ആര്‍ച്ചറിന്റെ വെല്ലുവിളി നേരിടുവാന്‍ ലോക്കി ഫെര്‍ഗുസണ് സാധിക്കുമെന്ന പ്രതീക്ഷയില്‍ ഗാരി സ്റ്റെഡ്

ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ജോഫ്ര ആര്‍ച്ചറുടെ വെല്ലുവിളിയെ അതിജീവിക്കുവാന്‍ ലോക്കി ഫെര്‍ഗൂസണെ അണി നിരത്തി ന്യൂസിലാണ്ടിന് പ്രതിരോധം തീര്‍ക്കാനാകുമെന്ന പ്രതീക്ഷയില്‍ ന്യൂസിലാണ്ട് കോച്ച് ഗാരി സ്റ്റെഡ്. ആഷസില്‍ 22 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ ജോഫ്രയ്ക്ക് കടുത്ത വെല്ലുവിളിയാവും അരങ്ങേറ്റം നടത്തുവാന്‍ പോകുന്ന ഫെര്‍ഗൂസണ്‍ എന്നാണ് ഗാരി സ്റ്റെഡിന്റെ വിശ്വാസം.

ജോഫ്ര ആര്‍ച്ചര്‍ തീര്‍ച്ചയായും വെല്ലുവിളിയാവും എന്നാല്‍ തങ്ങളുടെ ടീമിലും അതേ പേസില്‍ പന്തെറിയുന്ന ലോക്കി ഫെര്‍ഗൂസണ് ഉണ്ടെന്നതിനാല്‍ തീയെ തീ കൊണ്ട് നേരിടുകയെന്നത് തന്നെയാവും ന്യൂസിലാണ്ടിന്റെ ലക്ഷ്യമെന്ന് സ്റ്റെഡ് പറഞ്ഞു.

ജോഫ്ര ലോകോത്തര ബൗളറാണെന്നതില്‍ ആര്‍ക്കും സംശയമില്ല എന്നാല്‍ ന്യൂസിലാണ്ടിന്റെ അഞ്ച് പേസ് ബൗളര്‍മാരും അതി ശക്തരാണെന്ന് സ്റ്റെഡ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെയുള്ള ന്യൂസിലാണ്ട് ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ചു, ടെസ്റ്റ് അരങ്ങേറ്റത്തിന് ലോക്കി ഫെര്‍ഗൂസണ് സാധ്യത

ഇംഗ്ലണ്ടും ന്യൂസിലാണ്ടും തമ്മിലുള്ള രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. നവംബര്‍ 21ന് ആരംഭിക്കുന്ന പരമ്പരയില്‍ ലോക്കി ഫെര്‍ഗൂസണ്‍ അരങ്ങേറ്റം നടത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. താരം മികച്ച ഫോമിലാണ് കളിക്കുന്നതെന്നും താരത്തിന് സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കെയിന്‍ വില്യംസണ്‍ പരിക്ക് മാറി വീണ്ടും നായക സ്ഥാനത്തേക്ക് എത്തുന്നു.

ആദ്യ ടെസ്റ്റ് മൗണ്ട് മൗംഗനായിയിലാണ് ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് ഹാമിള്‍ട്ടണില്‍ നടക്കും.

ന്യൂസിലാണ്ട്: കെയിന്‍ വില്യംസണ്‍, ടോഡ് ആസ്ട്‍ലേ, ടോം ബ്ലണ്ടല്‍, ട്രെന്റ് ബോള്‍ട്ട്, കോളിന്‍ ഡി ഗ്രാന്‍ഡോം, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്‍റി, ടോം ലാഥം, ഹെന്‍റി നിക്കോളസ്, ജീത്ത് റാവല്‍, മിച്ചല്‍ സാന്റനര്‍, ടിം സൗത്തി, റോസ് ടെയിലര്‍, നീല്‍ വാഗ്നര്‍, ബിജെ വാട്ളിംഗ്

ഫെര്‍ഗൂസണിന് പകരക്കാരനില്ല, പരിക്കേറ്റ താരം ടി20 പരമ്പരയില്‍ നിന്ന് പുറത്ത്

ലങ്കയ്ക്കെതിരെയുള്ള ആദ്യ മത്സരത്തിന് മുമ്പ് തന്നെ പരിക്കേറ്റ് ന്യൂസിലാണ്ട് പേസ് ബൗളര്‍ ലോക്കി ഫെര്‍ഗൂസണ്‍ ടീമില്‍ നിന്ന് പുറത്ത്. താരത്തിന്റെ സ്കാനിംഗില്‍ പൊട്ടലുണ്ടെന്ന് കണ്ടെത്തിയതോടെയാണ് താരം പരമ്പരയില്‍ നിന്ന് പുറത്ത് പോകുന്നത്. താരത്തിന് പകരക്കാരനെ ന്യൂസിലാണ്ട് പ്രഖ്യാപിച്ചിട്ടില്ല. മികച്ച ഫോമിലായിരുന്ന ഫെര്‍ഗൂസണ്‍ ലോകകപ്പില്‍ മിന്നും പ്രകടനമാണ് ന്യൂസിലാണ്ടിന് വേണ്ടി പുറത്തെടുത്തത്. താരത്തിന്റെ അഭാവം ന്യൂസിലാണ്ടിന് വലിയ നഷ്ടമാണെന്ന് കോച്ച് ഗാരി സ്റ്റെഡ് പറഞ്ഞു.

