ലക്ഷ്യ സെൻ ആർട്ടിക് ഓപ്പണിൽ പ്രീ ക്വാർട്ടർ ഫൈനലിൽ പുറത്തായി

ആർട്ടിക് ഓപ്പൺ പ്രീക്വാർട്ടറിൽ ചൈനീസ് തായ്‌പേയിയുടെ ചൗ ടിയെൻനോട് തോറ്റ് ഇന്ത്യൻ ബാഡ്മിന്റൺ താരം ലക്ഷ്യ സെൻ പുറത്തായി. ആദ്യ ഗെയിമിൽ 21-19 വിജയത്തോടെ ശക്തമായി തുടങ്ങിയെങ്കിലും, തുടർന്നുള്ള ഗെയിമുകളിൽ 18-21 നും 15-21 നും ലക്ഷ്യസെൻ പരാജയപ്പെടുകയായിരുന്നു.

ലക്ഷ്യ സെൻ

2022ലെ കോമൺവെൽത്ത് ഗെയിംസ് സ്വർണത്തിന് ശേഷം, സ്ഥിരതയർന്ന പ്രകടനം നടത്താൻ ലക്ഷ്യസെന്നിന് ആയിട്ടില്ല.

കിരൺ ജോർജ്ജ് ഇന്തോനേഷ്യയുടെ അഞ്ചാം സീഡ് ജൊനാറ്റൻ ക്രിസ്റ്റിയോട് തോറ്റും പുറത്തായി. മാളവിക ബൻസോദ്, ഉന്നതി ഹൂഡ എന്നിവരുൾപ്പെടെയുള്ള ഇന്ത്യൻ വനിതാ സിംഗിൾസ് താരങ്ങളും പുറത്തായി. ഒപ്പം ആകർഷി കശ്യപും പുറത്തായി. ഇന്ത്യയുടെ മിക്സഡ് ഡബിൾസ് ജോഡികളായ സതീഷ് കുമാർ കരുണാകരൻ, ആദ്യ വാരിയത്ത് എന്നിവരും ടൂർണമെൻ്റിൽ നിന്ന് പുറത്തായി.

വീണ്ടും മെഡൽ അവസരം നഷ്ടപ്പെടുത്തി ലക്ഷ്യ സെൻ!! നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടാം

പാരീസ് ഒളിമ്പിക്സ് ബാഡ്മിന്റണിൽ ഇന്ത്യൻ താരം ലക്ഷ്യ സെൻ വെങ്കല മെഡൽ നഷ്ടപ്പെടുത്തി. ഇന്ന് നടന്ന മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ മലേഷ്യയുടെ ലി സി ജിയയോട് ആണ് ലക്ഷ്യ സെൻ തോറ്റത്. 21-13, 21-16, 21-11 എന്നായിരുന്നു സ്കോർ.

ലക്ഷ്യ സെൻ

ഒളിമ്പിക്സിൽ പുരുഷ ബാഡ്മിന്റൺ സിംഗിൾസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറാനുള്ള അവസരമാണ് ഇതോടെ ലക്ഷ്യ സെന്നിന് നഷ്ടമായത്. ഇന്നലെ സെമി പോരാട്ടത്തിൽ വിക്ടർ ആക്സൽസെന്നിനെതായ തോൽവിയുടെ നിരാശയുടെ തുടർച്ചയായി ഈ തോൽവി.

ആദ്യ ഗെയിമിൽ തുടക്കം മുതൽ ലക്ഷ്യ സെൻ ആധിപത്യം പുലർത്തി. 21-13ന് ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിലും ലക്ഷ്യ നന്നായി തുടങ്ങി. 8-3ന്റെ ലീഡിൽ നിന്ന് ലക്ഷ്യ സെൻ 12-8ന് പിറകിലേക്ക് പോയി. 9 തുടർ പോയിന്റുകൾ ആണ് മലേഷ്യൻ താരം നേടിയത്. 12-8 എന്ന സ്കോറിൽ നിന്ന് ലക്ഷ്യസെൻ തിരിച്ചുവരവ് തുടങ്ങി. എന്നാൽ അവസാനം 21-16ന് സി ജിയ ലീ ഗെയിം സ്വന്തമാക്കി‌.

