കാലിക്കറ്റ് താരം സാലിമടക്കം മൂന്ന് താരങ്ങളെ കൂടി സൈൻ ചെയ്ത് മലപ്പുറം എഫ്സി

മലപ്പുറം: കഴിഞ്ഞ രണ്ട് സൂപ്പർ ലീഗ് കേരള സീസണിലും കാലിക്കറ്റ് എഫ്സിക്കായി മിന്നും പ്രകടനം കാഴ്ചവച്ച മുഹമ്മദ് സാലിം ഉൾപ്പെടെ മൂന്ന് കളിക്കാരെ കൂടി മലപ്പുറം ഫുട്ബോൾ ക്ലബ് ടീമിലെത്തിച്ചു. സൽമാൻ കള്ളിയത്ത്, മുഹമ്മദ് മഹ്ദി എന്നിവരാണ് മറ്റു കളിക്കാർ.മലപ്പുറം വളാഞ്ചേരി സ്വദേശിയായ മുഹമ്മദ് സാലിമിന് 25 വയസ്സാണ് പ്രായം. കാലിക്കറ്റിന് വേണ്ടി കഴിഞ്ഞ രണ്ട് സീസണിലും വളരെ മികച്ച പ്രകടനമാണ് സാലിം നടത്തിയത്. കാലിക്കറ്റ് എഫ്സിയുടെ കൂടെ ഒന്നാം സീസണിൽ ചാമ്പ്യനായിരുന്നു. കൂടാതെ 15 മത്സരങ്ങളിൽ 1 അസിസ്സും നേടിയിട്ടുണ്ട്. ഗോകുലം കേരള എഫ്.സി,കെ.എസ്.ഇ.ബി, എന്നീ ടീമുകൾക്കും സന്തോഷ് ട്രോഫിയിലും നാഷണൽ ഗെയിംസിലും കേരളത്തിന് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്.
30കാരനായ സൽമാൻ കള്ളിയത്ത് കൂടുതലും ലെഫ്റ്റ് മിഡ്ഫീൽഡറായാണ് കളിക്കുന്നത്. അതോടൊപ്പം സെൻട്രൽ മിഡ്ഫീൽഡറായും കളിക്കാൻ കഴിവുള്ള താരം കൂടിയാണ്.
യുണൈറ്റഡ് എസ്.സി കൊൽക്കത്ത, ഗോകുലം കേരള എഫ്സി, കേരള യുണൈറ്റഡ്, എഫ്.സി അരീക്കോട്, ഡയമണ്ട് ഹാർബർ, ഭവാനിപൂർ എഫ്‌സി എന്നീ ക്ലബ്ബുകൾക്കായും ബൂട്ട് കെട്ടിയിട്ടുണ്ട്.2021 സീസണിൽ ഗോകുലം കേരളയുടെ കൂടെ ഐ-ലീഗ് കിരീടവും നേടി. ഗോകുലത്തിന് വേണ്ടി സൂപ്പർ കപ്പിലും അരങ്ങേറി.അവസാനമായി വെസ്റ്റ് ബംഗാളിലെ റോയൽ സിറ്റി എഫ്.സിക് വേണ്ടിയാണ് താരം കളത്തിലിറങ്ങിയത്. വിവിധ ലീഗുകളിൽ കളിച്ച അനുഭവസമ്പത്തുമായാണ് സൽമാൻ മലപ്പുറം എഫ്സിയിലേക്കെത്തുന്നത്.
ടീമിനൊപ്പം ചേർന്ന മറ്റൊരു താരമാണ് യുവ വിംഗർ മുഹമ്മദ് മഹ്ദി. സാറ്റ് തിരൂരിന്റെ അക്കാദമിയിലൂടെ വളർന്നുവന്ന ഈ മുന്നേറ്റ താരം കേരള പ്രീമിയർ ലീഗിലെ തകർപ്പൻ പ്രകടനങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. തുടർന്ന് ഗോകുലം കേരള എഫ്.സിയുടെ റിസർവ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മഹ്ദിയെ അവിടന്ന് സീനിയർ ടീമിലേക്കും പ്രമോട്ട് ചെയ്തു.