ആദ്യ ടി20യ്ക്ക് മുമ്പുള്ള പരിശീലനത്തിലാണ് താരത്തിന് പരിക്കേറ്റത്. തങ്ങളുടെ സ്ക്വാഡില്‍ ആവശ്യത്തിന് താരങ്ങളുള്ളതിനാല്‍ പകരക്കാരന്‍ താരത്തെ പ്രഖ്യാപിക്കുന്നില്ലെന്നാണ് ന്യൂസിലാണ്ട് കോച്ച് വെളിപ്പെടുത്തിയത്. ഇംഗ്ലണ്ടിനെതിരെ നവംബറില്‍ ആരംഭിയ്ക്കുന്ന പരമ്പരയില്‍ താരം തിരികെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗാരി സ്റ്റെഡ് പറഞ്ഞു.

ഇന്നലെ ആദ്യ മത്സരത്തില്‍ ന്യൂസിലാണ്ട് അഞ്ച് വിക്കറ്റ് വിജയം കരസ്ഥമാക്കിയിരുന്നു. രണ്ടാം മത്സരം നാളെ കാന്‍ഡിയില്‍ നടക്കും. വെള്ളിയാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം.

ഫൈനല്‍ മാമാങ്കം ഇനി സൂപ്പര്‍ ഓവറിലേക്ക്

ലോകകപ്പ് ഫൈനലില്‍ വിജയികളെ നിശ്ചയിക്കുക സൂപ്പര്‍ ഓവറില്‍. വിജയത്തിനായി അവസാന ഓവറില്‍ 15 റണ്‍സ് തേടിയിറങ്ങിയ ഇംഗ്ലണ്ടിനായി ലക്ഷ്യം 1 പന്തില്‍ രണ്ടാക്കി സ്റ്റോക്സ് മാറ്റിയെങ്കിലും അവസാന പന്തില്‍ മാര്‍ക്ക് വുഡ് റണ്ണൗട്ടായതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങി. 241 റണ്‍സ് നേടിയ ന്യൂസിലാണ്ടിനെതിരെ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 241 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. ബെന്‍ സ്റ്റോക്സ് പുറത്താകാതെ 84 റണ്‍സുമായി പൊരുതി നിന്നാണ് ഇംഗ്ലണ്ട് കൈവിട്ട മത്സരം തിരിച്ച് പിടിച്ചത്. 98 പന്തില്‍ നിന്ന് 84 റണ്‍സ് നേടിയ താരത്തിന് അവസാന ഓവറില്‍ ഭാഗ്യവും തുണച്ചു. ഓവറിലെ നാലാം പന്തില്‍ രണ്ട് റണ്‍സ് പൂര്‍ത്തിയാക്കുവാനുള്ള ശ്രമത്തിനിടെ ഫീല്‍ഡറുടെ ത്രോ ബെന്‍ സ്റ്റോക്സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറി കടന്നതാണ് മത്സരം ന്യൂസിലാണ്ടിന്റെ പക്കല്‍ നിന്ന് വഴി മാറുവാന്‍ ഇടയായത്.

ജേസണ്‍ റോയിയും ജോണി ബൈര്‍സ്റ്റോയും കരുതലോടെയാണ് ഇംഗ്ലണ്ട് ഇന്നിംഗ്സ് തുടങ്ങിയതെങ്കിലും ആദ്യ ഓവറുകളെ അതിജീവിക്കുക എന്ന ശ്രമകരമായ ദൗത്യത്തിനൊടുവില്‍ റോയ് മാറ്റ് ഹെന്‍റിയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. ജോ റൂട്ടിനെ കോളിന്‍ ഡി ഗ്രാന്‍ഡോം വീഴ്ത്തിയപ്പോള്‍ ലോക്കി ഫെര്‍ഗൂസണ്‍ ബൈര്‍സ്റ്റോയുടെ കഥ കഴിച്ചു. 36 റണ്‍സാണ് ബൈര്‍സ്റ്റോ നേടിയത്. അധികം വൈകാതെ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനെ ജെയിംസ് നീഷം മടക്കിയപ്പോള്‍ ഇംഗ്ലണ്ട് വന്‍ പ്രതിരോധത്തിലാകുകയായിരുന്നു.

അഞ്ചാം വിക്കറ്റില്‍ 110 റണ്‍സ് കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിനെ വിജയത്തിനടുത്ത് എത്തിച്ചുവെങ്കിലും ലോക്കി ഫെര്‍ഗൂസണ്‍ 59 റണ്‍സ് നേടിയ ബട്‍ലറെ പുറത്താക്കി മത്സരത്തില്‍ വീണ്ടും ന്യൂസിലാണ്ടിന് പ്രതീക്ഷ നല്‍കി. തന്റെ അടുത്ത ഓവറില്‍ ക്രിസ് വോക്സിനെയും പുറത്താക്കി ലോക്കി ഫെര്‍ഗൂസണ്‍ തന്റെ മത്സരത്തിലെ മൂന്നാം വിക്കറ്റ് നേടി. പിന്നീട് മറു വശത്ത് വിക്കറ്റ് വീണുകൊണ്ടിരുന്നപ്പോളും വലിയ ഷോട്ടുകള്‍ നേടുവാന്‍ സ്റ്റോക്സിന് കഴിയാതെ പോയതും ഇംഗ്ലണ്ടിന് തിരിച്ചടിയായി. ജോസ് ബട‍്‍ലറുടെ വിക്കറ്റാണ് മത്സരഗതി മാറ്റിയത്.

