മുന്നേറ്റ താരം അബ്ദെൽഹയ്യ് ഫോർസിയെ ടീമിൽ നിലനിർത്തി മലപ്പുറം എഫ്‌സി

മലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് കൊടിയേറാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മറ്റൊരു വിദേശ സൈനിംഗ് കൂടെ പ്രഖ്യാപിച്ച് മലപ്പുറം ഫുട്ബോൾ ക്ലബ്. കഴിഞ്ഞ സീസണിൽ മലപ്പുറം എഫ്സിയുടെ അക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ച മൊറോക്കൻ മുന്നേറ്റ താരം അബ്ദെൽഹയ്യ് ഫോർസിയെ ടീമിൽ നിലനിർത്തി മലപ്പുറം എഫ്‌സി.
അറ്റാക്കിംഗ് മിഡ്‌ഫീൽഡറായും വിംഗറായും ഒരുപോലെ കളിക്കാൻ കഴിവുള്ള താരമാണ് അബ്ദെൽഹയ്യ്. 28 വയസ്സാണ് പ്രായം. കഴിഞ്ഞ സീസണിൽ മലപ്പുറത്തിന് വേണ്ടി 8 മൽസരങ്ങളിൽ നിന്നും 2 ഗോളും 3 അസിസ്റ്റും നേടിയിട്ടുണ്ട്. മൊറോക്കൻ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ ആർസിഎ സെമാമ്രയിൽ നിന്നാണ് താരം കഴിഞ്ഞ വർഷം മലപ്പുറം എഫ്‌സിയിൽ എത്തിയത്. സെമാമ്രയ്‌ക്കായി 43 മത്സരങ്ങളിൽ നിന്ന് 3 ഗോളുകൾ നേടുകയും 9 അസിസ്റ്റുകളും നൽകുകയും ചെയ്‌തിട്ടുണ്ട്.
രാജ കാസബ്ലാങ്ക, ഒളിമ്പിക് സാഫി, സിഎ കെനിഫ്ര, കെഎസിഎം മാരാകേഷ്, യൂണിയൻ ടുവാർഗ സ്പോർട്ടിഫ് തുടങ്ങിയ മൊറോക്കോയിലെ മറ്റ് ഫസ്റ്റ് ഡിവിഷൻ ടീമുകൾക്കായും അദ്ദേഹം കളിച്ചിട്ടുണ്ട്.