“ആത്മാർത്ഥമായി കളിക്കുക അല്ലെങ്കിൽ ക്ലബ് വിട്ട് പോകുക” ഇന്റർ താരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ലൗടാരോ മാർട്ടിനെസ്


ക്ലബ് ലോകകപ്പ് പ്രീക്വാർട്ടർ മത്സരത്തിൽ ഫ്ലുമിനെൻസിനോട് 2-0 ന് തോറ്റതിന് പിന്നാലെ, ടീമംഗങ്ങൾക്ക് പോരാട്ടവീര്യവും പ്രതിബദ്ധതയും ഇല്ലെന്ന് ആരോപിച്ച് ഇന്റർ മിലാൻ നായകൻ ലൗടാരോ മാർട്ടിനെസ് രൂക്ഷ വിമർശനമുയർത്തി.


ഷാർലറ്റിൽ നടന്ന ഞെട്ടിക്കുന്ന തോൽവിക്ക് ശേഷം സംസാരിക്കുക ആയിരുന്നു അർജന്റീനിയൻ സ്ട്രൈക്കർ. “പ്രധാന കിരീടങ്ങൾക്കായി പോരാടാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ററിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് തുടരാം, നമുക്ക് പോരാടാം. പക്ഷേ, ഇവിടെ തുടരാൻ ആഗ്രഹിക്കാത്തവർക്ക് പുറത്തുപോകാം.” മാർട്ടിനെസ് പറഞ്ഞു.


“നമ്മൾ പ്രധാനപ്പെട്ട ഒരു ജേഴ്സിയാണ് ധരിക്കുന്നത്. ഇവിടെ തുടരാൻ ആഗ്രഹിക്കുന്ന കളിക്കാരെയാണ് നമുക്ക് വേണ്ടത്. അല്ലെങ്കിൽ ദയവായി, പുറത്തുപോകുക.” അദ്ദേഹം പറഞ്ഞു.



“ഒരുപാട് നീണ്ടതും ക്ഷീണിപ്പിക്കുന്നതുമായ സീസണായിരുന്നു ഇത്, ഞങ്ങൾ ഒന്നും നേടാതെ അവസാനിപ്പിച്ചു. ഞാൻ ക്യാപ്റ്റനാണ്, കാര്യങ്ങൾ മികച്ച നിലയിൽ നിലനിർത്താൻ ഞാൻ ആഗ്രഹിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ലൗട്ടാരോ മാർട്ടിനെസ് തിരിച്ചെത്തും



ബാഴ്സലോണക്കെതിരായ നിർണായക യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാം പാദ മത്സരത്തിന് മുന്നോടിയായി ഇന്റർ മിലാന് വലിയൊരു സന്തോഷവാർത്ത. അവരുടെ പ്രധാന സ്ട്രൈക്കർ ലൗട്ടാരോ മാർട്ടിനെസ് പേശീ പരിക്ക് ഭേദമായി തിരിച്ചെത്താൻ ഒരുങ്ങുകയാണ്.


ലാ ഗസറ്റ ഡെല്ലോ സ്പോർട്ടിന്റെ റിപ്പോർട്ട് അനുസരിച്ച്, ലൗട്ടാരോ തിങ്കളാഴ്ച പരിശീലനത്തിൽ പങ്കെടുക്കുമെന്നും ചൊവ്വാഴ്ച രാത്രി സാൻ സിറോയിൽ നടക്കുന്ന നിർണായക മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങാൻ സാധ്യതയുണ്ടെന്നും പറയുന്നു. ബാഴ്സലോണയിൽ നടന്ന ആദ്യ പാദ മത്സരത്തിലാണ് അർജന്റീന താരം പരിക്കിന് ഇരയായത്. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ അസ്വസ്ഥത കാണിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ഇടവേളയിൽ പിൻവലിച്ചു.


തുടക്കത്തിൽ പരിക്ക് രണ്ടാഴ്ച വരെ താരത്തെ പുറത്തിരുത്തിയേക്കുമെന്ന് ഭയപ്പെട്ടിരുന്നു. എന്നാൽ ഇന്റർ ക്യാപ്റ്റൻ പ്രതീക്ഷിച്ചതിലും വേഗത്തിൽ സുഖം പ്രാപിച്ചു. ഒരു മുഴുവൻ പരിശീലന സെഷനും ഹെല്ലാസ് വെറോണക്കെതിരായ വാരാന്ത്യത്തിലെ വിജയ മത്സരവും മാത്രമാണ് അദ്ദേഹത്തിന് നഷ്ടമായത്.


