ലോക ഒന്നാം റാങ്കുകാരോട് കീഴടങ്ങി ഇന്ത്യന്‍ താരങ്ങള്‍, ഫൈനലില്‍ തോല്‍വി വിരോചിതമായ പോരാട്ടത്തിന് ശേഷം

തോല്‍വി നേരിട്ടുള്ള ഗെയിമുകളിലായിരുന്നുവെങ്കിലും ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യന്‍ താരങ്ങളായ സാത്വിക്സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് വീരോചിതമായ പോരാട്ടം പുറത്തെടുത്താണ് രണ്ടാം സ്ഥാനക്കാരായത്. ഫൈനലില്‍ ഇന്തോനേഷ്യയുടെ ലോക ഒന്നാം റാങ്കുകാരായ മാര്‍ക്കസ് ഫെര്‍നാല്‍ഡി ഗിഡിയോണ്‍-കെവിന്‍ സഞ്ജയ സുകാമുല്‍ജോ കൂട്ടുകെട്ടിനോടാണ് ഇന്ത്യന്‍ താരങ്ങള്‍ തോല്‍വിയേറ്റു വാങ്ങിയത്.

35 മിനുട്ട് നീണ്ട മത്സരത്തിനൊടുവില്‍ 18-21, 16-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരങ്ങള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. വനിത സിംഗിള്‍സ് ഫൈനലില്‍ കരോളിന മരിനെ മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടക്കി കൊറിയയുടെ സീ യംഗ് ആന്‍ വിജയിയായി. ആദ്യ ഗെയിം മരിന്‍ 21-16ന് വിജയിച്ചുവെങ്കിലും പിന്നീട് സ്പെയിന്‍ താരത്തെ നിഷ്പ്രഭമാാക്കുന്ന പ്രകടനമാണ് യംഗ് പുറത്തെടുത്തത്. സ്കോര്‍: 16-21, 21-18, 21-5.

പുരുഷ വിഭാഗം ഫൈനലില്‍ ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയെ 21-19, 21-12 എന്ന സ്കോറിന് പരാജയപ്പെടുത്തി ചൈനയുടെ ചെന്‍ ലോംഗ് കിരീട ജേതാവായി.

ലോക ആറാം റാങ്കുകാരെ അട്ടിമറിച്ച് ഇന്ത്യന്‍ കൂട്ടുകെട്ട് ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലിലേക്ക്

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ 2019ന്റെ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ സാത്വിക്സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. സെമി ഫൈനലില്‍ ജപ്പാന്റെ ലോക റാങ്കിംഗിലെ ആറാം സ്ഥാനക്കാരായ വാട്നാബേ-ഹിരോയൂക്കി കൂട്ടുകെട്ടിനെ നേരിട്ടുള്ള ഗെയിമിലാണ് ഇരുവരും പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം അനായാസം വിജയിച്ചപ്പോള്‍ കടുത്ത പോരാട്ടത്തെ മറികടന്നാണ് ഇന്ത്യന്‍ കൂട്ടുകെട്ടിന്റെ രണ്ടാം ഗെയിമിലെ വിജയം.

50 മിനുട്ട് നീണ്ട പോരാട്ടത്തിന് ശേഷം 21-11, 25-23 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ വിജയം.

ക്വാര്‍ട്ടറില്‍ പൊരുതി കീഴടങ്ങി സൈന, സെമി ഉറപ്പാക്കി പുരുഷ ഡബിള്‍സ് ജോഡി

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സൈ നെഹ്‍വാലിന് തോല്‍വി. എന്നാല്‍ പുരുഷ വിഭാഗം ഡബിള്‍സ് ടീം ക്വാര്‍ട്ടറില്‍ വിജയം ഉറപ്പാക്കി. കൊറിയയുടെ സെ യംഗ് ആന്‍ നേരിട്ടുള്ള ഗെയിമിലാണ് സൈനയെ കീഴടക്കിയത്. 49 മിനുട്ട് നീണ്ട മത്സരത്തില്‍ 20-22, 21-23 എന്ന സ്കോറിനാണ് സൈന പൊരുതി വീണത്.

