ആസിഫും ബേസിലും നോക്കിനിൽക്കെ ‘കൃഷ്ണദേവൻ ഷോ’

തിരുവനന്തപുരം: കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് താരം കൃഷ്ണദേവന്റെ ബാറ്റിൽ നിന്ന് വീണ്ടുമൊരു മാസ്മരിക ഇന്നിങ്സ്. കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ കരുത്തരായ ബൗളർമാർക്ക് മേൽ ഇടിത്തീ പോലെ പെയ്തിറങ്ങിയ കൃഷ്ണദേവന്റെ ബാറ്റിങ്ങാണ് ടീമിനെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. ആദ്യ പകുതിയിൽ ഇഴഞ്ഞു നീങ്ങിയ കാലിക്കറ്റിന്റെ രക്ഷകനായി എത്തിയ കൃഷ്ണദേവന്റെ വൺ മാൻ ഷോയ്ക്കാണ് ഗ്രീൻഫീൽഡ് സാക്ഷ്യം വഹിച്ചത്. 17 പന്തിൽ പുറത്താകാതെ അടിച്ചെടുത്ത 40 റൺസ് പ്രകടനം കഴിഞ്ഞ സീസണിലെ പെർഫോർമൻസ് ഓർമ്മിപ്പിക്കും വിധമായിരുന്നു.
കൊച്ചിയുടെ പേസ് നിരയിലെ കുന്തമുനകളായ കെ.എം ആസിഫും ബേസിൽ തമ്പിയും ദേവന്റെ റൺവേട്ടയ്ക്ക് ഇരയായി. 16-ാം ഓവറിൽ കെ.എം ആസിഫിനെ പടുകൂറ്റൻ സിക്സറിന് പറത്തിക്കൊണ്ടാണ് കൃഷ്ണദേവൻ തന്റെ വെടിക്കെട്ടിന് തിരികൊളുത്തിയത്. പിന്നീട് പന്ത് കൈയിലെടുത്ത ബേസിൽ തമ്പിക്കും ആ ബാറ്റിന്റെ ചൂടറിയേണ്ടി വന്നു. പ്രതിരോധത്തിന്റെ വേലിക്കെട്ടുകൾ പൊട്ടിച്ച് ആ ബാറ്റിൽ നിന്ന് പിറന്നത് നാല് കൂറ്റൻ സിക്സറുകളും രണ്ട് ബൗണ്ടറികളുമാണ്. കൊച്ചിയുടെ ബൗളർമാരെ പ്രഹരിച്ച ആ 17 പന്തുകൾ കാലിക്കറ്റ് ക്യാമ്പിന് സമ്മാനിച്ചത് സമാനതകളില്ലാത്ത ആവേശമാണ്.
ക്രീസിന്റെ ഒരറ്റത്ത് കൃഷ്ണദേവൻ കൊടുങ്കാറ്റായി മാറിയപ്പോൾ, മറുവശത്ത് അതിന് ഉറച്ച അടിത്തറ പാകിയത് സൽമാൻ നിസാറിന്റെ തികഞ്ഞ പക്വതയാണ്. ആറാം വിക്കറ്റിൽ ഒന്നിച്ച ഈ കൂട്ടുകെട്ടാണ് കളിയുടെ ഗതി തന്നെ മാറ്റിമറിച്ചത്. വെറും 27 പന്തുകളിൽ നിന്നാണ് ഇരുവരും ചേർന്ന് 54 റൺസ് അടിച്ചുകൂട്ടിയത്. 37 പന്തിൽ 47 റൺസുമായി മികച്ച ഫോമിലുണ്ടായിരുന്ന സൽമാൻ നിസാർ ഒരറ്റത്ത് വിക്കറ്റ് കാത്തുസൂക്ഷിച്ചതാണ് കൃഷ്ണദേവന് സർവ്വസ്വാതന്ത്ര്യത്തോടെയും തകർത്തടിക്കാൻ അവസരമൊരുക്കിയത്. 54 റൺസ് കൂട്ടുകെട്ടിൽ 10 പന്തിൽ 13 റൺസ് മാത്രമായിരുന്നു സൽമാന്റെ സംഭാവനയെങ്കിലും, കൃഷ്ണദേവന് സ്ട്രൈക്ക് കൈമാറി നൽകിയ ആത്മവിശ്വാസം ചെറുതല്ല. കൊച്ചിയുടെ വിജയമോഹങ്ങൾക്ക് മേൽ പതിച്ച കനത്ത പ്രഹരം തന്നെയായിരുന്നു കൃഷ്ണദേവൻ നയിച്ച ഈ ഡെത്ത് ഓവർ വെടിക്കെട്ട്.