മൂന്നാം ഗെയിമിൽ ലക്ഷ്യ സെൻ തീർത്തും പരാജിതനെ പോലെയാണ് കളിച്ചത്‌. തുടക്കത്തിൽ തന്നെ പോയിന്റുകൾ നഷ്ടപ്പെടുത്തി. 9-2ന് ലീ മുന്നിലെത്തി. ലക്ഷ്യ സെൻ പൊരുതി നോക്കി എങ്കിലും കാര്യം ഉണ്ടായില്ല.‌ 21-10ന് ജയിച്ച് മലേഷ്യ വെങ്കലം സ്വന്തമാക്കി‌.

അടുത്ത ഒളിമ്പിക്സിൽ ലക്ഷ്യ സെൻ ആവും സ്വർണം നേടാൻ ഏറ്റവും കൂടുതൽ സാധ്യത – ആക്സൽസെൻ

പാരീസ് ഒളിമ്പിക്സിൽ സെമിഫൈനലിൽ പരാജയപ്പെട്ട ഇന്ത്യൻ താരം ലക്ഷ്യ സെനിനെ പ്രകീർത്തിച്ചു എതിരാളിയായ വിക്ടർ ആക്സൽസെൻ. താൻ സമീപകാലത്ത് കളിച്ച ഏറ്റവും കഠിനമായ മത്സരം ആയിരുന്നു ലക്ഷ്യ സെൻ തനിക്ക് നൽകിയത് എന്നു പറഞ്ഞ നിലവിലെ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് കൂടിയായ ഡാനിഷ് താരം ഇന്ത്യൻ താരത്തിന്റെ മികച്ച പ്രതിഭയാണ് ഉള്ളത് എന്നും പറഞ്ഞു.

ലക്ഷ്യ സെൻ

നിലവിൽ 22 കാരനായ ലക്ഷ്യ സെൻ ആവും നാലു വർഷങ്ങൾക്ക് ശേഷം അടുത്ത ഒളിമ്പിക്സിൽ സ്വർണം നേടാൻ കൂടുതൽ സാധ്യതയുള്ളത് എന്നും ആക്സൽസെൻ കൂട്ടിച്ചേർത്തു. മുൻ ജൂനിയർ ഒന്നാം നമ്പർ താരവും ബോയ്സ് ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവും ആയ ലക്ഷ്യ 2021 ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയിരുന്നു. നാളെ നടക്കുന്ന ഒളിമ്പിക് വെങ്കല മെഡൽ പോരാട്ടത്തിൽ ലക്ഷ്യ മലേഷ്യൻ താരം ലീ ഷി ഹിയയെ ആണ് നേരിടുക. വെങ്കലം നേടാൻ ആയാൽ ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ബാഡ്മിന്റൺ താരമായി ലക്ഷ്യ സെൻ മാറും.

ലക്ഷ്യ സെൻ സെമിയിൽ വീണു, ഇനി വെങ്കലത്തിനായി പോരാടാം

പാരീസ് ഒളിമ്പിക്സ് ബാഡ്മിന്റണിൽ ഇന്ത്യൻ താരം ലക്ഷ്യ സെൻ മെഡൽ ഉറപ്പിക്കാൻ ആകാതെ സെമിയിൽ വീണു. ഇന്ന് നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ വിക്ടർ ആക്സൽസെന്നിനെ നേരിട്ട ലക്ഷ്യ സെൻ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് പരാജയപ്പെട്ടത്. 22-20, 21-14 എന്ന സ്കോറിനായിരുന്നു ഡാനിഷ് താരത്തിന്റെ വിജയം. ഒളിമ്പിക്സിൽ പുരുഷ ബാഡ്മിന്റൺ സിംഗിൾസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറാനുള്ള അവസരമാണ് ലക്ഷ്യ സെന്നിന് ഇതോടെ നഷ്ടമായത്. ഇനി ലക്ഷ്യ സെൻ വെങ്കല മാച്ചിൽ വെങ്കല മെഡലിനായി പോരാടും