ജെയിംസ് നീഷം എറിഞ്ഞ 49ാം ഓവറില്‍ ലിയാം പ്ലങ്കറ്റിന്റെ വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായെങ്കിലും ഓവറില്‍ നിന്ന് ഒരു സിക്സ് നേടി ബെന്‍ സ്റ്റോക്സ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളെ സജീവമാക്കി നിര്‍ത്തിയെങ്കിലും ജെയിംസ് നീഷം ഓവറിലെ അവസാന പന്തില്‍ ജോഫ്ര ആര്‍ച്ചറെ പുറത്താക്കി മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് നേടി. ഇതോടെ രണ്ട് വിക്കറ്റ് അവശേഷിക്കെ ജയിക്കുവാന്‍ 15 റണ്‍സെന്ന നിലയിലേക്ക് കളി മാറി.

അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ റണ്‍സ് നേടാനാകാതെ പോയ ബെന്‍ സ്റ്റോക്സ് മൂന്നാം പന്തില്‍ സിക്സ് നേടി ലക്ഷ്യം മൂന്ന് പന്തില്‍ 9 റണ്‍സാക്കി മാറ്റി. ബോള്‍ട്ടിന്റെ അടുത്ത പന്തില്‍ നിന്ന് 6 റണ്‍സ് നേടുകയായിരുന്നു ഇംഗ്ലണ്ട്. ഡബിള്‍ ഓടിയ ശേഷം സ്റ്റോക്സിന്റെ ബാറ്റില്‍ തട്ടി പന്ത് അതിര്‍ത്തി കടന്നതോടെ ലക്ഷ്യം 2 പന്തില്‍ നിന്ന് മൂന്ന് റണ്‍സാക്കി മാറി. അടുത്ത പന്തില്‍ രണ്ടാം റണ്‍സിന് ശ്രമിച്ച് ആദില്‍ റഷീദ് റണ്ണൗട്ടായെങ്കിലും സ്ട്രൈക്ക് സ്റ്റോക്സിന്റെ പക്കല്‍ തന്നെയുണ്ടായത് ഇംഗ്ലണ്ടിന് ആശ്വാസമായി. എന്നാല്‍ രണ്ട് റണ്‍സ് നേടേണ്ട അവസരത്തില്‍ ഒരു റണ്‍സ് പൂര്‍ത്തിയാക്കിയ ശേഷം മാര്‍ക്ക് വുഡ് റണ്ണൗട്ടായതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങി.

ലോക്കി ഫെര്‍ഗൂസണ്‍ ഇന്ന് കളിക്കില്ല, ന്യൂസിലാണ്ടിന് വലിയ തിരിച്ചടി

ഇംഗ്ലണ്ടിനെതിരെ ഏറെ നിര്‍ണ്ണായകമായ മത്സരത്തില്‍ ന്യൂസിലാണ്ടിന് ലോക്കി ഫെര്‍ഗൂസണിന്റെ സേവനം ഇല്ല. ഇന്ന് നടക്കുന്ന മത്സരത്തില്‍ താരം കളിക്കില്ലെന്ന് ന്യൂസിലാണ്ട് ടീം അറിയിക്കുകയായിരുന്നു. പേശി വലിവാണ് താരത്തിന് തിരിച്ചടിയായത്. പരിശീലനത്തിനിടെയാണ് ഫെര്‍ഗൂസണ് പരിക്കേറ്റത്. ലോകകപ്പില്‍ ന്യൂസിലാണ്ട് ബൗളര്‍മാരില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് ലോക്കി ഫെര്‍ഗൂസണായിരുന്നു.

ന്യൂസിലാണ്ടിന് ഇന്ന് വിജയിക്കാനായാല്‍ സെമി ഉറപ്പിക്കാനാവും ജയം ഇല്ലാത്ത പക്ഷം റണ്‍ റേറ്റിന്റെ ബലത്തില്‍ പാക്കിസ്ഥാനെ മറികടക്കാനാകുമോ എന്നതാവും ന്യൂസിലാണ്ട് ഉറ്റുനോക്കുന്നത്.

ഓസ്ട്രേലിയയുടെ മാനം കാത്ത് കാറെ-ഖവാജ കൂട്ടുകെട്ട്, അവസാന ഓവറില്‍ ഹാട്രിക്ക് നേട്ടവുമായി ട്രെന്റ് ബോള്‍ട്ട്

92/5 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയെ ആറാം വിക്കറ്റില്‍ 107 റണ്‍സ് നേടി രക്ഷിച്ച് ഉസ്മാന്‍ ഖവാജ-അലെക്സ് കാറെ കൂട്ടുകെട്ട്. ഉസ്മാന്‍ ഖവാജ നങ്കൂരമിടുകയും അലെക്സ് കാറെ വേഗത്തില്‍ സ്കോറിംഗ് നടത്തിയപ്പോള്‍ വന്‍ തകര്‍ച്ചയില്‍ നിന്നാണ് ഓസ്ട്രേലിയ കരകയറിയത്. 243 റണ്‍സാണ് 9 വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്ത് നേടിയത്. അവസാന ഓവറില്‍ ട്രെന്റ് ബോള്‍ട്ട് ഹാട്രിക്ക് സ്വന്തമാക്കി 250 റണ്‍സ് കടക്കുകയെന്ന ഓസ്ട്രേലിയയുടെ മോഹങ്ങളെ തകര്‍ക്കുകയായിരുന്നു.