സാത്വിക്സായിരാജ് റാങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് ക്വാര്‍ട്ടറില്‍ നേരിട്ടുള്ള ഗെയിമിലാണ് ഡെന്മാര്‍ക്കിന്റെ ടീമിനെ പരാജയപ്പെടുത്തി സെമിയുറപ്പാക്കിയത്.21-13, 22-20 എന്ന സ്കോറിനാണ് വിജയം. രണ്ടാം ഗെയിമില്‍ കടുത്ത പോരാട്ടമായിരുന്നുവെങ്കിലും വിജയം ഇന്ത്യന്‍ ടീമിനൊപ്പം നിന്നു.

സിന്ധുവിനും സൈനയ്ക്കും ജയം, പുരുഷ ഡബിള്‍സ് ടീമും ക്വാര്‍ട്ടറില്‍

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ വിജയം കുറിച്ച് സിന്ധുവും സൈനയും ഒപ്പം പുരുഷ ഡബിള്‍സ് ടീമും. ഇവര്‍ മൂന്ന് പേരും ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്.
പിവി സിന്ധു അനായാസ ജയമാണ് സ്വന്തമാക്കിയത്. സിംഗപ്പൂരിന്റെ യിയോ ജിയ മിനിനെ 34 മിനുട്ട് നീണ്ട പോരാട്ടത്തിലാണ് സിന്ധു 21-10, 21-13 എന്ന സ്കോറിന് വിജയം ഉറപ്പാക്കിയത്. സമാനമായ രീതിയില്‍ 21-10, 21-11 എന്ന സ്കോറിനാണ് സൈന നെഹ്‍വാല്‍ ഡെന്മാര്‍ക്കിന്റെ ലിനേ ഹോജ്മാര്‍ക്കിനെ പരാജയപ്പെടുത്തിയത്.

പുരുഷ ഡബിള്‍സ് ടീമായ സാത്വിക്സായിരാജ് റാങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് ഇന്തോനേഷ്യയുടെ ടീമിനെ മറികടന്ന് ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍ 21-18, 18-21, 21-13. 53 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്.

അതേ സമയം ശുഭാങ്കര്‍ ഡേ 6-21, 13-21 എന്ന സ്കോറിന് ശേഷര്‍ റുസ്റ്റാവിറ്റോയോട് രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടു.

ഇന്ത്യയ്ക്ക് മോശം ദിവസം, വിജയിച്ചത് പുരുഷ ഡബിള്‍സിലെ ഒരു ടീം മാത്രം

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് മോശം ദിവസം. പുരുഷ ഡബിള്‍സ് ടീമായ സാത്വിക്സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് ഒഴികെ ബാക്കി താരങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. പുരുഷ സിംഗിള്‍സില്‍ ശ്രീകാന്ത് കിഡംബി, സമീര്‍ വര്‍മ്മ, പാരുപ്പള്ളി കശ്യപ്, പുരുഷ ഡബിള്‍സില്‍ മനു അട്രി-സുമീത് റെഡ്ഢി കൂട്ടുകെട്ട്, മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ടായ പ്രണവ് ജെങ്ങറി ചോപ്ര-സിക്കി റെഡ്ഢി, അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് കൂട്ടുകെട്ട് എന്നിവര്‍ പരാജയം ഏറ്റു വാങ്ങുകയായിരുന്നു.