ലക്ഷ്യ സെൻ

ആദ്യ ഗെയിമിൽ തുടക്കത്തിൽ ലക്ഷ്യ സെൻ പിറകോട്ട് പോയെങ്കിലും ശകതമായി ലക്ഷ്യ സെൻ തിരികെ വന്നു. 20-17 എന്ന് ഒരു ഘട്ടത്തിൽ ആയെങ്കിലും 3 ഗെയിം പോയിന്റ് ലക്ഷ്യസെൻ നഷ്ടമാക്കി. ഗെയിം 22-20ന് അക്സൽസെൻ സ്വന്തമാക്കി.

രണ്ടാം ഗെയിം തുടക്കത്തിൽ 7-0ന് മുന്നിൽ എത്താൻ ലക്ഷ്യ സെന്നിന് ആയി. എന്നാൽ രണ്ടാം ഗെയിമിലും ലക്ഷ്യ സെൻ ആ ലീഡ് കളയുന്നതാണ് കണ്ടത്. ആ ഗെയിം 21-14ന് ജയിച്ച് ഡാനിഷ് താരം ഫൈനലിലേക്ക് മുന്നേറി.

ചരിത്രം കുറിച്ച് ലക്ഷ്യ സെൻ!! ഒളിമ്പിക്സ് ബാഡ്മിന്റൺ സെമി ഫൈനലിൽ

പാരീസ് ഒളിമ്പിക്സ് പുരുഷ ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യൻ താരം ലക്ഷ്യ സെൻ ചരിത്രം കുറിച്ചു. ഇന്ന് ക്വാർട്ടർ ഫൈനലിൽ തായ്പെയ് താരം ചൗവിനെ തോൽപ്പിച്ച് കൊണ്ട് സെമിയിൽ എത്തി. ഒളിംപിക്സ് ബാഡ്മിന്റൺ സെമി ഫൈനലിൽ എത്തുന്ന അദ്യ ഇന്ത്യൻ പുരുഷ താരമായി ലക്ഷ്യ സെൻ ഇതോടെ മാറി. 19-21, 21-15, 21-12 എന്ന സ്കോറിനായിരുന്നു വിജയം.

ഇന്ന് ആദ്യ ഗെയിമിൽ ഒരു ഘട്ടത്തിൽ നാലു പോയിന്റിന് പിറകിൽ ആയിരുന്ന ലക്ഷ്യസെൻ ശക്തമായി തിരിച്ചുവന്നു. പക്ഷെ അവസാനം 21-19ന് ചൗ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിൽ ഇരുവരും ഒപ്പത്തിനൊപ്പം ആണ് നീങ്ങിയത്. സെറ്റിലെ ഇടവേളയ്ക്ക് ശേഷം ലക്ഷ്യ മുന്നോട്ട് നീങ്ങി. 21-15ന് ലക്ഷ്യ സെൻ ഗെയിം സ്വന്തമാക്കി. കളി ഡിസൈഡറിലേക്ക് നീങ്ങി.

മൂന്നാം ഗെയിമിൽ ആധിപത്യം തുടക്കത്തിൽ തന്നെ നേടാൻ ലക്ഷ്യ സെന്നിനായി.

