്റെ ചുമതല ഏറ്റെടുക്കാനുള്ള ആഗ്രഹമാണ് ഉള്ളിലുള്ളത്. അതിന് വേണ്ടി അടുത്ത സീസൺ വരെ കാത്തിരിക്കും.” എൻറിക്വെ പറഞ്ഞു.

കഴിഞ്ഞ വർഷം യൂറോപ്യൻ ചാമ്പ്യൻഷിപ്പ് കഴിഞ്ഞപ്പോൾ തന്നെ വീണ്ടും കരാർ പുതുക്കാൻ സ്പാനിഷ് ഫുട്ബാൾ ഫെഡറേഷൻ സമീപിച്ചിരുന്നു എന്നും താൻ നിരാകരിക്കുകയാണ് ഉണ്ടായത് എന്നും എൻറിക്വെ പറഞ്ഞു. “പിന്നീട് ലോകകപ്പ് കഴിഞ്ഞതോടെ പുതിയ കോച്ച് വരാൻ ആയിരുന്നു അവർക്കും താൽപര്യം”, അദ്ദേഹം തുടർന്നു, “ആ തീരുമാനത്തിൽ താനും സന്തോഷവാനാണ്. അവസാന നാല് വർഷത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ വളരെ സംതൃപ്തനാണ്. ദേശിയ ടീമിലേക്ക് വീണ്ടും ആവേശം കൊണ്ടു വരാൻ സാധിച്ചു”.

ടീം സെലെക്ഷനിലെ വിമർശങ്ങൾക്ക് താൻ ചെവി കൊടുക്കുന്നില്ല എന്നും പുതിയ കോച്ചിനും ഇതേ പ്രശ്നം നേരിടേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പാബ്ലോ സറാബിയക്ക് കൂടുതൽ സമയം അനുവദിക്കാത്തതാണ് മൊറോക്കോക്കെതിരെ സംഭവിച്ച ഒരു പിഴവ് എന്നും എൻറിക്വെ വിലയിരുത്തി.

സ്പെയിൻ പരിശീലകനായി ഇനി ലൂയി എൻറികെ ഇല്ല

ലോകകപ്പിൽ ക്വാർട്ടർ കാണാതെ പുറത്തായതിനു പിന്നാലെ സ്പെയിൻ അവരുടെ പരിശീലകനെ പുറത്താക്കി‌‌. ലൂയിസ് എൻറികെ ടീമിന്റെ പരിശീലകനായി തുടരില്ല എന്ന് ഇന്ന് ഒരു ഔദ്യോഗിക പ്രസ്താവനയിലൂടെ സ്പെയിൻ അറിയിച്ചു. പ്രീക്വാർട്ടറിൽ മൊറോക്കോയോട് പെനാൾട്ടി ഷൂട്ടൗട്ടിൽ തോറ്റായിരുന്നു സ്പെയിൻ പുറത്തായത്. എൻറികെ ഫുട്ബോൾ ശൈലി ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു‌. ലോകകപ്പ് ടീമിൽ അദ്ദേഹം റാമോസിനെ പോലുള്ള താരങ്ങളെ തഴഞ്ഞതും ചർച്ചാ വിഷയമായിരുന്നു.

കഴിഞ്ഞ യൂറോ കപ്പിൽ സ്പെയിനിന്റെ യുവ ടീമിനെ സെമി വരെ എത്തിക്കാൻ എൻറികെയ്ക്ക് ആയിരുന്നു. മുൻ ബാഴ്സലോണ പരിശീലകൻ ഇനു ക്ലബ് ഫുട്ബോളിലേക്ക് മടങ്ങി പോകാൻ ആണ് സാധ്യത.

സ്പെയിൻ പുതിയ പരിശീലകനെ വരും ദിവസങ്ങളിൽ തീരുമാനിക്കും. സ്പെയിന്റെ അണ്ടർ 21 പരിശീലകൻ ലൂയിസ് ഡെ ല ഫുന്റെ അടുത്ത പരിശീലകനാകും എന്ന് റിപ്പോർട്ടുകൾ ഉണ്ട്‌.

Exit mobile version