36 മിനുട്ട് നീണ്ട മത്സരത്തില്‍ ‍ഡച്ച് കൂട്ടുകെട്ടിനെ 21-16, 21-14 എന്ന സ്കോറിന് കീഴടക്കിയാണ് സാത്വിക്-ചിരാഗ് കൂട്ടുകെട്ട് മുന്നോട്ട് നീങ്ങിയത്. അതേ സമയം ഇംഗ്ലണ്ടിനോടാണ് മനു-സുമീത് കൂട്ടുകെട്ട് മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടങ്ങിയത്. 19-21, 22-20, 15-21 എന്ന സ്കോറിന് 58 മിനുട്ട് നീണ്ട മത്സരത്തിനൊടുവിലാണ് ഇന്ത്യന്‍ ടീമിന്റെ പരാജയം. മിക്സഡ് ഡബിള്‍സ് ജോഡികളായ പ്രണവ്-സിക്കി കൂട്ടുകെട്ട് 36 മിനുട്ടില്‍ നേരിട്ടുള്ള ഗെയിമില്‍ ബ്രിട്ടീഷ് ടീമിനോട് 13-21, 18-21 എന്ന സ്കോറിന് പത്തി മടക്കി. സാത്വിക്-അശ്വിനി മിക്സഡ് ഡബിള്‍സ് ജോഡി 17-21, 18-21 എന്ന സ്കോറിന് കൊറിയന്‍ ടീമിനോട് പരാജയമേറ്റുവാങ്ങി.

ആദ്യ ഗെയിം വിജയിച്ചുവെങ്കിലും പിന്നീട് ശ്രീകാന്ത് കിഡംബിയ്ക്ക് കാലിടറുന്ന കാഴ്ചയാണ് കണ്ടത്. 21-15, 7-21, 14-21 എന്ന സ്കോറിനായിരുന്നു ശ്രീകാന്തിന്റെ പരാജയം. ടിയെന്‍ ചെന്‍ ചൗവിനോടായിരുന്നു ശ്രീകാന്ത് പരാജയമേറ്റു വാങ്ങിയത്. സമാനമായ രീതിയില്‍ ആവേശപ്പോരിലാണ് സമീര്‍ വര്‍മ്മയുടെ പരാജയം. 1 മണിക്കൂര്‍ 24 മിനുട്ട് നീണ്ട മത്സരത്തിനൊടുവില്‍ 22-20, 18-21, 18-21 എന്ന സ്കോറിന് ജപ്പാന്റെ കെന്റ നിഷിമോട്ടോയോടാണ് സമീര്‍ പരാജയപ്പെട്ടത്.

പാരുപ്പള്ളി കശ്യപ് ഹോങ്കോംഗിന്റെ കാ ലോംഗ് ആന്‍ഗസ് എന്‍ജിയോട് 11-21, 9-21 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. വനിത ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ടും 63 മിനുട്ട് നീണ്ട പോരാട്ടത്തില്‍ മൂന്ന് ഗെയിം നീണ്ട മത്സരത്തില്‍ അടിയറവ് പറഞ്ഞു. സ്കോര്‍: 21-16, 13-21, 17-21.

അനായാസം സിന്ധു, ശുഭാങ്കര്‍ ഡേയ്ക്ക് പൊരുതി നേടിയ വിജയം

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ 2019ല്‍ ആദ്യ റൗണ്ടില്‍ വിജയം കുറിച്ച് ഇന്ത്യന്‍ താരങ്ങളായ ശുഭാങ്കര്‍ ഡേയും പിവി സിന്ധുവും. പുരുഷ വിഭാഗത്തില്‍ പൊരുതി നേടിയ വിജയം ശുഭാങ്കര്‍ സ്വന്തമാക്കിയപ്പോള്‍ വനിത വിഭാഗത്തില്‍ സിന്ധു അനായാസം അടുത്ത റൗണ്ടിലേക്ക് കടന്നു. ഇന്തോനേഷ്യയുടെ ടോമി സുഗിയാര്‍ട്ടോയെയാണ് ശുഭാങ്കര്‍ പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം 15-21ന് കൈവിട്ട ശേഷമാണ് ശുഭാങ്കറിന്റെ തിരിച്ചുവരവ്. 15-21, 21-14, 21-17 എന്ന സ്കോറിന് 78 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഡേയുടെ വിജയം.