ഇന്ത്യൻ പോരാട്ടത്തിൽ പ്രണോയിയെ തോൽപ്പിച്ചു ലക്ഷ്യ സെൻ ഒളിമ്പിക്സ് ക്വാർട്ടർ ഫൈനലിൽ

പാരീസ് ഒളിമ്പിക്സ് പുരുഷ സിംഗിൾസ് ബാഡ്മിന്റൺ പ്രീ ക്വാർട്ടറിൽ ഇന്ത്യൻ താരങ്ങൾ തമ്മിലുള്ള പോരാട്ടത്തിൽ അനായാസ ജയവുമായി ലക്ഷ്യ സെൻ. 13 സീഡ് കൂടിയായ എച്ച്.എസ് പ്രണോയിക്ക് എതിരെ തികച്ചും അനായാസ ജയം ആണ് ലക്ഷ്യ നേടിയത്. മത്സരത്തിൽ തീർത്തും തളർന്ന നിലയിൽ കാണപ്പെട്ട പ്രണോയിക്ക് മത്സരത്തിൽ ഒരു ഘട്ടത്തിൽ പോലും എതിർ ഇന്ത്യൻ താരത്തിന് വെല്ലുവിളി ഉയർത്താൻ ആയില്ല.

മത്സരം തുടങ്ങിയത് മുതൽ വലിയ ആധിപത്യം ആണ് ലക്ഷ്യ പുലർത്തിയത്. ആദ്യ സെറ്റ് അവസാനം പ്രണോയ് തിരിച്ചു വരവ് ശ്രമം നടത്തിയെങ്കിലും സെറ്റ് ലക്ഷ്യ 21-12 എന്ന സ്കോറിന് നേടി. രണ്ടാം സെറ്റിൽ തീർത്തും അപ്രസക്തമായ നിലയിൽ ആണ് പ്രണോയ് കാണപ്പെട്ടത്. 21-6 എന്ന സ്കോറിന് സെറ്റ് ജയിച്ച താരം അനായാസം ഒളിമ്പിക്സ് അവസാന എട്ടിലേക്ക് മുന്നേറി. പരിശീലകരുടെ സഹായം ഇല്ലാതെയാണ് ഇന്ന് ഇരു താരങ്ങളും കളിക്കാൻ ഇറങ്ങിയത്.

വിജയം തുടര്‍ന്ന് ലക്ഷ്യ സെന്‍

പാരിസ് ഒളിമ്പിക്സ് ബാഡ്മിന്റണിൽ ലക്ഷ്യ സെന്നിന് വിജയം. ഇന്ന് നടന്ന ഗ്രൂപ്പ് എൽ മത്സരത്തിൽ ലക്ഷ്യ ബെൽജിയത്തിന്റെ ജൂലിയന്‍ കരാഗ്ഗിയെയാണ് നേരിട്ടുള്ള ഗെയിമിൽ പരാജയപ്പെടുത്തിയത്. ആദ്യ ഗെയിമിൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കണ്ടപ്പോള്‍ രണ്ടാം ഗെയിമിൽ ലക്ഷ്യ മേൽക്കൈ നേടി.

സ്കോര്‍: 21-19, 21-14. ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയാണ് ലക്ഷ്യയുടെ എതിരാളി. ആദ്യ മത്സരത്തിൽ ലക്ഷ്യ ഗ്വാട്ടമാലയുടെ കോര്‍ഡൺ ഗുവയെ നേരിട്ടുള്ള ഗെയിമിൽ പരാജയപ്പെടുത്തിയിരുന്നു.

പാരീസ് ഒളിമ്പിക്സ്, ബാഡ്മിന്റൺ സിംഗിൾസിൽ ആദ്യ മത്സരം ജയിച്ചു ലക്ഷ്യ സെൻ

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ യുവതാരം ലക്ഷ്യ സെൻ ബാഡ്മിന്റൺ സിംഗിൾസിൽ ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ മത്സരത്തിൽ ജയം കണ്ടു. തന്റെ അഞ്ചാം ഒളിമ്പിക്സ് കളിക്കുന്ന ഗ്വാട്ടിമാലൻ താരം കെവിൻ ഗോർഡോനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇന്ത്യൻ യുവതാരം മറികടന്നത്. ആദ്യ സെറ്റിൽ സെൻ ആധിപത്യം ആണ് മത്സരത്തിൽ കണ്ടത്.

ആദ്യ സെറ്റ് 21-8 നു സ്വന്തമാക്കിയ ഇന്ത്യൻ താരം എതിരാളിക്ക് ഒരവസരവും നൽകിയില്ല. എന്നാൽ രണ്ടാം സെറ്റിൽ തുടക്കം മുതൽ ഗോർഡോൻ മുന്നിട്ട് നിന്നു. എന്നാൽ 20-16 പിന്നിട്ടു നിന്ന സമയത്ത് സെറ്റ് പോയിന്റുകൾ രക്ഷിച്ചു തുടർച്ചയായ 6 പോയിന്റുകൾ നേടി സെൻ 22-20 നു സെറ്റ് നേടി മത്സരം സ്വന്തമാക്കുക ആയിരുന്നു. താരത്തിന്റെ പ്രകടനം ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നത് ആണ്.

ബാഡ്മിന്റൺ ലോക ചാമ്പ്യന്‍ഷിപ് പ്രണോയ് ക്വാര്‍ട്ടറിൽ, പ്രീ ക്വാര്‍ട്ടറിൽ ലക്ഷ്യ സെന്‍ പുറത്ത്

ബാഡ്മിന്റൺ ലോക ചാമ്പ്യന്‍ഷിപ്പിൽ പ്രണോയ് ക്വാര്‍ട്ടറിൽ. മുന്‍ ലോക ചാമ്പ്യന്‍ ലോഹ കീന്‍ യെവിനെ മൂന്ന് ഗെയിം പോരാട്ടത്തിൽ കീഴടക്കിയാണ് പ്രണോയ് പ്രീക്വാര്‍ട്ടര്‍ വിജയം നേടിയത്. 21-18, 15-21, 21-19 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. അവസാന ഗെയിമിൽ 10-4ന് പ്രണോയ് മുന്നിലായിരുന്നുവെങ്കിലും 19-19 എന്ന സ്കോറിലേക്ക് ലോഹ് ഒപ്പമെത്തിയെങ്കിലും വിജയം ഇന്ത്യന്‍ താരത്തിന് സ്വന്തമാക്കാനായി.

അതേ സമയം ഇന്ത്യന്‍ താരം ലക്ഷ്യ സെന്നിന് തിരിച്ചടി. ലോക റാങ്കിംഗിൽ മൂന്നാം സ്ഥാനത്തുള്ള കുന്‍ലാവുട് വിടിഡ്സാര്‍ണിനോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സെന്നിന്റെ തോൽവി. 14-21, 21-16, 13-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം പിന്നിൽ പോയത്.

ജപ്പാന്‍ ഓപ്പൺ, ആദ്യ റൗണ്ടിൽ പുറത്തായി സിന്ധു, ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടത്തിൽ ലക്ഷ്യയ്ക്ക് വിജയം

പിവി സിന്ധുവിന്റെ മോശം ഫോം തുടരുന്നു. താരം ജപ്പാന്‍ ഓപ്പണിന്റെ ആദ്യ റൗണ്ടിൽ ചൈനയുടെ മാന്‍ യി ജാംഗിനോട് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുകയായിരുന്നു. വെറും 32 മിനുട്ട് മാത്രം നീണ്ട മത്സരത്തിനൊടുവിൽ 12-21, 13-21 എന്ന സ്കോറിനാണ് സിന്ധു പരാജയപ്പെട്ടത്. ലോക റാങ്കിംഗിൽ പതിനെട്ടാം സ്ഥാനത്താണ് ചൈനീസ് താരം.

