ബാഡ്മിന്റൺ രാജാവ്! വീണ്ടും ഒളിമ്പിക് സ്വർണം നേടി വിക്ടർ ആക്സൽസെൻ

തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും സ്വർണം നേടി ഡെന്മാർക്ക് സൂപ്പർ താരം വിക്ടർ ആക്സൽസെൻ. മികച്ച ഫോമിൽ ഫൈനൽ വരെ എത്തിയ തായ്‌ലൻഡ് താരം വിറ്റിസാർനെ ഒരവസരവും നൽകാതെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ആക്സൽസെൻ സ്വർണം നേടിയത്. 21-11, 21-11 എന്ന തീർത്തും ഏകപക്ഷീയമായ മത്സരം ആണ് ഫൈനലിൽ കണ്ടത്.

വിക്ടർ ആക്സൽസെൻ

ഈ ഒളിമ്പിക്സിൽ സെമിഫൈനലിൽ ലക്ഷ്യ സെൻ മാത്രമാണ് ആക്സൽസെന്നിനു അൽപ്പം എങ്കിലും വെല്ലുവിളി ഉയർത്തിയത്. 2016 റിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ആക്സൽസെൻ ടോക്കിയോ ഒളിമ്പിക്സിലും പാരീസ് ഒളിമ്പിക്സിലും സ്വർണം നേടി ഇതിഹാസ പദവിയിലേക്ക് ആണ് ഉയരുന്നത്. 30 കാരനായ ആക്സൽസെൻ അടുത്ത ഒളിമ്പിക്സിലും ഒന്നു പൊരുതാൻ ഉറച്ചാവും ഇറങ്ങുക എന്നുറപ്പാണ്.

അടുത്ത ഒളിമ്പിക്സിൽ ലക്ഷ്യ സെൻ ആവും സ്വർണം നേടാൻ ഏറ്റവും കൂടുതൽ സാധ്യത – ആക്സൽസെൻ

പാരീസ് ഒളിമ്പിക്സിൽ സെമിഫൈനലിൽ പരാജയപ്പെട്ട ഇന്ത്യൻ താരം ലക്ഷ്യ സെനിനെ പ്രകീർത്തിച്ചു എതിരാളിയായ വിക്ടർ ആക്സൽസെൻ. താൻ സമീപകാലത്ത് കളിച്ച ഏറ്റവും കഠിനമായ മത്സരം ആയിരുന്നു ലക്ഷ്യ സെൻ തനിക്ക് നൽകിയത് എന്നു പറഞ്ഞ നിലവിലെ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് കൂടിയായ ഡാനിഷ് താരം ഇന്ത്യൻ താരത്തിന്റെ മികച്ച പ്രതിഭയാണ് ഉള്ളത് എന്നും പറഞ്ഞു.

ലക്ഷ്യ സെൻ

നിലവിൽ 22 കാരനായ ലക്ഷ്യ സെൻ ആവും നാലു വർഷങ്ങൾക്ക് ശേഷം അടുത്ത ഒളിമ്പിക്സിൽ സ്വർണം നേടാൻ കൂടുതൽ സാധ്യതയുള്ളത് എന്നും ആക്സൽസെൻ കൂട്ടിച്ചേർത്തു. മുൻ ജൂനിയർ ഒന്നാം നമ്പർ താരവും ബോയ്സ് ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവും ആയ ലക്ഷ്യ 2021 ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയിരുന്നു. നാളെ നടക്കുന്ന ഒളിമ്പിക് വെങ്കല മെഡൽ പോരാട്ടത്തിൽ ലക്ഷ്യ മലേഷ്യൻ താരം ലീ ഷി ഹിയയെ ആണ് നേരിടുക. വെങ്കലം നേടാൻ ആയാൽ ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ബാഡ്മിന്റൺ താരമായി ലക്ഷ്യ സെൻ മാറും.

സര്‍വ്വാധിപത്യവുമായി അക്സെല്‍സെന്‍, സ്വര്‍ണ്ണം സ്വന്തം

ടോക്കിയോ ഒളിമ്പിക്സിലെ പുരുഷ വിഭാഗം ബാഡ്മിന്റൺ സ്വര്‍ണ്ണം നേടി ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെൽസെന്‍. ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ ചൈനയുടെ ചെന്‍ ലോംഗിനെ നേരിട്ടുള്ള ഗെയിമുകളിൽ പരാജയപ്പെടുത്തിയാണ് അക്സെല്‍സെന്‍ സ്വര്‍ണ്ണം സ്വന്തമാക്കിയത്. ടൂര്‍ണ്ണമെന്റിലെ നാലാം സീഡായിരുന്നു വിക്ടര്‍. ചെന്‍ ലോംഗ് ആറാം സീഡും. സ്കോര്‍: 21-15, 21-12.

മത്സരത്തിൽ സമ്പൂര്‍ണ്ണാധിപത്യം പുലര്‍ത്തിയ അക്സെല്‍സെന്‍ ടൂര്‍ണ്ണമെന്റിൽ ഒരു ഗെയിം പോലും കൈവിടാതെയാണ് സ്വര്‍ണ്ണം നേടിയിരിക്കുന്നത്. റിയോ ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡൽ ജേതാവായിരുന്നു ചെന്‍ ലോംഗ്.

വെങ്കല മത്സരത്തിൽ ഗ്വാട്ടേമാലയുടെ കെവിന്‍ കോര്‍ഡോണെ പരാജയപ്പെടുത്തി ഇന്തോനേഷ്യയുടെ അഞ്ചാം സീഡ് സിനിസുക ആന്തണി ഗിന്റിംഗ് വിജയം നേടി. നേരിട്ടുള്ള ഗെയിമിലായിരുന്നു ഇന്തോനേഷ്യന്‍ താരത്തിന്റെ വിജയം. സ്കോര്‍: 21-11, 21-13.

Exit mobile version