ഉറുഗ്വേയ്‌ക്കെതിരെ അർജന്റീന നിരയിൽ ലൗട്ടാരോ മാർട്ടിനെസ് ഉണ്ടാകില്ല

ഉറുഗ്വേയ്‌ക്കെതിരായ അർജൻ്റീനയുടെ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലൗട്ടാരോ മാർട്ടിനെസ് കളിക്കാൻ സാധ്യതയില്ല. DSportsRadio-യിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, സ്‌ട്രൈക്കർ തൻ്റെ ടീമംഗങ്ങൾക്കൊപ്പം ഇതുവരെ പരിശീലനം നടത്തിയിട്ടില്ല. താരത്തിന് വ്യാഴാഴ്ചത്തെ മത്സരം നഷ്‌ടപ്പെടാനിടയുണ്ട്. എന്നിരുന്നാലും, ബ്രസീലിനെതിരായ അർജൻ്റീനയുടെ നിർണായക പോരാട്ടത്തിൽ അദ്ദേഹം കളിക്കും.

മാർട്ടിനസ് ഇല്ലാത്താത് അർജന്റീനക്ക് തിരിച്ചടിയാകും. ഇതിനകം മെസ്സിയും പരിക്ക് കാരണം അർജന്റീന സ്ക്വാഡിൽ ഇല്ല.

ലൗട്ടാരോ മാർട്ടിനെസ് 200 കരിയർ ഗോളുകളിൽ എത്തി

ലൗട്ടാരോ മാർട്ടിനസ് കരിയറിൽ ഒരു നിർണായക നാഴികകല്ല് പിന്നിട്ടു. ഇന്നകെ ലെചെക്ക് എതിരായ ഇന്ററിന്റെ 4-0 വിജയത്തിൽ മാർട്ടിനസ് തന്റെ 200-ാം ഗോൾ നേടി. അർജന്റീന ദേശീയ ടീമിനായി 32 ഗോളുകളും തന്റെ ക്ലബ്ബുകൾക്കായി 168 ഗോളുകളും മാർട്ടിനസ് ആകെ നേടി.

അർജന്റീനയിലെ റേസിംഗ് ക്ലബ്ബിൽ നിന്നാണ് മാർട്ടിനെസ് തന്റെ കരിയർ ആരംഭിച്ചത്, യൂറോപ്പിലേക്ക് പോകുന്നതിനുമുമ്പ് അദ്ദേഹം അവിടെ 27 ഗോളുകൾ നേടി. ഇന്ററിൽ ചേർന്നതിനുശേഷം, ഇറ്റാലിയൻ ക്ലബ്ബിനായി 141 ഗോളുകളും നേടി.

ചാമ്പ്യൻസ് ലീഗിൽ 14, യൂറോപ്പ ലീഗിൽ മൂന്ന്, സീരി എയിൽ 112, കോപ്പ ഇറ്റാലിയയിൽ എട്ട്, സൂപ്പർകോപ്പ ഇറ്റാലിയാനയിൽ നാല് എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ ഇന്റ മിലാനിലെ ഗോളുകൾ.

2023-2024 സീരി എ പ്ലെയർ ഓഫ് ദ ഇയർ ആയി ലൗട്ടാരോ മാർട്ടിനെസ്

2023-2024 സീരി എ പ്ലെയർ ഓഫ് ദ ഇയർ ആയി ലൗട്ടാരോ മാർട്ടിനെസ് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ സീസണിൽ 24 ഗോളുകൾ നേടിയ മാർട്ടിനെസ് ലീഗിലെ ടോപ് സ്‌കോററായി ഇൻ്ററിനെ സീരി എ ട്രോഫിയിലേക്ക് നയിച്ചിരുന്നു. തിങ്കളാഴ്ച ഇറ്റലിയിൽ നടന്ന ചടങ്ങിലാണ് അർജൻ്റീനക്കാരന് ഈ ട്രോഫി സമ്മാനിച്ചത്.