ഇത് ഏഴാമത്തെ ടൂര്‍ണ്ണമെന്റിലാണ് സിന്ധു ആദ്യ റൗണ്ടിൽ ഈ വര്‍ഷം പുറത്താകുന്നത്. ചൈനീസ് താരത്തോട് കഴിഞ്ഞ മൂന്ന് മത്സരത്തില്‍ രണ്ടിലും സിന്ധു തോൽവിയേറ്റ് വാങ്ങി.

അതേ സമയം ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഇന്ത്യയുടെ തന്നെ പ്രിയാന്‍ഷു രജാവതിനെ മറികടന്ന് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. പൊരുതി നേടിയ വിജയം ആണ് ലക്ഷ്യയുടേത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിൽ 21-15, 12-21, 24-22 എന്ന സ്കോറിനാണ് ലക്ഷ്യ വിജയം ഉറപ്പാക്കിയത്.

ലക്ഷ്യയെ മറികടന്ന് കിഡംബി, പുരുഷ ഡബിള്‍സ് ജോഡിയും ക്വാര്‍ട്ടറിൽ

ഇന്തോനേഷ്യ ഓപ്പൺ ക്വാര്‍ട്ടറിൽ പ്രവേശിച്ച് ഇന്ത്യയുടെ പിവി സിന്ധുവും പുരുഷ ഡബിള്‍സ് ജോഡികളായ സാത്വിക്സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ടും. ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെ മറികടന്നാണ് കിഡംബി ക്വാര്‍ട്ടറിലെത്തിയത്. 21-17, 22-20 എന്ന നിലയിൽ പൊരിഞ്ഞ പോരാട്ടത്തിന് ശേഷമാണ് മത്സരത്തിൽ കിഡംബി വിജയിച്ച് കയറിയത്. ഒരു ഘട്ടത്തിൽ 6 മാച്ച് പോയിന്റുകളുമായി 20-14ന് താരം മുന്നിലായിരുന്നുവെങ്കിലും ലക്ഷ്യം ഒപ്പമെത്തിയെങ്കിലും ഒടുവിൽ വിജയം കിഡംബിയ്ക്കൊപ്പമായിരുന്നു.

പുരുഷ ഡബിള്‍സ് ജോഡി ചൈനീസ് താരങ്ങള്‍ക്കെതിരെ 21-17, 21-15 എന്ന സ്കോറിനാണ് വിജയം കുറിച്ചത്.

ഇനി ശ്രീകാന്ത് – ലക്ഷ്യ പോരാട്ടം

ഇന്തോനേഷ്യ ഓപ്പണിൽ തങ്ങളുടെ ആദ്യ റൗണ്ട് മത്സരങ്ങള്‍ വിജയിച്ച് ശ്രീകാന്ത് കിഡംബിയും ലക്ഷ്യ സെന്നും. ലക്ഷ്യ സെന്‍ മുന്‍ ലോക രണ്ടാം നമ്പറും ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യനുമായ ലീ സി ജിയയെ 21-17, 21-13 എന്ന സ്കോറിന് പരാജയപ്പെടുത്തിയപ്പോള്‍ ശ്രീകാന്ത് 21-13, 21-19 എന്ന സ്കോറിന് ലു ഗുംവാംഗ്സുവിനെ പരാജയപ്പെടുത്തുകയായിരുന്നു.

ശ്രീകാന്ത് രണ്ടാം ഗെയിമിൽ 18-11ന് മുന്നിലായിരുന്നുവെങ്കിലും ലോക 13ാം നമ്പര്‍ താരം ലു 19-19 എന്ന നിലയിൽ ഒപ്പമെത്തിയെങ്കിലും ഇന്ത്യന്‍ താരം അടുത്ത രണ്ട് പോയിന്റ് നേടി മത്സരം സ്വന്തമാക്കി. ലക്ഷ്യയും ശ്രീകാന്തും ഏറ്റുമുട്ടിയപ്പോള്‍ ഇരു തവണയും വിജയം ശ്രീകാന്തിനൊപ്പമായിരുന്നു.

Exit mobile version