10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ക്വാളിഫിക്കേഷന്‍ റൗണ്ട്, യോഗ്യത നേടി മനു ഭാക്കര്‍/സൗരഭ് ചൗധരി ടീം, യശസ്വിനി – അഭിഷേക് കൂട്ടുകെട്ട് പുറത്ത്

10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ക്വാളിഫിക്കേഷന്‍ റൗണ്ടിൽ രണ്ടാം റൗണ്ടിൽ കടന്ന് ഇന്ത്യയുടെ മനു ഭാക്കര്‍ – സൗരഭ് ചൗധരി കൂട്ടുകെട്ട്. ഒന്നാം റാങ്കുകാരായി യോഗ്യത നേടിയ ഇവര്‍ 582 -26x പോയിന്റ് നേടിയാണ് രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്.

അതേ സമയം ഇന്ത്യയുടെ മറ്റൊരു ജോഡിയായ യശസ്വിനി ദേശ്വാൽ – അഭിഷേക് വര്‍മ്മ കൂട്ടുകെട്ട് ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. 564-10x പോയിന്റാണ് ഇവര്‍ നേടിയത്. 17ാം സ്ഥാനക്കാരായാണ് ഇവര്‍ ഫിനിഷ് ചെയ്തത്

രണ്ടാം റൗണ്ടിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ സ്വര്‍ണ്ണ മെഡൽ മത്സരത്തിനും മൂന്നും നാലും സ്ഥാനക്കാര്‍ വെങ്കലത്തിനായുള്ള മത്സരത്തിനും യോഗ്യത നേടും.

ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് എത്തുന്നത് നിരാശയുടെ വാര്‍ത്തകള്‍,10 മീറ്റര്‍ എയര്‍ റൈഫിളിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് യോഗ്യതയില്ല

ഇന്ത്യയുടെ പ്രതീക്ഷയായ ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് എത്തുന്നത് നിരാശയുടെ വാര്‍ത്തകള്‍. പുരുഷന്മാരുടെ പത്ത് മീറ്റര്‍ റൈഫിളിലും യോഗ്യത നേടാനാകാതെ ഇന്ത്യന്‍ താരങ്ങള്‍ പുറത്ത് പോകുന്ന കാഴ്ചയാണ് കണ്ടത്.

ആദ്യ എട്ട് സ്ഥാനക്കാര്‍ ഫൈനലിലേക്ക് യോഗ്യത നേടുന്ന മത്സരത്തിന്റെ യോഗ്യ റൗണ്ടിൽ ആറ് സീരിസിന് ശേഷം ദിവ്യാന്‍ഷ് പന്‍വാര്‍, ദീപക് കുമാര്‍ എന്നിവര്‍ പുറത്തേക്ക് പോകുകയായിരുന്നു. ദീപക് കുമാര്‍ രണ്ട് പ്രാവശ്യം 105ന് മുകളില്‍ സ്കോര്‍ ചെയ്തുവെങ്കിലും 624.7 എന്ന ആകെ സ്കോറിലേക്കെ എത്തുവാന്‍ സാധിച്ചുള്ളു. ആദ്യ സീരീസിലെ മോശം തുടക്കമാണ് ദീപകിന് തിരിച്ചടിയായത്.

Divyansh

 

ദീപക് 26ാം റാങ്കിലും ദിവ്യാന്‍ഷ് 32ാം റാങ്കിലുമാണ് എത്തിയത്. ചൈനീസ് താരം ഹോരാന്‍ യാംഗ് ആണ് 632.7 പോയിന്റോടെ യോഗ്യത റൗണ്ടില്‍ ഒന്നാമതെത്തിയത്.