71 റണ്‍സ് നേടിയ അലെക്സ് കാറെയെ കെയിന്‍ വില്യംസണ്‍ ആണ് പുറത്താക്കിയത്. മികച്ച ബൗളിംഗിനു പിന്തുണയുമായി ഫീല്‍ഡര്‍മാരും അരങ്ങ് നിറഞ്ഞപ്പോള്‍ ഓസ്ട്രേലിയയുടെ അതിശക്തമായ ബാറ്റിംഗ് നിര തകര്‍ന്നടിയുകയായിരുന്നു. ഫിഞ്ചിനെ(8) ബോള്‍ട്ട് പുറത്താക്കിയപ്പോള്‍ വാര്‍ണറെയും(16) സ്റ്റീവന്‍ സ്മിത്തിനെയും(5) ലോക്കി ഫെര്‍ഗൂസണ്‍ പുറത്താക്കി. ഗപ്ടില്‍ മികച്ചൊരു ക്യാച്ചിലൂടെയാണ് സ്മിത്തിനെ പുറത്താക്കിയത്.

മാര്‍ക്കസ് സ്റ്റോയിനിസും ഉസ്മാന്‍ ഖവാജയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 35 റണ്‍സ് നേടിയെങ്കിലും സ്റ്റോയിനിസിനെ നീഷം പുറത്താക്കി. സ്വന്തം ബൗളിംഗില്‍ ഗ്ലെന്‍ മാക്സ്വെല്ലിനെ തകര്‍പ്പനൊരു റിട്ടേണ്‍ ക്യാച്ചിലൂടെ നീഷം പുറത്താക്കിയപ്പോള്‍ ഓസ്ട്രേലിയ പ്രതിരോധത്തിലായി. പിന്നീട് ഖവാജയും കാറെയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തി ടീമിനെ കരകയറ്റിയത്.

88 റണ്‍സ് നേടിയ ഖവാജ അവസാന ഓവറില്‍ ട്രെന്റ് ബോള്‍ട്ടിന് വിക്കറ്റ് നല്‍കിയാണ് മടങ്ങിയത്. 129 പന്തില്‍ നിന്നാണ് ഖവാജ തന്റെ 88 റണ്‍സ് നേടിയതെങ്കിലും ഓസ്ട്രേലിയയ്ക്ക് ഏറെ ഉപകാരപ്പെട്ട ഇന്നിംഗ്സായിരുന്നു ഇത്. അടുത്ത പന്തുകളില്‍  മിച്ചല്‍ സ്റ്റാര്‍ക്കിനെയും  ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫിനെയും പുറത്താക്കി ബോള്‍ട്ട് ഹാട്രിക്കും സ്വന്തമാക്കി. പാറ്റ് കമ്മിന്‍സ് 23 റണ്‍സുമായി പുറത്താകാതെ നിന്നു.

അവസാന ഓവറില്‍ വെറും രണ്ട് റണ്‍സ് വിട്ട് നല്‍കിയാണ് ബോള്‍ട്ട് തന്റെ മൂന്ന് വിക്കറ്റ് നേടിയത്. മത്സരത്തില്‍ 4 വിക്കറ്റാണ് ബോള്‍ട്ട് സ്വന്തമാക്കിയത്. ലോക്കി ഫെര്‍ഗൂസണും ജെയിംസ് നീഷവും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ കെയിന്‍ വില്യംസണ്‍ ഒരു വിക്കറ്റ് നേടി.

ബ്രാത്‍വൈറ്റിന്റെ പോരാട്ടം വിഫലം, 5 റണ്‍സ് അകലെ കീഴടങ്ങി കരീബിയന്‍ കരുത്ത്

ഒരു ഘട്ടത്തില്‍ കൈവിട്ട കളി ഒറ്റയ്ക്ക് തിരികെ വിന്‍ഡീസിനു അനുകൂലമാക്കി തിരിച്ചുവെങ്കിലും ലക്ഷ്യത്തിന് അഞ്ച് റണ്‍സ് അകലെ കാര്‍ലോസ് ബ്രാത്‍വൈറ്റിനു കാലിടറിയപ്പോള്‍ ത്രസിപ്പിക്കുന്ന വിജയം കൈവിട്ട് വിന്‍ഡീസ്. ഇന്ത്യയെ പോലെ ന്യൂസിലാണ്ടും മത്സരത്തിന്റെ അവസാനത്തില്‍ കടന്ന് കൂടുന്ന കാഴ്ചയാണ് ഇന്ന് ഓള്‍ഡ് ട്രാഫോര്‍ഡില്‍ കണ്ടത്. 82 പന്തില്‍ നിന്ന് 101 റണ്‍സ് നേടിയാണ് കാര്‍ലോസ് ബ്രാത്‍വൈറ്റ് ഇന്നിംഗ്സിലെ അവസാന വിക്കറ്റായി പുറത്തായത്.

