Picsart 22 12 13 11 44 07 064

ക്ലബ്ബ് ഫുട്ബോളിലേക്ക് മടങ്ങി എത്തണം എന്ന് ലൂയിസ് എൻറിക്വെ

വീണ്ടും ക്ലബ്ബ് ഫുട്ബോളിലേക്ക് മടങ്ങി എത്താനുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തി ലൂയിസ് എൻറിക്വെ. ഒരു ട്വിച്ച് സ്‌ട്രീമിൽ അഭിമുഖം നൽകവേയാണ് മുൻ സ്പാനിഷ് കോച്ച് തന്റെ ഭാവി എന്താകും എന്ന സൂചന നൽകിയത്. കഴിഞ്ഞ വർഷം തന്നെ എൻറിക്വെയെ പല ക്ലബ്ബുകളും സമീപിച്ചിരുന്നതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. “ഇനിയും പരിശീലിപ്പിക്കുന്നത് തുടരണം എന്നാണ് ആഗ്രഹം. ദേശിയ ടീം ഒരു സ്വപ്നമായിരുന്നു. ഇപ്പോൾ ഒരു ക്ലബ്ബിന്റെ ചുമതല ഏറ്റെടുക്കാനുള്ള ആഗ്രഹമാണ് ഉള്ളിലുള്ളത്. അതിന് വേണ്ടി അടുത്ത സീസൺ വരെ കാത്തിരിക്കും.” എൻറിക്വെ പറഞ്ഞു.

കഴിഞ്ഞ വർഷം യൂറോപ്യൻ ചാമ്പ്യൻഷിപ്പ് കഴിഞ്ഞപ്പോൾ തന്നെ വീണ്ടും കരാർ പുതുക്കാൻ സ്പാനിഷ് ഫുട്ബാൾ ഫെഡറേഷൻ സമീപിച്ചിരുന്നു എന്നും താൻ നിരാകരിക്കുകയാണ് ഉണ്ടായത് എന്നും എൻറിക്വെ പറഞ്ഞു. “പിന്നീട് ലോകകപ്പ് കഴിഞ്ഞതോടെ പുതിയ കോച്ച് വരാൻ ആയിരുന്നു അവർക്കും താൽപര്യം”, അദ്ദേഹം തുടർന്നു, “ആ തീരുമാനത്തിൽ താനും സന്തോഷവാനാണ്. അവസാന നാല് വർഷത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ വളരെ സംതൃപ്തനാണ്. ദേശിയ ടീമിലേക്ക് വീണ്ടും ആവേശം കൊണ്ടു വരാൻ സാധിച്ചു”.

ടീം സെലെക്ഷനിലെ വിമർശങ്ങൾക്ക് താൻ ചെവി കൊടുക്കുന്നില്ല എന്നും പുതിയ കോച്ചിനും ഇതേ പ്രശ്നം നേരിടേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പാബ്ലോ സറാബിയക്ക് കൂടുതൽ സമയം അനുവദിക്കാത്തതാണ് മൊറോക്കോക്കെതിരെ സംഭവിച്ച ഒരു പിഴവ് എന്നും എൻറിക്വെ വിലയിരുത്തി.

Exit mobile version