നിർണായക സമയത്ത് തോക്കിന്‌ പ്രശ്നം, മനുവിനു നിരാശ,10 മീറ്റർ എയർ പിസ്റ്റളിൽ യശ്വിനിയും ഫൈനൽ കണ്ടില്ല

ഒളിമ്പിക്സിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയായ ഷൂട്ടിങ്ങിൽ ഇന്ത്യൻ നിരാശ തുടരുന്നു. ഇത്തവണ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ ഫൈനലിലേക്ക് യോഗ്യത നേടാൻ ഇന്ത്യൻ താരങ്ങൾ ആയ മനു ബക്കർക്കോ യശ്വിനി സിങ് ദസ്വാലിനോ ആയില്ല. യോഗ്യതയിൽ മനു പന്ത്രണ്ടാം സ്ഥാനത്തും യശ്വിനി പതിമൂന്നാം സ്ഥാനത്തും ആയാണ് തങ്ങളുടെ ഷൂട്ടിങ് അവസാനിപ്പിച്ചത്.

മികച്ച തുടക്കം ആണ് ഇരു ഇന്ത്യൻ ഷൂട്ടർമാർക്കും ലഭിച്ചത്. ആദ്യ റൗണ്ടുകളിൽ ഫൈനൽ അവസാന എട്ടിൽ ആവാൻ ഇന്ത്യൻ താരങ്ങൾക്ക് ആവും എന്നു പോലും തോന്നി. എന്നാൽ തോക്കിന്റെ ഇലക്ട്രോണിക് ട്രിഗറിന് യോഗ്യതക്ക് ഇടയിൽ മൂന്നാം സീരീസിൽ പ്രശ്നം പറ്റിയതിനാൽ അത് മാറ്റാൻ മനുവിന് സമയം എടുക്കേണ്ടി വന്നത് താരത്തിന്റെ പ്രകടനത്തിൽ വലിയ വെല്ലുവിളി ആയി. നിരാശ ആണ് ഫലം എങ്കിലും പ്രകടനം ഇന്ത്യൻ താരങ്ങൾക്ക് വരും വർഷങ്ങളിൽ ആത്മവിശ്വാസം പകരും.

സമ്മർദ്ദം താങ്ങാൻ ആവാതെ സൗരഭ് ചൗധരി, 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യക്ക് മെഡൽ ഇല്ല

10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയുടെ വലിയ പ്രതീക്ഷ ആയ അത്ഭുത ബാലൻ സൗരഭ് ചൗധരിക്ക് മെഡൽ ഇല്ല. 19 കാരന് ഒളിമ്പിക്‌സിന്റെ വലിയ വേദിയിലെ സമ്മർദ്ദം അതിജീവിക്കാൻ ആവാതിരുന്നപ്പോൾ ഏഴാമത് ആയി സൗരഭ് ഫൈനലിൽ പുറത്ത് പോയി. മെഡൽ നേടാൻ ആയില്ലെങ്കിലും യോഗ്യതയിൽ ഒന്നാമത് ആയി ഫൈനലിൽ എത്തി മികവ് കാണിച്ച സൗരഭ് ഇന്ത്യയുടെ ഭാവി പ്രതീക്ഷ തന്നെയാണ്.

ഒളിമ്പിക് റെക്കോർഡ് കുറിച്ച ഇറാനിയൻ ഷൂട്ടർ ജാവദ് ഫൗറോഗിയാണ് ഈ ഇനത്തിൽ സ്വർണ മെഡൽ നേട്ടം കരസ്ഥമാക്കിയത്. സെർബിയൻ താരം മൈക്ക് വെള്ളി മെഡൽ സ്വന്തമാക്കിയപ്പോൾ ചൈനക്ക് ഈ ഇനത്തിൽ വെങ്കല മെഡൽ കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.

10 മീറ്റർ എയർ പിസ്റ്റളിൽ ഫൈനലിലേക്ക് ഒന്നാമത് ആയി യോഗ്യത നേടി സൗരഭ് ചൗധരി, അഭിഷേക് വർമ പുറത്ത്

ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയായ 19 കാരൻ സൗരഭ് ചൗധരി യോഗ്യതയിൽ ഒന്നാമത് ആയി ഫൈനലിലേക്ക് മുന്നേറി. നേടാൻ പറ്റുന്ന 600 പോയിന്റിൽ 586 ഉം നേടിയാണ് ഇന്ത്യയുടെ അത്ഭുത ബാലൻ എന്നറിയപ്പെടുന്ന സൗരഭ് അവസാന എട്ടിലേക്ക് മുന്നേറിയത്. ഫൈനലിൽ യോഗ്യത നേടിയ 2 ചൈനീസ് താരങ്ങളും, ജപ്പാൻ, യൂറോപ്യൻ ഷൂട്ടർമാരും ആണ് ഫൈനലിൽ സൗരഭിനു ഭീക്ഷണി ആവുക.