സീസണിലെ സീരി എ ടീമിലും ഈ 27 കാരൻ ഉൾപ്പെടുത്തി, ലീഗിലെ ഏറ്റവും വിലയേറിയ കളിക്കാരനായി താരം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ലൗടാരോ മാർട്ടിനസ് എങ്ങോട്ടും ഇല്ല!! 2029 വരെ ഇന്റർ മിലാനിൽ

ലൗടാരോ മാർട്ടിനെസ് ഇൻ്റർ മിലാനിൽ ഒരു പുതിയ ദീർഘകാല കരാർ ഒപ്പുവെച്ചു. 2029 ജൂൺ വരെ നീണ്ടു നിൽക്കുന്ന കരാറിൽ ആണ് ലൗട്ടാരോ മാർട്ടിനസ് ഒപ്പുവെച്ചത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വന്നു. 26-കാരനായ അർജൻ്റീനിയൻ സ്‌ട്രൈക്കർ ഈ കഴിഞ്ഞ സീസണിൽ ഇന്റർ മിലാന്റെ ഇരട്ട കിരീട നേട്ടത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു. 2018 മുതൽ ലൗട്ടാരോ ഇന്റർ മിലാനൊപ്പം ഉണ്ട്.

കഴിഞ്ഞ സീസണിൽ 33 ലീഗ് മത്സരങ്ങളിൽ നിന്ന് 24 ഗോളുകളും ആറ് അസിസ്റ്റുകളും താരം സംഭാവന നൽകി. 2023-ലെ സീരി എ എംവിപി ട്രോഫിയും താരമാണ് നേടിയത്. ഇൻ്ററുമായുള്ള അർജന്റീനൻ താരത്തിന്റെ നിലവിലെ കരാറിൽ 2026ൽ അവസാനിക്കേണ്ടതായിരുന്നു. പുതിയ ഡീലിൽ ഒരു റിലീസ് ക്ലോസ് ഉണ്ടാകില്ല. ഓരോ സീസണിലും ഏകദേശം 9 മില്യൺ അദ്ദേഹത്തിന് വേതനമായി ലഭിക്കും.

ലൗടാരോ മാർട്ടിനസ് സൂപ്പർ! വീണ്ടും സുന്ദരഗോൾ, അനായാസം അർജന്റീന

കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിലും ജയം കണ്ടു അർജന്റീന ഗ്രൂപ്പ് ജേതാക്കൾ ആയി. ചെറിയ പരിക്ക് കാരണം ക്യാപ്റ്റൻ ലയണൽ മെസ്സി ഇല്ലാതെ ഇറങ്ങിയ അർജന്റീന എതിരില്ലാത്ത 2 ഗോളുകൾക്ക് ആണ് പെറുവിനെ തോൽപ്പിച്ചത്. ലൗടാരോ മാർട്ടിനസിന്റെ ഇരട്ടഗോളുകൾ ആണ് അർജന്റീനക്ക് ജയം സമ്മാനിച്ചത്. ആദ്യ പകുതിയിൽ അവസരങ്ങൾ ഉണ്ടായെങ്കിലും ഗോൾ നേടാൻ അർജന്റീനക്ക് ആയില്ല. എന്നാൽ രണ്ടാം പകുതി തുടങ്ങിയ ഉടൻ അർജന്റീന ഗോൾ നേടി. അതിസുന്ദരമായ ടീം ഗോൾ ആയിരുന്നു ഇത്. മികച്ച നീക്കത്തിന് ഒടുവിൽ ഡി മരിയയും ആയി പന്ത് കൊടുത്ത് വാങ്ങിയ ലൗടാരോ മാർട്ടിനസ് മനോഹരമായി പന്ത് വലയിൽ എത്തിക്കുക ആയിരുന്നു. തുടർന്ന് കോർണറിൽ നിന്നു അർജന്റീന നേടിയ ഗോൾ പക്ഷെ ഗോൾ കീപ്പറെ ഫൗൾ ചെയ്തതിനാൽ റഫറി അനുവദിച്ചില്ല.

തുടർന്ന് 69 മത്തെ മിനിറ്റിൽ ഹാന്റ് ബോളിന് അർജന്റീനക്ക് അനുകൂലമായി പെനാൽട്ടി ലഭിച്ചു. എന്നാൽ മെസ്സിയുടെ അഭാവത്തിൽ പെനാൽട്ടി എടുത്ത പരഡസിന്റെ ശക്തമായ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. ക്വാർട്ടർ ഫൈനലിൽ എത്താൻ ജയം അനിവാര്യമായ പെറുവിനു പക്ഷെ നിരവധി മാറ്റങ്ങളും ആയി എത്തിയ അർജന്റീനയെ പരീക്ഷിക്കാൻ അധികം ആയില്ല. തുടർന്ന് 86 മത്തെ മിനിറ്റിൽ പെറു പ്രതിരോധത്തിൽ വന്ന വീഴ്ച മുതലെടുത്ത് തന്റെ രണ്ടാം ഗോൾ നേടിയ ലൗടാരോ മാർട്ടിനസ് അർജന്റീനൻ ജയം പൂർത്തിയാക്കി. ടൂർണമെന്റിലെ താരത്തിന്റെ നാലാം ഗോൾ ആയിരുന്നു ഇത്. തുടർന്ന് സനെലെറ്റയുടെ ഹെഡർ പോസ്റ്റിൽ ഇടിച്ചു മടങ്ങിയത് ഒഴിച്ചാൽ അർജന്റീനൻ പ്രതിരോധത്തെ പരീക്ഷിക്കാൻ പെറുവിനു ആയില്ല. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ കാനഡ ചിലി മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ഇതോടെ കാനഡ അർജന്റീനക്ക് ഒപ്പം ഗ്രൂപ്പിൽ നിന്നു ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

