Picsart 24 06 30 07 41 33 406

ലൗടാരോ മാർട്ടിനസ് സൂപ്പർ! വീണ്ടും സുന്ദരഗോൾ, അനായാസം അർജന്റീന

കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിലും ജയം കണ്ടു അർജന്റീന ഗ്രൂപ്പ് ജേതാക്കൾ ആയി. ചെറിയ പരിക്ക് കാരണം ക്യാപ്റ്റൻ ലയണൽ മെസ്സി ഇല്ലാതെ ഇറങ്ങിയ അർജന്റീന എതിരില്ലാത്ത 2 ഗോളുകൾക്ക് ആണ് പെറുവിനെ തോൽപ്പിച്ചത്. ലൗടാരോ മാർട്ടിനസിന്റെ ഇരട്ടഗോളുകൾ ആണ് അർജന്റീനക്ക് ജയം സമ്മാനിച്ചത്. ആദ്യ പകുതിയിൽ അവസരങ്ങൾ ഉണ്ടായെങ്കിലും ഗോൾ നേടാൻ അർജന്റീനക്ക് ആയില്ല. എന്നാൽ രണ്ടാം പകുതി തുടങ്ങിയ ഉടൻ അർജന്റീന ഗോൾ നേടി. അതിസുന്ദരമായ ടീം ഗോൾ ആയിരുന്നു ഇത്. മികച്ച നീക്കത്തിന് ഒടുവിൽ ഡി മരിയയും ആയി പന്ത് കൊടുത്ത് വാങ്ങിയ ലൗടാരോ മാർട്ടിനസ് മനോഹരമായി പന്ത് വലയിൽ എത്തിക്കുക ആയിരുന്നു. തുടർന്ന് കോർണറിൽ നിന്നു അർജന്റീന നേടിയ ഗോൾ പക്ഷെ ഗോൾ കീപ്പറെ ഫൗൾ ചെയ്തതിനാൽ റഫറി അനുവദിച്ചില്ല.

തുടർന്ന് 69 മത്തെ മിനിറ്റിൽ ഹാന്റ് ബോളിന് അർജന്റീനക്ക് അനുകൂലമായി പെനാൽട്ടി ലഭിച്ചു. എന്നാൽ മെസ്സിയുടെ അഭാവത്തിൽ പെനാൽട്ടി എടുത്ത പരഡസിന്റെ ശക്തമായ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. ക്വാർട്ടർ ഫൈനലിൽ എത്താൻ ജയം അനിവാര്യമായ പെറുവിനു പക്ഷെ നിരവധി മാറ്റങ്ങളും ആയി എത്തിയ അർജന്റീനയെ പരീക്ഷിക്കാൻ അധികം ആയില്ല. തുടർന്ന് 86 മത്തെ മിനിറ്റിൽ പെറു പ്രതിരോധത്തിൽ വന്ന വീഴ്ച മുതലെടുത്ത് തന്റെ രണ്ടാം ഗോൾ നേടിയ ലൗടാരോ മാർട്ടിനസ് അർജന്റീനൻ ജയം പൂർത്തിയാക്കി. ടൂർണമെന്റിലെ താരത്തിന്റെ നാലാം ഗോൾ ആയിരുന്നു ഇത്. തുടർന്ന് സനെലെറ്റയുടെ ഹെഡർ പോസ്റ്റിൽ ഇടിച്ചു മടങ്ങിയത് ഒഴിച്ചാൽ അർജന്റീനൻ പ്രതിരോധത്തെ പരീക്ഷിക്കാൻ പെറുവിനു ആയില്ല. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ കാനഡ ചിലി മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ഇതോടെ കാനഡ അർജന്റീനക്ക് ഒപ്പം ഗ്രൂപ്പിൽ നിന്നു ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

Exit mobile version