അതേസമയം ആദ്യം വലിയ പ്രതീക്ഷ നൽകിയ മറ്റൊരു 19 കാരൻ അഭിഷേക് വർമക്ക് ഫൈനലിലേക്ക് യോഗ്യത നേടാൻ ആയില്ല. ആദ്യം മികവ് തുടർന്ന അഭിഷേക് 17 സ്ഥാനത്തേക്ക് പിന്തള്ളപ്പെടുക ആയിരുന്നു. എങ്കിലും മികച്ച പ്രകടനം ആണ് അഭിഷേകും നടത്തിയത്. അൽപ്പ സമയത്തിനകം നടക്കുന്ന ഫൈനലിൽ ചരിത്രം എഴുതുക ആവും സൗരഭ് ചൗധരിയുടെ ലക്ഷ്യം.

10 മീറ്റർ എയർ റൈഫിലിളിൽ അവസാന ഷോട്ടിൽ സ്വർണം വെടിവച്ചിട്ടു ചൈനീസ് താരം, ടോക്കിയോയിലെ ആദ്യ സ്വർണം

ടോക്കിയോ ഒളിമ്പിക്‌സിലെ ആദ്യ സ്വർണ മെഡൽ ചൈനക്ക് സ്വന്തം. വനിതകളുടെ 10 മീറ്റർ എയർ റൈഫിലിളിൽ ഒളിമ്പിക് റെക്കോർഡ് നേട്ടത്തോടെയാണ് ചൈനീസ് താരം യാങ് ഷിയാൻ ഒളിമ്പിക് സ്വർണ മെഡൽ വെടി വച്ചിട്ടത്. അവസാന ഷോട്ട് വരെ മുന്നിട്ട് നിന്ന റഷ്യക്ക് ആയി ഒളിമ്പിക് കമ്മിറ്റിക്ക് കീഴിൽ മത്സരിക്കുന്ന അനസ്‌താഷ്യ ഗലാഷിനയുടെ അവസാന ഷോട്ടിലെ മോശം ഷോട്ട് ആണ് ചൈനീസ് താരത്തിന് സ്വർണ മെഡൽ സമ്മാനിച്ചത്. അവസാന ഷോട്ടിൽ 9 കടക്കാൻ റഷ്യൻ താരത്തിന് ആയില്ല എന്നാൽ മോശം ഷോട്ടിലും 9 കടന്ന ചൈനീസ് താരം സ്വർണം സ്വന്തം പേരിൽ കുറിച്ചു.

251.8 എന്ന പോയിന്റുകൾ കരസ്ഥമാക്കിയ ഏഷ്യൻ ജേതാവ് കൂടിയായ ചൈനീസ് താരം 10 മീറ്റർ എയർ റൈഫിലിളിൽ പുതിയ ഒളിമ്പിക് റെക്കോർഡും സ്വന്തം പേരിൽ കുറിച്ചു. 251.1 പോയിന്റുകൾ ആണ് അനസ്‌താഷ്യക്ക് നേടാൻ ആയത്, ഇതോടെ താരം വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അതേസമയം 230.6 പോയിന്റുകൾ നേടിയ സ്വിസ് താരം നിന ക്രിസ്റ്റ്യനാണ് വെങ്കല മെഡൽ. 2 തവണ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ക്രിസ്റ്റ്യന്റെ ആദ്യ ഒളിമ്പിക് മെഡൽ ആണിത്. തങ്ങളുടെ കരുത്ത് ആയ ഷൂട്ടിംഗിൽ തന്നെ സ്വർണ നേട്ടത്തോടെ ചൈന മെഡൽ വേട്ട ആരംഭിച്ചിരിക്കുന്നു എന്നത് അവർക്ക് കൂടുതൽ ആത്മവിശ്വാസം പകരും.

