റെയിഡിംഗില്‍ ഒപ്പത്തിനൊപ്പം, ഓള്‍ഔട്ട് പോയിന്റുകളുടെ മികവില്‍ ജയം സ്വന്തമാക്കി ബംഗാള്‍ വാരിയേഴ്സ്

ബെംഗളൂരു ബുള്‍സിന്റെ ചെറുത്ത് നില്പിനെ മറികടന്ന് മികച്ച വിജയവുമായി ബംഗാള്‍ വാരിയേഴ്സ്. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ 44-37 എന്ന സ്കോറിനാണ് ബംഗാളിന്റെ വിജയം. റെയിഡിംഗില്‍ ഇരു ടീമുകളും 28 വീതം പോയിന്റ് നേടി തിളങ്ങിയപ്പോള്‍ 6 ഓള്‍ഔട്ട് പോയിന്റുകള്‍ സ്വന്തമാക്കി ബംഗാള്‍ മത്സരത്തില്‍ മുന്നില്‍ കയറുകയായിരുന്നു. ഒരു തവണ ബംഗാളിനെ ബെംഗളൂരു ഓള്‍ഔട്ട് ആക്കിയിരുന്നു. പ്രതിരോധത്തില്‍ 9-6നു ബംഗാള്‍ മുന്നില്‍ നിന്നു.

ഇടവേള സമയത്ത് 19-12നു ബെംഗളൂരുവായിരുന്നു മത്സരത്തില്‍ മുന്നില്‍. എന്നാല്‍ രണ്ടാം പകുതിയില്‍ മത്സരം മാറ്റി മറിച്ച് ബംഗാള്‍ മുന്നിലെത്തുകയായിരുന്നു. രണ്ടാം പകുതിയില്‍ മാത്രം 32 പോയിന്റുകളാണ് വിജയികള്‍ നേടിയത്. 17 പോയിന്റുമായി മനീന്ദര്‍ സിംഗിന്റെ പ്രകടനമാണ് ബംഗാളിനെ തുണച്ചത്. രവീന്ദ്ര രമേഷ് കുമാവത് 8 പോയിന്റ് നേടി. ബെംഗളൂരുവിനായി രോഹിത് കുമാറും ഹരീഷ് നായിക്കും 9 പോയിന്റും പവന്‍ ഷെഹ്റാവത്ത് 7 പോയിന്റും നേടി. എന്നാലും മനീന്ദറിന്റെ പ്രകടനം മത്സരം മാറ്റി മറിയ്ക്കുകയായിരുന്നു.