ലോകകപ്പ് യോഗ്യത പോരാട്ടത്തിലെ മോശം പ്രകടനം, പെറു ഫോസാറ്റിയെ പുറത്താക്കി

2026 ലോകകപ്പിന് യോഗ്യത നേടാനുള്ള തങ്ങളുടെ പ്രതീക്ഷകൾ പുനരുജ്ജീവിപ്പിക്കാൻ കഴിയാത്തതിനെ തുടർന്ന് കോച്ച് ജോർജ് ഫൊസാറ്റിയുമായി പെറു വേർപിരിഞ്ഞു. 74 കാരനായ ഫൊസാറ്റി 2023 ഡിസംബറിൽ ആയിരുന്നു ചുമതലയേറ്റത്.

ഫോസാറ്റി വന്നിട്ടും, 12 മത്സരങ്ങളിൽ നിന്ന് ഏഴ് പോയിൻ്റുമായി പെറു ദക്ഷിണ അമേരിക്കൻ യോഗ്യതാ പട്ടികയിൽ അവസാന സ്ഥാനത്താണ്. നിലവിൽ യോഗ്യതയ്ക്ക് ആവശ്യമായ ആറാം സ്ഥാനത്തേക്കാൾ വളരെ പിന്നിലാണ് ടീം.

മാർച്ചിൽ യോഗ്യത മത്സരങ്ങൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഒരു പുതിയ പരിശീലകനെ പെറുവിയൻ ഫുട്ബോൾ ഫെഡറേഷൻ നിയമിക്കും.

ലൗടാരോ മാർട്ടിനസ് സൂപ്പർ! വീണ്ടും സുന്ദരഗോൾ, അനായാസം അർജന്റീന

കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിലും ജയം കണ്ടു അർജന്റീന ഗ്രൂപ്പ് ജേതാക്കൾ ആയി. ചെറിയ പരിക്ക് കാരണം ക്യാപ്റ്റൻ ലയണൽ മെസ്സി ഇല്ലാതെ ഇറങ്ങിയ അർജന്റീന എതിരില്ലാത്ത 2 ഗോളുകൾക്ക് ആണ് പെറുവിനെ തോൽപ്പിച്ചത്. ലൗടാരോ മാർട്ടിനസിന്റെ ഇരട്ടഗോളുകൾ ആണ് അർജന്റീനക്ക് ജയം സമ്മാനിച്ചത്. ആദ്യ പകുതിയിൽ അവസരങ്ങൾ ഉണ്ടായെങ്കിലും ഗോൾ നേടാൻ അർജന്റീനക്ക് ആയില്ല. എന്നാൽ രണ്ടാം പകുതി തുടങ്ങിയ ഉടൻ അർജന്റീന ഗോൾ നേടി. അതിസുന്ദരമായ ടീം ഗോൾ ആയിരുന്നു ഇത്. മികച്ച നീക്കത്തിന് ഒടുവിൽ ഡി മരിയയും ആയി പന്ത് കൊടുത്ത് വാങ്ങിയ ലൗടാരോ മാർട്ടിനസ് മനോഹരമായി പന്ത് വലയിൽ എത്തിക്കുക ആയിരുന്നു. തുടർന്ന് കോർണറിൽ നിന്നു അർജന്റീന നേടിയ ഗോൾ പക്ഷെ ഗോൾ കീപ്പറെ ഫൗൾ ചെയ്തതിനാൽ റഫറി അനുവദിച്ചില്ല.

തുടർന്ന് 69 മത്തെ മിനിറ്റിൽ ഹാന്റ് ബോളിന് അർജന്റീനക്ക് അനുകൂലമായി പെനാൽട്ടി ലഭിച്ചു. എന്നാൽ മെസ്സിയുടെ അഭാവത്തിൽ പെനാൽട്ടി എടുത്ത പരഡസിന്റെ ശക്തമായ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. ക്വാർട്ടർ ഫൈനലിൽ എത്താൻ ജയം അനിവാര്യമായ പെറുവിനു പക്ഷെ നിരവധി മാറ്റങ്ങളും ആയി എത്തിയ അർജന്റീനയെ പരീക്ഷിക്കാൻ അധികം ആയില്ല. തുടർന്ന് 86 മത്തെ മിനിറ്റിൽ പെറു പ്രതിരോധത്തിൽ വന്ന വീഴ്ച മുതലെടുത്ത് തന്റെ രണ്ടാം ഗോൾ നേടിയ ലൗടാരോ മാർട്ടിനസ് അർജന്റീനൻ ജയം പൂർത്തിയാക്കി. ടൂർണമെന്റിലെ താരത്തിന്റെ നാലാം ഗോൾ ആയിരുന്നു ഇത്. തുടർന്ന് സനെലെറ്റയുടെ ഹെഡർ പോസ്റ്റിൽ ഇടിച്ചു മടങ്ങിയത് ഒഴിച്ചാൽ അർജന്റീനൻ പ്രതിരോധത്തെ പരീക്ഷിക്കാൻ പെറുവിനു ആയില്ല. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ കാനഡ ചിലി മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ഇതോടെ കാനഡ അർജന്റീനക്ക് ഒപ്പം ഗ്രൂപ്പിൽ നിന്നു ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