കാനഡയുടെ മിഷേല്‍ ലിയെ 21-15, 21-13 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ വിജയം. 44 മിനുട്ട് ആണ് ആദ്യ റൗണ്ട് പോരാട്ടം നീണ്ട് നിന്നത്.

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ഇന്ന് മുതല്‍, പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍ മത്സരത്തിന്

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ഇന്ന് മുതല്‍ ആരംഭിക്കും. പുരുഷ വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്. പുരുഷ വിഭാഗം സിംഗിള്‍സില്‍ ശ്രീകാന്ത് കിഡംബി, സമീര്‍ വര്‍മ്മ, പാരുപ്പള്ളി കശ്യപ്, ശുഭാങ്കര്‍ ഡേ എന്നിവരും വനിത സിംഗിള്‍സില്‍ പിവി സിന്ധുവും സൈന നെഹ്‍വാളും കളിക്കുന്നുണ്ട്. പരിക്കില്‍ നിന്ന് മോചിതനാകാത്ത പ്രണോയ് ഈ ടൂര്‍ണ്ണമെന്റിലും പങ്കെടുക്കുന്നില്ല.

ലോക ഒന്നാം നമ്പര്‍ താരത്തെ കീഴടക്കി ഫ്രഞ്ച് ഓപ്പണ്‍ ജേതാവായി അകാനെ യമാഗൂച്ചി

ഒടുവില്‍ തായി സു യിംഗിനും അടിപതറി. ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ ജപ്പാന്റെ അകാനെ യമാഗൂച്ചിയോട് മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് തായി കീഴടങ്ങിയത്. 68 മിനുട്ട് നീണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിം നഷ്ടപ്പെട്ടുവെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തി ലോക റാങ്കിംഗില്‍ ഒന്നാം നമ്പര്‍ താരം മത്സരം മൂന്നാം ഗെയിമിലേക്ക് നീട്ടിയെങ്കിലും മൂന്നാം ഗെയിമില്‍ തായ്‍വാന്‍ താരത്തെ നിഷ്പ്രഭമാക്കി ജാപ്പനീസ് തരാം കിരീടം ഉറപ്പാക്കുകയായിരുന്നു.

സ്കോര്‍: 22-20, 17-21, 21-13.

ഫ്രഞ്ച് ഓപ്പണിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു

പുരുഷ-വനിത സിംഗിള്‍സ് ടീമുകളുടെ പരാജയത്തിനു പിന്നാലെ പുരുഷ ഡബിള്‍സില്‍ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ടും സെമിയില്‍ അടിയറവു പറഞ്ഞതോടെ 2018 ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. നേരിട്ടുള്ള ഗെയിമുകളില്‍ ഇന്തോനേഷ്യന്‍ കൂട്ടുകെട്ടിനോടാണ് ഇന്ത്യന്‍ താരങ്ങള്‍ കീഴടങ്ങിയത്.

42 മിനുട്ടിനു ശേഷം 21-12, 26-24 എന്ന സ്കോറിനായിരുന്നു ഇവരുടെ തോല്‍വി. ആദ്യ ഗെയിമില്‍ ചെറുത്ത്നില്പില്ലാതെ കീഴടക്കിയ ഇന്ത്യന്‍ ടീം രണ്ടാം ഗെയിമില്‍ അവസാന ശ്വാസം വരെ പൊരുതിയ ശേഷമാണ് കീഴടങ്ങിയത്.

