മൂന്നും തോറ്റ് ശ്രീലങ്ക, ടെയിലറിനും നിക്കോളസിനും ശതകം

പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ ശ്രീലങ്കയെ ഏകദിന പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്ത് ന്യൂസിലാണ്ട്. ഇന്ന് സാക്സ്റ്റണ്‍ ഓവലില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 364/4 എന്ന പടുകൂറ്റന്‍ സ്കോറാണ് നേടിയത്. റോസ് ടെയിലറും ഹെന്‍റി നിക്കോളസും ശതകം നേടിയാണ് ടീമിനെ പടുകൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 41.4 ഓവറില്‍ 249 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 115 റണ്‍സിന്റെ തോല്‍വിയാണ് സന്ദര്‍ശകര്‍ ഏറ്റു വാങ്ങിയത്.

മത്സരത്തില്‍ ടോസ് നേടി ലങ്ക ന്യൂസിലാണ്ടിനെ ബാറ്റിംഗിനയയ്ച്ചു. ലസിത് മലിംഗ് കോളിന്‍ മണ്‍റോയെയും(21) മാര്‍ട്ടിന്‍ ഗുപ്ടിലിനെയും തുടക്കത്തില്‍ പുറത്താക്കിയെങ്കിലും പിന്നീട് മത്സരത്തില്‍ ന്യൂസിലാണ്ട് പിടിമുറുക്കുനന് കാഴ്ചയാണ് കണ്ടത്. കെയിന്‍ വില്യംസണ്‍ അര്‍ദ്ധ ശതകം നേടി പുറത്താകുമ്പോള്‍ മൂന്നാം വിക്കറ്റില്‍ റോസ് ടെയിലറുമായി ചേര്‍ന്ന് 115 റണ്‍സാണ് ടീം നേടിയത്. 55 റണ്‍സായിരുന്നു വില്യംസണ്‍ നേടിയത്. ലക്ഷന്‍ സണ്ടകനാണ് വിക്കറ്റ് ലഭിച്ചത്.

പിന്നീട് നാലാം വിക്കറ്റില്‍ 154 റണ്‍സാണ് ടെയിലര്‍-നിക്കോളസ് കൂട്ടുകെട്ട് പുറത്തെടുത്തത്. മലിംഗയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ 137 റണ്‍സാണ് റോസ് ടെയിലര്‍ നേടിയത്. ഹെന്‍റി നിക്കോളസ് 124 റണ്‍സുമായി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ ടോപ് ഓര്‍ഡറിനു തുടക്കം ലഭിച്ചുവെങ്കിലും ആ തുടക്കം വലിയ സ്കോറാക്കി മാറ്റുവാന്‍ ടീമിനു സാധിച്ചില്ല. കുശല്‍ പെരേര(43), നിരോഷന്‍ ഡിക്ക്വെല്ല(46), ധനന്‍ജയ ഡി സില്‍വ(36) എന്നിവര്‍ പുറത്തായ ശേഷം തിസാര പെരേരയുടെ 80 റണ്‍സിന്റെ ബലത്തില്‍ ശ്രീലങ്ക പൊരുതിയെങ്കിലും ലക്ഷ്യം ഏറെ വലുതായിരുന്നു. ധനുഷ്ക ഗുണതിലക 31 റണ്‍സ് നേടി.

ന്യൂസിലാണ്ടിനായി ലോക്കി ഫെര്‍ഗൂസണ്‍ നാലും ഇഷ് സോധി മൂന്നും വിക്കറ്റ് നേടി ശ്രീലങ്കയ്ക്ക് തടസ്സം സൃഷ്ടിക്കുകയായിരുന്നു.