പെറുവിനെ തോൽപ്പിച്ച് ജർമ്മനി

MEWA അരീനയിൽ നടന്ന സൗഹൃദ മത്സരത്തിൽ പെറുവിനെതിരെ ജർമ്മനി തോൽപ്പിച്ചു. ഏകപക്ഷീയമായ മത്സരം 2-0 എന്ന സ്കോറിനായിരുന്നു ജർമ്മനിയുടെ വിജയം. കളിയുടെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ ആതിഥേയർ ആദ്യ ഗോൾ നേടുന്നതിന് അര മണിക്കൂർ മാത്രമെ ആയുള്ളൂ.

ആദ്യം 12-ാം മിനിറ്റിലും പിന്നീട് 33-ാം മിനിറ്റിലും ഗോളുകൾ നേടി സ്‌ട്രൈക്കർ എൻ. ഫുൾക്രുഗ് ആണ് ജർമൻ ജയം ഉറപ്പിച്ചത്‌. അടുത്ത യൂറോ കപ്പിന് ആതിഥ്യം വഹിക്കുന്നത് ജർമ്മനി ആയതിനാൽ അവർക്ക് യൂറോ യോഗ്യത മത്സരങ്ങൾ ഇത്തവണ കളിക്കേണ്ടതില്ല. അതാണ് ജർമ്മനി ലാറ്റിനമേരിക്കൻ രാജ്യമായ പെറുവുമായി സൗഹൃദ മത്സരം കളിക്കാൻ കാരണം. ഇനി മാർച്ച് 28ന് ജർമ്മനി ബെൽജിയത്തെ നേരിടും.

കോപ്പ അമേരിക്കയിൽ അട്ടിമറി, ചിലിയെ തോൽപ്പിച്ച് പെറു ഫൈനലിൽ

കോപ്പ അമേരിക്കയിൽ അട്ടിമറിയിലൂടെ നിലവിലെ ചാമ്പ്യന്മാരായ ചിലിയെ തോൽപ്പിച്ച് പെറു ഫൈനൽ ഉറപ്പിച്ചു. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു പെറുവിന്റെ ജയം. ഫൈനലിൽ എത്താൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ട ടീം ചിലി ആയിരുന്നെങ്കിലും പെറു എല്ലാ മുൻവിധികളെയും മറികടന്ന് ഫൈനൽ ഉറപ്പിക്കുകയായിരുന്നു. ഫൈനലിൽ ബ്രസീൽ ആണ് പെറുവിന്റെ എതിരാളികൾ. 1975ന് ശേഷം ആദ്യമായിട്ടാണ് പെറു കോപ്പ അമേരിക്ക ഫൈനലിൽ എത്തുന്നത്. നേരത്തെ കോപ്പ അമേരിക്കയുടെ ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീൽ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് പെറുവിനെ തോൽപ്പിച്ചിരുന്നു.

മത്സരത്തിന്റെ തുടക്കം മുതൽ തന്നെ മത്സരത്തിൽ ആധിപത്യം പുലർത്തിയ പെറു 21ആം മിനുട്ടിൽ എഡിസൺ ഫ്ലോറസിലൂടെ മുൻപിലെത്തി. തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ പെറു തങ്ങളുടെ രണ്ടാമത്തെ ഗോളും നേടി. ഇത്തവണ ചിലി ഗോൾ കീപ്പർ ഗബ്രിയേൽ അരിയസിന്റെ പിഴവ് മുതലെടുത്താണ് യോഷിമാർ യോട്യൂൺ പെറുവിന്റെ ലീഡ് ഇരട്ടിയാക്കിയത്.

രണ്ട് ഗോൾ വഴങ്ങിയതോടെ ചിലി ഉണർന്ന് കളിച്ചെങ്കിലും മികച്ച പ്രതിരോധം സൃഷ്ടിച്ച് പെറു ചിലി ആക്രമണങ്ങളുടെ മുനയൊടിച്ചു. പെറു ഗോൾ കീപ്പർ പെഡ്രോ ഗലാസ് നടത്തിയ മികച്ച സേവുകളും പെറുവിന് തുണയായി.  തുടർന്ന് മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ തങ്ങളുടെ മൂന്നാമത്തെ ഗോളും നേടി പെറു തങ്ങളുടെ ഫൈനൽ ഉറപ്പിക്കുകയായിരുന്നു.  ക്യാപ്റ്റൻ പൗളോ ഗുറെറോയാണ് ഗോൾ നേടിയത്.  തുടർന്ന് മത്സരം അവസാനിക്കുന്നതിന് മുൻപ് ചിലിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും കിക്ക്‌ എടുത്ത എഡ്‌വാർഡൊ വർഗസിന്റെ പനേക ചിലി ഗോൾ കീപ്പർ പെഡ്രോ ഗലാസ് രക്ഷപ്പെടുത്തുകയും ചെയ്തു.

Exit mobile version