വനിതകളുടെ 10 മീറ്റർ എയർ റൈഫിലിളിൽ ഇന്ത്യക്ക് കടുത്ത നിരാശ

ഇന്ത്യയുടെ വലിയ പ്രതീക്ഷ ആയിരുന്ന ഷൂട്ടിംഗിൽ ഇന്ത്യക്ക് കടുത്ത നിരാശ സമ്മാനിച്ചു വനിത ഷൂട്ടർമാർ. ആദ്യ ദിനം നടന്ന 10 മീറ്റർ എയർ റൈഫിലിളിൽ ഫൈനലിലേക്ക് മുന്നേറി ആദ്യ എട്ടിൽ എത്താൻ ഇന്ത്യൻ ഷൂട്ടർമാർക്ക് ആയില്ല.

626.5 പോയിന്റുകൾ നേടിയ എലവെനിൽ വലരിവൻ പതിനാമത് ആയും 621.9 പോയിന്റുകൾ നേടിയ അപൂർവ ചന്ദല 36 മതും ആയാണ് യോഗ്യത റൗണ്ട് അവസാനിപ്പിച്ചത്. ഇതോടെ ഇന്ത്യയുടെ എല്ലാ പ്രതീക്ഷയും 10 മീറ്റർ എയർ പിസ്റ്റളിൽ അത്ഭുത ബാലൻ സൗരഭ് ചൗധരി, അഭിഷേക് വർമ ഡി എന്നിവരിൽ ആയി. ഇന്ന് രാവിലെ 9.30 നു ആണ് അവർ ഇറങ്ങുക.

ഷൂട്ടിംഗ് ലോകകപ്പ്, ഇന്ത്യയ്ക്ക് ആദ്യ മെഡൽ സമ്മാനിച്ച് സൗരഭ് ചൗധരി

ഐഎസ്എസ്എഫ് ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യയ്ക്ക് ആദ്യ ദിവസം തന്നെ മെഡൽ. ഇന്ന് 10 മീറ്റര്‍ എയര്‍ പിസ്റ്റൽ വിഭാഗത്തിലാണ് സൗരഭ് ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയത്. 8.7 ന്റെ ഒരു ഷോട്ട് ആണ് താരത്തിന്റെ സ്വര്‍ണ്ണ മെഡൽ സാധ്യത ഇല്ലാതാക്കിയത്.

ഇറാന്റെ ഫോറോഗി ജവാദ് സ്വര്‍ണ്ണവും സെര്‍ബിയയുടെ മികെക് ഡാമിര്‍ വെള്ളി മെഡലും നേടി. അഭിഷേക് വര്‍മ്മയ്ക്ക് അഞ്ചാം സ്ഥാനം മാത്രമാണ് ലഭിച്ചത്.

15 സ്വര്‍ണ്ണം അടക്കം 30 മെഡലുമായി ഇന്ത്യ, ഷൂട്ടിംഗ് ലോകകപ്പില്‍ ബഹുദൂരം മുന്നില്‍

ന്യൂ ഡല്‍ഹിയില്‍ നടന്ന ഐഎസ്എസ്എഫ് ഷൂട്ടിംഗ് ലോകകപ്പില്‍ 30 മെഡലുകളുമായി ഇന്ത്യ. രണ്ടാം സ്ഥാനത്തുള്ള യുഎസ്എയെക്കാള്‍ ബഹുദൂരം മുന്നിലാണ് ഇന്ത്യ മെഡല്‍ പട്ടികയില്‍. ഇന്ത്യയ്ക്ക് 15 സ്വര്‍ണ്ണവും 9 വെള്ളിയും 6 വെങ്കലവുമാണ് സ്വന്തമാക്കാനായത്. രണ്ടാം സ്ഥാനത്തുള്ള യുഎസ്എയ്ക്ക് ആകെ എട്ട് മെഡലാണ് സ്വന്തമായിട്ടുള്ളത്. 4 സ്വര്‍ണ്ണവും മൂന്ന് വെള്ളിയും 1 വെങ്കലവുമാണ് യുഎസ്എയുടെ സമ്പാദ്യം.