 

ക്രിസ് ഗെയില്‍, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ് എന്നിവര്‍ വിന്‍ഡീസിനായി പൊരുതി നോക്കിയെങ്കിലും ട്രെന്റ് ബോള്‍ട്ടിന്റെ കനത്ത പ്രഹരങ്ങള്‍ക്ക് മുന്നില്‍ പത്തി മടക്കി വിന്‍ഡീസ്. മത്സരത്തില്‍ 49 ഓവറില്‍ വിന്‍ഡീസ് ഓള്‍ഔട്ട് ആവുകയായിരുന്നു. 286 റണ്‍സിന് ടീമിന്റെ ചേസിംഗ് അവസാനിച്ചപ്പോള്‍ ന്യൂസിലാണ്ടിന് 5 റണ്‍സിന്റെ വിജയം കൈവരിക്കാനായി. മാറ്റ് ഹെന്‍റിയുടെ ഓവറില്‍ 25 റണ്‍സ് നേടി മത്സരം കീഴ്മേല്‍ മറിച്ചുവെങ്കിലും ജെയിംസ് നീഷം എറിഞ്ഞ അടുത്ത ഓവറിലെ ആദ്യ അഞ്ച് പന്തില്‍ നിന്ന് 2 റണ്‍സ് നേടിയ ശേഷം കാര്‍ലോസ് ബ്രാത്‍വൈറ്റിന്റെ കൂറ്റനടി ട്രെന്റ് ബോള്‍ട്ട് പിടിച്ചപ്പോള്‍ കരീബിയന്‍ കരുത്ത് വാടിപ്പോകുന്ന കാഴ്ചയാണ് കണ്ടത്.

292 റണ്‍സ് വിജയ ലക്ഷ്യം തേടിയറങ്ങിയ വിന്‍ഡീസിന് ആദ്യ പ്രഹരങ്ങള്‍ നല്‍കിയത് ട്രെന്റ് ബോള്‍ട്ട് തന്നെയായിരുന്നു. ഷായി ഹോപിനെയും നിക്കോളസ് പൂരനെയും മടക്കിയ ശേഷം ക്രിസ് ഗെയിലും ഷിമ്രണ്‍ ഹെറ്റ്മ്യറും തുടങ്ങി വെച്ച ബാറ്റിംഗ് വെടിക്കെട്ട് കാര്‍ലോസ് ബ്രാത്‍വൈറ്റ് തുടര്‍ന്ന് വിന്‍ഡീസിനെ ത്രസിപ്പിക്കുന്ന വിജയത്തിലേക്ക് നയിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചുവെങ്കിലും കളി അവസാന ഓവറിനു തൊട്ട് മുമ്പ് വിന്‍ഡീസ് കൈവിട്ടു.

മൂന്നാം വിക്കറ്റായി 54 റണ്‍സ് നേടിയ ഹെറ്റ്മ്യറുടെ വിക്കറ്റ് വീഴ്ത്തി ലോക്കി ഫെര്‍ഗൂസണ്‍ ആണ് വീണ്ടും ന്യൂസിലാണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 122 റണ്‍സാണ് ഗെയില്‍-ഹെറ്റ്മ്യര്‍ കൂട്ടുകെട്ട് നേടിയത്. അടുത്ത പന്തില്‍ ജേസണ്‍ ഹോള്‍റുടെ വിക്കറ്റ് നേടി ലോക്കി ഫെര്‍ഗൂസണ്‍ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റും നേടി.

142/2 എന്ന നിലയില്‍ നിന്ന് 152/5 എന്ന നിലയിലേക്ക് ഓവറുകളുടെ വ്യത്യാസത്തില്‍ വിന്‍ഡീസ് വീണപ്പോള്‍ ക്രിസ് ഗെയിലിന്റെ ഇന്നിംഗ്സിനു പരിസമാപ്തി വരികയായിരുന്നു. 8 ഫോറും 6 സിക്സും അടക്കം 84 പന്തില്‍ നിന്നായിരുന്നു വിന്‍ഡീസ് ഓപ്പണറുടെ ഇന്നിംഗ്സ്. കോളിന്‍ ഡി ഗ്രാന്‍ഡോമിനാണ് വിക്കറ്റ്. ട്രെന്റ് ബോള്‍ട്ട് ആഷ്‍ലി നഴ്സിനെയും എവിന്‍ ലൂയിസിനെയും പുറത്താക്കിയതോടെ വിന്‍ഡീസിന്റെ നില പരിതാപകരമായി. ഏഴ് വിക്കറ്റുകള്‍ വീണപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ വെറും 164 റണ്‍സാണ് പിറന്നത്.

പിന്നീട് വാലറ്റത്തെ കൂട്ടുപിടിച്ച് കാര്‍ലോസ് ബ്രാ‍ത്‍വൈറ്റ് നടത്തിയ ചെറുത്ത് നില്പാണ് ഓള്‍ഡ് ട്രാഫോര്‍ഡിലെ കാണികള്‍ക്ക് കാണാനായത്. കെമര്‍ റോച്ചുമായി(14) 47 റണ്‍സും ഷെല്‍ഡണ്‍ കോട്രെല്ലുമായി(15) 34 റണ്‍സിന്റെ കൂട്ടുകെട്ട് നേടിയ ബ്രാത്‍വൈറ്റ് ഒരു വശത്ത് നില്‍ക്കുന്നുണ്ടെങ്കിലും മറുവശത്ത് ഒരു വിക്കറ്റ് മാത്രം അവശേഷിക്കെ ജയിക്കുവാന്‍ അവസാന അഞ്ചോവറില്‍ നിന്ന് വിന്‍ഡീസ് 47 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്.