കളി തടസ്സപ്പെടുത്തി മഴ, ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഉപേക്ഷിച്ചു

പാക്കിസ്ഥാനും ന്യൂസിലാണ്ടും തമ്മിലുള്ള ഏകദിന പരമ്പരയില്‍ ടീമുകള്‍ 1-1നു പിരിഞ്ഞു. നിര്‍ണ്ണായകമായ മൂന്നാം ഏകദിനം മഴ മൂലം ഉപേക്ഷിക്കപ്പെട്ടതോടെയാണ് ഇത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 50 ഓവറില്‍ 279/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ന്യൂസിലാണ്ട് 6.5 ഓവറില്‍ നിന്ന് 35/1 എന്ന സ്കോര്‍ നേടി നില്‍ക്കുമ്പോളാണ് മഴ വില്ലനായി എത്തുന്നത്. പിന്നീട് മത്സരം നടക്കാതെ വന്നപ്പോള്‍ മത്സരം ഉപേക്ഷിച്ചു. ലോക്കി ഫെര്‍ഗൂസണ്‍ കളിയിലെ താരമായും ഷഹീന്‍ അഫ്രീദി പരമ്പരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

ലോക്കി ഫെര്‍ഗൂസണിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തെ അതിജീവിച്ചാണ് പാക്കിസ്ഥാന്‍ 50 ഓവറില്‍ നിന്ന് 279 റണ്‍സ് നേടിയത്. 206/2 എന്ന അതി ശക്തമായ നിലയില്‍ നിന്ന് പാക്കിസ്ഥാന്‍ 279/8 എന്ന നിലയിലേക്ക് നിലം പതിയ്ക്കുകയായിരുന്നു. ബാബര്‍ അസം(92) പാക് നിരയിലെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഫകര്‍ സമന്‍(65), ഹാരിസ് സൊഹൈല്‍ (60) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി.

കോളിന്‍ മണ്‍റോയെ ആദ്യ ഓവറിന്റെ നാലാം പന്തില്‍ പൂജ്യത്തിനു നഷ്ടമായ ശേഷം ന്യൂസിലാണ്ട് 6.5 ഓവറില്‍ നിന്ന് 35 റണ്‍സ് നേടി നില്‍ക്കുമ്പോളാണ് കളി മഴ തടസ്സപ്പെടുത്തിയത്. ജോര്‍ജ്ജ് വര്‍ക്കര്‍ 18 റണ്‍സും ഹെന്‍റി നിക്കോളസ് 15 റണ്‍സുമാണ് സന്ദര്‍ശകര്‍ക്കായി നേടിയത്. പാക്കിസ്ഥാനിനു വേണ്ടി കോളിന്‍ മണ്‍റോയുടെ വിക്കറ്റ് നേടിയത് ഷഹീന്‍ അഫ്രീദി ആയിരുന്നു.

ഷഹീന്‍ അഫ്രീദി കളിയിലെ താരം, പാക്കിസ്ഥാന്‍ ഏകദിന പരമ്പരയില്‍ ഒപ്പമെത്തി

ന്യൂസിലാണ്ടിന്റെ പാക്കിസ്ഥാനെതിരെയുള്ള ഏകദിനങ്ങളിലെ ജയങ്ങളുടെ പരമ്പരയ്ക്ക് അവസാനം. 12 മത്സരങ്ങള്‍ തുടരെ ജയിച്ചെത്തിയ ന്യൂസിലാണ്ടിനെ ഇന്നലെ നടന്ന രണ്ടാം ഏകദിനത്തില്‍ 6 വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാന്‍ തങ്ങളുടെ ഏകദിന റെക്കോര്‍ഡ് ശരിപ്പെടുത്തിയത്. 209/9 എന്ന നിലയില്‍ ന്യൂസിലാണ്ടിനെ പിടിച്ചുകെട്ടിയ ശേഷം 212/4 എന്ന സ്കോറിലേക്ക് 40.3 ഓവറില്‍ എത്തി പാക്കിസ്ഥാന്‍ ഏകദിന പരമ്പരയില്‍ 1-1നു ഒപ്പമെത്തുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിനായി രണ്ടാം മത്സരത്തിലും റോസ് ടെയിലര്‍ ആണ് ടോപ് സ്കോറര്‍ ആയത്. 86 റണ്‍സാണ് താരം നേടിയത്. പുറത്താകാതെ നിന്ന റോസ് ടെയിലര്‍ ആണ് പതറിപ്പോയ ന്യൂസിലാണ്ട് ഇന്നിംഗ്സിനെ 200 കടത്തുവാന്‍ സഹായിച്ചത്. ഹെന്‍റി നിക്കോളസ്(33), ജോര്‍ജ്ജ് വര്‍ക്കര്‍(28) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. പാക്കിസ്ഥാനു വേണ്ടി ഷഹീന്‍ അഫ്രീദി 4 വിക്കറ്റും ഹസന്‍ അലി രണ്ട് വിക്കറ്റ് നേടി.