ലൗട്ടാരോ മാർട്ടിനസ് 2029 വരെ ഇന്റർ മിലാനിൽ

ലൗടാരോ മാർട്ടിനെസ് ഇൻ്റർ മിലാനിൽ ഒരു പുതിയ ദീർഘകാല കരാർ ഒപ്പുവെക്കും. 2029 ജൂൺ വരെ നീണ്ടു നിൽക്കുന്ന കരാറിൽ ആകും ലൗട്ടാരോ മാർട്ടിനസ് ഒപ്പുവെക്കുക. 26-കാരനായ അർജൻ്റീനിയൻ സ്‌ട്രൈക്കർ ഈ സീസണിൽ ഇന്റർ മിലാന്റെ ഇരട്ട കിരീട നേട്ടത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു. 2018 മുതൽ ലൗട്ടാരോ ഇന്റർ മിലാനൊപ്പം ഉണ്ട്.

ഈ സീസണിൽ 33 ലീഗ് മത്സരങ്ങളിൽ നിന്ന് 24 ഗോളുകളും ആറ് അസിസ്റ്റുകളും താരം സംഭാവന നൽകി. 2023-ലെ സീരി എ എംവിപി ട്രോഫിയും താരമാണ് നേടിയത്. ഇൻ്ററുമായുള്ള അർജന്റീനൻ താരത്തിന്റെ നിലവിലെ കരാറിൽ 2026ൽ അവസാനിക്കേണ്ടതായിരുന്നു. പുതിയ ഡീലിൽ ഒരു റിലീസ് ക്ലോസ് ഉണ്ടാകില്ല. ഓരോ സീസണിലും ഏകദേശം 9 മില്യൺ

ഇന്റർ മിലാനും ലൗട്ടാരോയും തകർക്കുന്നു!! ലീഗിൽ ഒന്നാമത് തന്നെ

സീരി എയിൽ ഇന്റർ മിലാൻ അവരുടെ ജൈത്രയാത്ര തുടരുന്നു. ഇന്നലെ എവേ മത്സരത്തിൽ മോൻസയെ നേരിട്ട ഇന്റർ മിലാൻ രണ്ടിനെതിരെ അഞ്ചു ഗോളുകളുടെ വലിയ വിജയം തന്നെ നേടി. ഇന്റർ മിലാന് മുന്നിൽ പിടിച്ച് നിൽക്കാൻ മോൻസക്ക് ആയില്ല. ആദ്യ 14 മിനുട്ടിൽ തന്നെ ഇന്റർ മിലാൻ 2 ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. ഇന്റർ മിലാനായി ആദ്യം ഒരു പെനാൾട്ടിയിലൂടെ ഹകൻ ചാഹനൊഗ്ലു ആണ് വല കുലുക്കിയത്.

14ആം മിനുട്ടിൽ ലൗട്ടാരോയിലൂടെ അവർ ലീഡ് ഇരട്ടിയാക്കി. 30ആം മിനുട്ടിൽ പെസ്സിനയിലൂടെ ഒരു ഗോൾ മോൻസ മടക്കി. സ്കോർ 2-1. പക്ഷെ 60ആം മിനുട്ടിൽ ചാഹനൊഗ്ലു വീണ്ടും ഇന്ററിനായി വല കുലുക്കി. സ്കോർ 3-1. മറുവശത്ത് പെസ്സിന വീണ്ടും മോൻസക്ക് ആയി ഗോൾ നേടി. സ്കോർ 3-2.

