Super League KeralaFeatured

യുവതുർക്കികളെ നിലനിർത്തി മലപ്പുറം,രണ്ട് അണ്ടർ-23 താരങ്ങൾ പുതിയ സീസണിലും ടീമിനൊപ്പം തുടരും

Resizedimage 2026 08 21 00 37 29 1

മലപ്പുറം: വരും സീസണിലെ സൂപ്പർ ലീഗ് കേരള പോരാട്ടങ്ങൾക്കായി രണ്ട് അണ്ടർ-23 താരങ്ങളെ ടീമിൽ നിലനിർത്തി മലപ്പുറം എഫ്സി. ഗോൾകീപ്പർ മുഹമ്മദ് ജെസീൻ, മുന്നേറ്റ താരമായ മുഹമ്മദ് റിസ്‌വാൻ എന്നിവരാണ് പുതിയ സീസണിലും മലപ്പുറം എഫ്.സിക്കൊപ്പം തുടരുന്നത്. കഴിഞ്ഞ സീസണിൽ ടീമിനായി കാഴ്ചവെച്ച മികച്ച പ്രകടനവും സ്ഥിരതയും പരിഗണിച്ചാണ് മാനേജ്‌മെന്റിന്റെ തീരുമാനം.

ഗോൾവല കാക്കാൻ വീണ്ടും ജെസീൻ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ 22കാരനായ യുവ ഗോൾകീപ്പർ മുഹമ്മദ് ജെസീൻ കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിലാണ് മലപ്പുറം എഫ്.സിയുടെ ഭാഗമായത്. നിർണായക സേവുകളിലൂടെ ടീമിന്റെ ഗോൾവല കാക്കുന്നതിൽ ശ്രദ്ധേയ പങ്കുവഹിച്ച കൊണ്ടോട്ടി സ്വദേശിയായ ജെസീന്റെ സാന്നിധ്യം പുതിയ സീസണിലും മലപ്പുറത്തിന്റെ പ്രതിരോധത്തിന് കരുത്താകും. കൊണ്ടോട്ടി കെ.വൈ.ഡി.എഫ് അക്കാദമിയിലൂടെ ഫുട്ബോൾ കരിയറിന് തുടക്കമിട്ട ജെസീൻ പറപ്പൂർ എഫ്.സി, കേരള ബ്ലാസ്റ്റേഴ്‌സ് എന്നിവർക്കായി അണ്ടർ-15, അണ്ടർ-18 ഐ-ലീഗ്, കേരള പ്രീമിയർ ലീഗ്, റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗ് തുടങ്ങിയ മത്സരങ്ങളിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഐ.എസ്.എൽ, ഡ്യൂറൻഡ് കപ്പ്, സൂപ്പർ കപ്പ് സ്ക്വാഡുകളിലും താരം ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ കേരള സന്തോഷ് ട്രോഫി ടീമിലും അംഗമായിരുന്നു.

മുന്നേറ്റത്തിന് വേഗത കൂട്ടാൻ റിസ്‌വാൻ

കഴിഞ്ഞ സീസണിൽ ഗോകുലം കേരളയിൽ നിന്ന് മലപ്പുറത്തെത്തിയ 20കാരനായ വിംഗർ മുഹമ്മദ് റിസ്‌വാനെയും ക്ലബ് നിലനിർത്തി. കോഴിക്കോട് മുക്കം സ്വദേശിയായ റിസ്‌വാന് ഇരു വിംഗുകളിലും ഒരുപോലെ മികവ് പുലർത്താനുള്ള കഴിവുണ്ട്.എഫ്.സി അരീക്കോടിലൂടെ വളർന്ന താരം 2022-23 റിലയൻസ് ഡെവലപ്‌മെന്റ് ലീഗിലും കേരള പ്രീമിയർ ലീഗിലും ശ്രദ്ധേയ പ്രകടനം നടത്തി. തുടർന്ന് ഗോകുലം കേരളയ്ക്കും ഗോവൻ ക്ലബ്ബായ സ്‌പോർട്ടിംഗ് ക്ലബ് ക്യാൻഡോലിമിനുമായി ബൂട്ടണിഞ്ഞു. വേഗതയും കൃത്യതയാർന്ന പാസിംഗും കൊണ്ട് ശ്രദ്ധേയനായ റിസ്‌വാന്റെ സാന്നിധ്യം പുതിയ സീസണിൽ മലപ്പുറത്തിന്റെ ആക്രമണങ്ങൾക്ക് കൂടുതൽ മൂർച്ച നൽകും. ഇക്കഴിഞ്ഞ കേരള പ്രീമിയർ ലീഗിൽ ചാമ്പ്യൻമാരായ ഗോകുലം കേരള ടീമംഗം കൂടിയാണ് റിസ്‌വാൻ.