ഫകര്‍ സമന്‍(88), ബാബര്‍ അസം(46) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിലാണ് പാക്കിസ്ഥാന്‍ ലക്ഷ്യം അനായാസമായി മറികടന്നത്. ഇമാം ഉള്‍ ഹക്ക് 16 റണ്‍സ് നേടി റിട്ടേര്‍ഡ് ഹര്‍ട്ട് ആയപ്പോള്‍ മുഹമ്മദ് ഹഫീസ് 27 റണ്‍സുമായി പുറത്താകാതെ നിന്നു. ന്യൂസിലാണ്ടിനായി ലോക്കി ഫെര്‍ഗൂസണ്‍ 3 വിക്കറ്റ് നേടി.

ബോള്‍ട്ടിന്റെ പ്രഹരത്തില്‍ നിന്ന് കരകയറാതെ പാക്കിസ്ഥാന്‍

ട്രെന്റ് ബോള്‍ട്ടിന്റെ ഹാട്രിക്ക് നേട്ടത്തില്‍ നിന്ന് കരകയറാനാകാതെ പാക്കിസ്ഥാന്‍. ജയിക്കാനായി 267 റണ്‍സ് നേടേണ്ടിയിരുന്ന പാക്കിസ്ഥാന്‍ 47.2 ഓവറില്‍ 219 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ന്യൂസിലാണ്ട് ആദ്യ ഏകദിനത്തില്‍ 47 റണ്‍സിന്റെ വിജയമാണ് കരസ്ഥമാക്കിയത്. പാക്കിസ്ഥാന്റെ ന്യൂസിലാണ്ടിനെതിരെയുള്ള പൂര്‍ത്തിയാക്കിയ കഴിഞ്ഞ 12 ഏകദിനങ്ങളിലും ടീമിനു തോല്‍വിയായിരുന്നു ഫലം.

8/3 എന്ന നിലയില്‍ നിന്ന് 71/3 എന്ന നിലയിലേക്കും പിന്നീട് അവിടെ നിന്ന് 85/6 എന്ന നിലയിലേക്കും വീണ പാക്കിസ്ഥാനു പ്രതീക്ഷയായി സര്‍ഫ്രാസ് അഹമ്മദും ഇമാദ് വസീമും ചേര്‍ന്ന് 103 റണ്‍സ് ഏഴാം വിക്കറ്റില്‍ നേടിയെങ്കിലും സര്‍ഫ്രാസിനെ ഗ്രാന്‍ഡ്ഹോം പുറത്താക്കി. 64 റണ്‍സ് നേടിയ സര്‍ഫ്രാസാണ് ടീമിലെ ടോപ് സ്കോറര്‍. ഇമാം ഉള്‍ ഹക്ക് 34 റണ്‍സ് നേടിയപ്പോള്‍ ഷൊയ്ബ് മാലിക് 30 റണ്‍സ് നേടി.

സര്‍ഫ്രാസ് പുറത്തായ ശേഷവും ഇമാദ് വസീം ബാറ്റിംഗ് തുടര്‍ന്നുവെങ്കിലും തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ താരത്തിനെ ടിം സൗത്തി പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ ഹസന്‍ അലിയെയും ഷഹീന്‍ അഫ്രീദിയെയും പുറത്താക്കി ലോക്കി ഫെര്‍ഗൂസണ്‍ പാക്കിസ്ഥാന്റെ തോല്‍വി വേഗത്തിലാക്കി. ഏകദിന ക്രിക്കറ്റില്‍ താനെറിയുന്ന അടുത്ത പന്തില്‍ വിക്കറ്റ് നേടാനായാല്‍ ലോക്കി ഫെര്‍ഗൂസണിനും ഹാട്രിക്ക് നേട്ടം കൊയ്യാം.

ന്യൂസിലാണ്ടിനായി ട്രെന്റ് ബോള്‍ട്ടും ലോക്കി ഫെര്‍ഗൂസണും മൂന്ന് വീതം വിക്കറ്റും കോളിന്‍ ഗ്രാന്‍ഡോം രണ്ടും ടിം സൗത്തി, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Exit mobile version