മൊമോട്ടയോട് ഏഴാം തവണയും തോല്‍വിയേറ്റു വാങ്ങി കിഡംബി, സിന്ധുവും പുറത്ത്

ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്റെ കെന്റോ മൊമോട്ടയോട് ഏഴാം തവണയും തോല്‍വിയേറ്റു വാങ്ങി ശ്രീകാന്ത് കിഡംബി. നേരിട്ടുള്ള ഗെയിമുകളിലാണ് കിഡംബിയുടെ ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ തോല്‍വി. ഡെന്മാര്‍ക്ക് ഓപ്പണിലും മൊമോട്ടയോടായിരുന്നു കിഡംബി കീഴടങ്ങിയത്. ആദ്യ ഗെയിമില്‍ 16-21നു മുന്നിലെത്തിയ കെന്റോ രണ്ടാം ഗെയമില്‍ 17-10നു മുന്നിലായിരുന്നു. എന്നാല്‍ തുടരെ 9 പോയിന്റുകള്‍ നേടി കിഡംബി 19-17നു ലീഡ് നേടുകയും ഗെയിം സ്വന്തമാക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും അടുത്ത നാല് പോയിന്റുകള്‍ നേടി മത്സരം കെന്റോ സ്വന്തമാക്കി. സ്കോര്‍: 16-21, 19-21.

ചൈനയുടെ ഹി ബിംഗ്ജിയാവോയോട് നേരിട്ടുള്ള ഗെയിമുകളിലാണ് സിന്ധു പരാജയപ്പെട്ടത്. 13-21, 16-21 എന്ന സ്കോറിനു സിന്ധു പരാജയപ്പെട്ടതോടെ ഇന്ത്യയുടെ സിംഗിള്‍സ് പ്രതീക്ഷകള്‍ അവസാനിച്ചു. നേരത്തെ സൈന നെഹ്‍വാല്‍ തായി സു യിംഗിനോട് ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടിരുന്നു.

ഇന്ത്യന്‍ പോരാട്ടത്തില്‍ വിജയം കൊയ്ത് സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്

ഇന്ത്യന്‍ ടീമുകള്‍ ഏറ്റുമുട്ടിയ പുരുഷ ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ജയം സ്വന്തമാക്കി സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. ഇന്ത്യന്‍ സഹതാരങ്ങളായ മനു അട്രി-സുമീത് റെഡ്ഢി സഖ്യത്തെയാണ് നേരിട്ടുള്ള ഗെയിമില്‍ സാത്വിക്-ചിരാഗ് ജോഡികള്‍ തകര്‍ത്തത്. 31 മിനുട്ടിലാണ് ഇവരുടെ ജയം.

സ്കോര്‍: 21-17, 21-11. ജയത്തോടെ ഇവര്‍ സെമിയില്‍ കടന്നിട്ടുണ്ട്.

തായിയെന്ന കടമ്പ കടക്കാനാകാതെ സൈന

തുടര്‍ച്ചയായ 12ാം തവണയും തായ്‍വാന്റെ തായി സു യിംഗിനോട് കീഴടങ്ങി സൈന നെഹ്‍വാല്‍. കഴിഞ്ഞാഴ്ച ഡെന്മാര്‍ക്ക് ഓപ്പണ്‍ ഫൈനലിന്റെ ആവര്‍ത്തനമായ ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സൈനയുടെ തോല്‍വി. ആദ്യ ഗെയിമില്‍ 20-16നു ലീഡ് ചെയ്യുമ്പോള്‍ നാല് ഗെയിം പോയിന്റുകള്‍ നഷ്ടമാക്കിയതാണ് മത്സരത്തില്‍ സൈനയ്ക്ക് തിരിച്ചടിയായത്.

തിരിച്ചുവരവ് നടത്തിയ തായി 22-20നു ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ മാനസികമായ മുന്‍തൂക്കവും താരം സ്വന്തമാക്കിയതോടെ സൈനയെ നിഷ്പ്രഭമാക്കി ലോക ഒന്നാം നമ്പര്‍ താരം 36 മിനുട്ടില്‍ മത്സരം അവസാനിപ്പിച്ചു. സ്കോര്‍: 22-20, 21-11

Exit mobile version