84ആം മിനുട്ടിൽ ലൗട്ടാരോയുടെ പെനാൾട്ടി സ്കോർ 4-2 എന്നാക്കി. 88ആം മിനുട്ടിൽ തുറാം കൂടെ ഗോൾ നേടിയതോടെ ഇന്റർ വിജയം പൂർത്തിയാക്കി‌. ഈ വിജയത്തോടെ ഇന്റർ മിലാൻ 51 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. രണ്ടാമതുള്ള യുവന്റസുമായി 5 പോയിന്റിന്റെ ലീഡ് ഇന്ററിന് ഉണ്ട്. ലൗട്ടാരോ ഈ മത്സരത്തിലെ ഗോളുകളിലൂടെ 18 ഗോളിൽ എത്തി.

നാടകീയമായ ഫിനിഷ്, ഇന്റർ മിലാൻ ഒന്നാം സ്ഥാനത്ത് ലീഡ് ഉയർത്തി

സീരി എയിൽ ഇന്റർ മിലാൻ അവരുടെ ആധിപത്യം തുടരുന്നു. ഇന്ന് വെറോണയെ നേരിട്ട ഇന്റർ മിലാൻ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. നാടകീയമായ അവസാന നിമിഷങ്ങൾക്ക് ശേഷമാണ് ഇന്റർ മിലാൻ വിജയം നേടിയത്‌. മത്സരത്തിന്റെ തുടക്കത്തിൽ 13ആം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനസിന്റെ ഗോളിലൂടെ ഇന്റർ മിലാൻ ലീഡ് എടുത്തു. ലൗട്ടാരോയുടെ ലീഗിലെ 16സം ഗോളായിരുന്നു ഇത്.

ഈ ഗോളിന് രണ്ടാം പകുതിയിൽ 74ആം മിനുട്ടിൽ തോമസ് ഹെൻറിയിലൂടെ വെറോണ മറുപടി നൽകി‌. 90ആം മിനുട്ട് വരെ ഈ സമനില തുടർന്നു. അവസാനം ഫ്രറ്റെസിയുടെ ഗോളിൽ ഇന്റർ മിലാൻ ലീഡെടുത്തു. അതു കഴിഞ്ഞ് ഇഞ്ച്വറി ടൈമിൽ വെരോണക്ക് സമനില നേടാൻ ഒരു പെനാൾട്ടിയിലൂടെ അവസരം കിട്ടി. പക്ഷെ അത് ലക്ഷ്യത്തിൽ എത്തിക്കാൻ തോമസ് ഹെൻറിക്ക് ആയില്ല. ഇതോടെ ഇന്റർ വിജയം ഉറപ്പിച്ചു.

19 മത്സരങ്ങളിൽ നിന്ന് 48 പോയിന്റുമായി ഇന്റർ ഇപ്പോൾ ലീഗിൽ ഒന്നാമത് തുടരുകയാണ്. രണ്ടാമതുള്ള യുവന്റസിനെക്കാൾ 5 പോയിന്റ് ലീഡ് ഇന്ററിനുണ്ട്.

“ലുകാകു എന്നെ നിരാശപ്പെടുത്തി” – ലൗട്ടാരോ മാർട്ടിനസ്

മുൻ ഇന്റർ മിലാൻ സ്ട്രൈക്കർ റൊമേലു ലുകാകു യുവന്റസുമായി ചർച്ചകൾ നടത്തിയത് തന്നെ നിരാശപ്പെടുത്തി എന്ന് ലുകാകുവിന്റെ ഇന്റർ മിലാനിലെ സ്ട്രൈക്കർ പാട്ണർ ആയിരുന്ന ലൗട്ടാരോ മാർട്ടിനസ്.

“റൊമേലു എന്നെ നിരാശപ്പെടുത്തി, അതാണ് സത്യം. ഈ വിവാദങ്ങൾ നടൽകുന്ന നാളുകളിൽ ഞാൻ അവനെ വിളിക്കാൻ ശ്രമിച്ചു, പക്ഷേ അവൻ ഒരിക്കലും എന്റെ ഫോൺ കോളുകൾ സ്വീകരിച്ചില്ല. എന്റെ മറ്റ് ടീമംഗങ്ങളും ലുകാലുവിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ആരുടെ ഫോണുകളും അവൻ എടുത്തില്ല.” ലൗട്ടാരോ പറഞ്ഞു.