രണ്ട് സ്വര്‍ണ്ണവും രണ്ട് വെങ്കലവുമുള്ള ഇറ്റലിയും 2 സ്വര്‍ണ്ണവും ഒരു വെങ്കലവുമുള്ള ഡെന്മാര്‍ക്കുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. 1 സ്വര്‍ണ്ണം മൂന്ന് വീതം വെള്ളിയും വെങ്കലവുമുള്ള പോളണ്ട് അഞ്ചാം സ്ഥാനത്ത് എത്തി.

25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇവന്റ്, സ്വര്‍ണ്ണവും വെള്ളിയും നേടി ഇന്ത്യന്‍ ടീമുകള്‍

ന്യൂ ഡല്‍ഹിയില്‍ നടക്കുന്ന ഐഐഎസ്എഫ് ഷൂട്ടിംഗ് ലോകകപ്പിലെ 25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇവന്റില്‍ സ്വര്‍ണ്ണവും വെള്ളിയും സ്വന്തമാക്കി ഇന്ത്യന്‍ താരങ്ങള്‍. ഇന്ത്യന്‍ താരങ്ങളുടെ ഫൈനലില്‍ വിജയ്‍വീര്‍ സിദ്ദു – തേജസ്വിനി കൂട്ടുകെട്ട് ഗുര്‍പ്രീത് സിംഗ് – അബുദ്നിയ പാട്ടില്‍ എന്നിവരുടെ ടീമിനെ 9 – 1 എന്ന സ്കോറിന് പരാജയപ്പെടുത്തുകയായിരുന്നു.

മറ്റു രാജ്യങ്ങളെക്കാള്‍ ബഹുദൂരം മുന്നിലാണ് ഇന്ത്യ ഇപ്പോള്‍ മെഡല്‍ പട്ടികയില്‍.

പോളണ്ടിനോട് ഫൈനലില്‍ പരാജയം, ഇന്ത്യയ്ക്ക് വെള്ളി മെഡല്‍

ഐഎസ്എസ്എഫ് ഷൂട്ടിംഗ് ലോകകപ്പില്‍ 50 മീറ്റര്‍ റൈഫല്‍ 3 പൊസിഷന്‍സ് ടീം ഇവന്റില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. ഫൈനല്‍ മത്സരത്തില്‍ പോളണ്ടിനോട് നേരിയ വ്യത്യാസത്തില്‍ പിന്നില്‍ പോയതോടെ ഇന്ത്യ വെള്ളി മെഡല്‍ കൊണ്ട് സംതൃപ്തിപ്പെടേണ്ടി വരികയായിരുന്നു. 43-47 എന്ന സ്കോറിനാണ് ഇന്ത്യ പോളണ്ടിനോട് പരാജയം ഏറ്റുവാങ്ങിയത്.

അഞ്ജും മൗഡ്ഗില്‍, ശ്രേയ സക്സേന, ഗായത്രി നിത്യാനന്ദം എന്നിവരടങ്ങിയ ടീം ആണ് വെള്ളി മെഡല്‍ നേടിയത്.

ഷൂട്ടിംഗ് റാങ്കിംഗുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ആദ്യ സ്ഥാനങ്ങള്‍

ഐഎസ്എസ്എഫ് ഷൂട്ടിംഗ് ലോകകപ്പിന്റെ പ്രകടനങ്ങളുടെ മികവില്‍ ഏറ്റവും പുതിയ ഷൂട്ടിംഗ് റാങ്കിംഗില്‍ ആദ്യ സ്ഥാനങ്ങള്‍ സ്വന്തമാക്കി ഇന്ത്യന്‍ താരങ്ങള്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലെ ആദ്യ രണ്ട് സ്ഥാനക്കാരും ഇന്ത്യക്കാരാണ്. ആദ്യ സ്ഥാനം അഭിഷേക് വര്‍മ്മയും രണ്ടാം സ്ഥാനം സൗരഭ് ചൗധരിയുമാണ് ഈ വിഭാഗത്തിലെ ലോക റാങ്കിംഗില്‍ സ്വന്തമാക്കിയിരിക്കുന്നത്.

ദിവ്യാന്‍ഷ് സിംഗ് പവാര്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലെ ലോക രണ്ടാം നമ്പര്‍ റാങ്കുകാരനായി മാറി.

Exit mobile version