സെമിയിൽ വീണു, ഇന്ത്യക്ക് ആയി ബോക്സിങിൽ വെങ്കലം നേടി ജാസ്മിൻ

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ഒരു വെങ്കലം കൂടി. വനിതകളുടെ ലൈറ്റ് വെയിറ്റ് 57- 60 കിലോഗ്രാം വിഭാഗത്തിൽ ജാസ്മിൻ ലമ്പോറിയ ആണ് ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചത്.

സെമിഫൈനലിൽ ഇംഗ്ലീഷ് താരം ഗെമ്മ റിച്ചാർഡസനോട് കടുത്ത പോരാട്ടത്തിനു ഒടുവിൽ ആണ് ഇന്ത്യൻ താരം കീഴടങ്ങിയത്. ജഡ്ജിമാർ 3-2 നു മത്സരം ഇംഗ്ലീഷ് താരത്തിന് അനുകൂലമായി വിധിക്കുക ആയിരുന്നു. ഇതോടെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ മെഡൽ നേട്ടം 30 ആയി ഉയർന്നു.

ഗുസ്തിയിൽ രവി ദാഹിയയും നവീനും ഫൈനലിൽ, സെമിയിൽ വീണു പൂജ ഗെഹ്‌ലോട്ട്

പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിലേക്ക് മുന്നേറി ഇന്ത്യയുടെ രവി ദാഹിയ. പാകിസ്ഥാൻ താരം അലി ആസാദിന് എതിരെ വ്യക്തമായ ആധിപത്യം ആണ് മത്സരത്തിൽ രവി പുലർത്തിയത്. മത്സരത്തിൽ 14-4 എന്ന വലിയ വ്യത്യാസത്തിൽ ജയം ഉറപ്പിച്ച രവി ഇന്ത്യക്ക് ഗുസ്തിയിൽ മറ്റൊരു മെഡൽ കൂടി ഉറപ്പിച്ചു.

പുരുഷന്മാരുടെ 74 കിലോഗ്രാം വിഭാഗത്തിൽ ഇംഗ്ലണ്ടിന്റെ ചാർളി ബോവിലിങിനെ ടെക്നിക്കൽ പോയിന്റുകൾക്ക് തോൽപ്പിച്ച നവീനും ഫൈനലിലേക്ക് മുന്നേറി. വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിൽ വിനേശ് പൊഹാറ്റും ഫൈനലിലേക്ക് മുന്നേറി. കാനഡയുടെ ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവ് ആയ സാമന്ത സ്റ്റുവാർട്ടിനെ വെറും 36 സെക്കന്റിൽ ഇന്ത്യൻ താരം മലർത്തിയടിച്ചു. എന്നാൽ സെമിയിൽ വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ കനേഡിയൻ താരത്തോട് തോറ്റ പൂജ ഗെഹ്‌ലോട്ട് വെങ്കല മെഡലിന് ആയി പൊരുതും.

ഫെംഗ് ടിയാന്‍വേയോട് പൊരുതി വീണ് ശ്രീജ

കോമൺവെൽത്ത് ടേബിള്‍ ടെന്നീസ് വനിതകളുടെ സിംഗിള്‍സ് സെമിയിൽ പൊരുതി വീണ് ശ്രീജ അകുല. സിംഗപ്പൂരിന്റെ ടിയാന്‍വേയ് ഫെംഗിനോട് 3-4 എന്ന സ്കോറിനാണ് ശ്രീജയുടെ പരാജയം.

നിലവിൽ ലോക റാങ്കിംഗിൽ 9ാം സ്ഥാനത്താണ് ഫെംഗ്. 2010ൽ തന്റെ ഏറ്റവും മികച്ച റാങ്കായ രണ്ടാം റാങ്കിലേക്ക് താരം എത്തിയിരുന്നു. അവസാന ഗെയിമിൽ ഇന്ത്യന്‍ താരം 10-12ന് ആണ് പിന്നിൽ പോയത്.

സ്കോര്‍: 6-11, 11-8, 11-6, 9-11, 8-11, 10-12.

ഇംഗ്ലീഷ് താരത്തെ തകർത്തു നിഖാത് സറീൻ ബോക്സിങ് ഫൈനലിൽ

വനിതകളുടെ 48-50 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിലേക്ക് മുന്നേറി ഇന്ത്യയുടെ നിഖാത് സറീൻ. നിലവിലെ ലോക ചാമ്പ്യൻ കൂടിയായ സറീൻ ഇംഗ്ലീഷ് താരം സവന്ന ആൽഫിയ സ്റ്റബിലിയെ തകർത്തു ആണ് സറീൻ ഫൈനലിലേക്ക് മുന്നേറിയത്.