“ഞാൻ നിരാശനായി. പക്ഷേ അത് അവന്റെ ഇഷ്ടമാണ്, ”ഇന്റർ ക്യാപ്റ്റൻ പറഞ്ഞു. ഇന്റർ മിലാനിൽ തിരികെയെത്തും എന്ന് എല്ലാവരും കരുതിയ സമയത്തായിരുന്നു ഇന്ററിന്റെ പ്രധാന വൈരികളായ യുവന്റസുമായി ലുകാകു ചർച്ചകൾ നടത്തിയത്. ഇതോടെ താരത്തെ സ്വന്തമാക്കേണ്ട എന്ന് ഇന്റർ തീരുമാനിച്ചു.

തനിക്ക് സൗദിയിൽ നിന്ന് വലിയ ഓഫർ ഉണ്ടായിരുന്നു എന്നും അത് നിരസിച്ചാണ് താൻ ഇന്റർ മിലാനിൽ തുടരുന്നത് എന്നും ലൗട്ടാരോ പറയുന്നു.

“എനിക്ക് സൗദി ക്ലബ്ബുകളിൽ നിന്ന് വലിയ ഓഫറുകൽ ലഭിച്ചു, അത് സത്യമാണ്. എന്നാൽ ഇന്ററിലും മിലാനിൽ ഞാൻ വളരെ സന്തുഷ്ടനാണ്, ഞാൻ ഇവിടെ ക്യാപ്റ്റനാണ്, ഇന്റർ എന്റെ രണ്ടാമത്തെ വീടാണ്. ആദ്യ ദിവസം മുതൽ എനിക്ക് ഇവിടെ സ്നേഹം ലഭിക്കുന്നു. ഇവിടെ വന്നതിൽ ഞാൻ അഭിമാനിക്കുന്നു,” ലൗട്ടാരോ പറഞ്ഞു

ഒരേ സീസണിൽ ലോകകപ്പും ചാമ്പ്യൻസ് ലീഗും ജയിക്കുന്ന ചരിത്രം തേടി അർജന്റീന താരങ്ങൾ

ഒരു സീസണിൽ തന്നെ ഫിഫ ലോകകപ്പ് കിരീടവും യുഫേഫ ചാമ്പ്യൻസ് കിരീടവും നേടുന്ന താരമാവാനുള്ള ചരിത്രം തേടി 2 അർജന്റീന താരങ്ങൾ ഇന്ന് ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കാൻ ഇറങ്ങും. ചരിത്രം തേടി മാഞ്ചസ്റ്റർ സിറ്റിക്ക് ആയി യൂലിയൻ അൽവാരസ് ഇറങ്ങുമ്പോൾ ഇന്റർ മിലാൻ ക്യാപ്റ്റൻ ലൗടാരോ മാർട്ടിനസും തേടുന്നത് അതേ ചരിത്രം ആണ്. നിലവിൽ ഒരു സീസണിൽ ഇരു കിരീടവും നേടാൻ 9 താരങ്ങൾക്ക് മാത്രം ആണ് സാധിച്ചിട്ടുള്ളത്. ചാമ്പ്യൻസ് ലീഗ് നേടുന്ന താരം ഈ നേട്ടത്തിൽ എത്തുന്ന പത്താമത്തെ മാത്രം താരമാവും.

1974 ലിൽ ജർമനിക്ക് ലോകകപ്പും ബയേണിന് ചാമ്പ്യൻസ് ലീഗും നേടി നൽകിയ ഫ്രാൻസ് ബെക്കൻബോവർ, സെപ്പ് മെയർ, പോൾ ബ്രെയ്‌റ്റ്നർ, ഹാൻസ്-ജോർജ് ഷ്വാർസൻബക്, ഉലി ഹോയിനസ്, ഗെർഡ് മുള്ളർ എന്നിവരും 1998 ൽ ഫ്രാൻസിന് ആയി ലോകകപ്പും റയൽ മാഡ്രിഡിന് ആയി ചാമ്പ്യൻസ് ലീഗും നേടിയ ക്രിസ്റ്റിയൻ കരമ്പോ, 2002 ൽ ബ്രസീലിനു ആയി ലോകകപ്പും റയൽ മാഡ്രിഡിന് ആയി ചാമ്പ്യൻസ് ലീഗും നേടിയ റോബർട്ടോ കാർലോസ്, 2018 ൽ ഫ്രാൻസിന് ആയി ലോകകപ്പും റയൽ മാഡ്രിഡിന് ആയി ചാമ്പ്യൻസ് ലീഗും നേടിയ റാഫേൽ വരാനെ എന്നിവർ ആണ് ഈ ചരിത്ര നേട്ടം ഇതിനു മുമ്പ് കൈവരിച്ച താരങ്ങൾ.

Exit mobile version