ഒഷയ്ന്‍ തോമസിനെ കൂട്ടുപിടിച്ച് അവസാന വിക്കറ്റില്‍ കാര്‍ലോസ് ബ്രാത്‍വൈറ്റ് നടത്തിയ ചെറുത്ത്നില്പിന്റെ ഫലമായി ലക്ഷ്യം 18 പന്തില്‍ നിന്ന് 33 റണ്‍സായി മാറുകയായിരുന്നു. 48ാം ഓവര്‍ എറിഞ്ഞ മാറ്റ് ഹെന്‍റിയുടെ ഓവറില്‍ തുടരെ മൂന്ന് സിക്സുകളും ഒരു ബൗണ്ടറിയും നേടി ലക്ഷ്യം 9 റണ്‍സാക്കി മാറ്റിയ കാര്‍ലോസ് ബ്രാത്‍വൈറ്റ് അവസാന പന്തില്‍ സിംഗിള്‍ എടുത്തപ്പോള്‍ ഓവറില്‍ നിന്ന് പിറന്നത് 25 റണ്‍സായിരുന്നു. ഇതോടെ ലക്ഷ്യം രണ്ടോവറില്‍ 8 റണ്‍സായി മാറി.

80 പന്തില്‍ നിന്ന് തന്റെ ശതകം പൂര്‍ത്തിയാക്കിയ ബ്രാത്‍വൈറ്റ് ജെയിംസ് നീഷം എറിഞ്ഞ ഓവര്‍ കരുതലോടെയാണ് ബാറ്റ് വീശിയത്. എന്നാല്‍ അവസാന പന്തില്‍ ബ്രാതവൈറ്റ് പുറത്തായപ്പോള്‍ ഓവറില്‍ നിന്ന് വെറും രണ്ട് റണ്‍സാണ് വിന്‍ഡീസിനു നേടാനായത്. ലക്ഷ്യത്തിന് 5 റണ്‍സ് അകലെ വിന്‍ഡീസ് പൊരുതി വീഴുകയായിരുന്നു.

പത്തോവറില്‍ വെറും 30 റണ്‍സ് വിട്ട് നല്‍കിയ ട്രെന്റ് ബോള്‍ട്ട് നാല് വിക്കറ്റ് നേടിയപ്പോള്‍ ഇതില്‍ ഒരോവറില്‍ മെയ്ഡന്‍ ആയിരുന്നു. മൂന്ന് വിക്കറ്റുമായി ലോക്കി ഫെര്‍ഗൂസണും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചുവെങ്കിലും താരം ഏറെ റണ്‍സ് വഴങ്ങുകയായിരുന്നു. എന്നാല്‍ 9 ഓവറില്‍ നിന്ന് 76 റണ്‍സ് വഴങ്ങിയ മാറ്റ് ഹെന്‍റിയ്ക്കാണ് ന്യൂസിലാണ്ട് ബൗളര്‍മാരില്‍ കണക്കറ്റ് പ്രഹരം ലഭിച്ചത്. ഇതില്‍ കാര്‍ലോസ് ബ്രാത്‍വൈറ്റാണ് താരത്തെ ഒരോവറില്‍ നിന്ന് 25 റണ്‍സ് നേടി മത്സരം മാറ്റി മറിച്ചത്.

മികച്ച തുടക്കം പിന്നെ തകര്‍ന്ന് അഫ്ഗാനിസ്ഥാന്‍, അഞ്ച് വിക്കറ്റ് നേട്ടവുമായി ജെയിംസ് നീഷം, പൊരുതിയത് ഷഹീദി മാത്രം

ന്യൂസിലാണ്ടിനെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് അഫ്ഗാനിസ്ഥാന്‍. ഓപ്പണര്‍മാരായ ഹസ്രത്തുള്ള സാസായി(34)യും നൂര്‍ അലി സദ്രാനും(31) നല്‍കിയ മികച്ച തുടക്കത്തിന്റെ ബലത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 66 റണ്‍സിലേക്ക് കുതിച്ച അഫ്ഗാനിസ്ഥാനെ ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ ജെയിംസ് നീഷം ആണ് എറിഞ്ഞിട്ടത്. സ്കോര്‍ 66ല്‍ നില്‍ക്കെ മൂന്ന് വിക്കറ്റാണ് അഫ്ഗാനിസ്ഥാന് നഷ്ടമായത്. തുടക്കത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി 70/4 എന്ന നിലയിലേക്ക് അഫ്ഗാനിസ്ഥാനെ തള്ളിയിട്ട ശേഷം പിന്നീട് രണ്ട് വിക്കറ്റും കൂടി നേടി ജെയിംസ് നീഷം തന്റെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു. 41.1 ഓവറിലാണ് അഫ്ഗാനിസ്ഥാന്റെ ഇന്നിംഗ്സ് അവസാനിച്ചത്. 172 റണ്‍സാണ് ടീം നേടിയത്.

10 ഓവറില്‍ നിന്ന് 31 റണ്‍സ് മാത്രമാണ് താരം വിട്ട് നല്‍കിയത്. അതേ സമയം 59 റണ്‍സുമായി പൊരുതി നിന്ന ഹസ്മത്തുള്ള ഷഹീദിയാണ് അഫ്ഗാനിസ്ഥാനെ 172 റണ്‍സിലേക്ക് എത്തിച്ചത്. ജെയിംസ് നീഷത്തിനു പുറമെ ലോക്കി ഫെര്‍ഗൂസണ്‍ നാല് വിക്കറ്റും കോളിന്‍ ഡി ഗ്രാന്‍ഡോം ഒരു വിക്കറ്റും നേടി.