ജഡ്ജിമാർ എല്ലാവരും 5-0 ന്റെ വിജയം ആണ് ഇന്ത്യൻ താരത്തിന് നൽകിയത്. ഇന്ത്യ സ്വർണം പ്രതീക്ഷിക്കുന്ന താരം ഫൈനലിൽ വടക്കൻ അയർലന്റ് താരം കാർലി എം.സി നൗളിനെ ആണ് നേരിടുക. 48-50 കിലോഗ്രാമിൽ സ്വർണം നേടാൻ ഇന്ത്യൻ താരത്തിന് തന്നെയാണ് കൂടുതൽ സാധ്യത.

ടേബിൾ ടെന്നീസിൽ ഓസ്‌ട്രേലിയൻ ടീമിനെ വീഴ്ത്തി മിക്‌സഡ് ഡബിൾസിലും ഇന്ത്യ ഫൈനലിൽ

കോമൺവെൽത്ത് ഗെയിംസിൽ ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ മികവ് തുടരുന്നു. മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ ശരത് കമാൽ, ശ്രീജ അകുല സഖ്യം ഓസ്‌ട്രേലിയൻ സഖ്യം ലും നിക്കോളാസ്, ജീ മിൻഹുയിം സഖ്യത്തെ 5 സെറ്റ് പോരാട്ടത്തിൽ 3-2 നു ആണ് ഇന്ത്യൻ ടീം തോൽപ്പിച്ചത്.

ആദ്യ രണ്ടു സെറ്റ് 11-9, 11-8 എന്ന സ്കോറിന് ജയിച്ച ഇന്ത്യൻ ടീം മൂന്നും നാലും സെറ്റുകൾ 11-9, 14-12 എന്ന സ്കോറിന് തോറ്റു. നാലാം സെറ്റിലെ കടുത്ത പോരാട്ടത്തിന് ശേഷം നന്നായി തിരിച്ചു വന്നു ഇന്ത്യൻ ടീം അഞ്ചാം സെറ്റിൽ. യുവതാരമായ ശ്രീജയോട് ഒപ്പം 11-7 നു അഞ്ചാം സെറ്റ് ജയിച്ച അനുഭവസമ്പന്നനായ ശരത് ഇന്ത്യക്ക് ആയി ഫൈനൽ ഉറപ്പിച്ചു. സ്വർണം തന്നെയാവും ഫൈനലിൽ ഇന്ത്യൻ സഖ്യം ലക്ഷ്യം വക്കുക.

തുടർച്ചയായി കോമൺവെൽത്ത് ഗെയിംസ് ഫൈനലിലേക്ക് മുന്നേറി ശരത് കമാൽ, സത്യൻ ഗണശേഖരൻ സഖ്യം

കോമൺവെൽത്ത് ഗെയിംസ് ടേബിൾ ടെന്നീസ് പുരുഷ ഡബിൾസ് ഫൈനലിലേക്ക് മുന്നേറി കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസ് വെള്ളി മെഡൽ ജേതാക്കൾ ആയ ശരത് കമാൽ, സത്യൻ ഗണശേഖരൻ സഖ്യം. ഇത്തവണ സ്വർണം ലക്ഷ്യം വക്കുന്ന ഇന്ത്യൻ സഖ്യം സെമി ഫൈനലിൽ ഓസ്‌ട്രേലിയൻ സഖ്യത്തെ ആണ് തോൽപ്പിച്ചത്.

മികച്ച പോരാട്ടം കണ്ട മത്സരത്തിൽ ഓസ്‌ട്രേലിയൻ സഖ്യത്തെ ആണ് ഇന്ത്യൻ താരങ്ങൾ 5 സെറ്റ് പോരാട്ടത്തിൽ മറികടന്നത്. ഗോൾഡ് കോസ്റ്റിൽ നഷ്ടമായ സ്വർണം ഇത്തവണ നേടാൻ ആവും ഇന്ത്യൻ താരങ്ങൾ ഫൈനലിൽ ഇറങ്ങുക എന്നുറപ്പാണ്.

ലോൺ ബോളിൽ വനിതകൾക്ക് പിന്നാലെ മെഡലുമായി ഇന്ത്യൻ പുരുഷന്മാർ

കോമൺവെൽത്ത് ഗെയിംസിൽ ചരിത്രത്തിൽ രണ്ടാം തവണ ലോൺ ബോളിൽ മെഡൽ നേടി ഇന്ത്യ. നേർത്തെ വനിതകളുടെ നാലംഗ ടീം സ്വർണം നേടിയപ്പോൾ ഇത്തവണ പുരുഷന്മാരുടെ നാലംഗ ടീം വെള്ളി മെഡൽ സ്വന്തമാക്കുക ആയിരുന്നു. ഫൈനലിൽ വടക്കൻ അയർലന്റിനോട് ഇന്ത്യ പരാജയം വഴങ്ങുക ആയിരുന്നു.

