മികച്ച വിജയവുമായി മുംബൈ, ദബാംഗ് ഡല്‍ഹിയ്ക്കെതിരെ 16 പോയിന്റ് വിജയം

ദബാംഗ് ഡല്‍ഹിയെ കശാക്കിയെറിഞ്ഞ് യു-മുംബ. 39-23 എന്ന സ്കോറിനു 16 പോയിന്റിന്റെ വിജയമാണ് ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ മുംബൈ വിജയം നേടിയത്. ആദ്യ പകുതിയില്‍ 15-8 എന്ന സ്കോറിനാണ് മുംബൈ ആദ്യ പകുതിയില്‍ ലീഡ് ചെയ്തത്. പതിവു പോലെ സിദ്ധാര്‍ത്ഥ് ദേശായിയും(9) രോഹിത് ബലിയനുമാണ്(8) മുംബൈയുടെ വിജയക്കുതിപ്പിനു ആക്കം കൂട്ടിയത്. ഡല്‍ഹി നിരയില്‍ ചന്ദ്രന്‍ രഞ്ജിത്ത് 7 പോയിന്റുമായി ടോപ് സ്കോറര്‍ ആയി.

റെയിഡിംഗില്‍ 18-15 എന്ന സ്കോറിനു നേരിയ നിലയില്‍ മാത്രമാണ് മുംബൈ മുന്നിട്ട് നിന്നതെങ്കിലും പ്രതിരോധത്തില്‍ 10 പോയിന്റ് ലീഡോടെ 15-5 എന്ന നിലയില്‍ മുന്നില്‍ നില്‍ക്കുവാന്‍ മുംബൈയ്ക്ക് സാധിച്ചു. രണ്ട് തവണ ഡല്‍ഹിയെ ഓള്‍ഔട്ടാക്കുവാനും മുംബൈയ്ക്ക് മത്സരത്തില്‍ സാധിച്ചു. 3-2 എന്ന നിലയില്‍ അധിക പോയിന്റുകളില്‍ ഡല്‍ഹി ആയിരുന്നു മുന്നില്‍.