 

ശ്രീലങ്കയെ നൂറ് കടത്തി ഏഴാം വിക്കറ്റ് കൂട്ടുകെട്ട്, അര്‍ദ്ധ ശതകം നേടി ശ്രീലങ്കന്‍ നായകന്‍

ഇന്നലെ വിന്‍ഡീസിനോട് പാക്കിസ്ഥാന്‍ തകര്‍ന്നടിഞ്ഞതിനു പിന്നാലെ ഇന്ന് മറ്റൊരു ഏഷ്യന്‍ ശക്തികള്‍ക്ക് കൂടി തകര്‍ച്ച. ന്യൂസിലാണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് 29.2 ഓവറില്‍ നിന്ന് 136 റണ്‍സ് മാത്രമാണ് നേടാനായത്. മാറ്റ് ഹെന്‍റിയും ലോക്കി ഫെര്‍ഗൂസണും ശ്രീലങ്കന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തെറിഞ്ഞപ്പോള്‍ 60/6 എന്ന നിലയിലേക്ക് ടീം വീഴുകയായിരുന്നു. പിന്നീട് ഏഴാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേയും തിസാര പെരേരയും ചേര്‍ന്ന് സ്കോര്‍ നൂറ് കടത്തുകയായിരുന്നു. എന്നാല്‍ കൂട്ടുകെട്ട് സാന്റനര്‍ തകര്‍ക്കുമ്പോള്‍ ശ്രീലങ്ക 112 റണ്‍സാണ് നേടിയത്. 52 റണ്‍സുമായി ദിമുത് കരുണാരത്നേ പുറത്താകാതെ നിന്നു.

ഓപ്പണര്‍ ലഹിരു തിരിമന്നേയെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായെങ്കിലും കുശല്‍ പെരേര-ദിമുത് കരുണാരത്നേ കൂട്ടുകെട്ട് 42 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടിയപ്പോള്‍ ശ്രീലങ്ക കരകയറുമെന്നാണ് പ്രതീക്ഷിച്ചത്. 24 പന്തില്‍ നിന്ന് 29 റണ്‍സ് നേടി അതിവേഗം സ്കോര്‍ ചെയ്യുകയായിരുന്നു കുശല്‍ പെരേരയെ മാറ്റ് ഹെന്‍റി പുറത്താക്കിയ ശേഷം ടീമിന്റെ തകര്‍ച്ച ആരംഭിയ്ക്കുകയായിരുന്നു. കുശല്‍ മെന്‍ഡിസും ആഞ്ചലോ മാത്യൂസും പൂജ്യത്തിനു പുറത്തായപ്പോള്‍ ധനന്‍ജയ ഡിസില്‍വ(4) ജീവന്‍ മെന്‍ഡിസ്(1) എന്നിവരുടെയും മടക്കം വേഗത്തിലായിരുന്നു.

ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേയും(**) തിസാര പെരേരയും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ നേടിയ 52 റണ്‍സാണ് ശ്രീലങ്കയെ നൂറെന്ന സ്കോര്‍ കടത്തിയത്. 27 റണ്‍സ് നേടിയ പെരേരയെ സാന്റനര്‍ ആണ് പുറത്താക്കിയത്.

ന്യൂസിലാണ്ടിനായി മാറ്റി ഹെന്‍റിയും ലോക്കി ഫെര്‍ഗൂസണും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ കോളിന്‍ ഡി ഗ്രാന്‍ഡോം, മിച്ചല്‍ സാന്റനര്‍ ജെയിംസ് നീഷം, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

റസ്സലിനെതിരെ പന്തെറിയേണ്ടതില്ലെന്നത് ആശ്വാസകരം

ആന്‍ഡ്രേ റസ്സലിനെതിരെ ഐപിഎലില്‍ പന്തെറിയേണ്ടതില്ലെന്നത് ഏറെ ആശ്വാസകരമായ കാര്യമാണെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ റസ്സലിന്റെ സഹതാരമായ ലോക്കി ഫെര്‍ഗൂസണ്‍. സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തുവാന്‍ കൊല്‍ക്കത്തയെ സഹായിച്ചത് ആന്‍ഡ്രേ റസ്സലിന്റെ വെടിക്കെട്ട് പ്രകടനമായിരുന്നു. 19 പന്തില്‍ നിന്ന് 49 റണ്‍സ് നേടി റസ്സലാണ് ഏതാനും ഓവറുകള്‍ക്കുള്ളില്‍ കളി മാറ്റി മറിച്ചത്.

താനിതുവരെ വ്യക്തിപരമായി കണ്ടിട്ടില്ലാത്തൊരു ഇന്നിംഗ്സായിരുന്നു അത്. അവിശ്വസനീയം. റസ്സല്‍ എന്റെ ടീമിലുള്ളതെന്നത് എന്നെ വളരെ ആഹ്ലാദഭരിതനാക്കുന്നു, കാരണം എനിക്ക് അദ്ദേഹത്തിനെതിരെ പന്തെറിയേണ്ടതില്ല.

രണ്ടാം ഏകദിനത്തിലും ശതകവുമായി ഗുപ്ടില്‍, പരമ്പര ന്യൂസിലാണ്ടിനു

ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തിലും അനായാസ ജയം സ്വന്തമാക്കി ന്യൂസിലാണ്ട്. ജയത്തോടെ പരമ്പര 2-0നു സ്വന്തമാക്കുവാന്‍ ടീമിനായി. ഇന്ന് നടന്ന രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 226 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ലക്ഷ്യം 36.1 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയര്‍ മറികടന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ശതകം സ്വന്തമാക്കി ന്യൂസിലാണ്ട് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്ടില്‍ ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

88 പന്തില്‍ നിന്ന് 118 റണ്‍സുമായി വെടിക്കെട്ട് പ്രകടനമാണ് ഗുപ്ടില്‍ നടത്തിയത്. 14 ബൗണ്ടറിയും 4 സിക്സും അടക്കമായിരുന്നു ഈ പ്രകടനം. കെയിന്‍ വില്യംസണ്‍ പുറത്താകാതെ 65 റണ്‍സ് നേടിയപ്പോള്‍ റോസ് ടെയിലര്‍ 21 റണ്‍സ് നേടി പുറത്താകാതെ ക്യാപ്റ്റനൊപ്പം നിലയുറപ്പിച്ചു. 14 റണ്‍സ് നേടിയ ഹെന്‍റി നിക്കോളസ് ആണ് പുറത്തായ മറ്റൊരു താരം. ബംഗ്ലാദേശിനായി 2 വിക്കറ്റും വീഴ്ത്തിയത് മുസ്തഫിസുര്‍ റഹ്മാന്‍ ആയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 49.4 ഓവറിലാണ് ന്യൂസിലാണ്ട് ഓള്‍ഔട്ട് ആക്കിയത്. മുഹമ്മദ് മിഥുന്‍ 57 റണ്‍സ് നേടി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ സബ്ബിര്‍ റഹ്മാന്‍ 43 റണ്‍സ് നേടി. വാലറ്റത്തില്‍ നിന്നുള്ള സഹായം കൂടി നേടിയാണ് ബംഗ്ലാദേശ് 200 കടന്നത്. ന്യൂസിലാണ്ടിനായി ലോക്കി ഫെര്‍ഗൂസണ്‍ മൂന്നും ടോഡ് ആസ്ട‍്‍ലേ, ജെയിംസ് നീഷം എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഏകദിനത്തിനു പിന്നാലെ ടി20യിലും വിജയം കുറിച്ച് ന്യൂസിലാണ്ട്

ഏകദിന പരമ്പര തൂത്തുവാരിയ ശേഷം ടി20 പരമ്പരയിലും വിജയം കുറിച്ച് ന്യൂസിലാണ്ട്. ഇന്നലെ നടന്ന ഏക ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 179 റണ്‍സ് നേടിയപ്പോള്‍ ശ്രീലങ്ക 16.5 ഓവറില്‍ 144 റണ്‍സിനു ഓള്‍ഔട്ട് ആയി. 19 പന്തുകള്‍ അവശേഷിക്കെയാണ് ശ്രീലങ്ക 35 റണ്‍സ് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്.

179/7 എന്ന സ്കോറാണ് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് നേടിയത്. ഇന്നിംഗ്സിന്റെ അവസാനത്തോടു കൂടി ബാറ്റ്സ്മാന്മാരായ ഡഗ് ബ്രേസ്‍വെല്ലും സ്കോട്ട് കുജ്ജെലൈനും നടത്തിയ പ്രകടനമാണ് മത്സരത്തില്‍ നിര്‍ണ്ണായകമായത്. 26 പന്തില്‍ നിന്ന് 44 റണ്‍സാണ് ഡഗ് ബ്രേസ്‍വെല്‍ നേടിയത്. സ്കോട്ട് 15 പന്തില്‍ 35 റണ്‍സ് നേടി പുറത്താകാതെ നിന്നു. റോസ് ടെയിലര്‍ 33 റണ്‍സ് നേടി. ഒരു ഘട്ടത്തില്‍ 27/4 എന്നും 55/5 എന്ന നിലയിലും വീണ ശേഷമാണ് മികച്ച സ്കോര്‍ നേടുവാന്‍ ന്യൂസിലാണ്ടിനു സാധിച്ചത്. ശ്രീലങ്കയ്ക്കായി കസുന്‍ രജിത മൂന്നും ലസിത് മലിംഗ രണ്ടും വിക്കറ്റ് നേടി.

ഏകദിനത്തിലേത് പോലെ തിസാര പെരേര 24 പന്തില്‍ 43 റണ്‍സുമായി തിളങ്ങിയതാണ് ശ്രീലങ്കന്‍ നിരയിലെ മികച്ച പ്രകടനം. കുശല്‍ പെരേര 12 പന്തില്‍ 23 റണ്‍സ് നേടിയതൊഴിച്ചാല്‍ മറ്റാര്‍ക്കും തന്നെ കാര്യമായ പ്രകടനം പുറത്തെടുക്കുവാന്‍ ലങ്കന്‍ നിരയില്‍ സാധിച്ചില്ല. ലോക്കി ഫെര്‍ഗൂസണ്‍, ഇഷ് സോധി എന്നിവര്‍ മൂന്ന് വിക്കറ്റ് ന്യൂസിലാണ്ട് ബൗളര്‍മാരില്‍ തിളങ്ങി.

Exit mobile version