സൂപ്പർ ലീഗ് കേരള; ഗോമസിന്റെ ഗോളിൽ കണ്ണൂരിന് ജയത്തുടക്കം

കണ്ണൂർ : വൈറ്റ് ഗോൾഡ് സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്‌സ് എഫ് സിക്ക് വിജയത്തുടക്കം. ജവഹർ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ തൃശൂർ മാജിക് എഫ് സിയെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന കണ്ണൂരിന്റെ വിജയശിൽപി സ്പാനിഷ് താരം അസിയർ ഗോമസ്.
പതിനെട്ടാം മിനിറ്റിലാണ് സ്പാനിഷ് താരം അസിയർ ഗോമസിലൂടെ കണ്ണൂർ വിജയ ഗോൾ നേടിയത്. ഇടതുവിങിൽ നിന്ന് ലഭിച്ച പാസ് ഫസ്റ്റ് ടൈം ടച്ചിൽ പോസ്റ്റിലേക്ക് തിരിച്ചുവിട്ടാണ് ഗോമസിന്റെ ഗോൾ. ബോക്സിനുള്ളിലെ ഗോമസിന്റെ കൃത്യമായ പൊസിഷനിങാണ് സീസണിലെ ആദ്യ ഗോളായി മാറിയത്. മുപ്പത്തിയൊന്നാം മിനിറ്റിൽ തൃശൂരിന്റെ മികച്ചൊരു മുന്നേറ്റം കണ്ടു. ക്യാപ്റ്റൻ ലെനി റോദ്രിഗസ് ഉയർത്തിനൽകിയ പന്ത് സെന്തമിഴ് ഹെഡ് ചെയ്തെങ്കിലും നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് സെർബിയക്കാരൻ
സ്റ്റമൻകോവിച്ചിന്റെ ഗ്രൗണ്ടർ തൃശൂർ ഗോളി കമാലുദ്ധീൻ രക്ഷിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇരുടീമുകളും മിഡ്ഫീൽഡിൽ പന്തിന്റെ നിയന്ത്രണത്തിനാണ് ശ്രമിച്ചത്. ഫൈനൽ തേഡിലേക്കുള്ള പ്രോഗ്രസീവ് പാസുകളും ഓഫ്-ദ-ബോൾ റണ്ണുകളും കുറവായതോടെ, ആക്രമണങ്ങൾ ബോക്സിന് പുറത്തുതന്നെ അവസാനിച്ചു. ഗൗതം, ആർട്ടിഗാസ് എന്നിവരെ കണ്ണൂർ പകരക്കാരായി കൊണ്ടുവന്നെങ്കിലും കളിയിൽ കാര്യമായ മാറ്റം കണ്ടില്ല. ഇഞ്ചുറി ടൈമിൽ കോർണറിൽ നിന്ന് വന്ന പന്ത് കണ്ണൂർ ഗോളി ഹജ്മൽ രക്ഷപ്പെടുത്തിയതോടെ തൃശൂരിന്റെ സമനില മോഹം അവസാനിച്ചു.
പരിചയസമ്പന്നനായ ആൻഡ്രേ ചെര്ണിഷോവാണ്
ഇത്തവണ കണ്ണൂര് വാരിയേഴ്സിനെ
പരിശീലിപ്പിക്കുന്നത്. കഴിഞ്ഞ തവണ തൃശൂർ ടീമിന്റെ ചുമതലയിൽ ആയിരുന്നു റഷ്യക്കാരൻ.സ്പാനിഷ് പരിശീലകന് ഡേവിഡ് കനേഡക്കാണ് ഇത്തവണ തൃശൂര് മാജിക് എഫ്സിയുടെ ചുമതല.
സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ആവേശത്തിന്റെ താളം പകർന്ന ഗംഭീര ഉദ്ഘാടനച്ചടങ്ങിനാ ണ് കണ്ണൂർ സാക്ഷിയായത്. ഡാബ്സി, ഡാസി, റാപ്പർ മർഡർ എറർ, എം സി കൂപ്പർ, സാരംഗി ശ്യാം തുടങ്ങിയവർ അണിനിരന്ന സംഗീത–നൃത്ത വിരുന്ന് കാണികൾക്ക് ഹരമേകി. ഫുട്ബോൾ ആവേശത്തിനൊപ്പം സംഗീതത്തിന്റെ ചൂടും പകർന്നാണ് പുതിയ സീസണിന് തീപ്പൊരി തുടക്കമായത്.
ടി ഒ മോഹനൻ എം എൽ എ, കണ്ണൂർ മേയർ ഇന്ദിര, ജില്ലാ കളക്ടർ വിഷ്ണുരാജ്, കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ, സൂപ്പർ ലീഗ് കേരള ഡയറക്ടർ
ഫിറോസ് മീരാൻ,
സൂപ്പർ ലീഗ് കേരള
സി ഇ ഒ മാത്യു ജോസഫ്, കണ്ണൂർ ഡി എഫ് എ പ്രസിഡന്റ്
നിസാർ, ഹസൻ കുഞ്ഞി (കണ്ണൂർ വാരിയേഴ്സ്), സിനിമ താരം ആസിഫ് അലി (കണ്ണൂർ വാരിയേഴ്സ്) കെ എം വർഗീസ് (കണ്ണൂർ വാരിയേഴ്സ്),
ജസ്റ്റിൻ സ്റ്റീഫൻ (തൃശൂർ മാജിക്) തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 11255 കാണികൾ മത്സരം കാണാൻ ഗ്യാലറിയിലെത്തി.
ശനിയാഴ്ച (സെപ്റ്റംബർ 26) നടക്കുന്ന ഒന്നാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ കാലിക്കറ്റ് എഫ് സി, തിരുവനന്തപുരം കൊമ്പൻസ് എഫ് സിയെ നേരിടും. കോഴിക്കോട് ഇ എം എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്. ടിക്കറ്റുകൾക്ക് www.skillboxes.com സന്ദർശിക്കുക.