കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ 149 റൺസിൻ്റെ വിജയലക്ഷ്യമുയർത്തി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്

തിരുവനന്തപുരം: കെസിഎല്ലിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് 149 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 148 റൺസെടുത്തത്. സൽമാൻ നിസാറിന്റെയും കൃഷ്ണദേവന്റെയും ഇന്നിങ്സുകളാണ് കാലിക്കറ്റിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
തുടർച്ചയായ രണ്ടാം മത്സരത്തിലും മുൻനിര ബാറ്റിങ് അവസരത്തിനൊത്തുയരാതെ പോയത് കാലിക്കറ്റിന് തിരിച്ചടിയായി. ഏഴ് റൺസെടുത്ത രോഹൻ കുന്നുമ്മലിനെ സാലി സാംസൺ ക്ലീൻ ബൗൾഡാക്കി. തുടർന്നെത്തിയ കെ. എസ്. അരവിന്ദിനും അധികനേരം പിടിച്ചുനിൽക്കാനായില്ല. അഞ്ച് റൺസെടുത്ത അരവിന്ദ് കെ. എം. ആസിഫിന്റെ പന്തിൽ ജോബിൻ ജോബി ക്യാച്ചെടുത്ത് പുറത്തായി. ബേസിൽ തമ്പിയെറിഞ്ഞ എട്ടാം ഓവറിൽ തുടരെ രണ്ട് വിക്കറ്റുകൾ കൂടി വീണതോടെ നാല് വിക്കറ്റിന് 43 റൺസെന്ന നിലയിലായിരുന്നു ഗ്ലോബ്സ്റ്റാർസ്. 22 റൺസെടുത്ത വരുൺ നായനാരെയും അബ്ദുൾ ബാസിതിനെയുമാണ് ബേസിൽ അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയത്.
അഖിൽ സ്കറിയയും സൽമാൻ നിസാറും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് കാലിക്കറ്റിനെ വലിയൊരു തകർച്ചയിൽ നിന്ന് കരകയറ്റിയത്. എന്നാൽ 26 റൺസെടുത്ത അഖിൽ സ്കറിയയെ പുറത്താക്കി ബേസിൽ വീണ്ടും കാലിക്കറ്റിന് പ്രഹരമേൽപ്പിച്ചു. ബേസിലിന്റെ പന്തിൽ മിഥുൻ ക്യാച്ചെടുത്താണ് അഖിൽ സ്കറിയ മടങ്ങിയത്. തുടർന്ന് ആറാം വിക്കറ്റിൽ ഒത്തുചേർന്ന സൽമാൻ നിസാറും കൃഷ്ണദേവനും ചേർന്ന കൂട്ടുകെട്ടാണ് കാലിക്കറ്റിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. വെറും 27 പന്തുകളിൽ 54 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. സൽമാൻ 37 പന്തുകളിൽ 47ഉം കൃഷ്ണദേവൻ 17 പന്തുകളിൽ 40ഉം റൺസുമായി പുറത്താകാതെ നിന്നു. രണ്ട് ഫോറും നാല് സിക്സുമടങ്ങുന്നതായിരുന്നു കൃഷ്ണദേവന്റെ ഇന്നിങ്സ്. കൊച്ചിക്ക് വേണ്ടി ബേസിൽ തമ്പി മൂന്ന് വിക്കറ്റ് വീഴ്ത്തി.