ദിനേശ് കുമാർ, നവനീത് സിംഗ്, ചന്ദൻ കുമാർ, സുനിൽ ബഹദൂർ എന്നിവർ അടങ്ങിയ ടീം ആണ് ഇന്ത്യക്ക് ചരിത്ര മെഡൽ സമ്മാനിച്ചത്. ഫൈനലിൽ 18-5 എന്ന സ്കോറിന് ആയിരുന്നു ഇന്ത്യൻ ടീമിന്റെ പരാജയം. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം ഇതോടെ 30 തിനോട് അടുത്തു.

ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നു ജയം കണ്ടു പി.വി സിന്ധു സെമിഫൈനലിൽ

കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ബാഡ്മിന്റൺ സിംഗിൾസിൽ സെമിഫൈനലിലേക്ക് മുന്നേറി ഇന്ത്യയുടെ പി.വി സിന്ധു. മലേഷ്യയുടെ ജിൻ വെ ഗോയിനോട് ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് ഇന്ത്യയുടെ സ്വർണ മെഡൽ പ്രതീക്ഷയായ സിന്ധു ജയം കണ്ടത്.

കടുത്ത പോരാട്ടം കണ്ട ആദ്യ സെറ്റ് 21-19 നു നഷ്ടമായതോടെ സമ്മർദ്ദം സിന്ധുവിൽ ആയി. എന്നാൽ രണ്ടാം സെറ്റിൽ സിന്ധുവിന്റെ ആധിപത്യം ആണ് കണ്ടത് സെറ്റ് 21-14 നു ഇന്ത്യൻ താരം കരസ്ഥമാക്കി. നല്ല പോരാട്ടം കണ്ടെങ്കിലും മൂന്നാം സെറ്റ് 21-18 നു നേടിയ സിന്ധു സെമിഫൈനൽ ഉറപ്പിക്കുക ആയിരുന്നു. ഒരു മണിക്കൂർ 17 മിനിറ്റ് നീണ്ടു നിന്നു മത്സരം. സെമിയിൽ സിംഗപ്പൂർ താരം യോ ജിയ മിനിനെ ആണ് സിന്ധു നേരിടുക.

സ്വർണം നഷ്ടമായത് 0.05 സെക്കന്റിന്റെ വ്യത്യാസത്തിൽ, 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ചരിത്ര വെള്ളിയും ആയി അവിനാഷ് സേബിൾ

കോമൺവെൽത്ത് ഗെയിംസിൽ ചരിത്രം എഴുതി ഇന്ത്യയുടെ അവിനാഷ് സേബിൾ. 27 കാരനായ താരം 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ചരിത്രത്തിൽ ആദ്യമായി ഇന്ത്യക്ക് വെള്ളി മെഡൽ സമ്മാനിച്ചു. തന്റെ കരിയറിലെ ഏറ്റവും മികച്ച സമയം കുറിച്ച താരം ഒമ്പതാം തവണ തന്റെ തന്നെ ദേശീയ റെക്കോർഡും തകർത്തു. 8 മിനിറ്റ് 11.20 സെക്കന്റിൽ റേസ് പൂർത്തിയാക്കിയ താരത്തിന് 0.05 സെക്കന്റിന്റെ വ്യത്യാസത്തിൽ ആണ് സ്വർണം നഷ്ടമായത്.

8 മിനിറ്റ് 11.15 സെക്കന്റിൽ ഓടിയെത്തിയ കെനിയയുടെ അബ്രഹാം കിബിവോറ്റ് ആണ് സ്വർണം നേടിയത്. കരിയറിലെ എക്കാലത്തെയും മികച്ച സമയം കുറിച്ച താരം ഇന്ത്യക്ക് അത്ലറ്റിക്സിൽ നാലാം മെഡലും മൊത്തം 28 മത്തെ മെഡലും ആണ് സമ്മാനിച്ചത്. 1998 മുതൽ നടന്ന 10 കോമൺവെൽത്ത് ഗെയിംസിലും ഈ ഇനത്തിൽ 3 മെഡലുകളും കൈവശം വച്ചത് കെനിയൻ താരങ്ങൾ മാത്രം ആയിരുന്നു. ഇത്തവണ ഇന്ത്യൻ താരം വെള്ളി നേടുമ്പോൾ സ്വർണവും വെങ്കലവും കെനിയൻ താരങ്ങൾക്ക് തന്നെയാണ്. ഈ കെനിയൻ ആധിപത്യം തകർത്തു എന്നത് കൊണ്ട് തന്നെ അവിനാഷിന്റെ നേട്ടത്തിന് മാറ്റ് കൂടുതൽ ആണ്.

10,000 മീറ്റർ നടത്തത്തിൽ ചരിത്രം എഴുതി പ്രിയങ്ക ഗോസ്വാമി, കോമൺവെൽത്ത് ഗെയിംസിൽ വെള്ളി

കോമൺവെൽത്ത് ഗെയിംസിൽ അത്‌ലറ്റിക്സിൽ ഇന്ത്യക്ക് മൂന്നാം മെഡൽ സമ്മാനിച്ചു പ്രിയങ്ക ഗോസ്വാമി. വനിതകളുടെ 10,000 മീറ്റർ നടത്തത്തിൽ ചരിത്രത്തിൽ ആദ്യമായി ആണ് കോമൺവെൽത്ത് ഗെയിംസിൽ ഒരു ഇന്ത്യൻ താരം വെള്ളി മെഡൽ നേടുന്നത്. 26 കാരിയായ പ്രിയങ്ക 43:38:82 എന്ന സമയത്തിനുള്ളിൽ ആണ് താരം നടത്തം പൂർത്തിയാക്കിയത്.

കരിയറിലെ ഏറ്റവും മികച്ച സമയം ഏതാണ്ട് 7 മിനിറ്റിൽ അധികം കുറച്ചു ആണ് പ്രിയങ്ക 10,000 മീറ്റർ നടത്തം പൂർത്തിയാക്കിയത്. തന്റെ ആദ്യ കോമൺവെൽത്ത് ഗെയിംസിൽ തന്നെ കരിയറിലെ ഏറ്റവും മികച്ച സമയവും മെഡലും നേടി ചരിത്രം തന്നെയാണ് പ്രിയങ്ക കുറിച്ചത്. പുരുഷന്മാരിൽ 20 കിലോമീറ്റർ നടത്തത്തിൽ 2010 ൽ ഹർമീന്ദർ സിംഗ് മെഡൽ നേടിയ ശേഷം നടത്തത്തിൽ ഇന്ത്യ കോമൺവെൽത്ത് ഗെയിംസിൽ നേടുന്ന ആദ്യ മെഡൽ ആണ് ഇത്.

ഫൈനലിന് യോഗ്യത നേടാനാകാതെ ഹിമ ദാസ്

200 മീറ്റര്‍ ഫൈനലിന് യോഗ്യത നേടാനാകാതെ ഇന്ത്യയുടെ ഹിമ ദാസ്. താരം തന്റെ ഹീറ്റ്സിൽ മൂന്നാമതായാണ് ഫിനിഷ് ചെയ്തത്. മൂന്ന് ഹീറ്റ്സിൽ നിന്നായി ആദ്യ രണ്ട് സ്ഥാനക്കാരാണ് യോഗ്യത നേടുന്നത്.

23.42 സെക്കന്‍ഡ് റേസ് അവസാനിപ്പിക്കുവാന്‍ എടുത്ത താരത്തിന് 0.01 സെക്കന്‍ഡുകള്‍ക്കാണ് ഫൈനലിലേക്കഉള്ള യോഗ്യത നഷ്ടമായത്. ഹിമ ആകെ സെമിയിൽ മാറ്റുരച്ച 24 താരങ്ങളിൽ 10ാമതായാണ് ഫിനിഷ് ചെയ്ത്.

ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് പുറമെ വേഗതയേറിയ രണ്ട് താരങ്ങള്‍ക്ക് കൂടി ഫൈനലിലേക്ക് യോഗ്യത ലഭിയ്ക്കും.

സത്യനും ശരത്തും ക്വാര്‍ട്ടറിൽ, മണികയ്ക്ക് തോൽവി

ടേബിള്‍ ടെന്നീസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയുടെ ശരത് കമാലും സത്യന്‍ ജ്ഞാനശേഖരനും. ഇരുവരും തങ്ങളുടെ പ്രീ ക്വാര്‍ട്ടര്‍ മത്സരം 4-2 എന്ന സ്കോറിനാണ് വിജയിച്ചത്. അതേ സമയം ഇന്ത്യയുടെ വനിത താരം മണിക ബത്രയ്ക്ക് തോൽവിയായിരുന്നു ഫലം.

താരം ക്വാര്‍ട്ടര്‍ ഫൈനലില്‍ സിംഗപ്പൂരിന്റെ തന്നെക്കാള്‍ കുറഞ്ഞ റാങ്കിലുള്ള സെംഗ് ജിയാനോട് 0-4 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. ഇന്നലെ മിക്സഡ് ഡബിള്‍സിലും ലോക റാങ്കിംഗിൽ ആറാം സ്ഥാനത്തുള്ള സത്യന്‍ – മണിക കൂട്ടുകെട്ട് മലേഷ്യയുടെ അത്ര പേര് കേള്‍ക്കാത്ത കൂട്ടുകെട്ടിനോട് ക്വാര്‍ട്ടറിൽ പരാജയം ഏറ്റു വാങ്ങിയിരുന്നു.

Exit mobile version