മലപ്പുറത്തെ ഫുട്ബോൾ പാടങ്ങളിൽ കേരളാ ഫയർ സർവ്വീസിൻെറ സ്വർണ്ണക്കൊയ്ത്ത്

കൊയ്ത്ത് കഴിഞ്ഞ നെൽപ്പാടങ്ങളിൽ അടുത്ത മഴക്കാലമെത്തും മുമ്പ് നനച്ചുണ്ടാക്കുന്ന കൃഷികൾ കണ്ടിട്ടില്ലേ?

ചേനയും ചേമ്പും കപ്പയും കാച്ചിലും കൂർക്കയും ചേമ്പുമൊക്കെ , പിന്നെ ചില പച്ചക്കറികളും! അധ്വാനത്തിൻെറ ഫലം കിട്ടുന്നു എന്ന്മാത്രമല്ല ചിലപ്പോൾ ചെലവും വരവുമൊക്കെ ഒന്ന് കൂട്ടി വരുമ്പോൾ രണ്ട് ചക്രം കീശയിൽ ബാക്കിയുണ്ടാകുക ഈ’ടൈംപാസ് ‘ കൃഷിയിൽ നിന്നാണ് . എന്നാലോ നമ്മുടെ ചിന്ത നെൽകൃഷിയെ കുറിച്ച് മാത്രവും! ഒരുക്കം മുഴുവൻ ഈ ‘ഒരുപൂ’ കൃഷിക്ക് വേണ്ടിയും.
പറഞ്ഞ് വരുന്നത് മലപ്പുറത്തെ ഫുട്ബോൾ വയലുകളെക്കുറിച്ചാണ്.

ഇർഫാനിൽ നിന്ന് ‘നടന്ന് ‘ തുടങ്ങിയ അത്ലറ്റിക്സും കൊള്ളിയാൻ പോലെ മിന്നിമറയുന്ന സ്കൂൾ മീറ്റിലെ ചില താരങ്ങളും അതും പലപ്പോഴും
ജില്ലക്ക് പുറത്തുള്ള സ്കൂളിൻെറ ലേബലിൽ പുതിയ തലമുറയുടെ പ്രതിനിധി ക്രിക്കറ്റ്താരം കെ.എം. ആസിഫുമൊക്കെ അപവാദങ്ങളായി പറയാമെങ്കിലും ഫുട്ബോളു വിട്ടൊരു കൃഷിയിറക്കാൻ മലപ്പുറത്തുകാർക്കെന്നും മടിയാണ്! പക്ഷേ നാഗ്പൂരിൽ ഞായറാഴ്ച സമാപിച്ച ദേശീയ ഫയർ സർവ്വീസ് മീറ്റിൽ കേരളം നേടിയ നാല് അത്ലറ്റിക് സ്വർണ്ണങ്ങളിൽ മൂന്ന് വ്യക്തിഗത സ്വർണ്ണങ്ങളും കഴുത്തിലണിഞ്ഞത് മലപ്പുറത്തുകാരായിരുന്നു എന്നത് മലപ്പുറത്തെ ഫുട്ബോൾ വയലുകളിൽ അത്ലറ്റിക് കൃഷിയിറക്കിയ കേരളാ ഫയർ സർവ്വീസിൻെറ പരീക്ഷണം വിജയിച്ചതിന് തെളിവ്!

സ്വർണ്ണം നേടിയ റിലേ ടീമിൽ രണ്ട് പേരും മേഡ് ഇൻ മലപ്പുറം! അത്ലറ്റിക്സിലെ ഒരു വെള്ളിമെഡലും മലപ്പുറത്തിൻെറ ക്രെഡിറ്റിലുണ്ട്. ദോഷം പറയരുതല്ലോ ഫുട്ബോൾ കിരീടം നേടിയ ടീമിൽമൂന്ന് പേർ മലപ്പുറംജില്ലക്കാരു തന്നെ. അരീക്കോട്കുനിയിൽ സ്വദേശി ടീം ക്യാപ്റ്റൻ എം. അബ്ദുൾ ഗഫൂറും വണ്ടൂർ സ്വദേശി എം.നിസാമുദ്ധീനും കാരക്കുന്നുകാരൻ മുഹമ്മദ് ഷമീമും .

കേരളാ ഫുട്ബോളിൻെറ അക്ഷയഖനിയായ മലപ്പുറം ജില്ലയിൽ നിന്ന് മറ്റ് കായിക മേഖലയിൽ നിന്ന് താരങ്ങളുയർന്ന് വരാത്തത് പരിശീലകരുടെ ശ്രദ്ധകായിക താരങ്ങളിൽ പതിയാത്തതും ശാരീരിക ഘടനക്ക് ചേർന്ന ഇനങ്ങൾ ശാസ്ത്രീയമായി തെരഞ്ഞെടുക്കുന്നതിൽ വരുന്ന കാലതാമസവുമാണെന്നതിന് അടിവരയിടുന്നതായിരുന്നു ദേശീയ ഫയർ സർവ്വീസ് മീറ്റിൽ ഇരട്ട സ്വർണ്ണം നേടിയ മലപ്പുറം കാവുങ്ങൽ സ്വദേശി എം ഹബീബിൻെറ പ്രകടനം. സ്കൂൾ കോളേജ് പഠനകാലത്ത് ശ്രദ്ധിക്കപ്പെടാതെ പോയ ഹബീബ് നാല് വർഷം മുമ്പ് എറണാംകുളത്ത് നടന്ന സംസ്ഥാന മീറ്റിൽ തിളങ്ങിയതോടെ ഹബീബിന് പരിശീലനത്തിന് അവസരമൊരുക്കി ഡിപാർട്ട്മെന്റ് ഡ്യൂട്ടിക്രമീകരണം നൽകിയിരുന്നു. മീറ്റിലെ ആദ്യ ഇനമായ 5000 മീറ്ററിലും തുടർന്ന് നടന്ന 1500 മീറ്ററിലും സ്വർണ്ണം നേടിയാണ് ഹബീബ് തൻെറ നന്ദി പ്രകടിപ്പിച്ചത് .

നേരത്തേ കായിക മേഖലയുമായി ബന്ധമുള്ള പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് അലി ലോംഗ്ജംപിൽ സ്വർണ്ണവും ഹൈജംപിൽ വെള്ളിയും നേടി. 4x 100 മീറ്റർ റിലേ സ്വർണ്ണം നേടിയ ടീം അംഗം മഞ്ചേരി കാരക്കുന്ന് സ്വദേശി മുഹമ്മദ് ഷമീം ഫുട്ബോൾ സ്വർണ്ണം നേടിയ ടീമിലും അംഗമാണ് .റിലേ ടീമിലെ മറ്റൊ രംഗം നിലമ്പൂർ ഉപ്പട സ്വദേശി വി.യു.റുമേഷും പാലക്കാട് ഡിവിഷൻ ഫുട്ബോൾ ടിം അംഗം. പക്ഷേ റുമേഷിൻെറ വേഗത ഫയർ സർവ്വീസുകാർ ഉപയോഗപ്പെടുത്തിയത് റിലേയിലും ലോംഗ്ജംപിലും.

എന്തായാലും ഫുട്ബോളിൽ മാത്രമല്ല ഇതര കായിക ഇനങ്ങളിലും ഒന്ന് മനസ്സ് വെച്ചാൽ മലപ്പുറം പെരുമ പുലരും എന്നാണ് ഫയർ സർവ്വീസുകാരുടെ ഈ പുതിയ കൃഷി പരീക്ഷണം തെളിയിക്കുന്നത്!

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial