പ്രണീതിനു പരാജയം, തോല്‍വി ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനോട്

സമീര്‍ വര്‍മ്മയെ തോല്പിച്ചെത്തിയ ജോനാഥന്‍ ക്രിസ്റ്റിയോട് പരാജയപ്പെട്ട് മറ്റൊരു ഇന്ത്യന്‍ താരം കൂടി. ഇന്ത്യയുടെ സായി പ്രണീതിനാണ് ക്രിസ്റ്റിയോട് പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍വിയേറ്റു വാങ്ങേണ്ടി വന്നത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. 16-21, 14-21 എന്ന സ്കോറിനാണ് പ്രണീത് പരാജയം ഏറ്റുവാങ്ങിയത്.

42 മിനുട്ട് കോര്‍ട്ടില്‍ വിയര്‍പ്പൊഴുക്കിയ ശേഷമാണ് ഇന്ത്യന്‍ താരത്തിന്റെ പരാജയം. ഏഷ്യന്‍ ഗെയിംസ് 2018ലെ ബാഡ്മിന്റണ്‍ സിംഗിള്‍സ് സ്വര്‍ണ്ണ മെഡല്‍ ജേതാവാണ് ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റി.

അനായാസ ജയവുമായി സിന്ധു ക്വാര്‍ട്ടറിലേക്ക്

ഫ്രഞ്ച് ഓപ്പണില്‍ ഇന്ത്യയുടെ മികവാര്‍ന്ന പ്രകടനം തുടരുന്നു. വനിത സിംഗിള്‍സില്‍ സൈന നെഹ്‍വാലിനു പിന്നാലെ പിവി സിന്ധുവും ക്വാര്‍ട്ടറില്‍ കടന്നു. ജപ്പാന്റെ സയാക സാറ്റോയെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയാണ് സിന്ധു ക്വാര്‍ട്ടറില്‍ കടന്നത്. സ്കോര്‍: 21-17, 21-16. നേരിട്ടുള്ള ഗെയിമുകളിലാണെങ്കിലും 46 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധുവിന്റെ ജയം.

കഴിഞ്ഞാഴ്ച നടന്ന ഡെന്മാര്‍ക്ക് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ സിന്ധു പുറത്തായിരുന്നുവെങ്കിലും അതില്‍ പതറാതെ തൊട്ടടുത്ത ടൂര്‍ണ്ണമെന്റില്‍ സിന്ധു മികവ് പുലര്‍ത്തി ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. ക്വാര്‍ട്ടറില്‍ ലോക പത്താം നമ്പര്‍ താരം സംഗ് ജി ഹ്യുനിനെയാണ് സിന്ധു നേരിടുന്നത്.

വനിത ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് തോല്‍വി

ഫ്രഞ്ച് ഓപ്പണ്‍ വനിത ഡബിള്‍സില്‍ ഇന്ത്യയുടെ മേഘന ജക്കൂംപുഡി-പൂര്‍വിഷ റാം കൂട്ടുകെട്ടിനു പരാജയം. ഇന്ന് പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്തോനേഷ്യന്‍ താരങ്ങളോടാണ് ഇന്ത്യന്‍ താരങ്ങള്‍ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെട്ടത്. 30 മിനുട്ട് നീണ്ട മത്സരത്തില്‍ 15-21, 13-21 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ കൂട്ടുകെട്ട് പരാജയപ്പെട്ടത്.

വീണ്ടും നൊസോമിയെ കീഴടക്കി സൈന

ഡെന്മാര്‍ക്ക് ഓപ്പണില്‍ ജപ്പാന്‍ താരത്തെ കഴിഞ്ഞാഴ്ച പരാജയപ്പെടുത്തിയതിനു തൊട്ടു പിന്നാലെ ഫ്രഞ്ച് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ താരത്തെ പരാജയപ്പെടുത്തി സൈന നെഹ്‍വാല്‍. ആദ്യ ഗെയിം നഷ്ടമായ ശേഷമാണ് സൈന മികച്ച വിജയം പിടിച്ചെടുത്തത്. 72 മിനുട്ട് നീണ്ട മത്സരത്തിനു ശേഷമാണ് സൈനയുടെ തകര്‍പ്പന്‍ വിജയം.

സ്കോര്‍: 10-21, 21-14, 21-17. ആദ്യ ഗെയിമില്‍ സൈനയെ നിഷ്പ്രഭമാക്കി നൊസോമി മുന്നിലെത്തിയെങ്കിലും തിരിച്ചടിച്ച് സൈന രണ്ടാം ഗെയിമില്‍ ഒപ്പമെത്തി. മൂന്നാം ഗെയിമില്‍ ജപ്പാന്‍ താരം ചെറുത്ത്നില്പ് പ്രകടിപ്പിച്ചുവെങ്കിലും സൈനയ്ക്ക് മുന്നില്‍ അടിയറവു പറഞ്ഞു.

ആദ്യ ഗെയിം കൈവിട്ട ശേഷം ക്വാര്‍ട്ടര്‍ ഉറപ്പാക്കി ശ്രീകാന്ത് കിഡംബി

ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം കൊറിയന്‍ താരത്തെ കീഴടക്കി ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി ശ്രീകാന്ത് കിഡംബി. ഇന്ന് തന്റെ രണ്ടാം റൗണ്ട് മത്സരത്തില്‍ കൊറിയയുടെ ഡോംഗ് ക്യുന്‍ ലീയെ മൂന്ന് ഗെയിം പോരാട്ടിത്തിനു ശേഷമാണ് ശ്രീകാന്ത് അടിയറവു പറയിപ്പിക്കുന്നത്. 73 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. സ്കോര്‍: 12-21, 21-16, 21-18.

ആദ്യ ഗെയിം 12-21നു ശ്രീകാന്ത് പിന്നില്‍ പോയെങ്കിലും അടുത്ത രണ്ട് ഗെയിമുകളില്‍ ശക്തമായ തിരിച്ചുവരവാണ് ശ്രീകാന്ത് നടത്തിയത്. 21-16, 21-18 എന്ന സ്കോറിനു ശേഷിക്കുന്ന രണ്ട് ഗെയിമുകളും സ്വന്തമാക്കി ശ്രീകാന്ത് ക്വാര്‍ട്ടര്‍ ഉറപ്പാക്കുകയായാിരുന്നു.

ബ്രസീല്‍ താരത്തെ കീഴടക്കി സായി പ്രണീത്

ഫ്രഞ്ച് ഓപ്പണിലെ ആദ്യ റൗണ്ടില്‍ വിജയം കുറിച്ച് സായി പ്രണീത്. 40 മിനുട്ട് നീണ്ട പോരാട്ടത്തില്‍ ബ്രസീല്‍ ഗോര്‍ കൊയ്‍ലോയെ പരാജയപ്പെടുത്തിയാണ് സായി പ്രണീത് രണ്ടാം റൗണ്ടിലേക്ക് കടന്നത്. 21-13, 21-17 എന്ന സ്കോറിനായിരുന്നു സായി പ്രണീതിന്റെ വിജയം.

ശ്രീകാന്ത് കിഡംബി തന്റെ ആദ്യ റൗണ്ട് മത്സരം വിജയിച്ചപ്പോള്‍ സമീര്‍ വര്‍മ്മയ്ക്ക് ആദ്യ കടമ്പ കടക്കാനായിരുന്നില്ല. വനിത വിഭാഗത്തിലും മുന്‍ നിര താരങ്ങളായ സൈന നെഹ്‍വാലും പിവി സിന്ധുവും തങ്ങളുടെ ആദ്യ റൗണ്ട് മത്സരങ്ങള്‍ വിജയിച്ചിട്ടുണ്ട്.

സൈനയ്ക്കും ആദ്യ റൗണ്ടില്‍ ജയം

ഫ്രഞ്ച് ഓപ്പണില്‍ വിജയത്തുടക്കവുമായി സൈന നെഹ്‍വാല്‍. ഇന്ന് ആദ്യ റൗണ്ട് മത്സരത്തില്‍ 21-11, 21-11 എന്ന സ്കോറിനാണ് സൈനയുടെ ജയം. ജപ്പാന്റെ സയേന കവകാമിയെയാണ് സൈന ആദ്യ റൗണ്ടില്‍ പരാജയപ്പെടുത്തിയത്. 37 മിനുട്ടിലാണ് മത്സരം പൂര്‍ത്തിയാക്കുവാന്‍ സൈനയ്ക്ക് സാധിച്ചത്.

ഡെന്മാര്‍ക്ക് ഓപ്പണിന്റെ ഫൈനല്‍ വരെ എത്തുവാന്‍ സൈനയ്ക്ക് സാധിച്ചിരുന്നുവെങ്കിലും ജയം നേടുവാന്‍ ഇന്ത്യന്‍ താരത്തിനു സാധിച്ചിരുന്നില്ല. ഫൈനലില്‍ പതിനൊന്നാം തവണ സൈന തായി സു യിംഗിനോട് പരാജയപ്പെട്ടത്.

വനിത ഡബിള്‍സ് ജോഡികളായ മേഘന ജക്കുപുഡിയും പൂര്‍വിഷ റാമും ബെല്‍ജിയം ജോഡികളെ 21-12, 21-12 എന്ന സ്കോറിനു പരാജയപ്പെടുത്തി അടുത്ത റൗണ്ടിലേക്ക് കടന്നിട്ടുണ്ട്.

ഏഷ്യന്‍ ഗെയിംസ് ജേതാവിനോട് കീഴടങ്ങി സമീര്‍ വര്‍മ്മ

ഏഷ്യന്‍ ഗെയിം ജേതാവായ സമീര്‍ വര്‍മ്മയോട് ആവേശകരമായ മത്സരത്തിനൊടുവില്‍ കീഴടങ്ങി സമീര്‍ വര്‍മ്മ. മൂന്ന് ഗെയിം പോരാട്ടത്തില്‍ ആദ്യം ഗെയിം നേടിയ ശേഷമാണ് ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയോട് സമീര്‍ വര്‍മ്മയുടെ തോല്‍വി. 21-16, 17-21, 15-21 എന്ന സ്കോറിനായിരുന്നു സമീര്‍ ഫ്രഞ്ച് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ പരാജയമേറ്റു വാങ്ങിയത്.

കഴിഞ്ഞാഴ്ച നടന്ന ഡെന്മാര്‍ക്ക് ഓപ്പണില്‍ ഇതേ എതിരാളിയോട് സമീര്‍ മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ വിജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ ആ നേട്ടം സ്വന്തമാക്കുവാന്‍ സമീറിനായില്ല. ഒരു മണിക്കൂര്‍ ഒരു മിനുട്ട് നീണ്ട മത്സരത്തിനൊടുവിലാണ് ഇന്ത്യന്‍ താരം അടിയറവു പറഞ്ഞത്.

അതേ സമയം പുരുഷ ഡബിള്‍സില്‍ മനു അട്രി-സുമീത് റെഡ്ഢി കൂട്ടുകെട്ട് കൊറിയന്‍ ജോഡികളെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി രണ്ടാം റൗണ്ടില്‍ കടന്നു. 37 മിനുട്ടില്‍ 21-18, 21-17 എന്ന സ്കോറിനാണ് വിജയം.

അനായാസ ജയം, കിഡംബി പ്രീക്വാര്‍ട്ടറിലേക്ക്

ലോക 22ാം നമ്പര്‍ താരം വോംഗ് വിംഗ് കി വിന്‍സെന്റിനെ നേരിട്ടുള്ള ഗെയിമുകളില്‍ തകര്‍ത്ത് ഫ്രഞ്ച് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ കടന്ന് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. 21-19, 21-13 എന്ന സ്കോറിനാണ് കിഡംബിയുടെ വിജയം. ഹോങ്കോംഗ് താരത്തിനെ 42 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് കിഡംബി പരാജയപ്പെടുത്തിയത്.

പുരുഷ ഡബിള്‍സ് കൂട്ടുകെട്ട് ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പുറത്ത്

പിവി സിന്ധുവിനു ആദ്യ ദിവസം വിജയം കുറിയ്ക്കാനായെങ്കിലും പുരുഷ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് തോല്‍വി. അര്‍ജ്ജുന്‍ എം.ആര്‍-രാമചന്ദ്രന്‍ ശ്ലാക് കൂട്ടുകെട്ടാണ് ആദ്യ റൗണ്ടില്‍ ചൈനീസ് താരങ്ങളോട് പരാജയപ്പെട്ടത്. നേരിട്ടുള്ള ഗെയിമുകളിലാണ് ഇന്ത്യന്‍ കൂട്ടുകെട്ട് ചൈനയുടെ ജുന്‍ഹുയി ലീ, യൂച്ചെന്‍ ലിയു കൂട്ടുകെട്ടിനോട് പരാജയപ്പെട്ടത്.

സ്കോര്‍: 14-21, 17-21. 37 മിനുട്ട് ചെറുത്ത് നിന്നുവെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് കാര്യമായൊരു പ്രഭാവം മത്സരത്തിലുണ്ടാക്കുവാന്‍ സാധിച്ചില്ല.

പ്രതികാരം വീട്ടി സിന്ധു

ഡെന്മാര്‍ക്ക് ഓപ്പണില്‍ ആദ്യ റൗണ്ടില്‍ പരാജയമേറ്റു വാങ്ങിയ പിവി സിന്ധു അതേ എതിരാളിയെ ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പരാജയപ്പെടുത്തി പകരം വീട്ടി. അമേരിക്കയുടെ ബീവെന്‍ സാംഗിനെ നേരിട്ടുള്ള ഗെയിമുകളില്‍ 34 മിനുട്ടിലാണ് സിന്ധു പരാജയപ്പെടുത്തിയത്. 21-17, 21-8 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം.

ആദ്യ ഗെയിമില്‍ സാംഗ് പൊരുതിയെങ്കിലും രണ്ടാം ഗെയിമില്‍ താരത്തെ നിഷ്പ്രഭമാക്കിയ പ്രകടനമാണ് സിന്ധു പുറത്തെടുത്തത്.

ഫ്രഞ്ച് ഓപ്പണ്‍ ഇന്ന് മുതല്‍, അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കും

ഫ്രഞ്ച് ഓപ്പണ്‍ 2018 ഇന്ന് ആരംഭിക്കും. പുരുഷ വനിത സിംഗിള്‍സ് വിഭാഗത്തിലായി അഞ്ച് താരങ്ങളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. പുരുഷ വിഭാഗത്തില്‍ ശ്രീകാന്ത് കിഡംബി, സമീര്‍ വര്‍മ്മ, സായി പ്രണീത് എന്നിവരും വനിത സിംഗിള്‍സില്‍ സൈന നെഹ്‍വാലും പിവി സിന്ധുവും പങ്കെടുക്കും. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അവസാനിച്ച ഡെന്മാര്‍ക്ക് ഓപ്പണില്‍ ഫൈനലില്‍ തോല്‍വി പിണഞ്ഞെങ്കിലും വെള്ളി മെഡല്‍ നേട്ടത്തിന്റെ ആവേശത്തിലാവും സൈന എത്തുന്നത്.

അതേ സമയം സിന്ധു ഡെന്മാര്‍ക്ക് ഓപ്പണിലെ തന്റെ ആദ്യ റൗണ്ട് തോല്‍വിയുടെ ആഘാതം മറന്ന് മികച്ച ഫോമില്‍ കളിച്ച് മെച്ചപ്പെട്ടൊരു ടൂര്‍ണ്ണമെന്റാക്കി ഫ്രഞ്ച് ഓപ്പണെ മാറ്റുക എന്ന ലക്ഷ്യത്തോടെയാവും എത്തുക. ശ്രീകാന്തിനും ഡെന്മാര്‍ക്ക് ഓപ്പണില്‍ കാര്യമായ പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചിരുന്നില്ല.

Exit mobile version